Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കെപിസിസി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോൺഗ്രസ് വിട്ടു; കോൺഗ്രസിൽ സ്ത്രീകളെ നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപണം; ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചു; ലതികയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നത് ആലോചനയിൽ; കൽപ്പറ്റ സീറ്റ് മോഹിച്ച മുതിർന്ന നേതാവ് പാർട്ടി വിടുമ്പോൾ വയനാട്ടിൽ വൻ പ്രതിസന്ധി

കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; കെപിസിസി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോൺഗ്രസ് വിട്ടു; കോൺഗ്രസിൽ സ്ത്രീകളെ നിരന്തരം അവഗണിക്കുന്നുവെന്ന് ആരോപണം; ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചു; ലതികയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുന്നത് ആലോചനയിൽ; കൽപ്പറ്റ സീറ്റ് മോഹിച്ച മുതിർന്ന നേതാവ് പാർട്ടി വിടുമ്പോൾ വയനാട്ടിൽ വൻ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൽ വീണ്ടും രാജി. കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചറാണ് രാജിവച്ചത്. പാർട്ടിയുടെ പ്രാഥമികാംഗ്വത്തിൽ നിന്ന് വരെയാണ് രാജി. പാർട്ടിയിൽ നിരന്തരമായി സ്ത്രീകൾ അനുഭവിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം, എഐസിസി അംഗത്വം എന്നിവ രാജിവച്ചു.

രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യയാത്രയിൽ പൂർണസമയം ഉണ്ടായിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷയായ ലതിക സുഭാഷിന് ഒരു സീറ്റ് നൽകാൻ കോൺഗ്രസ് തയ്യാറായില്ല. അതേ കുറിച്ച് ചില കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ തന്നെ വേദനിപ്പിച്ചതായും കെ.സി റോസക്കുട്ടി പറഞ്ഞു. ബിന്ദുകൃഷ്ണക്ക് സീറ്റിനായി കരയേണ്ടിവന്നുവെന്നും അവർ പറഞ്ഞു.

സമീപ കാലങ്ങളിൽ പാർട്ടിയിൽ സ്ത്രീകൾക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നാണ് കെ സി റോസക്കുട്ടി പറയുന്നത്. ഗ്രൂപ്പ് പോരിൽ മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചർ പ്രതികരിച്ചു. കോൺഗ്രസിൽ നിലവിലെ അവസ്ഥയിൽ നിരാശയുണ്ടെന്നും അവർ വയനാട്ടിൽ പറഞ്ഞു.

വയനാടിനോടുള്ള അവഗണനയിൽ അവർ പ്രതിഷേധം അറിയിച്ചു. വനിതാ കമീഷൻ മുൻ അധ്യക്ഷയും ബത്തേരി എംഎ‍ൽഎയും മഹിളാ കോൺഗ്രസ് മുൻ സെക്രട്ടറിയുമായിരുന്നു റോസക്കുട്ടി ടീച്ചർ. അദ്ധ്യാപികയായി ഔദ്യോഗിക ജീവിതമാരംഭിച്ച്, രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ പേരുറപ്പിച്ച റോസക്കുട്ടി മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്സിക്യൂട്ടീവ് അംഗം, എഐസിസി അംഗം, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1983 ൽ വയനാട്ടിലെ പുൽപള്ളിയിൽ പഴശ്ശിരാജാ കോളജിനു സ്ഥലമെറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന സമരവും വെടിവയ്പുമാണ് റോസക്കുട്ടിക്കു സജീവ രാഷ്ട്രീയത്തിലേക്കു വഴിതെളിച്ചത്.

കോൺഗ്രസിന് മതനിരപേക്ഷ ശക്തികളെ കെട്ടിപടുക്കാൻ സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ റോസക്കുട്ടി ലതിക സുഭാഷിനോട് കാണിച്ചത് ഏറെ വേദനിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു. ലതിക തലമുണ്ഡനം ചെയ്ത ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതികരണം വേദനിപ്പിച്ചു. 

വയനാട് ജില്ലയിൽ ഹൈക്കമാൻഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് ഭയപ്പെടുന്നുവന്നും മാനസികമായി പ്രയാസപ്പെട്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് പറഞ്ഞ റോസക്കുട്ടി പൊതു പ്രവർത്തനം വിടാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി. വയനാട്ടിൽ നിന്നുള്ള ആളുകളെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കാൻ ഏറെ പരിശ്രമിച്ചുവെങ്കിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അംഗീകരിച്ചില്ലെന്നാണ് ആരോപണം. വയനാട്ടുകാരെ അവഗണിക്കുന്നതിൽ പ്രതിഷേധമുണ്ടെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു. വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വിലയും ഇല്ല എന്നതിന് തെളിവാണ് ടി സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വമെന്നാണ് ആക്ഷേപം.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടൊ എന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇപ്പോൾ ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും കെ സി റോസക്കുട്ടി ടീച്ചർ അറിയിച്ചു. കെ സി വേണുഗോപാലും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി സംസാരിച്ചുവെന്നും തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും റോസക്കുട്ടി വ്യക്തമാക്കി.

കൽപ്പറ്റ സീറ്റ് ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാൾക്ക് കൊടുത്തത് രാജിയുടെ ഒരു പ്രധാന കാരണമാണെന്ന് ആവർത്തിച്ച കോൺഗ്രസ് വനിതാ നേതാവ് താൻ രാജി തീരുമാനത്തിന് മുമ്പ് ലതിക സുഭാഷുമായി സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. വയനാട്ടിൽ നിന്ന് ഒരാൾക്ക് കൽപ്പറ്റയിൽ മത്സരിക്കാൻ കൊടുത്തിരുന്നെങ്കിൽ രാജി ഒഴിവാക്കാമായിരുന്നുവെന്നാണ് നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP