Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഓഫീസർ കടത്തിക്കൊണ്ടു പോയ സംഭവം: വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം; ഉദ്യോഗസ്ഥർ കടത്തിക്കൊണ്ട് പോയത് ജില്ലാ കോടതി നശിപ്പിക്കാൻ ഏൽപിച്ച സ്പിരിറ്റ്

തൊണ്ടി സ്പിരിറ്റ് എക്‌സൈസ് ഓഫീസർ കടത്തിക്കൊണ്ടു പോയ സംഭവം: വിജിലൻസ് ഡയറക്ടർക്ക് വിജിലൻസ് കോടതിയുടെ രൂക്ഷ വിമർശനം; ഉദ്യോഗസ്ഥർ കടത്തിക്കൊണ്ട് പോയത് ജില്ലാ കോടതി നശിപ്പിക്കാൻ ഏൽപിച്ച സ്പിരിറ്റ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ജില്ലാ കോടതി നശിപ്പിച്ചു കളയാനേൽപ്പിച്ച തീർന്ന കേസിന്റെ തൊണ്ടി മുതലായ സ്പിരിറ്റ് എക്‌സൈസ് ഉദ്യോഗസ്ഥർ കടത്തിക്കൊണ്ടു പോയ കേസിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്കെതിരായ പരാതി അന്വേഷിക്കാത്തതിന് സംസ്ഥാന വിജിലൻസ് ഡയറക്ടറെ തിരുവനന്തപുരം വിജിലൻസ് കോടതി രൂക്ഷമായി വിമർശിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതിയാരോപണ പരാതി വിജിലൻസ് അന്വേഷിക്കാതെ എക്‌സൈസ് വകുപ്പിന് കൈമാറിയതാണ് കോടതിയെ ചൊടിപ്പിച്ചത്.

ഡയറക്ടർക്ക് ലഭിച്ച പരാതിയിൽ നിയമാനുസരണം എന്തു നടപടിയെടുത്തുവെന്നും അഴിമതി നിരോധന നിയമ ഭേദഗതി വകുപ്പ് 17 എ പ്രകാരം അന്വേഷണ അനുമതി തേടിയോ ഇല്ലെങ്കിൽ തേടാത്തതിനുള്ള വിശദീകരണം സഹിതമുള്ള റിപ്പോർട്ട് ഡയറക്ടർ സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. മാർച്ച് 29 ന് ഡയറക്ടർ വിശദീകരണ റിപ്പോർട്ട് ഹാജരാക്കാനാണ് വിജിലൻസ് ജഡ്ജി എം. ബി. സ്‌നേഹലത ഉത്തരവിട്ടത്. എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.

പത്തനംതിട്ട മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ പി. സാജു , പ്രിവന്റീവ് ഓഫീസർ സച്ചിൻ സെബാസ്റ്റ്യൻ , ഡ്രൈവർ പി.ജി. വിശ്വനാഥൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ വി. പ്രദീപ് കുമാർ , എസ്. ഷൈൻ , ജി. പ്രവീൺ എന്നിവർക്കെതിരെ വിജിലൻസ് കേസെടുക്കണമെന്ന ഹർജി പരിഗണിക്കവേയാണ് സംസ്ഥാന വിജിലൻസിന്റെ നിഷ്‌ക്രിയത്വത്തെയും നിരുത്തരവാദിത്വത്തെയും കോടതി രൂക്ഷമായി വിമർശിച്ചത്.

കോട്ടയം സി പി എം ജില്ലാ സെക്രട്ടറി വാസവന്റെ സഹോദരീ പുത്രൻ വിജിലൻസ് എസ്‌പി ഇ. എസ്. ബിജിമോനാണ് വിജിലൻസ് ഡയറക്ടറെ സ്വാധീനിച്ച് പരാതി അട്ടിമറിച്ചതെന്ന് നാഗരാജ് കോടതിയിൽ ബോധിപ്പിച്ചു. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചത്. 2018 ഒക്ടോബർ 18 ന് ഉച്ച തിരിഞ്ഞ് 3. 30 മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തനംതിട്ട മല്ലപ്പള്ളി എക്‌സൈസ് റെയിഞ്ച് പാറാവു ഡ്യൂട്ടിക്കാരനായ സിവിൽ' എക്‌സൈസ് ഓഫീസർ വി. പ്രദീപ് കുമാർ തൊണ്ടി സ്പിരിറ്റ് ഡിപ്പാർട്ട്‌മെന്റ് വാഹനമായ കെ എൽ ഛ1 ബി കെ 1569 നമ്പർ ബൈക്കിൽ കടത്തിക്കൊണ്ടു പോകവേ മല്ലപ്പള്ളി ടൗണിൽ വച്ച് ഹർത്താലനുകൂലികൾ തടഞ്ഞുവച്ച് കീഴ്‌വായ്പുര പൊലീസിന് കൈമാറുകയായിരുന്നു.

തൊണ്ടി സ്പിരിറ്റ് തലേന്ന് ( 17 ന് ) പത്തനംതിട്ട ജില്ല സെഷൻസ് കോടതി, അബ്കാരി കേസ് തീർന്നതിനാൽ , നശിപ്പിച്ചു കളയാനായി മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ചിന് കൈമാറിയതായിരുന്നു. പിടികൂടിയ സ്പിരിറ്റ് ഏതെങ്കിലും കേസിലെയാണോയെന്ന് റിപ്പോർട്ട് നൽകാൻ കീഴ്‌വായ്പുര പൊലീസ് മല്ലപ്പള്ളി എക്‌സൈസ് റെയ്ഞ്ചിനോട് ആവശ്യപ്പെട്ട് രാത്രി 9. 30 വരെ സമയം കൊടുത്തിട്ടും എക്‌സൈസ് റെയ്ഞ്ച് യാതൊരു റിപ്പോർട്ടും നൽകിയില്ല. തുടർന്ന് പ്രദീപിനെതിരെ അബ്കാരി കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

എന്നാൽ പ്രദീപിനെ കേസിൽ നിന്നും രക്ഷിച്ചെടുക്കാൻ മല്ലപ്പള്ളി എക്‌സൈസ് ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി പേലീസ് പിടിച്ച സ്പിരിറ്റ് ഒക്ടോബർ 18 രണ്ടു മണിക്ക് മഞ്ഞത്താനം റോഡ് കലുങ്കിന് സമീപം ആരോ ഉപേക്ഷിച്ച സ്പിരിറ്റ് കണ്ടെടുത്തതായി വ്യാജ സാക്ഷികളെ സൃഷ്ടിച്ച് വ്യാജ മഹസറും കേസ് റെക്കോർഡുകളും തയ്യാറാക്കി പ്രതിയില്ലാതെ കളവായി കേസെടുത്തു. കള്ളക്കേസിന് നിയമ സാധുത വരുത്താൻ എക്‌സൈസ് ഓഫീസ് ജി ഡി തുടങ്ങിയ എല്ലാ രേഖകളും കൃത്രിമമായി ക്രമീകരിച്ചു.

പത്തനംതിട്ട എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ , മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കുറ്റകൃത്യങ്ങൾ മറ നീക്കി പുറത്തു വന്നു. ഈ റിപ്പോർട്ടുകൾ സഹിതമാണ് നാഗരാജ് ഹർജി ഫയൽ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP