Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു; ശ്രമം നടത്തിയത് ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാൻ; സൗജന്യമായി ഭൂമി കിട്ടാൻ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി; മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപവും; സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു;  ശ്രമം നടത്തിയത് ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാൻ; സൗജന്യമായി ഭൂമി കിട്ടാൻ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി; മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപവും; സ്വപ്‌ന സുരേഷ് കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായി കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്. സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടുവെന്നാണ് സ്വപ്നയുടെ മൊഴിയിലെ വെളിപ്പെടുത്തൽ.

ഗൾഫിൽ മിഡിൽ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി ചർച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.
മിഡിൽഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ ആരംഭിക്കാനായിരുന്നു സ്പീക്കറുടെ നീക്കം.

സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജ ഭരണാധികാരിയുമായി സ്പീക്കർ തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ ഭൂമി നൽകാമെന്ന് വാക്കാൽ ഉറപ്പുകിട്ടിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. എന്തിനാണ് സ്പീക്കർ ഇക്കാര്യത്തിൽ താത്പര്യമെടുത്തതെന്ന ചോദ്യത്തിന് അദ്ദേഹത്തിന് മിഡിൽ ഈസ്റ്റ് കോളേജിൽ നിക്ഷേപമുണ്ടെന്നായിരുന്നു സ്വപ്നയുടെ മറുപടി. കോളേജിന്റെ ശാഖകൾ വർധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. അതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. അവിടുത്തെ കാര്യങ്ങൾ നോക്കിനടത്താൻ താനാണ് മികച്ചയാളെന്ന് പറഞ്ഞതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റ് അടിസ്ഥാനമാക്കി നടത്തിയ ചോദ്യംചെയ്യലിൽ സ്വപ്ന പറഞ്ഞ കാര്യങ്ങളാണ് ഇ.ഡി. ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.

ലഫീർ എന്ന പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒമാനിലെ മിഡിൽ ഈസ്റ്റ് കോളേജിന്റെ ശാഖ ഷാർജയിൽ തുടങ്ങുന്നതിന് സൗജന്യ ഭൂമി ലഭിക്കുന്നതിനായിരുന്നു ഷാർജ ഭരണാധികാരിയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻ ചർച്ച നടത്തിയത്. സ്പീക്കർക്കും ഈ സ്ഥാപനത്തിൽ ഷെയറുള്ളതായാണ് പറയപ്പെടുന്നത്. സ്ഥാപനം ആരംഭിക്കുന്നതിന് യുഎഇയിലെ ഉദ്യോഗസ്ഥരെ സ്പീക്കർ സന്ദർശിക്കുകയും ചർച്ച നടത്തുകയും ചെയ്തതായാണ് സ്വപ്നയുടെ മൊഴി.

എന്നാൽ സ്വപ്നയുടെ ചോദ്യാവലിയുടെ രേഖയല്ലാതെ മറ്റ് തെളിവുകൾ ഇ.ഡി സമർപ്പിച്ചിട്ടില്ല. ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നാണ് ഇ.ഡി മുൻപ് അറിയിച്ചത്. ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിക്ഷേപമായി സ്പീക്കർ ഡോളർ കൊടുത്തുവിട്ടു എന്നാണ് ഇ.ഡി പറയുന്നത്. എന്നാൽ ഈ കേസിൽ സ്പീക്കറെ ഇതുവരെ ഇ.ഡിക്ക് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. സ്പീക്കർക്ക് ഭരണഘടനാപരമായ സംരക്ഷണമുള്ളതാണ് ഇ.ഡിക്ക് തിരിച്ചടിയായത്. സ്പീക്കറുടെ ആവശ്യത്തിന് 2018 ഏപ്രിലിൽ സ്വപ്ന ഒമാനിൽ സന്ദർശനം നടത്തിയിരുന്നു. അന്ന് എം.ശിവശങ്കറും ഇവിടം സന്ദർശിച്ചിരുന്നതായാണ് വിവരം.

ഡോളർ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് രംഗത്തത്തിയിരുന്നു. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ജയിലിൽ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയിൽ വകുപ്പും കസ്റ്റംസ് തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോൾ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഡോളർ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ പറഞ്ഞത്. സ്വർണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലർ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോൺസുലർ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയിൽ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോൺസുലർ ജനറലുമായി ഇവർ നടത്തിയത്. വിവിധ ഇടപാടുകളിൽ ഉന്നതർ കോടിക്കണക്കിന് രൂപ കമ്മിഷൻ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയിൽ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP