Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിത്തറയിട്ട് ശിഖർ ധവാനും വിരാട് കോലിയും; തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യയും ലൊകേഷ് രാഹുലും; ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് സന്ദർശകർ

അടിത്തറയിട്ട് ശിഖർ ധവാനും വിരാട് കോലിയും; തകർത്തടിച്ച് ക്രുനാൽ പാണ്ഡ്യയും ലൊകേഷ് രാഹുലും; ഇന്ത്യക്ക് എതിരെ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം; തിരിച്ചടിച്ച് സന്ദർശകർ

സ്പോർട്സ് ഡെസ്ക്

പുണെ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്തു ഇന്ത്യ, 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 317 റൺസ് എടുത്തത്.അർധസെഞ്ചുറികൾ നേടിയ ശിഖർ ധവാന്റെയും ക്രുനാൽ പാണ്ഡ്യയുടെയും കെ.എൽ.രാഹുലിന്റെയും വിരാട് കോലിയുടെയും തകർപ്പൻ പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 51 റൺസ് എന്ന നിലയിലാണ്.

ഇന്ത്യയ്ക്കായി ധവാൻ 98 റൺസും കോലി 56 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച രാഹുൽ 62 റൺസെടുത്തും ക്രുനാൽ 57 റൺസ് നേടിയും പുറത്താവാതെ നിന്നു.

ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാക്കാനാണ് ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ ഇന്നു കളത്തിലിറങ്ങിയത്. ഓപ്പണർ തസ്തികയിൽ 'ഭീഷണി' നേരിട്ട ശിഖർ ധവാന് രണ്ടു റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ഏകദിന ഫോർമാറ്റിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു. ട്വന്റി20യിൽ മോശം പ്രകടനത്തെത്തുടർന്ന് ഏറ്റവുമധികം വിമർശനം നേരിട്ട കെ.എൽ.രാഹുലും ഉജ്വല തിരിച്ചുവരവ് നടത്തി. ഋഷഭ് പന്തിനു പകരം അഞ്ചാമനായാണ് രാഹുൽ ഇറങ്ങിയത്.

ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പതിനഞ്ച് ഓവറിൽ 64 റൺസാണ് രോഹിതും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. എന്നാൽ ഇന്ത്യയ്ക്ക് പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ നഷ്ടമായി. 42 പന്തിൽ നിന്ന് 28 റൺസെടുത്ത രോഹിത് സ്റ്റോക്സിന്റെ പന്തിൽ ബട്ലർ പിടിച്ചു പുറത്തായി. രോഹിത് മടങ്ങിയതിനുശേഷം വിരാട് കോലി ക്രീസിലെത്തി.

ധവാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത കോലി ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. അതിനിടെ ശിഖർ ധവാൻ അർധസെഞ്ചുറി കുറിച്ചു. റാഷിദിനെ ഒന്നാന്തരമൊരു സിക്സർ പായിച്ചാണ് ധവാൻ അർധസെഞ്ചുറി ആഘോഷിച്ചത്. ശിഖർ ധവാന് പിന്നാലെ കോലിയും അർധശതകം നേടിയിരുന്നു. 50 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 61-ാം അർധശതകമാണിത്. ധവാനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യൻ സ്‌കോർ 150 കടത്തി. ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി. ആദ്യ 50 റൺസ് 12.5 പന്തിൽ കുറിച്ച ഇന്ത്യ, 23.1 ഓവറിൽ 100ഉം, 28.4 ഓവറിൽ 150ഉം കടന്നു. രണ്ടാം വിക്കറ്റിൽ ധവാനും കോലിയും ചേർന്ന് 105 റൺസ് നേടി.

എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ കോലി പുറത്തായി. 60 പന്തുകളിൽ നിന്നും 56 റൺസെടുത്ത താരത്തെ മാർക്ക് വുഡ് മോയിൻ അലിയുടെ കൈകളിലെത്തിച്ചു. 60 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അർധസെഞ്ചുറി നേടിയത്. കോലി പുറത്താവുമ്പോൾ 32.1 ഓവറിൽ 169 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വേണ്ട വിധത്തിൽ തിളങ്ങാനായില്ല. ഒരറ്റത്ത് ധവാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ മറുവശത്ത് ബാറ്റ്സ്മാന്മാർ പതറി. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ ആറുറൺസ് മാത്രമെടുത്ത് പുറത്തായി. മാർക്ക് വുഡാണ് താരത്തെ പുറത്താക്കിയത്.

95 റൺസിലെത്തിയ ധവാൻ പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. റൺസ് കണ്ടെത്താൻ താരം ഏറെ വിഷമിച്ചു. ഒടുവിൽ 98 റൺസെടുത്ത ധവാൻ പുറത്തായി. 106 പന്തുകളിൽ നിന്നും 11 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് താരം 98 റൺസ് നേടിയത്. പക്ഷേ അർഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. ബെൻസ്റ്റോക്സിന്റെ പന്ത് ആക്രമിക്കാൻ ശ്രമിച്ച ധവാന്റെ ഷോട്ട് മോർഗൻ കൈയിലൊതുക്കി. ധവാൻ പുറത്താകുമ്പോൾ 38.1 ഓവറിൽ 197 ന് നാല് എന്ന നിലയായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റൺസ് മാത്രമെടുത്ത പാണ്ഡ്യയെ സ്റ്റോക്സ് ജോണി ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു.

പിന്നീട് ഒത്തുചേർന്ന അരങ്ങേറ്റതാരം ക്രുനാൽ പാണ്ഡ്യയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ 45 ഓവറിൽ 250 കടത്തി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് രാഹുലും ക്രുനാലും കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരം തന്നെ ക്രുനാൽ ഗംഭീരമാക്കി. തകർപ്പൻ ഷോട്ടുകൾ പുറത്തെടുത്ത് ക്രുനാൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടാനും താരത്തിന് സാധിച്ചു. വെറും 26 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് ക്രുനാൽ കന്നി അർധശതകം പൂർത്തിയാക്കിയത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ അതിവേഗം അർധശതകം പൂർത്തിയാക്കുന്ന താരം എന്ന റെക്കോഡ് ക്രുനാൽ ഇന്ന് സ്വന്തമാക്കി.

ക്രുനാലിന് പിന്നാലെ രാഹുലും അർധശതകം കുറിച്ചു. ട്വന്റി 20 പരമ്പരയിൽ നിറം മങ്ങിയ രാഹുൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും സഹായത്തോടെയാണ് താരം അർധസെഞ്ചുറി നേടിയത്. കരിയറിലെ ഒൻപതാം അർധസെഞ്ചുറിയാണ് രാഹുൽ ഇന്ന് നേടിയത്. ക്രുനാലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ടീം സ്‌കോർ 300 കടത്താനും രാഹുലിന് സാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP