Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എവർ ഗിവൺ അപകടം: ലോകം സാക്ഷിയായത് ഏറ്റവും വലിയ കടൽ ട്രാഫിക്ക് ജാമിന്; ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിന് തിരിച്ചടിയായത് കാലാവസ്ഥയിലെ വ്യതിയാനം; വ്യാപാരമേഖലയെ പ്രതിസന്ധിയിലാഴ്‌ത്തി സുയസ് കനാലിലെ കപ്പൽ അപകടം; സൂയസിൽ സംഭവിച്ചത് ഇങ്ങനെ

എവർ ഗിവൺ അപകടം: ലോകം സാക്ഷിയായത് ഏറ്റവും വലിയ കടൽ ട്രാഫിക്ക് ജാമിന്; ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിന് തിരിച്ചടിയായത് കാലാവസ്ഥയിലെ വ്യതിയാനം; വ്യാപാരമേഖലയെ പ്രതിസന്ധിയിലാഴ്‌ത്തി സുയസ് കനാലിലെ കപ്പൽ അപകടം; സൂയസിൽ സംഭവിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കയ്‌റോ (ഈജിപ്ത്): രാജ്യാന്തര കപ്പൽപ്പാതയായ സൂയസ് കനാലിനു കുറുകെ കുടുങ്ങിയ എവർ ഗിവൺ ചരക്കുകപ്പൽ വലിച്ചുനീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. എവർ ഗിവൺ ചരക്കുകപ്പൽ കനാലിന് കുറുകെ കുടുങ്ങിയതോടെ കപ്പൽ പാതയിലെത്തന്നെ ഏറ്റവും വലിയ ട്രാഫിക്ക് ജാമിനാണ് ലോകം സാക്ഷിയായത്.23നു പുലർച്ചെ കനത്ത കാറ്റിലാണു കനാലിലെ ഒറ്റവരി പാതയ്ക്കു കുറുകെ ചരക്കുകപ്പൽ കുടുങ്ങിയത്.മണൽക്കാറ്റും കൊടുങ്കാറ്റും ഒരുമിച്ചെത്തിയതാണ് അസാധാരണ സംഭവത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

കടലിൽ ഇന്നേവരെയുണ്ടായതിൽവച്ച് ഏറ്റവും വലിയ 'ട്രാഫിക് ജാമാണ്' സൂയസ് കനാലിലുണ്ടായിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 150ലേറെ കണ്ടെയ്‌നർ ഷിപ്പുകളും ഇന്ധനം നിറച്ച ടാങ്കറുകളും ധാന്യങ്ങൾ നിറച്ച കപ്പലുകളുമാണ് നിലവിൽ സൂയസിലേക്കു കടക്കാനാകാതെ എന്തു ചെയ്യുമെന്ന് അന്തിച്ചു നിൽക്കുന്നത്. അവയിൽ പലതും തിരികെപ്പോകാനുള്ള ശ്രമത്തിലുമാണ്.

 

ആഫ്രിക്കൻ വൻകര ചുറ്റിയാണ് ആ യാത്ര സാധ്യമാവുക. പക്ഷേ സൂയസ് കനാൽ വഴി പോകുന്നതിനേക്കാൾ 9000 കിലോമീറ്റർ അധികമാണ് ആ യാത്ര. അതിനാൽത്തന്നെ ചിലരെങ്കിലും അൽപം കാത്തുകെട്ടിയിട്ടാണെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടതിനു ശേഷം മുന്നോട്ടു പോകാമെന്ന പ്രതീക്ഷയിലാണ്.

ആഫ്രിക്ക വഴി പോയാൽ ഇനിയും 23 ആഴ്ചയെടുക്കും ലക്ഷ്യസ്ഥാനത്തെത്താൻ. നാലു ലക്ഷത്തോളം ഡോളറും അധികമായി ചെലവു വരും. ഈ സാഹചര്യത്തിലാണ് സൂയസിൽത്തന്നെ കാത്തിരിക്കാമെന്ന നിലപാടിലേക്ക് കപ്പൽ കമ്പനികളെത്തിയത്. സൂയസ് കനാൽ അഥോറിറ്റി ആരംഭത്തിൽ ചില കപ്പലുകളെ കടത്തിവിട്ടെങ്കിലും പ്രതിസന്ധി രൂക്ഷമാകുന്നെന്നു കണ്ടതോടെ കപ്പൽ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.

സൂയസിൽ സംഭവിച്ചത്

ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നാണ് 2018ൽ നിർമ്മിക്കപ്പെട്ട എവർ ഗിവൺ.പാനമയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പലിന് 400 മീറ്ററോളം നീളവും 59 മീറ്റർ വീതിയുമുണ്ട്. അതായത് അമേരിക്കയിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റെ അത്രയും നീളം വരും. ഒരേസമയം 20,000 കണ്ടെയ്‌നറുകൾ വരെ വഹിച്ചു യാത്ര ചെയ്യാനുള്ള ശേഷിയും ഈ കപ്പൽഭീമനുണ്ട്. ഏഷ്യൻ രാജ്യങ്ങൾക്കും യൂറോപ്പിനുമിടയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന കപ്പലാണിത്. ഇത്തവണ. പടുകൂറ്റൻ കണ്ടെയ്‌നറുകളുമായി ചൈനയിൽനിന്ന് നെതർലൻഡ്സിലെ റോട്ടർഡാമിലേക്കു പോവുകയായിരുന്നു കപ്പൽ.

ചെങ്കടലിൽനിന്നു സൂയസ് കനാൽ വഴി വടക്ക് മെഡിറ്ററേനിയൻ മേഖലയിലേക്കായിരുന്നു കപ്പലിന്റെ യാത്ര. സൂയസിലേക്കു കടന്നപ്പോൾത്തന്നെ അതിശക്തമായ കൊടുങ്കാറ്റുണ്ടായെ
ന്നാണ് കപ്പലിന്റെ ടെക്‌നിക്കൽ മാനേജ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്ന ബെർണാഡ് ഷൂൾട്ട് ഷിപ്മാനേജ്‌മെന്റ് (ബിഎസ്എം) വ്യക്തമാക്കുന്നത്. കണ്ടെയ്‌നറുകളൊന്നും മുങ്ങാതെ ഒരു വിധം സൂയസ് കനാൽ കടക്കാമെന്നു കരുതിയപ്പോഴായിരുന്നു മണൽക്കാറ്റും കൊടുങ്കാറ്റും ഒരുമിച്ചെത്തിയത്. ഈജിപ്ത് കാലാവസ്ഥാ വിഭാഗവും ചൊവ്വാഴ്ച കൊടുങ്കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ അപകടം നടക്കുന്ന സമയത്ത് മെഡിറ്ററേനിയനിലെയും ചെങ്കടലിലെയും ഒട്ടേറെ തുറമുഖങ്ങൾ കൊടുങ്കാറ്റ് കാരണം അടച്ചിട്ടിരിക്കുകയുമായിരുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു കാറ്റ് വീശിയടിച്ചത്. യാത്രയ്ക്കിടെ കാഴ്ച മറഞ്ഞതോടെ മുന്നോട്ടുള്ള പാത കാണാതായി. കപ്പൽ കനാലിനു കുറുകെ വരികയും മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. മാർച്ച് 23ന് പ്രാദേശിക സമയം രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.

കപ്പലിന്റെ വേഗം, ഇന്ധനക്ഷമത എന്നിവ കൂട്ടാനും സ്ഥിരത കൈവരിക്കാനും സഹായിക്കുന്ന 'ബൽബസ് ബോ' എന്ന മുൻഭാഗമാണ് പ്രശ്‌നക്കാരനായതെന്നാണു സൂചന. ബൽബസ് ബോ മണൽത്തിട്ടയിലേക്ക് ഇടിച്ചുകയറിയതോടെ കപ്പൽ കനാലിനു വിലങ്ങനെ പെട്ടുപോവുകയായിരുന്നു. കപ്പലിലെ വൈദ്യുതബന്ധം നഷ്ടമായതിനെത്തുടർന്നാണ് പ്രശ്‌നമുണ്ടായതെന്ന് ആദ്യറിപ്പോർട്ടുകളെ ബിഎസ്എം തള്ളിയിരുന്നു. പ്രാഥമിക പരിശോധനയിൽ സാങ്കേതിതകപരമോ എൻജിനുണ്ടായ തകരാറോ അല്ല കപ്പൽ മണ്ണിലുറയ്ക്കാൻ കാരണമെന്നും കണ്ടെത്തിയിരുന്നു. കപ്പലിൽ ആകെ 25 പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നും ബിഎസ്എം അറിയിച്ചു.

സാധാരണ ഗതിയിൽ സൂയസിലേക്കു പ്രവേശിക്കുന്ന കപ്പലുകൾ പ്രത്യേകം കൂട്ടമായാണു സഞ്ചരിക്കുക. ഇവയ്‌ക്കൊപ്പം ഒന്നോ രണ്ടോ 'ടഗുകളു'മുണ്ടാകും. അപകടമുണ്ടായാൽ കപ്പലിനെ വലിച്ചുമാറ്റാൻ സഹായിക്കുന്ന കൂറ്റൻ കപ്പലുകളാണിവ. അപകടത്തിൽപ്പെടുന്ന കപ്പലിനെ പെട്ടെന്നുതന്നെ സുരക്ഷിതമായി മാറ്റുന്നതിനാൽ സാധാരണ ഇത്തരം പ്രശ്‌നങ്ങൾ മറ്റു കപ്പലുകളെ ബാധിക്കാറുമില്ല. എന്നാൽ സൂയസ് കനാലിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള 'സിംഗിൾ ലെയ്‌നി'ലാണ് എവർ ഗിവൺ കുടുങ്ങിയത്. 'ഒറ്റവരിപ്പാത'യായതിനാൽത്തന്നെ കൂറ്റൻ കപ്പൽ കനാലിനു കുറുകെ ഉറച്ചതോടെ മറ്റു കപ്പലുകൾക്കെല്ലാം യാത്ര പാതിവഴിയിൽ നിർത്തുകയല്ലാതെ വേറെ വഴിയുമില്ലാതായി.

പ്രതിസന്ധി മറികടക്കാൻ ഡ്രഡ്ജിങ്ങ്

കടൽ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ പ്രശ്‌ന പരിഹാരത്തിനായി ദ്രൂതഗതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ് ഇപ്പോൾ. എങ്കിലും ആഴ്‌ച്ചകൾ എടുത്ത് മാത്രമെ ഇത് പൂർത്തിയാക്കാൻ സാധിക്കുകയുള്ളു എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എവർ ഗിവണിനു തൊട്ടുപിറകിലായുണ്ടായിരുന്ന ചരക്കുകപ്പലുകൾ തെക്കു ഭാഗത്തേക്കു തിരിച്ചുവിട്ട് സൂയസ് തുറമുഖത്തേക്കു മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണിപ്പോൾ. കനാലിൽ മറ്റു തടസ്സങ്ങളുണ്ടാകാതിരിക്കാനാണിത്.

സൂയസ് കനാലിന്റെ തീരത്തെ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് കനാൽ അഥോറിറ്റി അറിയിച്ചിരിക്കുന്നത്. മണലും ചെളിയും നീക്കം ചെയ്യാനുള്ള കഠിനപ്രയത്‌നം തുടരുകയാണ്. കപ്പലിന്റെ മുൻഭാഗത്തുള്ള ബൽബസ് ബോയാണ് മണലിലേക്ക് ഇടിച്ചു കയറിയിരിക്കുന്നത്. ഇതിനു ചുറ്റുമുള്ള ഏകദേശം 15,000 മുതൽ 20,000 ഘനമീറ്റർ വരെ മണൽ നീക്കേണ്ടതുണ്ട്. അതായത് ഒരു ഒളിംപിക് നീന്തൽക്കുളത്തിന്റെ എട്ടിരട്ടി വലുപ്പത്തിലുള്ള പ്രദേശത്തെ മണൽ.എന്നാൽ മാത്രമേ 12 മുതൽ 16 മീറ്റർ വരെ (39 മുതൽ 52 അടി വരെ) ആഴത്തിൽ എത്താൻ സാധിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ കപ്പലിനു നിലവിലുണ്ടായിരിക്കുന്ന തടസ്സം മാറി യാത്ര തുടരാനും സാധിക്കും.400 മീറ്റർ നീളവും 224,000 ടൺ ഭാരമുള്ള കപ്പൽ നീക്കം ചെയ്യാൻ ആഴ്ചകളെടുക്കുമെന്നാണ് നിഗമനം.

എവർ ഗിവണിനെയും മണൽത്തിട്ടയിൽനിന്നു മോചിപ്പിച്ചാൽ ആദ്യം സൂയസ് തുറമുഖത്തേക്കായിരിക്കും മാറ്റുക. നിലവിലെ സാഹചര്യത്തിൽ കപ്പലിൽനിന്ന് കണ്ടെയ്‌നറുകളും ഇന്ധനവും വെള്ളവും മാറ്റി അതിന്റെ ഭാരവും കുറയ്‌ക്കേണ്ടതുണ്ട്. കപ്പലിന്റെ സ്ഥിരത നിലനിർത്തുന്നതിനായി അടിത്തട്ടിൽ നിറച്ചിരിക്കുന്ന 'ബാലസ്റ്റ് വാട്ടറാണ്' ഒഴിവാക്കേണ്ടത്. അതിനു ശേഷം വേണം കപ്പൽ വലിച്ചു മാറ്റാൻ ടഗുകളുടെ സഹായം തേടാൻ.

ഇവ മൂന്നും ചേരുന്നതോടെ കപ്പലിന്റെ 'രക്ഷാപ്രവർത്തനം' ഏറെക്കുറെ സാധ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. അംബരചുംബിയോളം വലുപ്പമുള്ള കപ്പലിൽനിന്ന് കണ്ടെയ്‌നറുകളും വെള്ളവും ഉൾപ്പെടെ മാറ്റുന്നതിന് ദിവസ്സങ്ങളെടുക്കുമെന്ന പ്രശ്‌നവുമുണ്ട്. ഡച്ച് കമ്പനിയായ സ്മിത്ത് സാൽവജ്, ജാപ്പനീസ് കമ്പനിയായ നിപ്പോൺ സാൽവജ് എന്നിവയാണ് എവർ ഗിവണിനെ 'രക്ഷിക്കാനായി' രംഗത്തുള്ളത്. സൂയസ് കനാൽ അഥോറിറ്റിയോടും എവർ ഗിവൺ സംഘത്തോടുമൊപ്പം ചേർന്നാണ് ജാപ്പനീസ്ഡച്ച് സംഘം പുതിയ പദ്ധതികൾ തയാറാക്കുന്നത്.

ഇതാദ്യമായല്ല ഈ പടുകൂറ്റൻ കപ്പൽ അപകടത്തിൽപ്പെടുന്നത്. 2019ൽ ജർമനിയിലെ ഹാംബർഗിൽ നങ്കൂരമിട്ടിരുന്ന കടത്തുബോട്ടിലേക്ക് ഇടിച്ചു കയറിയും വൻ അപകടമുണ്ടാക്കിയിരുന്നു. അന്നും ശക്തമായ കാറ്റാണ് നിയന്ത്രണം വിടാനുള്ള കാരണമായി അധികൃതർ പറഞ്ഞത്. കടത്തുബോട്ടിന് കാര്യമായ കേടുപാടുകളും സംഭവിച്ചിരുന്നു.

കോവിഡിനു പിന്നാലെ 'ദുരന്തം'

ചില്ലറ വ്യാപാരത്തിനുള്ള മൊബൈൽ ഫോൺ മുതൽ വാഴപ്പഴം വരെ കനാലിൽ കെട്ടിക്കിടക്കുകയാണെന്നതാണു യാഥാർഥ്യം. കൊറോണവൈറസ് കാരണം കഷ്ടത്തിലായ റീട്ടെയ്ൽ ശൃംഖലയ്‌ക്കേറ്റ പുതിയ തിരിച്ചടിയെന്നാണ് സൂയസിലെ പ്രശ്‌നത്തെ മേഖലയിലുള്ളവർ വിശേഷിപ്പിക്കുന്നത്. റീട്ടെയ്ൽ ഉൽപന്നങ്ങൾക്ക് ലോകത്ത് ആവശ്യക്കാരേറിയ സമയത്തു കൂടിയാണ് പ്രശ്‌നം. റീട്ടെയ്ൽ ഉൽപന്നങ്ങളുമായി മുപ്പതിലേറെ കണ്ടെയ്‌നർ കപ്പലുകളാണ് കനാലിൽ കുടുങ്ങിക്കിടക്കുന്നത്. ഡാനിഷ് ഷിപ്പിങ് കമ്പനിയായ മാഴ്സ്‌കിന്റെ മാത്രം ഏഴു കപ്പലുകളാണ് സൂയസിലുള്ളത്.

ലോകത്തിലെ ഏതാണ്ടെല്ലാ കണ്ടെയ്‌നർ ഷിപ്പിങ് കമ്പനികൾക്കും സൂയസിലെ പ്രശ്‌നം തിരിച്ചടിയായിട്ടുണ്ടെന്ന് സ്വിസ് ഷിപ്പിങ് കമ്പനിയായ എംഎസ്സിയും വ്യക്തമാക്കുന്നു. എംഎസ്സി വരുംനാളുകളിൽ സൂയസിലേക്ക് അയക്കാനിരിക്കുന്ന ചരക്കുകപ്പലുകളെല്ലാം ഏതുനിമിഷവും 'റീഷെഡ്യൂളിങ്ങിനു' വിധേയമാക്കപ്പെട്ടേക്കാമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. ഏഷ്യയിൽനിന്ന് യൂറോപ്പിലേക്കു നിർമ്മിച്ചു കയറ്റി അയയ്ക്കുന്ന ഉൽപന്നങ്ങളുടെ വിതരണത്തെയും സൂയസ് പ്രതിസന്ധി ബാധിക്കും. പടിഞ്ഞാറൻ യൂറോപ്പിലെ ഓരോ തുറമുഖത്തും ഈ പ്രശ്‌നം പ്രതിഫലിക്കുമെന്നും യൂറോപ്പിലെ ഏറ്റവും വലിയ തുറമുഖമായ റോട്ടർഡാമിന്റെ വക്താവ് ലിയോൺ വില്ല്യംസ് പറയുന്നു.

കണ്ടെയ്‌നർ ഷിപ്പിങ് മേഖലയിലെ കമ്പനികൾക്ക് കപ്പലുകളുടെ വൈകിവരൽ ഇതിനോടകം ശീലമായതാണ്. എന്നാൽ കോവിഡ് പ്രതിസന്ധിയിലുണ്ടായ നഷ്ടം നികത്താൻ പല രാജ്യങ്ങളിലും ഉൽപാദനം ശക്തമാക്കിയതോടെ കപ്പലുകളെ വൈകിയോട്ടം ഇനി അനുവദിക്കാനാകില്ലെന്ന നിലപാടിലാണു പല കമ്പനികളും. അതിനാൽത്തന്നെ അസംസ്‌കൃത വസ്തുക്കളും നിർമ്മാണ സാമഗ്രികളുമെല്ലാം വൈകുന്നതു വൻ തിരിച്ചടിയാകും. ജർമനിയുടെ കാര്യമെടുക്കാംരാജ്യത്തെ രാസവസ്തു ഇറക്കുമതിയിൽ 16 ശതമാനവും സൂയസ് കനാൽ വഴിയാണ്ത്. ഒരു ദിവസം കപ്പൽ വൈകിയാൽ അതു രാജ്യത്തെ മരുന്നു നിർമ്മാണത്തിൽ ഉൾപ്പെടെ വൻ തിരിച്ചടിയാകും.

ആശങ്കയുണർത്തി ഇന്ധനവില

എവർ ഗിവൺ വഴിയിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ ഈ ദിവസങ്ങളിൽ സൂയസിലൂടെ 16 ഇന്ധന ടാങ്കർ കപ്പലുകൾ കടന്നുപോകേണ്ടതായിരുന്നു. അവയും അനിശ്ചിതമായി വൈകിയ അവസ്ഥയിലാണ്. ഈ ടാങ്കറുകളിലാകെ 8.7 ലക്ഷം ടൺ ക്രൂഡ് ഓയിലാണുള്ളത്. 6.7 ലക്ഷം ടൺ ഗ്യാസൊലിൻ, നാഫ്ത, ഡീസൽ തുടങ്ങിയ ഉപോൽപന്നങ്ങളുമുണ്ട്. സൂയസിലൂടെ ഏറ്റവും കൂടുതൽ ഇന്ധനം മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് സൗദിയും റഷ്യയുമാണ്. ഈ ഇന്ധനം പ്രധാനമായും എത്തുന്നതാകട്ടെ ഇന്ത്യയിലേക്കും ചൈനയിലേക്കും.

കോവിഡ് കാരണം കഴിഞ്ഞ വർഷം ഒട്ടേറെ ചരക്കുകപ്പലുകളുടെ സേവനമാണ് ലോകത്തിന്റെ പല ഭാഗങ്ങളിലായി റദ്ദാക്കപ്പെട്ടത്. അതോടൊപ്പം കണ്ടെയ്‌നറുകളുടെ ലഭ്യതക്കുറവും തുറമുഖങ്ങൾ പ്രവർത്തിക്കാതിരുന്നതുമെല്ലാം തിരിച്ചടിയായിരുന്നു. അതിൽനിന്നെല്ലാം ഒരുവിധം കരകയറി വരുമ്പോഴാണ് എവർ ഗിവൺ വക തിരിച്ചടി.സൂയസ് കനാൽ വഴിയുള്ള ഇന്ധന വരവിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്. എന്നാൽ യൂറോപ്പിൽ പലയിടത്തും വീണ്ടും കോവിഡ് ലോക്ക്ഡൗൺ ശക്തമായിരിക്കുകയാണ്. അതിനാൽത്തന്നെ ഇന്ധനഉപഭോഗവും കുറവ്.

 

കോവിഡ് മുക്തമായ അവസ്ഥയിലായിരുന്നു യൂറോപ്പെങ്കിൽ പ്രശ്‌നം തിരിച്ചടിയായേനെയെന്നും വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോകത്താകമാനം നടക്കുന്നതിന്റെ 4.4% മാത്രം ക്രൂഡ് ഓയിൽ കൈമാറ്റമാണ് സൂയസ് കനാലിലൂടെയുള്ളത്. ആ കണക്കിലും ലോക്ക്ഡൗൺ കാരണം കുറവു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ധനവിലയെ നിലവിലെ പ്രതിസന്ധി കാര്യമായി ബാധിക്കില്ലെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. വ്യാഴാഴ്ചതന്നെ ക്രൂഡ് ഓയിൽ ബാരലിന് 4 ശതമാനത്തോളം വില കുറഞ്ഞിരുന്നു.

ഇന്ത്യയിലും ഇന്ധനവിലയെ സൂയസ് പ്രതിസന്ധി ബാധിക്കില്ലെന്നാണു കരുതുന്നത്. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും വലിയൊരു ഇടവേളയ്ക്കു ശേഷം നേരിയ തോതിൽ കേന്ദ്രം വില കുറയ്ക്കുകയും ചെയ്തിരുന്നു.അതേസമയം എവർ ഗിവൺ പ്രതിസന്ധി ഇനിയും അനിശ്ചിതമായി നീണ്ടാൽ റഷ്യയിൽനിന്ന് ഏഷ്യയിലേക്കുള്ള ഇന്ധന വരവിലെ അതു ബാധിക്കും. മധ്യപൗരസ്ത്യ ദേശത്തുനിന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള ഇന്ധനവരവിലും പ്രശ്‌നങ്ങളുണ്ടാകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP