Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

രാവിലെ ആറു മുതൽ എട്ടു വരെ ട്യൂഷൻ എടുക്കൽ; പിന്നീട് പൊതുപ്രവർത്തനവും അഭിഭാഷകവൃത്തിയും; ഫീസ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവർത്തനം; കോവിഡു കാലത്ത് രോഗ ബാധിതർക്കും ആശ്വാസമായി; ഫെയ്‌സ് ബുക്കിലെ ഹലോ ഡോക്ടർ ആശ്വാസമായത് നിരവധി പേർക്ക്; ആംബുലൻസ് സൗകര്യവും; ചേർത്തലയിൽ ശരത് വോട്ട് ചോദിക്കുമ്പോൾ

രാവിലെ ആറു മുതൽ എട്ടു വരെ ട്യൂഷൻ എടുക്കൽ; പിന്നീട് പൊതുപ്രവർത്തനവും അഭിഭാഷകവൃത്തിയും; ഫീസ് കിട്ടുന്ന പണം കൊണ്ട് പൊതുപ്രവർത്തനം; കോവിഡു കാലത്ത് രോഗ ബാധിതർക്കും ആശ്വാസമായി; ഫെയ്‌സ് ബുക്കിലെ ഹലോ ഡോക്ടർ ആശ്വാസമായത് നിരവധി പേർക്ക്; ആംബുലൻസ് സൗകര്യവും; ചേർത്തലയിൽ ശരത് വോട്ട് ചോദിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : കോവിഡ് കാലത്ത് നാട്ടിൽ ഓൺലൈൻ വിദ്യാഭ്യാസം വന്നപ്പോൾ ചാനലുകളിലൂടെ വിവിധ കോണുകളിൽ നിന്ന് കുട്ടികൾ അനുഭവങ്ങൾ പങ്കുവച്ചു. അക്കൂട്ടത്തിൽ ചേർത്തല താലൂക്കിൽ നിന്ന് നിന്നുള്ള വാർത്തകളിൽ ഇടം പിടിച്ച പേരാണ് ശരത്. സിപിഐയുടെ കോട്ടകളിൽ ഒന്നാണ് ചേർത്തല. ഈ ചേർത്തലയിൽ അട്ടിമറിക്ക് ഒരുങ്ങുകയാണ് ശരത്.

'എനിക്ക് ടിവി വാങ്ങിതന്നത് ശരത്തേട്ടനാണ്' നിരവധിതവണ ഇത് ആവർത്തിച്ചു. ശരത്തേട്ടനെ അന്വേഷിച്ചവർ അറിഞ്ഞത് 37 കാരനായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കഥയും. ചേർത്തലയിലെ പാവപ്പെട്ട 70കുട്ടികൾക്ക് ടിവി വാങ്ങി നൽകിയും അവർക്കൊപ്പം സഞ്ചരിച്ചും ശ്രദ്ധേയമായ ശരത്തിന്റെ പേര് വീണ്ടും സജീവമായി ഉയർന്നത് ഈ തിരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചേർത്തലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ പിന്നീട് അങ്ങോട്ട് നാട്ടിലെ എംഎ‍ൽഎയെക്കാൾ തിരക്കുള്ള പൊതുപ്രവർത്തകനായി ശരത് മാറി. ഇക്കുറി ചേർത്ത് നിറുത്താം ചേർത്തലക്കൊപ്പമെന്ന മുദ്രാവാക്യവുമായി ശരത്ത് മത്സരംഗത്ത് സജീവമായതോടെ ചേർത്തലയ്ക്ക് പുറത്തുള്ളവരും തിരഞ്ഞെടുപ്പ് ഫലം കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.

പൊതുപ്രവർത്തകനായും അഭിഭാഷകനായും തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ട്യൂഷൻ പഠിപ്പിക്കാനും ശരത്ത് സമയം കണ്ടെത്തി.15 വർഷക്കാലമായി അരീപ്പറമ്പിലെ ട്യൂഷൻ സെന്ററായ നാരയണ വിദ്യാഭവനിൽ അദ്ധ്യാപകനായാണ് പ്രവർത്തിക്കുന്നത്.
ശരത് രാവിലെ ആറരയ്ക്ക് ട്യൂഷൻ സെന്ററിലെത്തും. എട്ടുമണി വരെ പഠിപ്പിക്കും. തുടർന്നാണ് പൊതുപ്രവർത്തനം. നിയമത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവുമുള്ള ചരിത്രാധ്യാപകനാണ്. 8, 9, 10 ക്ലാസുകളിലെ കുട്ടികളെയാണ് പഠിപ്പിക്കുന്നത്. ട്യൂഷൻ എടുത്തു കിട്ടുന്ന പണം പൊതുപ്രവർത്തനത്തിനാണ് ചെലവാക്കുന്നത്. കലാകായികവിദ്യാഭ്യാസ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്ക് കൃത്യമായി സമ്മാനം എത്തിക്കാനും ശരത്ത് ശ്രമിക്കും.

കോവിഡ് കാലത്ത് കുട്ടികളെ പോലെ രോഗബാധിതരെയും ശരത്ത് ചേർത്തു നിറുത്തി. ഇതിനായി ചേർത്തലയിൽ മെഡികെയർ പദ്ധതി നടപ്പിലാക്കി. ഹലോ ഡോക്ടർ ഫോൺ ഇൻ തത്സമയ പരിപാടി ഫേസ്‌ബുക് പേജിലൂടെ സംഘടിപ്പിച്ചു . ആശുപത്രിയികളിൽ പോകാൻ കഴിയാത്തവർക്ക് ഡോക്ടരുമായി സംവദിക്കാനുള്ള അവസരം ഒരുക്കി നൽകി. രോഗികളുടെ പ്രശ്നങ്ങൾ ഡോക്ടർക്ക് ഒപ്പം ഇരുന്ന് കേട്ടതിനു ശേഷം അവർക്ക് ആവിശ്യമായ മരുന്നുകളും ചികിത്സ സഹായങ്ങളും സൗജന്യമായി എത്തിച്ചു നൽകി. ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യവും ഒരുക്കി.

ഇതോടൊപ്പം ആളുകൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്താൽ നടപ്പാക്കി. തണ്ണീർമുക്കത്ത് ജോബിൻ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ അടുക്കള ഒരുക്കി യൂത്ത് കെയർ കിച്ചൻ എന്ന പേരിലായിരുന്നു ഭക്ഷണ വിതരണം.
ദിവസേന 600 ആളുകൾക്ക് പ്രഭാത ഭക്ഷണം നൽകാൻ ഓടി നടന്നതും ശരത്താണെന്ന് ചേർത്തലക്കാർ പറയുന്നു. 1983ൽ വി എസ്. ശശികുമാരൻ നായരുടെയും രത്നമ്മയുടെയും മകനായി ചേർത്തലയിലാണ് ശരത്തിന്റെ ജനനം. ചേർത്തല തെക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു. പ്രതിനിധിയായി മത്സരിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തി. ചേർത്തല എൻഎസ്എസ് കോളേജിലെ പഠന കാലത്ത് കോളേജ് യൂണിയൻ ഭാരവാഹിയായി.

ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടി. കോളേജ് പഠന കാലത്ത് ഒന്നാം വർഷം മാഗസിൻ എഡിറ്ററായും, രണ്ടാം വർഷം ജനറൽ സെക്രട്ടറിയായും, മൂന്നാം വർഷം കോളേജ് യൂണിയൻ ചെയർമാനായും മത്സരിച്ച് വിജയിച്ചു. തുടർന്ന് കെ.എസ്.യു ചേർത്തല താലൂക്ക് പ്രസിഡന്റായും ജില്ലാ വൈസ് പ്രസിഡന്റായും തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിലേക്കും തെരെഞ്ഞെടുത്തു. ഇതോടൊപ്പം നിയമത്തിൽ ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി.

2017 2019 കാലഘട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 2020ൽ കെ. പി. സി. സി സെക്രട്ടറിയായി. സെന്റ് മൈക്കിൾസ് കോളേജിലെ അദ്ധ്യാപികയായ ഡോ. ശരണ്യയാണ് ഭാര്യ. ഏകമകൾ പ്രിയദർശിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP