Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാണ്...; സൗകര്യമുള്ളവർ വോട്ട് ചെയ്താൽ മതി; കൂവലിന്‌ ധൈര്യ സമേതം മറുപടി പറഞ്ഞ പിസി ജോർജ് പ്രചരണ പരിപാടികൾ ഈരാറ്റുപേട്ടയിൽ അവസാനിപ്പിച്ചു; ചിലർ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എംഎൽഎ; കൂവൽ രാഷ്ട്രീയം പിസിക്ക് ഗുണകരമാകുമോ?

ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാണ്...; സൗകര്യമുള്ളവർ വോട്ട് ചെയ്താൽ മതി;  കൂവലിന്‌ ധൈര്യ സമേതം മറുപടി പറഞ്ഞ പിസി ജോർജ് പ്രചരണ പരിപാടികൾ ഈരാറ്റുപേട്ടയിൽ അവസാനിപ്പിച്ചു; ചിലർ വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എംഎൽഎ; കൂവൽ രാഷ്ട്രീയം പിസിക്ക് ഗുണകരമാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; സ്ഥാനാർത്ഥി എന്ന നിലയിലുള്ള തന്റെ പ്രചരണ പരിപാടികൾ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ നിർത്തി വെച്ചതായി പൂഞ്ഞാർ മണ്ഡലത്തിലെ കേരള ജനപക്ഷം സെകുലർ സ്ഥാനാർത്ഥി പി സി ജോർജ് അറിയിച്ചു. ഒരുകൂട്ടം ആളുകൾ പ്രചരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗീയ ലഹള ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ഇനി ഈരാറ്റുപേട്ടയിൽ പര്യടന പ്രചരണ പരിപാടികൾ നടത്തി അതിനുള്ള സാഹചര്യം സൃഷ്ടിക്കില്ല എന്നും ഈ നാട്ടിൽ സമാധാനം നിലനിൽക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാർ തനിക്ക് വോട്ട് ചെയ്യുമെന്നും പി സി ജോർജ് പറഞ്ഞു.

കെ എസ് സി പ്രവർത്തകനായി പൊതു പ്രവർത്തനം ആരംഭിച്ച പി സി ജോർജിന്റെ തട്ടകം ഈരാറ്റുപേട്ടയാണ്. എന്നും ഇവിടുത്തുകാർ പിസി ജോർജിനൊപ്പമായിരുന്നു. എൻഡിഎയുമായി ഇടക്കാലത്ത് ജോർജ് ചേർന്ന് പ്രവർത്തിച്ചു. ഇതോടെയാണ് ജോർജിന് ഈരാറ്റുപേട്ടയിൽ ശത്രുക്കൾ തുടങ്ങിയത്. ഇതാണ് പ്രചരണത്തിൽ നിറഞ്ഞതും.

പൂഞ്ഞാറിലെ സിറ്റിങ് എം എൽ എ ആയ പി സി ജോർജ് എൽ ഡി എഫിനും യു ഡി എഫിനും എതിരെയാണ് ഇത്തവണ മത്സരിക്കുന്നത്. കഴിഞ്ഞദിവസം പി സി ജോർജിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയിൽ നാട്ടുകാർ കൂക്കി വിളിച്ചിരുന്നു. പി സി ജോർജിന്റെ വാഹനപര്യടനം ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ ആയിരുന്നു സംഭവം. വാഹന പ്രചരണത്തിനിടെ ഈരാറ്റുപേട്ടയിൽ പ്രസംഗിക്കാൻ വാഹനം നിർത്തിയ സമയത്ത് ആയിരുന്നു നാട്ടുകാരിൽ ചിലർ കൂവിയത്. എന്നാൽ, പ്രതിഷേധിച്ചവരോട് മറുപടി പറഞ്ഞാണ് പി സി ജോർജ് മടങ്ങിയത്.

ഒരു കൂട്ടം ആളുകൾ പ്രചരണ പരിപാടികൾക്കിടയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രചാരണം നിർത്തിവെക്കുന്നത്. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങൾക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതിയെന്നാണ് പിസി ജോർജ് പറഞ്ഞത്. കൂവൽ രൂക്ഷമായതോടെ പിസി ജോർജ് ക്ഷുഭിതനായി. പിന്നീട് ഭീഷണിയുടെ സ്വരത്തിലായി പ്രസംഗം. കൂവുന്നവരുടെ വോട്ട് ഇല്ലാതെ തന്നെ എംഎ‍ൽഎ ആയി വരുമെന്നും അപ്പോൾ കാണിച്ചു തരാമെന്നുമായി പ്രസംഗം.

കൂകിയവരെ ധൈര്യസമേതം നേരിട്ട എംഎൽഎയും സോഷ്യൽ മീഡിയയിൽ കൈയടി നേടുന്നുണ്ട്. അതുകൊണ്ട് തന്നെ കൂവലിന് എതിരായ വോട്ട് ധ്രൂവീകരണം അനുകൂലമാകുമെന്നാണ് പിസിയുടെ പ്രതീക്ഷ.

പി സി ജോർജ് ഇന്നലെ ഈരാറ്റുരപേട്ടയിൽ പറഞ്ഞത് ഇങ്ങനെ,

സൗകര്യമുള്ളവൻ വോട്ട് ചെയ്താൽ മതിയെന്ന് എം എൽ എ

'ഞാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥി ആയിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. നിങ്ങളിൽ സൗകര്യമുള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലെങ്കിലും എനിക്ക് വിരോധമില്ല. മനസിലായല്ലോ? നിന്റെയൊക്കെ വീട്ടിൽ കാർന്നോന്മാർ ഇങ്ങനെയാണ് പഠിപ്പിച്ച് വിട്ടതെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്. സ്വൽപം കൂടെ മാന്യത പഠിപ്പിച്ചു വിടുമെന്നാ ഞാൻ ഓർത്തത്. കാർന്നോന്മാര് നന്നായാലേ മക്കളെ നന്നാകൂ. അതുകൊണ്ട് ഞാൻ അള്ളാഹുവിനോട് ദുആ ചെയ്യാം. നിന്നെയൊക്കെ നന്നാകാൻ വേണ്ടി. വേറൊന്നും പറയുന്നില്ല. സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്താൽ മതി. മനസിലായില്ലേ? ഇതാണ് രാഷ്ട്രീയം. എടാ, ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലേ?

ഇലക്ഷൻ കമ്മീഷനിൽ പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തേ. മനസിലായോ? (ഈ സമയത്ത് ജനക്കൂട്ടത്തിൽ നിന്ന് പോടാ എന്നു ചേർത്ത് മോശം പദപ്രയോഗം). വർത്തമാനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്നവനാടാ. ഞാൻ എവിടെ പോകാനാ. ഈരാറ്റുപേട്ടയിൽ ജനിച്ചു വളർന്ന ഞാൻ എവിടെ പോകാനാടാ. ഇവിടെ തന്നെ കിടക്കും മനസിലായോ? നീ അല്ല ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല, ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ (വീണ്ടും ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മോശം പദംപ്രയോഗം). ഇങ്ങനെ തന്നെ പോകും, മനസിലായില്ലേ? നീ വല്യ വർത്തമാനം പറയുന്നു. പോടാ അവിടുന്ന്. (മോശം പദപ്രയോഗം) വർത്തമാനം പറയുന്നു.

അപ്പോ നല്ലവരായ നിങ്ങള്, സന്മനസള്ളവര് എനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ഞാൻ എളിയ വാക്കുകൾ ഉപസംഹരിക്കുന്നു. നന്ദി നമസ്‌കാരം' - ഇത്രയും പറഞ്ഞതിന് ശേഷം പി സി ജോർജിന്റെ വാഹന പ്രചരണ യാത്ര മുന്നോട്ട്. അതേസമയം, ഈരാറ്റുപേട്ടയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP