Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഉപ്പു മുതൽ സോഫ്റ്റ്‌വെയർ' വരെ വിൽക്കുന്ന ടാറ്റായിൽ സൈറസ് മിസ്ത്രി ഒരുമ്പെട്ടത് വെട്ടിനിരത്തലുകൾക്ക്; വേറിട്ട മാനേജ്‌മെന്റ് ശൈലിയുമായി വന്ന മിസ്ത്രി കണ്ണിലെ കരടായതോടെ മുഖം നോക്കാതെ ഗെറ്റൗട്ടടിച്ചത് രത്തൻ ടാറ്റ; നിയമയുദ്ധത്തിൽ ടാറ്റ സൺസിന് വിജയം

'ഉപ്പു മുതൽ സോഫ്റ്റ്‌വെയർ' വരെ വിൽക്കുന്ന ടാറ്റായിൽ സൈറസ് മിസ്ത്രി ഒരുമ്പെട്ടത് വെട്ടിനിരത്തലുകൾക്ക്; വേറിട്ട മാനേജ്‌മെന്റ് ശൈലിയുമായി വന്ന മിസ്ത്രി കണ്ണിലെ കരടായതോടെ മുഖം നോക്കാതെ ഗെറ്റൗട്ടടിച്ചത് രത്തൻ ടാറ്റ; നിയമയുദ്ധത്തിൽ ടാറ്റ സൺസിന് വിജയം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ
നീക്കിയതുമായി ബന്ധപ്പെട്ട നിയമ യുദ്ധത്തിൽ രത്തൻ ടാറ്റായ്ക്ക് ജയം. സൈറസ് മിസ്ത്രിയെ ചെയർമാൻ പദവിയിൽ നിന്ന് പുറത്താക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുനർനിയമനം നൽകാൻ കമ്പനി നിയമ ട്രിബ്യൂണൽ ഇട്ട ഉത്തരവാണ് റദ്ദാക്കിയത്. അഞ്ച് വർഷം മുമ്പാണ് ചെയർമാൻ സ്ഥാനത്ത് നിന്ന് മിസ്ത്രിയെ പുറത്താക്കിയത്.

കമ്പനി നിയമ ട്രിബ്യൂണൽ വിധി കഴിഞ്ഞ വർഷം ജനുവരിയിൽ സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് സുപ്രീംകോടതി ടാറ്റ സൺസിന് അനുകൂലമായി വിധിച്ചത്. ടാറ്റ സൺസും രത്തൻ ടാറ്റയും നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

2016ലാണ് ടാറ്റ സൺസിന്റെ ആറാം ചെയർമാനായിരുന്ന സൈറസ് മിസ്ത്രിയെ അസാധാരണ നീക്കത്തിലൂടെ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. രത്തൻ ടാറ്റയുമായുള്ള അഭിപ്രായ ഭിന്നതകളാണ് പുറത്താക്കലിന് പിന്നിൽ. പ്രവർത്തനം മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 2012ലാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ചുമതല മിസ്ത്രിക്ക് ലഭിച്ചത്. പുറത്താക്കലിനെതിരെ മിസ്ത്രി കമ്പനി ലോ അപ്പലൈറ്റ് ട്രിബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു.

സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് ചെയർമാനായി പുനർനിയമിച്ച ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രിബ്യൂണൽ (എൻ.സി.എൽ.എ.ടി.) ഉത്തരവ് ചോദ്യംചെയ്ത് ടാറ്റ സൺസിനു പിന്നാലെ രത്തൻ ടാറ്റയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ടാറ്റ സൺസിനെ പബ്ലിക് കമ്പനിയിൽനിന്ന് പ്രൈവറ്റ് കമ്പനിയാക്കി മാറ്റിയത് നിയമവിരുദ്ധമാണെന്നും എൻ.സി.എൽ.എ.ടി. ഉത്തരവിട്ടിരുന്നു.

ടാറ്റ സൺസ് രണ്ടു ഗ്രൂപ്പുകളുടെ ഉടമസ്ഥതയിലുള്ളതാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻ.സി.എൽ.എ.ടി. ഉത്തരവെന്ന് രത്തൻ ടാറ്റയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സറസ് മിസ്ത്രിയുടെ നിയമനം പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. തികച്ചും പ്രൊഫഷണൽ മികവു പരിഗണിച്ചു മാത്രമായിരുന്നു. എസ്‌പി. ഗ്രൂപ്പിന്റെ പ്രതിനിധിയായല്ല അദ്ദേഹം ആ സ്ഥാനത്തെത്തിയതെന്നും രത്തൻ ടാറ്റ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മിസ്ത്രിയെ പുറത്താക്കാൻ കാരണങ്ങൾ

ടാറ്റയും ജാപ്പനീസ് കമ്പനിയായ ഡോകോമോയും തമ്മിലുള്ള ഇടപാടിൽ ആർബിട്രേഷൻ ഉത്തരവ് പാലിക്കാതിരുന്നതുൾപ്പെടെയുള്ള കാരണങ്ങളാണ് മിസ്ത്രിയെ മാറ്റിയതിനായി പറഞ്ഞിരിക്കുന്നത്. ടാറ്റയും ഡോകോമോയുമായുള്ള മുൻകരാറിന്റെ ലംഘനമായിരുന്നു ഇത്. കമ്പനിയുടെ ബ്രാൻഡ് മൂല്യത്തിനും നയത്തിനും എതിരാണിതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നാനോ കാർ നിർമ്മാണമുൾപ്പെടെയുള്ള വിഷയങ്ങളിൽ രത്തൻ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ച കാരണങ്ങളിൽ ഒന്നായി.
ടിസിഎസ്, ജാഗ്വാർ ലാന്റ് റോവർ എന്നീ കമ്പനികളുടെ പ്രവർത്തനത്തിൽ ചെയർമാൻ എന്ന നിലയിൽ തനിക്ക് പൂർണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു.

2012ൽ രത്തൻ ടാറ്റ രാജിവച്ചതിനു പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാനായി കമ്പനിയുടെ 18.4% ഓഹരികളുടെ ഉടമയായ െസെറസ് മിസ്ത്രി സ്ഥാനമേൽക്കുന്നത്. എന്നാൽ രത്തൻ ടാറ്റയുമായുള്ള കടുത്ത ഭിന്നതയെ തുടർന്ന് 2016 ഒക്ടോബർ 24 ന് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തു നിന്നു നീക്കുകയായിരുന്നു. അതിനു ശേഷം 2017 ഫെബ്രുവരിയിൽ അദ്ദേഹത്തെ ഡയറക്ടർ ബോർഡിൽ നിന്നും നീക്കി. ഇതിനെ തുടർന്നാണ് മിസ്ത്രി, കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാണിച്ചു ട്രിബ്യൂണലിൽ പരാതി നൽകിയത്.

ടാറ്റാ കുടുംബത്തിൽ നിന്ന് പുറത്തുള്ള ഒരു വ്യക്തി ആദ്യമായായിരുന്നു ഗ്രൂപ്പിന്റെ ചെയർമാനാകുന്നത്.ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ആദ്യപത്തിൽ വരുന്ന ഷാപൂർജി പല്ലോൺജി കുടുംബാംഗമമാണ് നിലവിലെ വിവാദനായകൻ സൈറസ് മിസ്ത്രി. ടാറ്റാ സൺസിൽ ഗണ്യമായ ഓഹരിയുള്ള പല്ലോൺജി മിസ്ത്രിയുടെ മകനാണ് സൈറസ് മിസ്ത്രി. സൈറസ് മിസ്ത്രി ചെയർമാനായി രണ്ട് വർഷത്തിന് ശേഷം കമ്പനിയുടെ വരുമാനത്തിൽ 500 കോടി ഡോളറിന്റെ കുറവുണ്ടാവുകയും 3000 കോടിയോളം രൂപയുടെ കടബാധ്യതയുണ്ടാവുകയും ചെയ്തതോടെയാണ് അപ്രതീക്ഷിതമായി സൈറസിനെ പുറത്താക്കിയത്.

രത്തൻ ടാറ്റായുടെ കണ്ണിലെ കരട്

വ്യത്യസ്തമായ മാനേജ്‌മെന്റ് ശൈലികളുടെ ഏറ്റുമുട്ടലാണ് രത്തൻ ടാറ്റായും സൈറസ് മിസ്ത്രിയും തമ്മിൽ ഉണ്ടായത്. ഉപ്പുമുതൽ വിമാനം വരെ'' എന്ന പഴയ പരികല്പന ടാറ്റ ഗ്രൂപ്പിനെ സൂചിപ്പിച്ചിരുന്നു മുൻപ്. ഇന്ന് ''ഉപ്പു മുതൽ സോഫ്റ്റ്‌വെയർ വരെ'' എത്തിനിൽക്കുന്നു ടാറ്റ ബിസിനസ്. രത്തൻ ടാറ്റ വൈവിധ്യത്തിൽ വിശ്വസിച്ചിരുന്നു. ഗ്രൂപ്പ് കമ്പനികൾ ഉപ്പുമുതൽ ട്രക്കുകൾ വരെയും, സ്റ്റീൽ മുതൽ സോഫ്റ്റ്‌വെയർ വരെയും, കാപ്പി മുതൽ രാസവസ്തുക്കൾ വരെയും ഉത്പാദിപ്പിക്കുകയും സ്‌കൂളുകൾ, ആശുപത്രികൾ, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ സൈറസ് മിസ്ത്രി നൂറു കണക്കിന് വ്യത്യസ്ത ബിസിനസുകൾ നടത്താൻ താല്പര്യമില്ലാത്ത ആളാണെന്നു കരുതപ്പെടുന്നു. ലാഭകരമായ ബിസിനസുകളെ 'ചെത്തി മിനുക്കാനും' മറ്റുള്ളവയെ 'വെട്ടി മാറ്റാനും' മിസ്ത്രി നടത്തിയ ചുവടുവയ്‌പ്പുകൾ രത്തൻ ടാറ്റയ്ക്ക് ദഹിച്ചില്ല. ടാറ്റ സ്റ്റീൽസിന്റെ യൂറോപ്യൻ വ്യവസായത്തെ വിട്ടുകളയുവാനുള്ള മിസ്ട്രിയുടെ ആഹ്വനം രത്തൻ ടാറ്റയെപ്പോലെ തന്നെ ബ്രിട്ടീഷ് ഗവണ്മെന്റിനെയും അസ്വസ്ഥരാക്കുകയുണ്ടായി.

ടാറ്റാഗ്രൂപ്പിന്റെ ഉപകമ്പനികൾ പലതും അടച്ചുപൂട്ടാനും തൊഴിലാളികളെ പിരിച്ചുവിടാനും സൈറസ് മിസ്ത്രി തീരുമാനമെടുത്തിരുന്നു. ഇത് ടാറ്റായുടെ അതുവരെയുള്ള കമ്പനി നടത്തിപ്പ് പാരമ്പര്യത്തിന് വിരുദ്ധമായിട്ടായിരുന്നു.സൈറസ് മിസ്ത്രിയുടെ ഈ നടപടിയാണ് വ്യവസായ പ്രമുഖനായ രത്തൻ ടാറ്റായെ പ്രകോപിപ്പിച്ചത്. ഇതിനൊക്കെ പുറമേ 2014ൽ ഒഡീഷ തെരഞ്ഞെടുപ്പിൽ പത്ത് കോടി രൂപയുടെ ഫണ്ട് നൽകാമെന്ന വാഗ്ദാനം സൈറസ് മിസ്ത്രിയുടെ ഉപദേശകൻ നൽകി. ഇത് തെല്ലൊന്നുമല്ല രത്തൻടാറ്റയെ ചൊടിപ്പിച്ചത്.

എന്നാൽ ഇത് ഒഡീഷയിലെ ഇരുമ്പയിര് ഖനനത്തെ മുമ്പിൽ കണ്ടായിരുന്നുവെന്ന് മിസ്ത്രി പിന്നീട് വിശദീകരണവും നൽകി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാത്രമേ ഫണ്ടിങ് പാടുള്ളൂവെന്നാണ് രത്തൻടാറ്റായുടെ നിലപാട്. പ്രതിരോധ മേഖലയിലേക്ക് വേണ്ട 60000 കോടിരൂപയുടെ വാഹന കരാർ നേടാൻ ടാറ്റാഗ്രൂപ്പിന്റെ കമ്പനികൾ തന്നെ പരസ്പരം മത്സരിച്ചതിനും സൈറസ് മിസ്ത്രിയായിരുന്നു ചുക്കാൻ പിടിച്ചത്. ഇതും പ്രശ്നങ്ങളിലാണ് കലാശിച്ചത്. കൂടാതെ ടാറ്റാ സൺസ് -വെൽസ്പൺ ഇടപാടുകൾ ടാറ്റാസൺസ് ബോർഡിന് മുമ്പിലെത്താതെ പാസാക്കിയെടുക്കാനുള്ള സൈറസ് മിസ്ത്രിയുടെ തന്ത്രവും പാളി. ഇത് രത്തൻടാറ്റാ അനുകൂല വിഭാഗവുമായി നേരിട്ട് ഏറ്റുമുട്ടുന്ന വിധത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.

അമേരിക്കൻ പീസ കമ്പനി ലിറ്റിൽ സീസേഴ്സുമായുള്ള പങ്കാളിത്തശ്രമവും രത്തൻ ടാറ്റാ തുറന്നെതിർക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിച്ചത്. നിരവധി അനൈക്യ നിലപാടുകൾ ടാറ്റാഗ്രൂപ്പിന്റെ തകർച്ചയിലേക്ക് നയിക്കുമെന്ന രത്തൻ ടാറ്റായുടെ കണക്കുകൂട്ടലുകളാണ് തുറന്നയുദ്ധങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. എന്നാൽ ടാറ്റാഗ്രൂപ്പിന്റെ നേതൃസ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദേഹം കോടതിയെ സമീപിക്കുകയായിരുന്നു.

ടാറ്റാ ഓഹരി വിലകൾ കുതിച്ചു

സൈറസ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചതോടെ ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകൾ കുതിച്ചു. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെയാണ് ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ് ഉൾപ്പടെയുള്ള കമ്പനികളുടെ ഓഹരി വില ആറുശതമാനത്തോളം ഉയർന്നത്.

ടാറ്റ കമ്യൂണിക്കേഷൻസിന്റെ ഓഹരി വില 4.21ശതമാനം കുതിച്ച് 1119 രൂപ നിലവാരത്തിലെത്തി. നാലുദിവസം തുടർച്ചയായി ഈ ഓഹരിയുടെ വിലയിൽ ഇടിവുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന്റെ ഓഹരി വില 6.14ശതമാനം ഉയർന്ന് 767 രൂപയിലെത്തി. ടാറ്റ മോട്ടോഴ്സാകട്ടെ 5.6ശതമാനം നേട്ടത്തിൽ 301 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ ഐടി കമ്പനിയായ ടിസിഎസിന്റെ ഓഹരി വില 1.62ശതമാന നേട്ടത്തിലാണ്. 3118 രൂപനിലവാരത്തിലാണ് വില. വൻകിട കമ്പനികളിലൊന്നായ ടിസിഎസിന്റെ ഓഹരി കഴിഞ്ഞ രണ്ടുദിവസവും നഷ്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. ടാറ്റ കെമിക്കൽസ് 3.58ശതമാനം ഉയർന്ന് 757 രൂപയിലും ടാറ്റ കോഫി 3.74ശതമാനംനേട്ടത്തിൽ 120 രൂപയിലും ടാറ്റ ഇലക്സി 3.57ശതമാനം ഉയർന്ന് 2,697 രൂപ നിലവാരത്തിലുമെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP