Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം; കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനം

പത്രികകളിലെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്ന് തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ; പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിക്ക് കൂടുതൽ സമയം നൽകിയ കാര്യം ചൂണ്ടിക്കാട്ടി വാദം;  കോടതിക്ക് ഇടപെടാനാവില്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ; ഹൈക്കോടതിയിൽ ബിജെപിക്ക് ഇന്ന് നിർണായക ദിനം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജികളിൽ ഇന്ന് തീർപ്പുണ്ടായേക്കും. ഞായറാഴ്‌ച്ച അവധി ദിനമായിട്ടു ഇന്നലെ കേസ് പരിഗണിച്ച് അപൂർവ്വ സംഭവങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ ബിജെപി സ്ഥാനാർത്ഥികൾ ഏറെ പ്രതീക്ഷയിലാണ്. അതേസമയം തെരഞ്ഞെടുപ്പു കമ്മീഷൻ തങ്ങളുടെ അധികാരത്തിൽ കോടതി അനാവശ്യമായി കൈകടത്തേണ്ട കാര്യമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ന് നിർണായക വിധിയാകും ഹൈക്കോടതി പുറപ്പെടുവിക്കുക.

ഇന്നലെ കേസ് പരിഗണിക്കാൻ ഞായറാഴ്ചയായിട്ടും ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എൻ. നഗരേഷ് ഹർജികൾ ഇന്നത്തേക്കു മാറ്റി. അതേസമയം, തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പു കമ്മിഷൻ ഉന്നയിച്ചിട്ടുണ്ട്.

റിട്ടേണിങ് ഓഫിസർമാർ തങ്ങളുടെ പത്രിക തള്ളിയതു മനസ്സിരുത്തിയല്ലെന്നും പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയാകുന്നതു വരെ അപാകത പരിഹരിക്കാൻ അനുവദിക്കണമെന്നും ബിജെപിയുടെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാർത്ഥികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

നിസ്സാര പിഴവുകളുടെ പേരിൽ തള്ളരുതെന്നുള്ള ജനപ്രാതിനിധ്യ നിയമ വ്യവസ്ഥ പരിഗണിച്ചില്ല. അന്തിമ സ്ഥാനാർത്ഥിപ്പട്ടിക വരുന്നതിനു മുൻപു കോടതി ഇടപെടണം. റിട്ടേണിങ് ഓഫിസർ ചെക്ക് ലിസ്റ്റിൽ ചൂണ്ടിക്കാട്ടിയതു യഥാർഥ കാരണമല്ലെന്നും അതിനാൽ തിരുത്താനുള്ള അവസരം കിട്ടിയില്ലെന്നും തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ അഭിഭാഷകൻ വാദിച്ചു. എ, ബി ഫോമുകൾ നൽകിയില്ലെന്ന കാരണമാണു ചെക്ക് ലിസ്റ്റിൽ പറഞ്ഞത്. എന്നാൽ ഫോം എയിൽ ബിജെപി ദേശീയ പ്രസിഡന്റിന്റെ ഒപ്പുണ്ടായിരുന്നില്ലെന്നാണു തള്ളിയപ്പോൾ പറഞ്ഞത്. ആദ്യമേ കൃത്യമായി തെറ്റ് ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ പരിഹരിക്കാമായിരുന്നു. റിട്ടേണിങ് ഓഫിസർ സ്ഥിരതയില്ലാത്ത നിലപാട് എടുത്തതു ദുരുദ്ദേശ്യപരമാണെന്നും വാദിച്ചു.

പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി റോബിൻ മാത്യുവിനു പത്രികയ്‌ക്കൊപ്പം വേണ്ട ഫോം എയും ബിയും നൽകാൻ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലർക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകൻ വാദിച്ചു. കൊണ്ടോട്ടിയിൽ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസർമാർക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.

ഫോം എയും ബിയും നിർബന്ധമല്ലെന്നും ചിഹ്നം അനുവദിക്കുന്ന കാര്യത്തിൽ മാത്രമാണ് അതിനു പ്രസക്തിയെന്നും ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകൻ വാദിച്ചു. റിട്ടേണിങ് ഓഫിസർക്കു തെറ്റിയെന്നു പിന്നീടു ബോധ്യപ്പെട്ടാൽ ഉപതിരഞ്ഞെടുപ്പിലേക്കു പോകും. ഖജനാവിനു നഷ്ടമുണ്ടാകും. ഈ ഫോമുകളില്ലെങ്കിൽ പരമാവധി പാർട്ടി ചിഹ്നം നഷ്ടപ്പെടുമെന്നേയുള്ളൂ, മത്സരിക്കാൻ സാധിക്കുമെന്നും വാദിച്ചു. എന്നാൽ, സ്വതന്ത്ര സ്ഥാനാർത്ഥിയാകണമെങ്കിൽ 10 വോട്ടർമാരുടെ പിന്തുണ വേണമെന്ന വ്യവസ്ഥ ബാധകമാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകൻ പ്രതികരിച്ചു. പത്രിക സമർപ്പിക്കാനുള്ള സമയപരിധി തീരും മുൻപ് ഫോം എയും ബിയും സമർപ്പിക്കണമെന്നു വ്യവസ്ഥയുണ്ടെന്നും ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കുംവിധം കോടതികൾക്ക് ഇടപെടാനാവില്ലെന്നും ഹർജി നിലനിൽക്കില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വാദിച്ചു. റിട്ടേണിങ് ഓഫിസറും ജില്ലാ ഇലക്ടറൽ ഓഫിസറും ഹർജികളിൽ അവശ്യ കക്ഷികളാണെന്ന് അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. കോടതി ഇടപെടൽ സംബന്ധിച്ച ചില പ്രസക്ത വിധിന്യായങ്ങളും ശ്രദ്ധയിൽപെടുത്തി.

അടിയന്തര സാഹചര്യം വ്യക്തമാക്കി ചീഫ് ജസ്റ്റിസിന്റെ അനുമതി വാങ്ങിയായിരുന്നു കോടതി ഇന്നലെ സ്‌പെഷൽ സിറ്റിങ് നടത്തിയത്. കോടതിയുടെ അവധിദിനങ്ങളിൽ അപൂർവമാണു സിറ്റിങ്. ലോക്ഡൗൺ കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ സ്‌പെഷൽ സിറ്റിങ് നടത്തിയിരുന്നു. സോളർ കമ്മിഷൻ റിപ്പോർട്ടിനെതിരെ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നൽകിയ ഹർജി പ്രവൃത്തി ദിനമല്ലാത്ത ശനിയാഴ്ച പരിഗണിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സിന്റെ ദേശീയ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അപ്പീലും ഒരു ഞായറാഴ്ച പരിഗണിച്ചു.

അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു വരെ. അതോടെ അന്തിമ സ്ഥാനാർത്ഥിപട്ടികയാകും. സൂക്ഷ്മ പരിശോധനയ്ക്കു ശേഷം 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാർത്ഥികളാണുള്ളത്. ചിഹ്നം അനുവദിക്കുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഉടൻ ആരംഭിക്കും. ഒരേ ചിഹ്നം ഒന്നിലേറെപ്പേർ ആവശ്യപ്പെട്ടാൽ നറുക്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP