Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു; പാക്കിസ്ഥാനി ഭാര്യയുടെ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന യുഡിഎഫ് പരാതി തള്ളി; പത്രിക സ്വീകരിച്ചതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ; വിശാലമനസ്‌കനായ പിണറായി വിജയന്റെ നിശബ്ദത ആശ്ചര്യകരമെന്ന് വി മുരളീധരനും

കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ നാമനിർദ്ദേശ പത്രിക സ്വീകരിച്ചു; പാക്കിസ്ഥാനി ഭാര്യയുടെ സ്വത്തു വിവരങ്ങൾ മറച്ചുവെച്ചെന്ന യുഡിഎഫ് പരാതി തള്ളി; പത്രിക സ്വീകരിച്ചതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് നേതാക്കൾ; വിശാലമനസ്‌കനായ പിണറായി വിജയന്റെ നിശബ്ദത ആശ്ചര്യകരമെന്ന് വി മുരളീധരനും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻകാർക്ക് എന്താണ് കാര്യം? എന്നാൽ പാക്കിസ്ഥാൻകാർക്കും കാര്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ചർച്ചയാകാൻ കാരണം കൊണ്ടോട്ടിയിലെ ഇടതു സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജിയാണ്. ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ മറച്ചു വെച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. യുഡിഎഫ് പ്രവർത്തകർ പരാതിയുമായി രംഗത്തുവന്നതോടെ തർക്കവിഷയമായി മാറുകയായിരുന്നു. പത്രിക തള്ളണമെന്ന ആവശ്യം യുഡിഎഫ് പ്രവർത്തകർ ഉന്നയിച്ചെങ്കിലും ഒടുവിൽ കെ പി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു.

പത്രിക സ്വീകരിക്കരുതെന്ന യുഡിഎഫിന്റെ ആവശ്യം വരണാധികാരി തള്ളുകയായിരുന്നു. നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് യുഡിഎഫ് പറഞ്ഞു. ജീവിത പങ്കാളിയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപെടുത്തേണ്ട സ്ഥലത്ത് ബാധകമല്ല എന്ന് എഴുതിയതിനെതിരെ യുഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചിരുന്നു. സുലൈമാൻ ഹാജിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ഒരാൾ പാക്കിസ്ഥാൻ പൗരയാണെന്നുമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.

വിവാഹ സർട്ടിഫിക്കറ്റുകളും ചിത്രങ്ങളും തെളിവുകളായും ഇവർ ഹാജരാക്കി.സ്വത്ത് വിവരങ്ങൾ മറച്ചുവച്ചെന്നും പരാതിയുയർന്നിരുന്നു. ഇരുവിഭാഗത്തിന്റേയും ഭാഗം കേട്ടശേഷമാണ് പത്രിക സ്വീകരിക്കാൻ വരണാധികാരി തീരുമാനിച്ചത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. സുലൈമാൻ ഹാജിയുടെ ഒരു ഭാര്യ വിദേശത്താണ്. ദുബായിൽ വച്ചായിരുന്നു വിവാഹം. ഹിറാ മുഹമ്മദ് സഫ്ദർ എന്ന റാവൽപിണ്ടി സ്വദേശിയാണ് ഭാര്യമാരിൽ ഒരാൾ എന്നതിന്റെ രേഖകളും യുഡിഎഫ്‌നേതാക്കൾ സമർപ്പിച്ചിരുന്നു. ഇത് തള്ളുകയാണ് ഉണ്ടായത്.

നാട്ടിലുള്ള ഭാര്യയുടെയും മക്കളുടെയും വിവരങ്ങളും നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ല. കൂടുതൽ നിയമ വശങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പത്രിക മാറ്റിവച്ചത്. അതേസമയം ഇടതു സ്ഥാനാർത്ഥിയുടെ പാക്കിസ്ഥാൻ ബന്ധം ബിജെപിപിയും പ്രചരണ വിഷയമാക്കുകുയാണ്. കാണ്ടോട്ടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കേന്ദ്രസഹമന്ത്രി വി.മുരളീധരനും രംഗത്തെത്തി.

'കൊണ്ടോട്ടിയിൽ സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കെ.ടി സുലൈമാൻ ഹാജി, പാക്കിസ്ഥാൻ സ്വദേശിനിയായ 19കാരിയായ തന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങൾ നാമനിർദ്ദേശ പത്രികയിൽ നിന്ന് മറച്ചുവച്ചു. വിശാലമനസ്‌കനെന്ന് അറിയപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദത അതിശയകരമാണ്'- മുരളീധരൻ ട്വീറ്റ് ചെയ്തു. എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് വിശദീകരണം കിട്ടണം. പ്രത്യേകിച്ച്, ഒരു മൂടുതാങ്ങി എംഎ‍ൽഎ വിദേശ പൗരന്റെ വ്യക്തിഗത വിവരങ്ങൾ മറച്ചുവച്ചതിൽ- വി. മുരളീധരൻ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ ഉറച്ച സീറ്റാണ് കൊണ്ടോട്ടി. ടി വി ഇബ്രാഹിം ആണ് ഇവിടെ മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി. വ്യവസായി ആയ സുലൈമാൻ ഹാജിക്ക് ഗൾഫിൽ സ്ഥാപനങ്ങളുണ്ട്. താൻ ജയിക്കുകയാണെങ്കിൽ തന്റെ മണ്ഡലത്തിൽ നിന്ന് ഗൾഫിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ജോലി നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. തന്റെ ബിസിനസ് ലാഭത്തിന്റെ മൂന്നിലൊരു ഭാഗം ജനങ്ങൾക്കായിരിക്കും. എംഎൽഎ ശമ്പളവും അലവൻസും പാവപ്പെട്ടവർക്ക് നൽകും എന്നീ വാഗ്ദാനങ്ങളൊക്കെ കഴിഞ്ഞ ദിവസം പ്രചരണത്തിനിടെ അദ്ദേഹം നൽകിയിരുന്നു.

അതേസമയം മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗിന്റെ കോട്ട എന്നറിയപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് കൊണ്ടോട്ടി. മണ്ഡല ചരിത്രം പരിശോധിച്ചാൽ ലീഗ് പ്രതിനിധികളല്ലാതെ ആരെയും നിയമസഭയിലെത്തിക്കാത്ത മണ്ഡലങ്ങളിലൊന്ന്. ഏറനാട് താലൂക്കിലെ കൊണ്ടോട്ടി നഗരസഭയും, ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയമസഭാമണ്ഡലം.

2016ൽ ലീഗ് നേതാവ് ടിവി ഇബ്രാഹിമാണ് കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയത്. കഴിഞ്ഞതെരഞ്ഞെടുപ്പിൽ ഇബ്രാഹിമിന്റെ ഭൂരിപക്ഷത്തിലുണ്ടായ ഇടിവിൽ നോട്ടമിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. 2011ൽ കൊണ്ടോട്ടിയിൽ ലീഗിനായി മത്സരിച്ച കെ മുഹമ്മദ് കുഞ്ഞി ഹാജി 28,149 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു നിയമസഭയിലെത്തിയത്. എന്നാൽ 2016ൽ മത്സരിക്കാനിറങ്ങിയ ടിവി ഇബ്രാഹിമിന് ലഭിച്ചത് 10,654 വോട്ടുകളുടെ ഭൂരിപക്ഷമാണെന്നത് ശ്രദ്ധേയമാണ്. ലീഗ് സ്ഥാനാർത്ഥിക്ക് 69,668 വോട്ടുകൾ ലഭിച്ചപ്പോൾ ഇടതു സ്വതന്ത്രനായിരുന്ന കെപി ബീരാൻകുട്ടി 59,014 വോട്ടുകളാണ് പിടിച്ചത്. ബിജെപി സ്ഥാനാർത്ഥി കെ രാമചന്ദ്രൻ 12,513 വോട്ടുകളും നേടി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 10654 വോട്ടിന്റെ ലീഡായുരുന്നു ലീഗിന് ലഭിച്ചതെങ്കിൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 39313 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷമാണ് കൊണ്ടോട്ടി നിയമസഭാ മണ്ഡലം കുഞ്ഞാലിക്കുട്ടിക്ക് നൽകിയതെന്നതും ശ്രദ്ധേയമാണ്. ലീഗിന്റെ അടിയുറച്ച കോട്ടയെങ്കിലും ടിവി ഇബ്രാഹിം കഴിഞ്ഞതവണ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കുറയ്ക്കാനായി എന്നതാണ് ഇടത് പക്ഷത്തിന് ഇത്തവണ പ്രതീക്ഷയേകുന്നത്. സുലൈമാൻ ഹാജിയിലൂടെ മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാക്കാമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

2011ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും അഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ടിവി ഇബ്രാഹിമും യുഡിഎഫും. 2017ലെ ലോക് സഭ ഉപതെരഞ്ഞെടുപ്പിലും കഴിഞ്ഞവർഷം നടന്ന ലോക് സഭ തെരഞ്ഞെടുപ്പിലും ലഭിച്ച ഭൂരിപക്ഷം ഇത്തവണയും നിലനിർത്താനാകുമെന്നാണ് ലീഗിന്റെ ആത്മവിശ്വാസം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP