Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ട വോട്ട് ഉണ്ടാക്കുന്നത് അധിക ജോലി ഭാരം; രാഷ്ട്രീയക്കാരുടെ അട്ടിമറിയിൽ പ്രതിസന്ധിയിലാകുന്നത് ബൂത്ത് ലെവൽ ഓഫീസർമാർ; കിട്ടുന്നത് തുച്ഛമായ ഓണറേറിയം; ആരും മാന്യമായ പരിഗണന നൽകാത്ത വിഭാഗമായി ബിഎൽഒമാർ; തെരഞ്ഞെടുപ്പിന്റെ താഴെ തട്ടിൽ ഇത് പരാതിക്കാലം; കണ്ണടച്ച് അധികാരികളും

ഇരട്ട വോട്ട് ഉണ്ടാക്കുന്നത് അധിക ജോലി ഭാരം; രാഷ്ട്രീയക്കാരുടെ അട്ടിമറിയിൽ പ്രതിസന്ധിയിലാകുന്നത് ബൂത്ത് ലെവൽ ഓഫീസർമാർ; കിട്ടുന്നത് തുച്ഛമായ ഓണറേറിയം; ആരും മാന്യമായ പരിഗണന നൽകാത്ത വിഭാഗമായി ബിഎൽഒമാർ; തെരഞ്ഞെടുപ്പിന്റെ താഴെ തട്ടിൽ ഇത് പരാതിക്കാലം; കണ്ണടച്ച് അധികാരികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ബി.എൽ.ഒ മാർക്ക് ഇത് ദുരിതകാലം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ തട്ടിൽ പ്രവർത്തിക്കുന്ന ഏകദേശം ഇരുപതിനായിരത്തോളം വരുന്ന ബി.എൽ.ഒ മാർ ജോലി ഭാരത്തിന്റെ അധിക ചുമതലകളിൽപ്പെട്ട് വീർപ്പു മുട്ടുകയാണ്. ഇരട്ട വോട്ടിലെ ഇടപടലും ജോലി ഇരട്ടിപ്പിച്ചു.

വോട്ടു ചേർക്കാൻ വേണ്ടി വോട്ടർമാർ ഓൺലൈൻ വഴി അപേക്ഷിക്കുന്നത് മുതൽ തിരഞ്ഞെടുപ്പ് ദിവസം വരെ ഓരോ ബൂത്തിലും ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളിലും ബി.എൽ.ഒ മാർ പങ്കാളികളാവുന്നുണ്ട്. വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇത്തരം പ്രവർത്തനങ്ങൾ നടന്നിരുന്നത്. വോട്ടു ചേർക്കൽ, വോട്ടുകൾ തള്ളൽ, വീടുകളുമായി ബന്ധപ്പെട്ട നോട്ടീസ് വിതരണം ചെയ്യൽ, തിരിച്ചറിയൽ കാർഡ് വിതരണം ഇവയൊക്കെ ചെയ്യുന്നത് ബി.എൽ.ഒ മാരാണ്.

ഇതിനൊക്കെ പുറമെ 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കോവിഡ് ബാധിതർ എന്നിവരുടെ 12 ഡി പോസ്റ്റൽ വോട്ട്, തിരഞ്ഞെടുപ്പ് ഡ്യൂട്ടി തുടങ്ങിയ പല ജോലികളും ബി.എൽ.ഒ മാർ ചെയ്യുന്നുണ്ട്. ഭാരപ്പെട്ട ഉത്തരവാദിത്വവും ജോലി ഭാരവും പേറുന്നുണ്ടെങ്കിലും
തുച്ഛമായ ഓണറേറിയം മാത്രമാണ് ഇവർക്ക് ലഭിക്കുന്നത്. ആദ്യഘട്ടങ്ങളിൽ ഒരു സേവനമെന്ന നിലയിലാണ് ഇവരിൽ ഒട്ടുമിക്കവരും പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവരുവരുടെ ചുമലിൽ ഉത്തരവാദിത്വങ്ങൾ അടിച്ചേൽപ്പിക്കുകയും ഇത് നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ കടുത്ത സമ്മർദ്ദം ചെലത്തുന്ന രീതിയുമാണ് നിലനിൽക്കുന്നത്.

പലതരത്തിലുള്ള സമ്മർദ്ദവും, അധിക ജോലി ഭാരവും നിമിത്തം ജോലിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഒട്ടുമിക്ക ബി.എൽ.ഒ മാരും. നിലവിലുള്ള ബി.എൽ.ഒ മാർക്ക് വളരെ നിലവാരം കുറഞ്ഞ തിരച്ചറിയൽ കാർഡ് നൽകിയതിലും, മേലധികാരികളിൽ നിന്ന് മാന്യമായ പരിഗണന ലഭിക്കാത്തതും പല ഭാഗങ്ങളിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടിപ്പും, ബി.എൽ.ഒ മാർ തക്ക സമയങ്ങളിൽ ബി.എൽ.ഒ.രജിസ്റ്ററുകളിൽ രേഖപ്പെടുത്തി കൊടുക്കുന്ന പേരുകൾ നീക്കം ചെയ്യാതെ കിടക്കുന്നതും പട്ടികയിലെ വോട്ടർമാരുടെ പേരുകൾ വീടുക്രമത്തിൽ അല്ലാത്തതും ഇവർക്ക് ഇരട്ടി ജോലിയാണ് സമ്മാനിക്കുന്നത്.

തിരക്കു പിടിച്ച് പട്ടിക പ്രസിദ്ധീകരിക്കുന്നതുകൊണ്ടാണ് ഇത്തരം പിശകുകൾ സംഭവിക്കുന്നതെന്നാണ് ബി.ൽ.ഒ മാർ ചൂണ്ടിക്കാട്ടുന്നത്. ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കണമെന്നും, തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഉദ്യാഗസ്ഥർക്ക് കൊടുക്കുന്ന രീതിയിൽ തന്നെ സ്‌പെപെഷ്യൽ അലവൻസ് ബി.എൽ.ഒ.മാർക്കും ലഭിക്കണമെന്നും, നിലവാരം കൂടിയ സ്ഥിരം തിരിച്ചറിയൽ കാർഡ് ലഭ്യമാക്കണമെന്നുള്ളതും ഇവരുടെ ആവശ്യങ്ങളാണ്.

അതിനിടെ ഇരട്ട വോട്ടുകൾ തടയാൻ വീടുകളിലും ബൂത്തുകളിലും നേരിട്ടുചെന്നു പരിശോധിക്കാനും ഒരാളുടെ പേരിൽ ഒന്നിലധികം തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയാൽ പിടിച്ചെടുത്തു നശിപ്പിക്കാനും ജില്ലാ ഭരണാധികാരികൾക്ക് തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം എത്തി കഴിഞ്ഞു. ഇരട്ടവോട്ടുണ്ടെന്നു കണ്ടെത്തുന്നവരുടെ പേരുകൾ രാഷ്ട്രീയ പാർട്ടികൾക്കു കൈമാറും. ഇങ്ങനെയുള്ളവർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാൽ കൈവിരലിലെ മഷി ഉണങ്ങുന്നതുവരെ ബൂത്തിലിരുത്തും. വോട്ടർ പട്ടികയിൽ ആയിരക്കണക്കിനു പേരുകൾ ആവർത്തിച്ചതായി പരാതികളുയർന്ന സാഹചര്യത്തിൽ കള്ളവോട്ട് തടയാൻ വിശദ മാർഗനിർദ്ദേശങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ജില്ലാ കലക്ടർമാർക്കു നൽകിയിരിക്കുന്നത്.

വോട്ടർ പട്ടികയെക്കുറിച്ചുള്ള പരാതികളെക്കുറിച്ച് ജില്ലാ കലക്ടർമാർ നടത്തിയ പ്രാഥമിക പരിശോധനയിൽ വോട്ടർമാരുടെ പേരുകളും സമാനമായ ഫോട്ടോകളിൽത്തന്നെ വ്യത്യസ്തമായ പേരുകളും വിലാസങ്ങളുമുള്ള എൻട്രികളും ഒരേ വോട്ടർ നമ്പറിൽ വ്യത്യസ്ത വിവരങ്ങളുള്ള എൻട്രികളും കണ്ടെത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ സമാനമായ വോട്ടർമാരെ ഒഴിവാക്കുന്നതിനല്ല, വോട്ടർപട്ടികയിലേക്കു തീർപ്പാക്കാനുള്ള അപേക്ഷകൾക്ക് മുൻഗണന നൽകണമെന്നാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിർദ്ദേശം.

ഈ സാഹചര്യത്തിലാണ് 140 മണ്ഡലങ്ങളിലും പട്ടികയിലെ സമാന എൻട്രികൾ വിശദമായി പരിശോധിക്കാൻ ജില്ലാ കലക്ടർമാർക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25-നകം ഇതു പൂർത്തിയാക്കണം. ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്തുതലത്തിൽ തയാറാക്കണം. ഈ പട്ടിക ഉപയോഗിച്ച് ബി.എൽ.ഒമാർ വീടുകളിലും മറ്റുമെത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തണം. വോട്ടർസ്ലിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തണം. ബി.എൽ.ഒമാർ കണ്ടെത്തുന്ന ആവർത്തനം കൃത്യമായി രേഖപ്പെടുത്തി 30-ന് മുമ്പ് വരണാധികാരികൾക്കു നൽകണം. ഇതും ബിഎൽഒമാർക്ക് വിനയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP