Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽ

അസുര നിഗ്രഹത്തിന് എത്തിയതെന്ന് മാസ് ഡയലോഗുമായി എൻട്രി; പിന്നാലെ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്ന് പരാമർശം; ശബരിമല വിഷയം ചർച്ചയാക്കി കടകംപള്ളിയെ കടന്നാക്രമിച്ചു ശോഭാ സുരേന്ദ്രൻ; ശോഭയെ ജനം വിലയിരുത്തട്ടെ എന്നുമാത്രം പ്രതികരിച്ചു ദേവസ്വം മന്ത്രിയും; കഴക്കൂട്ടത്ത് പ്രചരണം ഹൈവോൾട്ടേജിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വം മന്ത്രിയുടെ മണ്ഡലമായ കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പു പ്രചരണം ഹൈവോൾട്ടേജിൽ. ശബരിമല മുഖ്യവിഷയമാക്കി കൊണ്ടാണ് ശോഭാ സുരേന്ദ്രൻ ഇവിടെ പോരിനിറങ്ങിയിരിക്കുന്നത്. ബിജെപിയുടെ ഈ പ്രചരണം ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഇരു നേതാക്കളും തമ്മിൽ വാക്‌പോര് നടത്തുമ്പോൾ കേരള സർക്കാറിന്റെ വീഴ്‌ച്ചകൾ എണ്ണിപറഞ്ഞു കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി എസ്എസ് ലാൽ പ്രചരണം നടത്തുന്നത്.

ഏതാനും ദിവസമായി കഴക്കൂട്ടത്തു സ്ഥാനാർത്ഥികളുടെ വാക്‌പോരു തുടരുകയാണ്. കടകംപള്ളി സുരേന്ദ്രൻ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം. താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളിയുടെ പ്രതികരണം.

എന്നാൽ ശബരിമല വിഷയത്തിൽ കടകംപള്ളി ഉരുണ്ടുകളിക്കുകയാണെന്നും താൻ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ശോഭ ഇന്നലെ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥിക്കു മറ്റൊന്നും പറയാനില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കിയ വികസനം പറഞ്ഞാണു താൻ വോട്ടു ചോദിക്കുന്നതെന്നുമാണു കടകംപള്ളിയുടെ ഇന്നലത്തെ മറുപടി. ശോഭാ സുരേന്ദ്രൻ മണ്ഡലത്തിൽ എത്തിയപ്പോൾ തന്നെ അസുര നിഗ്രഹത്തിന് എത്തിയതാണ് എന്നാണ് പറഞ്ഞിരുന്നത്. പിന്നാലെയാണ് തുടർച്ചയായി ശബരിമല വിഷയം ഉന്നയിച്ചു കൊണ്ട് പ്രചരണം കൊഴുപ്പിച്ചത.

ശബരിമല വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ട എന്ന് സിപിഎം നേതൃത്വം കടകംപള്ളി സുരേന്ദ്രനു നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമല സംഭവങ്ങളിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തള്ളിയിരുന്നു. അതേസമയം ഡോ. എസ്എസ് ലാലിന് വിനയാകുന്നത് തന്റെ പഴയ ഫേസ്‌ബുക്ക് കുറിപ്പുകളാണ്. യുവതീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള ഈ പോസ്റ്റുകൾക്കെതിരെ ശോഭാ സുരേന്ദ്രൻ രംഗത്തുവന്നു കഴിഞ്ഞു.

തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ ഒന്നു മുതൽ 12 വരെയുള്ള വാർഡുകൾ 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം മണ്ഡലം. സംസ്ഥാനത്ത് ബിജെപിക്ക് വേരോട്ടമുള്ള അവർ വിജയപ്രതീക്ഷ അധികം വെച്ചുപുലർത്തുന്ന മണ്ഡലം കൂടിയാണ് ഇത്. ഗ്രാമ- നഗര മേഖലകൾ ഇടകലർന്നു കിടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം. ബിജെപി നേതാവ് വി മുരളീധരൻ കഴിഞ്ഞതവണ കടകംപള്ളിക്കെതിരെ ശക്തമായ മത്സരമാണ് കാഴ്‌ച്ചവെച്ചിരുന്നത്.

ശബരിമല വിഷയം യുഡിഎഫും എൻഡിഎയും വിഷയമായി ഉയർത്തിക്കാട്ടുമ്പോൾ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിവരിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ടു തേടുന്നത്. ചരിത്രം നോക്കിയാൽ യുഡിഎഫിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. 1980 മുതൽ 2016 വരെയുള്ള ചരിത്രം പരിശോധിച്ചാൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ കാലം വിജയിച്ചത് യുഡിഎഫ് സ്ഥാനാർത്ഥികളാണ്. എന്നാൽ ഇരുമുന്നണികളെയും പിന്തുണയ്ക്കുന്നതിൽ പിശുക്ക് കാട്ടിയിട്ടുമില്ല. 2001 മുതൽ 2011 വരെ കോൺഗ്രസിലെ എം.എ വാഹിദാണ് മണ്ഡലത്തിൽ വിജയിച്ചത്. 2016ൽ മണ്ഡലം കടകം പള്ളി സുരേന്ദ്രനിലൂടെ എൽഡിഎഫ് പിടിച്ചെടുത്തു. എന്നാൽ മണ്ഡലം യുഡിഎഫിന് നഷ്ടപ്പെട്ടത് ബിജെപിയുടെ വോട്ടുവിഹിതത്തിലെ വർധനവ് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

2016 ലെ തിരഞ്ഞെടുപ്പിൽ വാഹിദിനെ പിന്തള്ളി ബിജെപി നേതാവ് വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് മണ്ഡലം കൂടുതൽ ശ്രദ്ധ നേടുന്നത്. 2011 ൽ വെറും 7508 വോട്ടുണ്ടായിരുന്ന സ്ഥാനത്താണ് 42,732 എന്ന വമ്പൻ മുന്നേറ്റം മുരളീധരൻ കാഴ്ചവെച്ചത്. ഇതോടെ മണ്ഡലത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ വാനോളമുയർന്നു.

മണ്ഡലത്തിലേക്ക് ആദ്യം വി. മുരളീധരനെയാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിപദത്തിലിരിക്കുന്ന മുരളീധരൻ മത്സരിക്കേണ്ടെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിലപാടെടുത്തു. വി. മുരളീധര പക്ഷത്തിനോട് ഇടഞ്ഞു നിൽക്കുന്ന ബിജെപി കോർകമ്മിറ്റി അംഗമായ ശോഭാ സുരേന്ദ്രനേ മണ്ഡലത്തിലേക്ക് കേന്ദ്രനേതൃത്വം നിയോഗിക്കുകയായിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിലുണ്ടായ അതൃപ്തി പരസ്യമായെങ്കിലും അത് പ്രചരണത്തെ ബാധിക്കാതിരിക്കാൻ എൻഡിഎ ശ്രദ്ധിക്കുന്നുണ്ട്.

മുരളീധരന്റെ തട്ടകത്തിൽ ശോഭ സ്ഥാനാർത്ഥിയാകുന്നത് തടയിടാൻ കോൺഗ്രസ് വിട്ടുവരുന്ന ഉന്നതനേതാവിനെ മത്സരിപ്പിക്കുമെന്ന പ്രചാരണമുയർത്തിയെങ്കിലും കേന്ദ്ര നേതൃത്വം ശോഭയുടെ കാര്യത്തിൽ നിലപാടിൽ ഉറച്ചുനിന്നതോടെ സംസ്ഥാന നേതൃത്വത്തിന് മുട്ടുമടക്കേണ്ടി വന്നു. വി.മുരളീധരൻ കഴിഞ്ഞ തവണ നേടിയ വോട്ടുകൾ വർധിപ്പിച്ച് കടകംപള്ളിയെ അട്ടിമറിക്കുകയെന്ന ദൗത്യമാണ് ശോഭാ സുരേന്ദ്രനു മുന്നിൽ. ശബരിമല വിഷയമാണ് പ്രധാന പ്രചാരണ ആയുധം.

മറുവശത്ത് 2000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നവകാശപ്പെട്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വോട്ടുചോദിക്കുന്നത്. എന്നാൽ ശബരിമല വിഷയത്തേക്കുറിച്ച് ഇനി ഒന്നും പറയാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ശബരിമലയിൽ സ്വീകരിച്ച നിലപാടുകളിൽ മന്ത്രി ഖേദപ്രകടനം നടത്തിയത് വാർത്തയായിരുന്നു. അതിന് പിന്നാലെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ലെന്ന് അറിയിച്ചതോടെ ശബരിമലയും വിശ്വാസവുമെല്ലാം മണ്ഡലത്തിൽ ശ്രദ്ധേയമായി.

മണ്ഡലം സ്വന്തമാക്കാൻ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡോ.എസ്.എസ്.ലാലിനെയാണ്. ചിറയിൻകീഴ് സ്വദേശിയായ ലാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. യൂണിവേഴ്‌സിറ്റി കോളജിലും മെഡിക്കൽ കോളജിലും യൂണിയൻ ചെയർമാനായിരുന്നു ലാൽ. കേരള സർവകലാശാലയുടെ സെനറ്റ് അംഗമായിരുന്നു. ഐഎംഎയിലെ നേതൃത്വം വഴി പൊതുജനാരോഗ്യ രംഗത്തും ഇടപെടൽ നടത്തി. വിദ്യാഭ്യാസം, ആരോഗ്യം, സ്പോർട്സ്, ടൂറിസം തുടങ്ങിയ രംഗങ്ങളെ ഏകോപിപ്പിച്ച് ഒരു ഗ്ലോബൽ ഹബ് ആക്കാൻ കഴിയുന്ന പ്രദേശമാണ് കഴക്കൂട്ടമെന്നും ലാൽ പറയുന്നു.

2016 ലെ തിരഞ്ഞെടുപ്പിന് ശേഷം നടന്ന 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ ആയിരുന്നു ഒന്നാമതെത്തിയത്. ശശി തരൂരിന് കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ ലഭിച്ച ലീഡ് 1490 വോട്ടാണ്. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് പിന്നിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പക്ഷെ എൽഡിഎഫ് തിരിച്ചുവന്നു. എൽഡിഎഫിന് - 48,799, യുഡിഎഫിന് -31,979, എൻഡിഎ- 36,309 എന്നിങ്ങനെയാണ് വോട്ട് നില.

21 കോർപറേഷൻ വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. തദ്ദേശ വാർഡുകളിൽ മിക്കതും ഭരിക്കുന്നത് എൽഡിഎഫ്. രണ്ടാം സ്ഥാനത്ത് ബിജെപിയും. കഴിഞ്ഞ മൂന്ന് വ്യത്യസ്ത തിരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനം നിലനിർത്തിയെന്നത് അവർക്ക് ആത്മവിശ്വാസം നൽകുന്നു. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെങ്കിൽ ഇരുമുന്നണികളെയും തറപറ്റിച്ച് വിജയിക്കാമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും കണക്കുകളാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണെങ്കിലും മണ്ഡലത്തിലെ ഈഴവ സമുദായത്തിന്റെ വോട്ടുകളാണ് നിർണായകമാവുക. പരമ്പരാഗതമായി ഇടതിന് കിട്ടിക്കൊണ്ടിരുന്ന ഈയൊരു വോട്ടുബാങ്ക് പക്ഷെ വി മുരളീധരൻ സ്ഥാനാർത്ഥിയായ സമയത്ത് ബിജെപിയിലേക്കും ഒഴുകിയിരുന്നു. അതോടൊപ്പം കോൺഗ്രസിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്നത് നായർ സമുദായങ്ങളും ക്രിസ്ത്യൻ- മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുമായിരുന്നു. എന്നാൽ നായർ വോട്ടുകളും ബിജെപി ചോർത്തുന്ന കാഴ്ചയാണ് 2016ൽ കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP