Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; ഓപ്പണിങിൽ രോഹിത്തനൊപ്പം ധവാൻ; 'സെഞ്ചുറി'കളുടെ നായകനാകാൻ വിരാട് കോലി; ജോഫ്ര ആർച്ചർ ഇല്ലാതെ ഇംഗ്ലണ്ട്

ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ചൊവ്വാഴ്ച തുടക്കം; ഓപ്പണിങിൽ രോഹിത്തനൊപ്പം ധവാൻ; 'സെഞ്ചുറി'കളുടെ നായകനാകാൻ വിരാട് കോലി; ജോഫ്ര ആർച്ചർ ഇല്ലാതെ ഇംഗ്ലണ്ട്

സ്പോർട്സ് ഡെസ്ക്

പുണെ: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് പൂണെ എംസിഎ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച തുടക്കമാകും. ടെസ്റ്റ്, ട്വന്റി 20 പരമ്പരകൾ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വിരാട് കോലിയും സംഘവും പോരാട്ടത്തിന് ഇറങ്ങുന്നത്. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.

ഏകദിനത്തിൽ ശിഖർ ധവാനും രോഹിത് ശർമയും തന്നെയായിരിക്കും ഇന്ത്യയുടെ ഓപ്പണർമാരെന്ന് ആദ്യ ഏകദിനത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിലാണ് വിരാട് കോലി വ്യക്തമാക്കി. 50 ഓവർ ഫോർമാറ്റിൽ ഓപ്പണർമാരെ മാറ്റുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് കോലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി20യിൽ രോഹിത്തിനൊപ്പം കോലി ഓപ്പണറായി ഇറങ്ങിയതിനു പിന്നാലെയാണ് ഏകദിനത്തിലും പരീക്ഷണം തുടരുമോയെന്ന് ചോദ്യങ്ങൾ ഉയർന്നത്. ട്വന്റി20യിൽ താൻ ഓപ്പണറായി ഇറങ്ങിയതുകൊണ്ട് എല്ലാ ഫോർമാറ്റിലും അതു തുടരുമെന്ന് അർഥമില്ല. ശിഖർ ധവാനും രോഹിത് ശർമയും കഴിഞ്ഞ ഏതാനും വർഷങ്ങളായി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകുന്നതെന്ന് കോലി വ്യക്തമാക്കി.

രോഹിത്തുമായി ചേർന്ന് ഭാവിയിലും ഇന്നിങ്‌സ് ഓപ്പൺ ചെയ്യുമോ എന്ന ചോദ്യത്തിന് അതിൽ ഉറപ്പുനൽകാനാവില്ലെന്നായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം. സൂര്യകുമാർ യാദവിനെ പോലെ ബാറ്റ്‌സ്മാന് അനുയോജ്യമായി ഇടം നൽകുന്നതിന് താൻ എന്തും ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സൂര്യകുമാറിന് വേണ്ടിയാണ് കോലി ഓപ്പണറായി സ്വയം പ്രമോട്ട് ചെയ്തതെന്ന് ഇതോടെ വ്യക്തമായി.

ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് ഇന്ത്യ ചൊവ്വാഴ്ച ഇറങ്ങുമ്പോൾ നായകൻ വിരാട് കോലിയെ കാത്തിരിക്കുന്നത് ഒരു പിടി റെക്കോർഡുകളാണ്. 2019 ഓഗസ്റ്റിനുശേഷം ഇതുവരെ ഏകദിനങ്ങളിൽ സെഞ്ചുറി നേടിയിട്ടില്ലാത്ത കോലി ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുൽക്കറുടെയും റിക്കി പോണ്ടിംഗിന്റെയും റെക്കോർഡിന് അരികെയാണ്.

ഇംഗ്ലണ്ടിനെതിരെ ഒരു സെഞ്ചുറി കൂടി നേടിയാൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോർഡ് കോലിയുടെ പേരിലാവും. നിലവിൽ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ 197 മത്സരങ്ങളിൽ 41 സെഞ്ചുറികളാണ് ക്യാപ്റ്റനെന്ന നിലയിൽ കോലി നേടിയത്. 324 മത്സരങ്ങളിൽ നിന്നാണ് പോണ്ടിങ് ക്യാപ്റ്റനെന്ന നിലയിൽ 41 സെഞ്ചുറികൾ സ്വന്തമാക്കിയത്. 33 സെഞ്ചുറികൾ നേടിയിട്ടുള്ള മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്താണ് പട്ടികയിൽ മൂന്നാമത്. 20 സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള സ്റ്റീവ് സ്മിത്താണ് നാലാമത്.

ഇതിന് പുറമെ ഒരു സെഞ്ചുറി കൂടി നേടിയാൽ കളിക്കാരനെന്ന നിലയിൽ ഏറ്റവും കൂടുതൽ രാജ്യാന്തര സെഞ്ചുറികൾ എന്ന റിക്കി പോണ്ടിംഗിന്റെ(71) റെക്കോർഡിനൊപ്പമെത്താനും കോലിക്കാവും. നിലവിൽ 70 രാജ്യാന്തര സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.

ട്വന്റി 20യിലെ മോശം പ്രകടനം ലൊകേഷ് രാഹുലിന് തിരിച്ചടിയായേക്കുമെന്നാണ് സൂചന. കൃണാൽ പാണ്ഡ്യയോ വാഷിങ്ടൻ സുന്ദറോ ടീമിൽ ഇടം നേടിയേക്കും. സ്പിന്നറായി യുസ്വേന്ദ്ര ചെഹലോ, കുൽദീപ് യാദവോ ഇടം നേടിയേക്കും.

ഒരു സെഞ്ചുറി നേടിയാൽ സ്വദേശത്ത് ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്താനും കോലിക്കാവും. നിലവിൽ 95 മത്സരങ്ങളിൽ നിന്ന് 19 സെഞ്ചുറികളാണ് കോലി ഇന്ത്യയിൽ നേടിയത്. 104 മത്സരങ്ങളിൽ നിന്ന് സച്ചിൻ 20 സെഞ്ചുറി നേടിയിട്ടുണ്ട്.

പരുക്കേറ്റതിനെ തുടർന്ന് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതോടെ പേസർ ജോഫ്ര ആർച്ചറുടെ സേവനം ഇംഗ്ലണ്ടിന് ലഭ്യമാകില്ല. വലത് കയ്യിലേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടും ടീമിൽ ഇല്ല. ബെൻ സ്റ്റോക്സ്, ജേസൺ റോയ്, ആദിൽ റഷീദ് എന്നിവർ ടീമിനൊപ്പമുണ്ട്. ജേക്ക് ബാൾ, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ എന്നിവരെ റിസർവ് താരങ്ങളായും ടീമിനൊപ്പം നിലനിർത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 23, 26, 28 തിയ്യതികളിൽ പൂണെയിലാണ് മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP