Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം

എല്ലാവർക്കും എന്തെങ്കിലുമായിരുന്നു ഹരിയേട്ടൻ; പുഞ്ചിരിയും സൗമ്യതയും മുഖമുദ്ര, ആരോടും നോ എന്നൊരുത്തരം ഇല്ലാത്ത മനുഷ്യൻ; ഏതു പ്രതിസന്ധികളിലും പരിഹാരം ഒരു കയ്യെത്തും ദൂരത്തു എന്ന യുകെ മലയാളികളുടെ ആത്മ ധൈര്യം ഇനി കൂടെയില്ല; പിടയ്ക്കുന്ന മനമോടെ യുകെയിലെ മലയാളി സമൂഹം

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പരിചയം ഇല്ലാത്തവർക്ക് പോലും ഞാനും ഇദ്ദേഹത്തെ അറിയുമല്ലോ എന്നൊരു തോന്നൽ . സത്യത്തിൽ അതായിരുന്നുയുകെ മലയാളികൾ സ്‌നേഹത്തോടെ ഹരിയേട്ടൻ എന്ന് വിളിക്കുന്ന മനുഷ്യൻ . ജീവിതം തന്നെ കഥ പോലെ തോന്നിപ്പിക്കുന്ന ഒരാൾ . ഏതു പ്രതിസന്ധിയിലും ഉത്തരം തേടി ഒരു പരിചയവും ഇല്ലാത്തവർക്കും വിളിക്കാവുന്ന ഒരു മനുഷ്യൻ . അധ്വാനിച്ചു പണം ഉണ്ടാക്കിയാലും മുഖത്തെ പുഞ്ചിരിയും മനസിലെ നന്മയും കൈമോശം കളയരുത് എന്ന് ജീവിതത്തിലൂടെ പഠിപ്പിച്ച വെക്തി . സഹായം തേടി എത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വരാത്ത അനുഭവം . അനേകരുടെ ജീവിതത്തിൽ ആശ്രയമായ വെക്തിത്വം . സാധാരണക്കാർക്കും സർക്കാരുകൾക്കും ഇടയിൽ പാലമായി നിന്ന മനുഷ്യസ്നേഹി . വെറും കയ്യോടെ എത്തി സ്വന്തം അധ്വാനം കൈമുതലാക്കി വലിയൊരു സമ്പത്തു സ്വന്തമാക്കുകയും അതുവഴി അനേകർക്ക് ജീവിത വഴി തെളിയിക്കുകയും ചെയ്ത സംരംഭകൻ . സമകാലിക ലോകത്തെ ഏറ്റവും വലിയ ഗുരുവായൂരപ്പ ഭക്തൻ . സർവോപരി ഏവരുടെയും പ്രിയ സുഹൃത്ത്. ലണ്ടനിൽ ഇന്ന് പുലർച്ചെ ജീവിത യാത്ര അവസാനിപ്പിച്ച തെക്കുമുറി ഹരിദാസിനെ ഓർത്തെടുക്കുമ്പോൾ ഇത്തരത്തിലാണ് ഓർമ്മ വരുന്നത് . ഒരു പക്ഷെ അദ്ദേഹം ആരായിരുന്നു എന്ന് ചിന്തിക്കേണ്ടി വരുന്ന ജീവിതത്തിലെ ഏറ്റവും അലോസരപ്പെടുത്തുന്ന ഒരു ദിവസമായ ഇന്ന് അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ ഓർമ്മകൾ പോലും ചികഞ്ഞെടുക്കാൻ മനസ്സനുവദിക്കുന്നില്ല , കാരണം അത്രയും ഹൃദയഭാരത്തോടെയാണ് ഈ കുറിപ്പെഴുതുന്നത്.

സർ എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ടം ഹരിയേട്ടാ എന്ന് വിളി

ആദ്യമായി പരിചയപെടുന്നവർ അദ്ദേഹത്തെ സാർ എന്ന് വിളിച്ചാണ് തുടങ്ങുക എങ്കിലും സംഭാഷണം അവസാനിക്കുമ്പോഴേക്കും അവരെല്ലാം ഹരിയേട്ടാ എന്ന് വിളിച്ചേ മടങ്ങൂ. അത്രയ്ക്ക് ശക്തമായിരുന്നു അദ്ദേഹത്തിന്റെ വക്തിപ്രഭാവം . ഈ മനുഷ്യനെ എത്രകാലമായി നമുക്ക് അറിയാവുന്നത് ആണല്ലോ എന്ന തോന്നൽ അഞ്ചു നിമിഷം സംസാരിച്ചാൽ പോലും ആർക്കും തോന്നിപ്പോകും. ഒരാൾ ജീവിച്ചിരിക്കുമ്പോൾ നല്ല വാക്കുകൾ കേൾക്കുക എന്നത് അപൂര്വമെങ്കിലും കോവിഡ് മൂലം എംബസി പ്രവർത്തനം താൽക്കാലികമായി നിന്ന് പോയപ്പോഴാണ് ടി ഹരിദാസ് എംബസിയിൽ ഇപ്പോൾ ഇല്ലല്ലോ എന്ന് മിക്ക മലയാളികളും ഓർമ്മിച്ചതു. കാരണം രണ്ടു വര്ഷം മുൻപ് അദ്ദേഹം വിരമിച്ചിട്ടും ഒരു ദിവസം പോലും എംബസിയെ ബന്ധപ്പെടാതിരിക്കാൻ കഴിയാത്ത വിധമാണ് അദ്ദേഹത്തെ തേടി സഹായ വിളികൾ എത്തികൊണ്ടിരുന്നത്. ഒടുവിൽ യുകെ മലയാളികൾ തന്നെ മുൻകൈ എടുത്തു അദ്ദേഹത്തെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണം എന്ന ആവശ്യവുമായി കേന്ദ്ര കേരള സർക്കാരുകളുടെയും ഇന്ത്യൻ എംബസിയുടെയും മുന്നിൽ എത്തിയിരുന്നു. എന്തായാലും ആ ഉത്തരവ് എത്തും മുൻപേ വിധി അതിന്റെ ഉത്തരവ് നടപ്പാക്കുക ആയിരുന്നു.

പ്രതിസന്ധികളിൽ ഏക ആശ്രയം

പണമുണ്ടാക്കി കഴിഞ്ഞാൽ പിന്നെ വന്ന വഴി മറക്കുന്നവർക്കിടയിൽ അപൂർവ മുഖമായിരുന്നു ഹരിയേട്ടൻ. അതിനാൽ തന്നെ സംഘടനകളും കൂട്ടായ്മകളും എല്ലാം ആ പേര് തങ്ങളോടൊപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന് പോലും അറിയാതെ പലപ്പോഴും ആ പേര് നേതൃ നിരയിൽ സ്ഥാനം പിടിച്ചിരുന്നു. അനുവാദം പോലും ചോദിക്കാതെ ആ പേര് എഴുതി വയ്ക്കാൻ പ്രിയ സുഹൃത്തുക്കൾക്ക് അദ്ദേഹം എപ്പോഴും സമ്മതം നൽകിയിരുന്നു. ആരെയും ചതിക്കാനോ വഞ്ചിക്കാനോ അവസരം ഒരുക്കിയിട്ടില്ലാത്ത തന്നെയും ആരും ചതിക്കില്ല എന്ന വിശ്വാസമായിരുന്നു അതിനു അദ്ദേഹത്തിനുള്ള ധൈര്യം. സാമൂഹ്യ രംഗത്ത് ഒഐസിസി മുതൽ വിവിധ ഹിന്ദു സംഘടനകൾ വരെ, കലാ സാംസ്‌കാരിക രംഗത്തു ദക്ഷിണയുകെ മുതൽ യുക്മ വരെ, എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥർ മുതൽ ഏറ്റവും ഒടുവിൽ ലോക് കേരള സഭ വരെ എന്തിലും ഏതിലും ആർക്കും ഒഴിവാക്കാൻ ആകാത്ത ഒരേയൊരു പേരായിരുന്നു ടി ഹരിദാസ്.

രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ വിശ്വസിക്കാനാകുന്നില്ലല്ലോ എന്ന സന്ദേശം മാത്രം

ഇന്ന് ഒരു ശപിക്കപ്പെട്ട ദിവസമായിട്ടാണ് മിക്ക യുകെ മലയാളികൾക്കും തോന്നുന്നത് . അത് വ്യക്തമാണ് സോഷ്യൽ മീഡിയയിൽ . വാട്‌സാപ്പ് , ഫേസ്‌ബുക് കൂട്ടായ്മകളിൽ രാവിലെ ഉറക്കമുണർന്നു ആദ്യം കണ്ട സന്ദേശം പ്രിയ ഹരിയേട്ടന്റെ മരണ വിവരം ആയതിനാൽ സംഭവം ശരിയാണോ എന്ന് അദ്ദേഹത്തിന്റെ പ്രിയ സുഹൃത്തുക്കളോട് വിളിക്കുകയായിരുന്നു ഓരോരുത്തരും . ഒടുവിൽ കേട്ടത് സത്യം തന്നെയെന്ന് സ്വന്തം കാതുകളെ വിശ്വസിക്കാനാകാതെ നിൽക്കുമ്പോൾ അത് തന്നെ പലരും അനുശോചന കുറിപ്പായി രേഖപ്പെടുത്തി , ''വിശ്വസിക്കാനാകുന്നില്ലല്ലോ ...''. ഇത്രയും അവിശ്വസനീയമായ ഒരു മരണം യുകെ മലയാളികളെ തേടി എത്താനില്ല . കാരണം അദ്ദേഹം എല്ലാവര്ക്കും എന്തെങ്കിലും ഒക്കെ ആയിരുന്നു . പലരും വാക്കുകൾ കിട്ടാതെ ഒന്നും പറയാനാകുന്നില്ലല്ലോ എന്ന ഒറ്റവാക്കിൽ സങ്കടം ഒതുക്കാൻ പ്രയാസപ്പെടുകയാണ് . സ്വന്തം വീട്ടിലെ ഒരംഗം ഇല്ലാതാകുന്ന മനഃപ്രയാസമാണ് മിക്കവർക്കും പങ്കിടാനുള്ളത് . ഇനി നമ്മൾ ആരെ വിളിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യവും പലരും പങ്കിടുന്നു .

തികഞ്ഞ ഗുരുവായൂരപ്പ ഭക്തൻ , ബാക്കിയാക്കിയത് എക്കാലത്തെയും സ്വപ്നം

ജീവിച്ചിരിക്കുന്നവരിൽ താനായിരിക്കും ഏറ്റവും വലിയ ഗുരുവായൂരപ്പാ ഭക്തൻ എന്ന് പ്രിയപെട്ടവരോട് അദ്ദേഹം തമാശയായി എപ്പോഴും പറയുമായിരുന്നു . ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയുടെ വഴിപാട് നൽകുന്നതിൽ മാത്രമല്ല ഏകാദശിക്കും വിഷുവിനും ഒക്കെ തന്റെ സാന്നിധ്യം ഗുരുവായൂരിൽ ക്ഷേത്ര നടയിൽ ഉണ്ടാകണം എന്ന വാശിയും അദ്ദേഹം ഒരു കുട്ടിയെ പോലെ കൂടെ സൂക്ഷിച്ചിരുന്നു. മൂത്ത മകന്റെ വിവാഹം നടത്താൻ ഗുരുവായൂർ ക്ഷേത്ര സന്നിധി തന്നെ തിരഞ്ഞെടുത്തപ്പോൾ യുകെയിലെ ബ്രിട്ടീഷ് സുഹൃത്തുക്കളെ വരെ അങ്ങോട്ട് എത്തിക്കുകയായിരുന്നു അദ്ദേഹം. ഒടുവിൽ കോവിഡ് നിയന്ത്രണം മൂലം ഏറ്റവും ഒടുവിൽ നടന്ന ഏകാദശിക് വിളക്ക് തൊഴാൻ അദ്ദേഹത്തിന് എത്താനായില്ല , അതിന്റെ മനഃപ്രയാസവും കൂടെയുണ്ടായിരുന്നു. സാഹചര്യം ഭഗവാന് അറിയാമല്ലോ എന്ന ആശ്വാസമാണ് ഇതേപ്പറ്റി പറയുമ്പോൾ കൂട്ടിച്ചേർക്കാനുണ്ടായിരുന്നത്. ഗുരുവായൂരപ്പ ഭക്തി കലശലായപ്പോൾ യുകെയിൽ ഒരു ഗുരുവായൂർ മോഡൽ ക്ഷേത്രം എന്നതും അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. യുകെയിലെ മുഴുവൻ ഹിന്ദു സമൂഹത്തിനും സ്വന്തം ക്ഷേത്രം എന്ന ഇഷ്ടത്തോടെ കടന്നു വരാൻ കഴിയുന്ന ആരധനാലയം എന്ന നിലയിൽ വലിയൊരു സ്വപ്ന പദ്ധതി ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അതിനാവശ്യമായ വലിയ തോതിൽ ഉള്ള ധനസമാഹരണം കണ്ടെത്താനും ഉള്ള ശ്രമത്തിലായിരുന്നു അവസാന നാളുകളിൽ . ഈ പദ്ധതിക്കായി പലയിടത്തും സ്ഥലം ഒക്കെ കണ്ടെത്തി പ്രൊജക്ക്ട് പ്ലാൻ വരെ തയാറായ ഘട്ടമായിരുന്നു . ഇനി ആ പദ്ധതി നടന്നാൽ തന്നെ , ഹരിയേട്ടന്റെ വിയോഗം മൂലം അതിനു അനവധി വര്ഷങ്ങളുടെ കാലതാമസം വന്നുചേരും എന്നുറപ്പാണ്. കാരണം അദ്ദേഹത്തോളം ആഗ്രഹം ആ പദ്ധതിയോടു മറ്റാർക്കും ഉണ്ടാകാനിടയില്ല എന്നത് തന്നെ .

ഒരാഴ്ചയായി അദ്ദേഹം ആശുപത്രിയിൽ എത്തിയിട്ട് എങ്കിലും ആരും തന്നെ ആ വിവരം അറിഞ്ഞില്ല എന്നതാണ് സത്യം. സഹോദരങ്ങളും ഉറ്റ ബന്ധുക്കളും അടക്കം വേണ്ടപ്പെട്ട കുടുംബാംഗങ്ങളിൽ മാത്രം ആ വിവരം ഒതുങ്ങുക ആയിരുന്നു . അതിനാൽ തന്നെ മരണ വിവരം തികച്ചും ഉൾക്കിടിലത്തോടെയാണ് യുകെ മലയാളികൾക്ക് മനസ്സിൽ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത് . തീർച്ചയായും ഈ ദിവസം അത്ര നിസാരമായി കടന്നു പോകില്ല , വേദനയും വിങ്ങലുമായി മനസ് നീറുന്ന ഒരു ദിവസത്തിലേക്ക് യുകെ മലയാളികൾക്ക് വേണ്ടി ഈ ദിനം പിറന്നിരിക്കുന്നത് . എന്തോ നഷ്ടമായി എന്നുറപ്പുള്ള ഒരു ദിനം . അതെന്താണ് എന്ന് തിരിച്ചറിയാൻ ചിലപ്പോൾ നാളുകൾ വേണ്ടിവന്നേക്കാം, ഒരു സഹായം ആവശ്യമുള്ള ഘട്ടത്തിൽ ആരെയാണ് ഇനി ആശ്രയിക്കുക എന്ന തിരിച്ചറിവാണ് ഹരിയേട്ടന്റെ മരണം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP