Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ വിട്ടു നൽകിയത് കേരളാ കോൺഗ്രസ് എം നേതാവിന്റെ ആഡംബരക്കാർ: നേതാവ് ഇപ്പോഴും യുഡിഎഫിൽ തന്നെയെന്ന് അണികൾ; രാഹുൽ ആവശ്യപ്പെട്ട കാർ കൈയിൽ മാത്രമുള്ളതു കൊണ്ടാണ് വിട്ടു നൽകിയതെന്ന് ജില്ലാ പ്രസിഡന്റ എൻഎം രാജു; പുറത്തായത് റാന്നിയിലെ ഇടതു സ്ഥാനാർത്ഥിലെ കാലുവാരാനുള്ള നീക്കമോ?

രാഹുൽ ഗാന്ധിക്ക് സഞ്ചരിക്കാൻ വിട്ടു നൽകിയത് കേരളാ കോൺഗ്രസ് എം നേതാവിന്റെ ആഡംബരക്കാർ: നേതാവ് ഇപ്പോഴും യുഡിഎഫിൽ തന്നെയെന്ന് അണികൾ; രാഹുൽ ആവശ്യപ്പെട്ട കാർ കൈയിൽ മാത്രമുള്ളതു കൊണ്ടാണ് വിട്ടു നൽകിയതെന്ന് ജില്ലാ പ്രസിഡന്റ എൻഎം രാജു; പുറത്തായത് റാന്നിയിലെ ഇടതു സ്ഥാനാർത്ഥിലെ കാലുവാരാനുള്ള നീക്കമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തന്റെ ആഡംബരക്കാർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രചാരണത്തിന് വിട്ടു നൽകിയ കേരളാ കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് എൻഎം രാജു പിടിച്ചത് മുട്ടൻ പുലിവാൽ. നേതാവ് ഇപ്പോഴും യുഡിഎഫിൽ തന്നെയാണെന്നും റാന്നിയിൽ സീറ്റ് കിട്ടാതെ പോയതിന്റെ ചൊരുക്ക് തീർക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും ആരോപിച്ച് എതിർപക്ഷം രംഗത്ത് വന്നു.

കോന്നി പ്രമാടത്ത് നിന്ന് കോട്ടയം ജില്ലയിലെ എരുമേലി വരെ രാഹുൽ ഗാന്ധി റോഡ് ഷോ നടത്തിയത് എൻഎം രാജുവിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 27 ജെ 9900 കിയ കാർണിവൽ കാറിലായിരുന്നു. തിരുവല്ലയിൽ കിയ കാറിന്റെ ഷോറും എൻഎം രാജുവിന്റേതാണ്. പാലക്കാട് പര്യടനം നടത്തിയപ്പോൾ രാഹുൽ ഗാന്ധി കിയ കാർണിവൽ കാറിലാണ് സഞ്ചരിച്ചിരുന്നതെന്നും പത്തനംതിട്ടയിലേക്കും അതേ വാഹനം വേണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് എൻഎം രാജു പറയുന്നു.

ഇതേ തുടർന്ന് ഷോറും ഉടമ എന്ന നിലയിലാണ് യുഡിഎഫ് നേതാക്കൾ തന്നെ ബന്ധപ്പെട്ടത്. രാഹുലിന് സഞ്ചരിക്കാൻ വേണ്ടിയാണെന്ന് അറിഞ്ഞ് വിട്ടു നൽകുകയായിരുന്നു. മറ്റ് ഏതെങ്കിലും കാറിലാണെങ്കിൽ ടോപ്പ് വിൻഡോയിലൂടെ രണ്ടു പേർക്ക് മാത്രമേഎണീറ്റ് നിൽക്കാൻ കഴിയൂ. കിയ കാർണിവലിൽ നാലു പേർക്ക് വരെ ഇപ്രകാരം നിൽക്കാമെന്നും രാജു ചൂണ്ടിക്കാട്ടി.

എന്നാൽ എൻഎം രാജുവിന്റെ വിശദീകരണമൊന്നും പ്രവർത്തകരും എതിർപക്ഷവും മുഖവിലയ്ക്ക് എടുക്കുന്നില്ല. റാന്നിയിൽ സീറ്റ് നോക്കി വച്ചിരുന്നയാളാണ് എൻഎം രാജു. ഇതിനായുള്ള പ്രവർത്തനവും നടത്തിയിരുന്നു. എന്നാൽ, അവസാന നിമിഷം പ്രമോദ് നാരായണനാണ് സീറ്റ് ലഭിച്ചത്. സിപിഎമ്മുകാർക്കും കേരളാ കോൺഗ്രസിനും ഇയാളെ കുറിച്ച് കേട്ടു കേഴ്‌വി പോലുമില്ലായിരുന്നു.

തനിക്ക് സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം എൻഎം രാജു മറച്ചു വച്ചതുമില്ല. ഒടുക്കം ജോസ് കെ മാണി അനുനയിപ്പിച്ചാണ് പ്രചാരണത്തിന് ഇറക്കിയത്. എന്നാൽ, ഇടതു പ്രചാരണത്തിന് റാന്നിയിൽ തീവ്രത പോരാ. രാജുഏബ്രഹാമിനെ അനുകൂലിക്കുന്ന സിപിഎമ്മുമാരും പ്രചാരണത്തിൽ മന്ദഗതിയിലാണ്. അതിനിടെയാണ് കാർ വിവാദം ഉണ്ടായിരിക്കുന്നത്.

യുഡിഎഫ് നേതാക്കളുമായി എൻഎം രാജു അടുത്ത ബന്ധം പുലർത്തുന്നുവെന്ന് ആക്ഷേപം നിലനിൽക്കുന്നു. റാന്നിയിലെ വോട്ടിങ്ങിൽ ഇത് പ്രതിഫലിക്കുകയും ചെയ്യും. എൻഎം രാജുവിന്റെ നിലപാടിൽ സിപിഎമ്മിനും അതൃപ്തിയുണ്ട്. ആന്റോ ആന്റണി, ജോയി തോമസ് തുടങ്ങിയ നേതാക്കളുമായി രാജുവിനുള്ള അടുത്ത ബന്ധം ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്യുന്നു.

വിവരം ജോസ് കെ മാണിയെയും പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. റാന്നിയിൽ പ്രമോദ് നാരായണന് വോട്ട് വിഹിതത്തിൽ കുറവ് വന്നാൽ കേരളാ കോൺഗ്രസി(എം)ൽ വെട്ടിനിരത്തൽ ഉറപ്പാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP