Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ പ്രിയപ്പെട്ട പലരെയും കൊലപ്പെടുത്തിയ, പലരെയും അംഗവൈകല്യം വരുത്തിയ കെ കരുണാകരനെ താഴെയിറക്കാൻ ഒരു അവസരം കിട്ടി; അപ്പോൾ മറ്റ് അഞ്ച് എംഎൽഎമാർക്കൊപ്പം ഞാനും ഒപ്പിട്ടുകൊടുത്തു; എന്റെ വീട്ടിലേക്ക് മലം എറിഞ്ഞില്ലേ?': കോൺഗ്രസിനെതിരെ തുറന്നടിച്ച് കെ.സി.റോസക്കുട്ടി ടീച്ചർ

'എന്റെ പ്രിയപ്പെട്ട പലരെയും കൊലപ്പെടുത്തിയ, പലരെയും അംഗവൈകല്യം വരുത്തിയ കെ കരുണാകരനെ താഴെയിറക്കാൻ ഒരു അവസരം കിട്ടി; അപ്പോൾ മറ്റ് അഞ്ച് എംഎൽഎമാർക്കൊപ്പം ഞാനും ഒപ്പിട്ടുകൊടുത്തു; എന്റെ വീട്ടിലേക്ക് മലം എറിഞ്ഞില്ലേ?': കോൺഗ്രസിനെതിരെ തുറന്നടിച്ച് കെ.സി.റോസക്കുട്ടി ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: കെപിസിസി വൈസ് പ്രസിഡന്റായിരുന്ന കെ.സി റോസക്കുട്ടി കോൺഗ്രസ് വിട്ടത് ആറ് ദിവസം മുമ്പാണ്. പാർട്ടി പ്രാഥമികാംഗത്വവും അവർ രാജിവച്ചു.സ്ത്രീകളെ കോൺഗ്രസ് നിരന്തരം അവഗണിക്കുന്നുവെന്നാരോപിച്ചായിരുന്നു രാജി. ലതിക സുഭാഷിനോടുള്ള പാർട്ടിയുടെ സമീപനം തന്നെ വേദനിപ്പിച്ചെന്ന് റോസക്കുട്ടി പറഞ്ഞിരുന്നു.കോൺഗ്രസ് വിട്ടുഇടതുപാളയത്തിലെത്തിയ ടീച്ചർ താൻ എന്തുകൊണ്ട് ഇതിന് മുതിർന്നു എന്ന ബത്തേരിയിൽ എൽഡിഎഫ് നൽകിയ സ്വീകരണ യോഗത്തിൽ വിശദീകരിച്ചു. കോൺഗ്രസ് തന്നോട് ചെയ്ത ദ്രോഹങ്ങളാണ് അവർ വിശദീകരിച്ചത്.

ഇന്ദിരാഗാന്ധിയുടെ മരണം മാത്രമാണ് താൻ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് കാരണമായതെന്നും റോസക്കുട്ടി പറയുന്നു.

'1983 ൽ കെ കരുണാകരന്റെ നേതൃത്വത്തിൽ നടന്ന പുൽപ്പള്ളി വെടിവെപ്പ് നിങ്ങൾ ഓർക്കുന്നുണ്ടാവും. അന്ന് കോളെജുകമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എന്റെ പ്രിയപ്പെട്ടവരായ മൂന്നുപേർ മരിച്ചുവീണു. അന്ന് അവർക്കുവേണ്ടി ശബ്ദിക്കുവാൻ ആരുമുണ്ടായിരുന്നില്ല. എന്റെ പ്രിയപ്പെട്ട അയൽവാസിയുടെ കൈ അറ്റുപോയി. അന്നേ ഞാൻ വിചാരിച്ചിരുന്നതാണ് ഇടതുപക്ഷത്തുവന്ന് പ്രവർത്തിക്കണമെന്ന്. പക്ഷേ, 1984ൽ വർഗീയതയ്ക്കെതിരെ പോരാട്ടം നടത്തിയ ഇന്ദിരാ ഗാന്ധി പിടഞ്ഞുവീണ് മരിച്ചപ്പോൾ 83ൽ എടുത്ത തീരുമാനത്തിൽനിന്നും ഞാൻ മാറി. ടി ദേവികയെപ്പോലുള്ള സഖാക്കൾ എന്നെ വന്ന് കണ്ടിരുന്നു. സഖാവ് നായനാർ എന്റെ വീട്ടിൽ വന്നു', റോസക്കുട്ടി ടീച്ചർ പറഞ്ഞു.

'പൊലീസ് ജീപ്പ് തീവെച്ച കേസിൽ ഞാൻ പ്രതിയാണെന്ന് പറഞ്ഞ് പൊലീസ് ആ പാതിരാത്രിയിൽ എന്നെ അറസ്റ്റ് ചെയ്യാൻ വന്നു. എന്റെ മകൻ കെന്റിന് അന്ന് മുലകുടിക്കുന്ന പ്രായമായിരുന്നു. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാൻ വന്നവരോട് എന്നെയും അവരെപ്പോലെ വെടിവെച്ചിട്ടേ ഈ മുറ്റത്തുനിന്നും കൊണ്ടുപോകാൻ കഴിയൂ എന്ന് ഞാൻ പറഞ്ഞു. അതിശക്തമായ നിലപാട് കൈക്കൊണ്ടതിന് ശേഷമാണ് ഞാൻ പ്രതിയല്ലാതായത്. കുറേക്കാര്യങ്ങൾ തുറന്നുപറയുന്നത് മറ്റൊന്നുംകൊണ്ടല്ല, മറിച്ച് എന്നെക്കുറിച്ച് ഒട്ടനവധി അപഖ്യാതികൾ പറഞ്ഞുപരത്തുന്നതുകൊണ്ട് മാത്രമാണ്'.

'പിന്നീട് കുഞ്ഞിനെയും എടുത്ത് പലയിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. അന്ന് നായനാർ എന്നോട് പറഞ്ഞു, ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങണമെന്ന്. ദേവിക അടക്കമുള്ള സഖാക്കൾ വന്ന് എല്ലാ സംരക്ഷണവും തരാമെന്ന് പറഞ്ഞപ്പോഴും എന്നെ വേദനിപ്പിച്ചുകൊണ്ടിരുന്നത് ഇന്ദിരാജിയുടെ മരണമായിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണമാണ് കോൺഗ്രസിൽ ചേരുന്നതിലും പ്രവർത്തിക്കുന്നതിലേക്കും എന്നെ നയിച്ചത്'

'കെ കരുണാകരൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് വെടിവെപ്പിന് അനുമതി കൊടുത്തത്. വയലാർ രവിയോട് തെറ്റിയിരുന്ന സമയം. ആ സമയത്ത് ഞാൻ ഒറ്റയ്ക്ക് വിചാരിച്ചാൽ അദ്ദേഹത്തെ മന്ത്രിക്കസേരയിൽനിന്നും താഴെയിറക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ, ഒരു വലിയ പ്രതിഷേധമുണ്ടായപ്പോൾ, എന്റെ പ്രിയപ്പെട്ട പലരെയും കൊലപ്പെടുത്തിയ, പലരെയും അംഗവൈകല്യം വരുത്തിയ കെ കരുണാകരനെ താഴെയിറക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മറ്റ് അഞ്ച് എംഎൽഎമാർക്കൊപ്പം ഞാനും ഒപ്പിട്ടുകൊടുത്തു. നാളിതുവരെ ഞാനിതൊന്നും പറഞ്ഞിട്ടില്ല. എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരേ, നിങ്ങളിത് എന്നെക്കൊണ്ട് പറയിപ്പിച്ചതാണ്'.

'കരുണാകരൻ താഴെയിറങ്ങി. എകെ ആന്റണിക്ക് ഞാൻ വോട്ടുചെയ്തു. തെറ്റാണോ ഞാൻ ചെയ്തത്? വോട്ടുചെയ്തു എന്ന തെറ്റിന് എന്തൊക്കെ നിങ്ങളെന്നെ ചെയ്തു? എന്റെ വീട്ടിലേക്ക് മലം എറിഞ്ഞില്ലേ. റോസിക്കുട്ടിയുടെ വീടിന് മലാഭിഷേകം എന്ന് പറഞ്ഞില്ലേ. ഈ സ്ത്രീയെ ഇത്തരത്തിൽ ദ്രോഹിച്ചവരാണ് കോൺഗ്രസുകാരെന്ന് മുണ്ടക്കയത്തെ യോഗത്തിൽ കഴിഞ്ഞദിവസം എംഎ ബേബി പ്രസംഗിച്ചു. ഞാൻ ഇക്കാര്യം പറഞ്ഞെന്ന് എന്നിട്ടദ്ദേഹം എന്നെ വിളിച്ചുപറഞ്ഞു. തീയിൽ മുളച്ചുവന്ന റോസക്കുട്ടി ടീച്ചർ ഇത്തരം ജൽപനങ്ങളിലൊന്നും വീഴാതെ മുന്നോട്ടുപോകും' റോസക്കുട്ടി ടീച്ചർ പ്രസംഗിച്ചു.

'വയസായില്ലേ എന്നാണ് മറ്റൊരു അധിക്ഷേപം. ശരിയാണ്, വയസായി. വയസായവരെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇവിടെയുണ്ട്. ആ രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി, ഈ രാജ്യത്തെ മതേതരത്വത്തിന് വേണ്ടി, വർഗ്ഗീയ ഫാസിസത്തിനെതിരെ നിലപാടുകളെടുക്കുന്നതിന് വേണ്ടി, ഇടതുപക്ഷ പ്രസ്ഥാനത്തിനുവേണ്ടി ഇതുവരെ ഒരു സഹായവും ചെയ്യാത്ത എന്നെ ഇത്തരത്തിൽ സ്നേഹിച്ച, സ്വീകരിച്ച നിങ്ങൾക്ക് എന്റെ നന്ദി', റോസക്കുട്ടി ടീച്ചർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP