Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്; ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്ത് പട്ടികയിൽ കടന്ന് കൂടിയത് ബോധപൂർവമെന്ന് സിപിഎം; പ്രതിപക്ഷ നേതാവ് കുടം തുറന്നുവിട്ട വോട്ട് വിവാദം കോൺ​ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു

എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്; ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്ത് പട്ടികയിൽ കടന്ന് കൂടിയത് ബോധപൂർവമെന്ന് സിപിഎം; പ്രതിപക്ഷ നേതാവ് കുടം തുറന്നുവിട്ട വോട്ട് വിവാദം കോൺ​ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇരട്ട വോട്ട് വിവാദത്തിൽ കോൺ​ഗ്രസിനെതിരെ കൂടുതൽ തെളിവുകളുമായി സിപിഎം. ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ അമ്മയുടെയും, കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ് എസ് ലാലിന്റെയും ഇരട്ട വോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഐസിസി വക്താവ് ഷമാ മുഹമ്മദിനും രണ്ട് ബൂത്തുകളിൽ വോട്ടുണ്ടെന്ന ആരോപണവുമായി സിപിഎം രം​ഗത്തെത്തി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് ഷമാ മുഹമ്മദിനും ഇരട്ട വോട്ടെന്ന ആരോപണം ഉയർത്തിയത്.

ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്തെന്നും അദ്ദേഹം ആരോപിച്ചു. ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഇരട്ട വോട്ട് ആരോപണം അവരെ തന്നെ തിരിഞ്ഞു കൊത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ മണ്ഡലത്തിലെ 89ആം നമ്പർ ബൂത്തിൽ ഷമാ മുഹമ്മദിന് ഇരട്ടവോട്ടുണ്ട്. ഒരിടത്ത് പിതാവിന്റെ പേരാണ് കൊടുത്തത്. ഒരിടത്ത് മാതാവിന്റെ പേരും കൊടുത്തു. അത് ബോധപൂർവ്വം ചെയ്ത കാര്യമാണ്. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന കാര്യമല്ല എന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിനെ തുടർന്നാണ് സ്വന്തം പാർട്ടിയിലെ നേതാക്കളുടെ ഇരട്ട വോട്ട് വിവരം പുറത്തുകൊണ്ടുവരാൻ ചെന്നിത്തല ശ്രമിച്ചത്. അങ്ങനെയൊരു പരാതി കൊടുത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ മാതാവിന്റെ ഇരട്ടവോട്ട് സംബന്ധിച്ച വിവരങ്ങൾ പോലും പുറത്തുവന്നു എന്നും ജയരാജൻ പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് ഷമ രംഗത്തെത്തി. തനിക്ക് രണ്ട് വോട്ടർ ഐഡി ഇല്ലെന്നും സിപിഎം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് എന്നും ഷമ പറഞ്ഞു.

ഇരട്ട വോട്ടിൽ ആദ്യം പ്രതിരോധത്തിലായ സിപിഎമ്മിന് വീണുകിട്ടിയ ആയുധമായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മാതാവ് ദേവകിയമ്മയുടെ ഇരട്ടവോട്ട്. ചെന്നിത്തലയിലും ഹരിപ്പാടുമാണ് ദേവകിയമ്മയ്ക്ക് വോട്ടുള്ളത്. അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും വോട്ട് മാറ്റാൻ അപേക്ഷ നൽകിയിരുന്നുവെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥിക്കും ഇരട്ട വോട്ടുണ്ട്. ഇതോടെ കോൺഗ്രസാണ് കള്ളവോട്ട് ചേർക്കുന്നതെന്ന ആരോപണവുമായി സിപിഎം സജീവമായി.

കള്ളവോട്ടിൽ സിപിഎം പ്രതിരോധത്തിലായിരുന്നു. നാല് ലക്ഷത്തോളം വ്യാജ വോട്ടാണ് പ്രതിപക്ഷ നേതാവ് കണ്ടെത്തിയതും ചർച്ചയാക്കിയതും. ഇതിൽ പ്രതിപക്ഷ നേതാവിന്റെ അമ്മയും ഉണ്ടെന്നത് സിപിഎമ്മിന് ആശ്വാസമായി. ഈ വിഷയം ഹൈക്കോടതിയിലും ആണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം തുടങ്ങി. ഇതിനിടെയാണ് കഴക്കൂട്ടത്തെ കോൺഗ്രസ് സ്ഥാനാർത്ഥി എസ് എസ് ലാലിന്റേയും ചെന്നിത്തലയുടെ അമ്മയുടേയും വിവരങ്ങൾ പുറത്തു വരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും വോട്ട് അദ്ദേഹത്തിന്റെ ജന്മദേശമായ തൃപ്പെരുന്തുറ പഞ്ചായത്തിലായിരുന്നു. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിന് അദ്ദേഹത്തിന്റെയും മാതാവ് ഉൾപ്പെടെയുള്ളവരുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസിന്റെ വിലാസത്തിലേക്ക് മാറ്റി. ഈ വിലാസത്തിലേക്ക് വോട്ട് മാറ്റിയപ്പോൾ, ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല പഞ്ചായത്തിലെ വോട്ടർ പട്ടികയിൽനിന്ന് ദേവകിയമ്മയുടെ പേര് നീക്കം ചെയ്യണമെന്ന് അപേക്ഷ നൽകിയിരുന്നു.

എന്നാൽ ചെന്നിത്തലയുടെ മാതാവിന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റിൽനിന്ന് നീക്കം ചെയ്തിരുന്നില്ല. അതിനാലാണ് ദേവകിയമ്മയുടെ പേര് രണ്ടിടത്തും കണ്ടെത്തിയിരിക്കുന്നത്. ഇതോടെ വ്യാജവോട്ടും നനഞ്ഞ പടക്കമാണെന്ന് സിപിഎം പ്രതികരിച്ചു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി എസ്.എസ്.ലാലിനും വട്ടിയൂർക്കാവ് മണ്ഡലത്തിൽ ഇരട്ട വോട്ടുണ്ട്. ആദ്യപേര് ഒഴിവാക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടെന്ന് എസ്.എസ്. ലാൽ പറഞ്ഞു. വ്യാജ വോട്ടിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് മുന്നേറുമ്പോഴാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്.

കേരളത്തിലെ ഇരട്ട/വ്യാജ വോട്ടുകൾ മരവിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ക്രമക്കേടുകൾ പരിശോധിക്കാൻ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥനെ സംസ്ഥാനത്തേക്കു നിയോഗിച്ചിട്ടുണ്ടെന്നും ക്രമക്കേടിനു കൂട്ടുനിന്നവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കമ്മിഷൻ അറിയിച്ചു. ഇടതു സർക്കാർ വ്യാപകമായി കള്ളവോട്ടുകൾ ചേർത്തുവെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും കോൺഗ്രസ് ദേശീയ നേതാക്കളായ കെ.സി. വേണുഗോപാൽ, അഭിഷേക് സിങ്‌വി, രൺദീപ് സിങ് സുർജേവാല, അജയ് മാക്കൻ എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒപ്പിട്ട നിവേദനത്തിൽ ആരോപിച്ചു.

ജീവനക്കാരുടെ പിഴവാണ് ഇരട്ട വോട്ടിന് കാരണമെന്നായിരുന്നു തുടക്കം മുതൽ സിപിഎം നിലപാട്. ഇത് ശരിവയ്ക്കുന്ന തരത്തിൽ അമ്മയുടേയും പേര് ചെന്നിത്തലയ്ക്ക് മുമ്പിലെത്തുന്നു. എങ്കിലും കോൺഗ്രസ് പ്രതീക്ഷയിലാണ്. വിവിധ മണ്ഡലങ്ങളിൽ സിപിഎം ആസൂത്രിത നീക്കം നടത്തിയെന്നും അത് പൊളിക്കാനായെന്നും ചെന്നിത്തലയും വിശ്വസിക്കുന്നു. അമ്മയുടെ പേര് രണ്ടിടത്ത് എത്തിയതിന് പിന്നിലും സിപിഎം ഉദ്യോഗസ്ഥരാകാമെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ട്.

ഡോ.എസ് എസ് ലാലിന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ നൂറ്റി എഴുപതാം നമ്പർ ബൂത്തിലാണ് രണ്ട് വോട്ടും .616,1243 എന്നീ ക്രമനമ്പരുകളിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്. KL/20/135/033605,UHE 3246972 എന്നീ നമ്പരുകളിലുള്ള ഇലക്ഷൻ ഐ ഡി കാർഡുകളും അദ്ദേഹം കൈപ്പറ്റിയിട്ടുണ്ട്. 616 ക്രമ നമ്പർ പ്രകാരം വോട്ട് ഉണ്ടെന്നിരിക്കെ വീണ്ടും എസ് എസ് ലാൽ വോട്ടർ പട്ടികയിൽ പേര് ചേ ർക്കുകയായിരുന്നു.അക്കാരണത്താലാണ് 1243ക്രമ നമ്പർ പ്രകാരം പുതിയ വോട്ടർപട്ടികയിൽ പേര് ചേർക്കപെട്ടത്. നിലവിൽ വോട്ട് ഉണ്ടെന്നിരിക്കെ വീണ്ടും പേര് ചേർത്തത് എന്തിനെന്ന് വ്യക്തമല്ല.

എൽ ഡി എഫിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി വന്ന ചെന്നിത്തലക്കും കോൺഗ്രസിനും ഓരോ ദിവസം കഴിയും തോറും പുറത്ത് വരുന്ന തെളിവുകൾ തിരിച്ചടിയാവുകയാണ്.എസ് എസ് ലാലിന്റെ ഇരട്ടവോട്ടിനെതിരെ പരാതിനൽകുമെന്ന് എൽ ഡി എഫ് അറിയിച്ചു. ചെന്നിത്തലയുടെ മറ്റ് കടുംബാഗങ്ങൾക്കും രണ്ട് മണ്ഡലങ്ങളിൽ വോട്ടുണ്ടായിരുന്നെങ്കിലും ചെന്നിത്തല സ്വയം തുറന്നുവിട്ട വിവാദങ്ങൾക്കിടയിൽ അവയെല്ലാം ഒഴിവാക്കിയെന്ന് സിപിഎം പറയുന്നു.

ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറ യുപി സ്‌കൂളിലെ 1011--ാം നമ്പറായും ഹരിപ്പാട് മണ്ണാറശാല യുപി സ്‌കൂളിലെ 1362--ാം നമ്പറായും ദേവകിയമ്മയ്ക്ക് വോട്ടുണ്ട്. പ്രതിപക്ഷനേതാവെന്ന നിലയിൽ ചെന്നിത്തലയുടെ ക്യാമ്പ് ഓഫീസായ മണ്ണാറശാല ആനന്ദമന്ദിരത്തിന്റെ വിലാസത്തിലാണ് രമേശ് ചെന്നിത്തലയുടെയും മറ്റ് കുടുംബാഗങ്ങളുടെയും നിലവിലെ വോട്ട്. തൃപ്പെരുന്തുറയിൽ കുടുംബവീടായ കോട്ടൂർ കിഴക്കതിലിലെ വിലാസത്തിലായിരുന്നു ഇവർക്കെല്ലാം മുമ്പ് വോട്ടുണ്ടായിരുന്നത്.

പ്രതിപക്ഷനേതാവിന്റെ ഭാര്യ അനിതയ്ക്കും മക്കളായ രമിത്തിനും രോഹിത്തിനും കഴിഞ്ഞദിവസം വരെ ഇരട്ടവോട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ ചെന്നിത്തല തൃപ്പെരുന്തുറയിലെ കുടുംബവീട്ടിലും ഹരിപ്പാട് മണ്ഡലത്തിലെ ക്യാമ്പ് ഓഫീസിലുമായിരുന്നു ഇവരുടെ വോട്ടുകൾ. ഇരട്ടവോട്ട് വിവാദം ഉയർത്തിയതിന് പിന്നാലെ തൃപ്പെരുന്തുറയിലെ പട്ടികയിൽ അമ്മയൊഴികെയുള്ളവരെ ഒഴിവാക്കി. തദ്ദേശ തെരഞ്ഞെടുപ്പിലും ഇവിടെയായിരുന്നു വോട്ട്.

രമേശും കുടുംബാംഗങ്ങളും ഹരിപ്പാട്ടേക്ക് വോട്ട് മാറ്റിയത് ക്രമവിരുദ്ധമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. പട്ടികയിൽ പേര് ചേർക്കാൻ സ്ഥിരതാമസ സർട്ടിഫിക്കറ്റ് നേടിയത് ചട്ടവിരുദ്ധമായാണെന്ന് വിവരാവകാശ രേഖയിലൂടെയാണ് വെളിപ്പെട്ടത്. ക്യാമ്പ് ഓഫീസ് പ്രവർത്തിക്കുന്ന 12/481 എന്ന നമ്പരിലെ വീട്ടിലെ സ്ഥിരതാമസക്കാരെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് വോട്ടർപ്പട്ടികയിൽ പേരു ചേർത്തത്. എന്നാൽ അപേക്ഷയിൽ ചെന്നിത്തലയും കുടുംബവും ഇവിടെ എത്രനാളായി താസിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP