Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാക്കുകൾ ചാട്ടുളി പോലെ; കൊണ്ടും കൊടുത്തും കെ.ടി.ജലീലും ഫിറോസ് കുന്നംപറമ്പിലും മുന്നേറുമ്പോൾ തവനൂരിൽ വീറും വാശിയും കൂടുന്നു; ഫിറോസ് സങ്കരയിനം സ്ഥാനാർത്ഥി എന്ന് പേരുപറയാതെ ജലീൽ; താൻ സങ്കരയിനമെന്ന് പറയുന്ന ആളുടെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമെന്ന് ഫിറോസും

വാക്കുകൾ ചാട്ടുളി പോലെ;  കൊണ്ടും കൊടുത്തും കെ.ടി.ജലീലും ഫിറോസ് കുന്നംപറമ്പിലും  മുന്നേറുമ്പോൾ തവനൂരിൽ വീറും വാശിയും കൂടുന്നു; ഫിറോസ് സങ്കരയിനം സ്ഥാനാർത്ഥി എന്ന് പേരുപറയാതെ ജലീൽ; താൻ സങ്കരയിനമെന്ന് പറയുന്ന ആളുടെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമെന്ന് ഫിറോസും

മറുനാടൻ മലയാളി ബ്യൂറോ

തവനൂർ: തവനൂരിൽ വാശിയേറിയ പോരാട്ടത്തിനിടെ, എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി.ജലീലും യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കള്ളപ്രചാരണങ്ങൾ എത്രയൊക്കെ നടന്നാലും തന്റെ രോമത്തിൽ പോലു തൊടാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്ന് ജലീൽ ആമ്തവിശ്വാസം കൊള്ളുമ്പോൾതാൻ 110 ശതമാനവു വിജയിക്കുമെന്നാണ് ഫിറോസിന്റെ അവകാശവാദം. ഏതായാലും ഇരുവരും പരസ്പരം കോർക്കുന്ന ഡയലോഗുകൾ തുടരുകയാണ്.

കോൺഗ്രസ് വേഷം കെട്ടിച്ച് നിർത്തുന്ന സങ്കരയിനം സ്ഥാനാർത്ഥിയാണ് താനെന്ന കെടി ജലീലിന്റെ പരാമർശത്തിൽ മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ എത്തി. താൻ സങ്കരയിനമാണെങ്കിൽ ഇദ്ദേഹം ഇതേത് ഇനമാണെന്നാണ് ഫിറോസിന്റെ ചോദ്യം. ജലീലിന്റെ ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണെന്നും ഫിറോസ് പരിഹസിച്ചു.

'ഞാൻ സങ്കരയിനമാണെങ്കിൽ ഇദ്ദേഹം ഇതേത് ഇനമാണ്? ഫിറോസ് പറമ്പിൽ ഒരു കോൺഗ്രസുകാരനായിരുന്നു. ഇപ്പോൾ ലീഗിലേക്ക് വന്നു. ഇപ്പോൾ യുഡിഎഫ് സീറ്റിൽ കൈപ്പത്തി അടയാളത്തിൽ മത്സരിക്കുന്നു. പക്ഷേ, അദ്ദേഹം ലീഗുകാരനായിരുന്നു. ഇപ്പോൾ സിപിഐഎം ആണെന്ന് പറയുന്നുണ്ട്. അവരോട് ചോദിച്ചാൽ പറയും ഞങ്ങളുടെ ആളല്ലെന്ന്. ചിഹ്നം ആക്രിക്കടയിലെ കപ്പും സോസറുമാണ്. ഇദ്ദേഹമാണ് ഫിറോസ് സങ്കരയിനമാണെന്ന് പറയുന്നത്', ഫിറോസ് കുന്നംപറമ്പിലിന്റെ പരിഹാസം ഇങ്ങനെ.

ഇദ്ദേഹം മുമ്പ് യൂത്ത് ലീഗ്കാരനായിരുന്നെന്നും ഒരു സങ്കരയിനം സ്ഥാനാർത്ഥിയെ നിർത്തി തന്നെ തോൽപ്പിക്കാൻ പറ്റുമോയെന്ന അവസാന ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്നും കെടി ജലീൽ പരിഹസിച്ചിരുന്നു. ഫിറോസ് കുന്നംപറമ്പിലിന്റെ പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.

തോറ്റാൽ താൻ ഉണ്ടാകുമോ എന്നറിയില്ലെന്നും തന്നെ വകവരുത്താനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും ഫിറോസ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞിരുന്നു. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുൻപേ ഓർമ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീർച്ചയായും വധഭീഷണിയുണ്ട്. തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ട്. എന്നാലും താൻ തളരില്ലെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഞാൻ എന്തായാലും സ്വർണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി വെൽഫെയർ അസോസിയേഷനും കിഡ്‌നി ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് ജോലിക്ക് പോകാൻ പറ്റാത്തതുകൊണ്ട് അവർക്ക് സഹായങ്ങളും മരുന്നു നൽകുന്നതായിരുന്നു പദ്ധതി. കെ ടി ജലീൽ സർക്കാർ തലത്തിൽ സമ്മർദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി. കിഡ്‌നി വെൽഫെയർ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോൾ ഭാരവാഹികൾ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോൾ ഇത്തരം പദ്ധതികൾ ജലീൽ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായിയെന്നും ഫിറോസ് പറഞ്ഞിരുന്നു.

ആരുടെ സൗജന്യം പറ്റിയും താൻ വീടും കാറും വാങ്ങിച്ചില്ലെന്നും തന്റെ പേരിൽ ആരുടെ മുന്നിലും വോട്ടർമാർക്കു തലകുനിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നും മന്ത്രി ജലീൽ പറഞ്ഞിരുന്നു. എന്തൊക്കെ കള്ളപ്രചാരണങ്ങളാണ് തനിക്കെതിരെ നടന്നത്. മൂന്നു ദേശീയ അന്വേഷണ ഏജൻസികൾ തന്റെ തലക്കുമുകളിൽ ബൈനോക്കുലർവെച്ചു പരിശോധിച്ചു. എന്നിട്ട് അവസാനം എന്തായി. നിങ്ങളുടെ ജനപ്രതിനിധിയുടെ ഒരുരോമത്തിൽ തൊടാൻ കഴിഞ്ഞോ, സത്യം തെളിഞ്ഞില്ലേയെന്നും ജലീൽ ചോദിക്കുകയുണ്ടായി.

ആളുകളുടെ കയ്യിൽ നിന്നും പണപ്പിരിവ് നടത്തി കൊട്ടാര സമാനമായ വീടുണ്ടാക്കിയെന്ന് നിങ്ങൾക്കു തന്നെ കുറിച്ചു കേൾക്കേണ്ടിവരില്ല. ആളുകളുടെ സൗജന്യം പറ്റി കാറുവാങ്ങിയെന്ന് നിങ്ങൾക്ക് തന്നെ കുറിച്ചു കേൾക്കേണ്ടിവരില്ല. നിങ്ങൾ തന്റെ വീട്ടിൽ വന്നവരാണ്. ഒരാളുടെ വീട്ടിൽ പോയി നോക്കിയായാൽ കാര്യങ്ങൾ മനസിലാകും. ഒരു തരി പൊന്നില്ലാത്ത വീട്ടിൽ നിന്നും വരുന്നയാളാണെന്നും കെ ടി ജലീൽ പറഞ്ഞിരുന്നു.

അതേസമയം, മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ അപരന്മാർ തവനൂരിലാണ്. ഫിറോസ് കുന്നംപറമ്പിലിനാണ് അപരശല്യം രൂക്ഷമാകുക. ഒരു മുഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാലു പേരാണ് കുന്നംപറമ്പിലിന് എതിരെ മത്സരരംഗത്തുള്ളത്.
മന്ത്രി കെ.ടി ജലീലിനുമുണ്ട് ഒരു അപരൻ. ജലീൽ എന്ന പേരിലാണ് ഇയാൾ മത്സരിക്കുന്നത്.

2016ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ ടി ജലീൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തിയത്. ജലീൽ 68,179 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥി ഇഫ്തിഖറുദ്ദീൻ മാസ്റ്റർ 51,115 വോട്ടുകളും നേടി. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രവി തേലത്തിന് 15,801 പേർ വോട്ടു ചെയ്തു.

2011ൽ 6,854 വോട്ടായിരുന്നു ജലീലിന്റെ ഭൂരിപക്ഷം. ജലീൽ 57,729 വോട്ടുകളും കോൺഗ്രസിന്റെ വി വി പ്രകാശ് 50,875 വോട്ടുകളും കരസ്ഥമാക്കി. ബിജെപി സ്ഥാനാർത്ഥിയായ നിർമലാ കുട്ടികൃഷ്ണൻ പുന്നക്കലിന് 7,107 വോട്ടാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP