Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള കാരണങ്ങൾ ജോയിന്റ് രജിസ്ട്രാറെ അറിയിച്ചത് പ്രതികാരമായി: പൊടിയും വളവും ഉള്ളിടത്ത് ജോലി പാടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവഗണിച്ച് വളം ഡിപ്പോയിൽ നിയമനം: ചാർജെടുക്കാൻ എത്തിയപ്പോൾ മണിക്കൂറോളം നിർത്തിയത് വെയിലത്ത് മണിക്കൂറുകളോളം: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ ക്രൂരതയുടെ കഥ

സ്ഥാനക്കയറ്റം റദ്ദാക്കാനുള്ള കാരണങ്ങൾ ജോയിന്റ് രജിസ്ട്രാറെ അറിയിച്ചത് പ്രതികാരമായി: പൊടിയും വളവും ഉള്ളിടത്ത് ജോലി പാടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവഗണിച്ച് വളം ഡിപ്പോയിൽ നിയമനം: ചാർജെടുക്കാൻ എത്തിയപ്പോൾ മണിക്കൂറോളം നിർത്തിയത് വെയിലത്ത് മണിക്കൂറുകളോളം: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ ക്രൂരതയുടെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അർഹതപ്പെട്ട സ്ഥാനക്കയറ്റം റദ്ദാക്കിയതിനെതിരേ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയ ജീവനക്കാരനെതിരേ സഹകരണ ബാങ്ക് അധികൃതരുടെ പ്രതികാരം. സ്ഥലം മാറ്റ ഉത്തരവുമായി പുതിയ സ്ഥലത്ത് ചാർജെടുക്കാനെത്തിയ ജീവനക്കാരന് ചുമതല കൈമാറാതെ മണിക്കൂറുകളോളം പൊരിവെയിലത്ത് നിർത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെ ബാങ്കിൽ പ്രവേശിപ്പിച്ചെങ്കിലും ചുമതല കൈമാറാതെ സെക്രട്ടറിയുടെ ധാർഷ്ട്യം.

പത്തനംതിട്ട സഹകരണ ബാങ്കിൽ ഇന്നലെ രാവിലെ 10 മണി മുതലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബാങ്കിലെ സെയിൽസ്മാൻ ആയ അഴൂർ സ്വദേശി വിഷ്ണു നാരായണന് എതിരേയാണ് ബാങ്ക് അധികൃതർ കടുത്ത മനുഷ്യാവകാശ ലംഘനം നടത്തിയിരിക്കുന്നത്. അലർജിയുടെ അസുഖമുള്ള വിഷ്ണുവിന് പൊടിയോ രൂക്ഷഗന്ധമോ ഉള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓഫീസ് ജോലി നൽകുകയും ചെയ്തിരുന്നു.

സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് വിഷ്ണു സ്ഥാനക്കയറ്റം സംബന്ധിച്ച് പരാതി നൽകിയതോടെ നിലവിൽ ജോലി ചെയ്തിരുന്ന കണ്ണങ്കര ശാഖയിൽ ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിലെ വളം ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. അതിൻ പ്രകാരം ഇന്നലെ വിഷ്ണു വളം ഡിപ്പോയിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡിപ്പോയുടെ ചുമതല ഉള്ളയാൾ തനിക്ക് വിഷ്ണുവിന്റെ നിയമനം സംബന്ധിച്ച് വിവരം കിട്ടിയിട്ടില്ലെന്ന് പറഞ്ഞു. സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ അവിടെ ചെന്ന് നിൽക്കാൻ പറഞ്ഞു.

അതനുസരിച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊരിവെയിലത്ത് വിഷ്ണുവിന് നിൽക്കേണ്ടി വന്നു. ഒരു മണിയായപ്പോൾ ഡിപ്പോ പൂട്ടി ചുമതലക്കാരൻ പോകാനൊരുങ്ങി. ഈ സമയം സെക്രട്ടറി ഒരു കസേര എടുത്ത് പുറത്തിട്ട് കൊടുക്കാൻ അയാളോട് നിർദ്ദേശിച്ചു. അയാൾ പുറത്തേക്കിട്ട കസേരയിൽ ഇരുന്നോളാൻ സെക്രട്ടറി നിർദ്ദേശിക്കുകയും ചെയ്തു. പൂട്ടിയിട്ട ഡിപ്പോയ്ക്ക് മുന്നിൽ കസേരയിട്ട് ഇരിക്കുന്ന വിഷ്ണുവിനെ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കുകയും വിവരം ചോദിച്ച ശേഷം പൊലീസിൽ അറിയിക്കുകയുമായിരുന്നു.

എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി വിഷ്ണുവിനെ ബാങ്കിൽ പ്രവേശിപ്പിച്ചു. വിവരങ്ങൾ ചോദിച്ച പൊലീസുകാരോട് സെക്രട്ടറി വിഷ്ണുവിനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് സംസാരിച്ചത്. അവനോട് ഡിപ്പോയ്ക്ക് മുന്നിലിരിക്കാനും പിന്നീട് കയറിപ്പോരാനും പറഞ്ഞിരുന്നുവെന്നും സെക്രട്ടറി അറിയിച്ചു. ഇന്നു മുതൽ ഡ്യൂട്ടിക്ക് കയറിക്കോട്ടെ എന്ന ഉറപ്പിൽ പൊലീസ് മടങ്ങിപ്പോയി.
വിഷ്ണുവിന് സ്ഥാനക്കയറ്റം നൽകുന്ന കൂട്ടത്തിൽ ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളുടെ ബന്ധുക്കൾക്കും ചട്ടം മറി കടന്ന് സ്ഥാനക്കയറ്റം നൽകിയിരുന്നു. വിവരം ശ്രദ്ധയിൽപ്പെട്ട സഹകരണ സംഘം അസി. രജിസ്ട്രാർ എല്ലാവരുടെയും സ്ഥാനക്കയറ്റം റദ്ദാക്കി. ഇതിനെതിരേയാണ് വിഷ്ണു പരാതി നൽകിയത്.

2017 ഡിസംബർ നാലിനാണ് സെയിൽസ്മാൻ തസ്തികയിൽ വിഷ്ണുജോലിയിൽ പ്രവേശിച്ചത്. ഇക്കഴിഞ്ഞ ഡിസംബറിൽ മൂന്നു വർഷം പൂർത്തിയായതിനാൽ ഒഴിവുള്ള ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് വിഷ്ണു ഡയറക്ടർ ബോർഡിന് കത്തുനൽകി. വിഷ്ണുവിനൊപ്പം സർവീസ് വളരെയധികം കുറവുള്ള മറ്റു രണ്ടു പേർക്കു കൂടി ഡയറക്ടർ ബോർഡ് ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി. 1ഃ4 അനുപാത പ്രകാരം സീനിയറായിട്ടുള്ള വിഷ്ണുവിന് ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയതിന് ശേഷം നാലു ക്ലാർക്കുമാരെ സഹകരണ പരീക്ഷാ ബോർഡ് മുഖേനെ നിയമിച്ചതിന് ശേഷം മാത്രമേ അടുത്ത സബ് സ്റ്റാഫിന് സ്ഥാനക്കയറ്റം നൽകാൻ പാടുള്ളൂവെന്നാണ്. ഇവിടെ ആ ചട്ടം മറികടന്ന് വിഷ്ണുവിനൊപ്പം രണ്ടു സബ് സ്റ്റാഫിന് കൂടി സ്ഥാനക്കയറ്റം നൽകി. ഇതിൽ ഒരാൾ ഡയറക്ടർ ബോർഡ് അംഗത്തിന്റെ മകനും മറ്റൊരാൾ വേറൊരു ഡയറക്ടർ ബോർഡ് അംഗത്തിന്റെ സഹോദര പുത്രിയുമാണ്.

ചട്ടപ്രകാരമല്ലാതെ നടത്തിയ സ്ഥാനക്കയറ്റം അസി. രജിസ്ട്രാറുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം എല്ലാവരുടെയും സ്ഥാനക്കയറ്റം റദ്ദാക്കി. തന്റെ സ്ഥാനക്കയറ്റം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അർഹതയില്ലാത്ത മറ്റു രണ്ടു പേർക്കു കൂടി പ്രമോഷൻ നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP