Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25 രൂപയ്ക്ക് അരിയും 22 രൂപയ്ക്ക് പഞ്ചസാരയും അടക്കം 13 ഇനങ്ങൾക്ക് സബ്സിഡി; എല്ലാ സാധനങ്ങൾക്കും പൊതു വിപണിയേക്കാൾ വില കുറവും; സൗജന്യ കിറ്റിന് തടയിട്ട ചെന്നിത്തലക്ക് ചെക്ക് പറഞ്ഞ് കൺസ്യൂമർ ഫെഡിന്റെ ഈസ്റ്റർ വിപണി

25 രൂപയ്ക്ക് അരിയും 22 രൂപയ്ക്ക് പഞ്ചസാരയും അടക്കം 13 ഇനങ്ങൾക്ക് സബ്സിഡി; എല്ലാ സാധനങ്ങൾക്കും പൊതു വിപണിയേക്കാൾ വില കുറവും; സൗജന്യ കിറ്റിന് തടയിട്ട ചെന്നിത്തലക്ക് ചെക്ക് പറഞ്ഞ് കൺസ്യൂമർ ഫെഡിന്റെ ഈസ്റ്റർ വിപണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സംബന്ധിച്ച വിവാദം കത്തുന്നതിനിടെ 13 സബ്സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള ഈസ്റ്റർ വിപണി നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കൺസ്യൂമർ ഫെഡിന്റെ നേതൃത്യത്തിൽ സംസ്ഥാനത്ത് 1700 സഹകരണ ഈസ്റ്റർ വിപണികളാണ് ആരംഭിക്കുന്നത്. 28 മുതൽ ഏപ്രിൽ മൂന്നു വരെയാണ് ഈസ്റ്റർ വിപണി പ്രവർത്തിക്കുക.

അരി (കുറുവ) 25 രൂപ, ജയ 25, കുത്തരി 24, പച്ചരി 23, പഞ്ചസാര 22, വെളിച്ചെണ്ണ 500 മില്ലി, 46, ചെറുപയർ 74, വൻകടല 43, ഉഴുന്ന് ബോൾ 66, വൻപയർ 45, തുവരപ്പരിപ്പ് 65, ഗുണ്ടൂർ മുളക് 75, മല്ലി 79 എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ വിൽപന വില. റേഷൻ കാർഡുടമകൾക്ക് കാർഡ് ഒന്നിന് അഞ്ചു കിലോ അരിയും രണ്ട് കിലോ പച്ചരിയും അര കിലോ ധാന്യങ്ങളും ഒരു കിലോ പഞ്ചസാരയും അര ലിറ്റർ വെളിച്ചെണ്ണയും സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും.

പതിമൂന്നിനം സബ്‌സിഡി സാധനങ്ങളും മറ്റിനങ്ങൾ പൊതു വിപണിയേക്കാൾ വില കുറച്ചും വിൽപന നടത്തും. സബ്‌സിഡിയേതര ഇനങ്ങൾ ആവശ്യാനുസരണം വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈസ്റ്ററിനു പിന്നാലെ വിഷു ആഘോഷങ്ങൾക്കു കൂടി പ്രയോജനം ലഭിക്കുന്ന തരത്തിൽ ശർക്കര ഉൾപ്പെടെ എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി കൺസ്യൂമർ ഫെഡ് അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നിർത്തിവെക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. വിഷു, ഈസ്റ്റർ കാലത്ത് ജനങ്ങൾക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതു മുടക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പു പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു നോക്കിയല്ല ഭക്ഷ്യ കിറ്റ് വിതരണത്തിനു സർക്കാർ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ കെ ശൈലജ ടീച്ചറും രം​ഗത്തെത്തിയിരുന്നു. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടാണ് രമേശ് ചെന്നിത്തലയ്ക്കെന്ന് ശൈലജ പറഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ കിറ്റ് കൊടുക്കരുതെന്ന് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ജനങ്ങൾക്ക് കിട്ടേണ്ട അരി മുഴുവൻ തടഞ്ഞുവെച്ചത് മുഖ്യമന്ത്രിയാണ്. പൂഴ്‌ത്തിവെച്ച അരി തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മൂന്നാഴ്ചയായി റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട അരി പൂഴ്‌ത്തിവെച്ചത് മുഖ്യമന്ത്രിയല്ലേ. വോട്ടുതട്ടാൻ വേണ്ടി അരി പൂഴ്‌ത്തിവെക്കുകയും, തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രമുള്ളപ്പോൾ വിതരണം ചെയ്യുകയും ചെയ്യുന്ന നടപടി എന്താണ്. ആരെ പറ്റിക്കാനാണിത്. സെപ്റ്റംബർ മുതൽ മാർച്ച് വരെ കുട്ടികൾക്ക് കൊടുക്കേണ്ടിയിരുന്ന അരി പൂഴ്‌ത്തിവെച്ചതും മുഖ്യമന്ത്രിയല്ലേ എന്ന് ചെന്നിത്തല ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP