Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലശ്ശേരിയിൽ ഇല്ലാതെ പോയത് നദ്ദയുടെ ഒപ്പ്; ഗുരുവായൂരിൽ തിരിച്ചടിയായത് സുരേന്ദ്രന്റെ ഒപ്പില്ലായ്മ്മ; ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമത്തിലെ പിശകിൽ പത്രകി തള്ളാനാകില്ലെന്ന് വാദം; ഹർജിയുടെ പ്രാധാന്യം ഉൾക്കൊണ്ട് ഞായറാഴ്ച ഹൈക്കോടതി ചേരും; തള്ളിയാൽ നാളെ സുപ്രീംകോടതിയേയും സമീപിക്കും; പത്രിക തള്ളലിൽ ബിജെപി കോടതിയിൽ

തലശ്ശേരിയിൽ ഇല്ലാതെ പോയത് നദ്ദയുടെ ഒപ്പ്; ഗുരുവായൂരിൽ തിരിച്ചടിയായത് സുരേന്ദ്രന്റെ ഒപ്പില്ലായ്മ്മ; ചിഹ്നം അനുവദിക്കാനുള്ള നടപടിക്രമത്തിലെ പിശകിൽ പത്രകി തള്ളാനാകില്ലെന്ന് വാദം; ഹർജിയുടെ പ്രാധാന്യം ഉൾക്കൊണ്ട് ഞായറാഴ്ച ഹൈക്കോടതി ചേരും; തള്ളിയാൽ നാളെ സുപ്രീംകോടതിയേയും സമീപിക്കും; പത്രിക തള്ളലിൽ ബിജെപി കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ ഇന്ന് ഹൈക്കോടതയിൽ ഹർജി നൽകും. ഇന്ന് ഉച്ചയ്ക്ക് തന്നെ ഹർജി കോടതി പരിഗണിക്കും. പ്രത്യേക സിറ്റിങ് നടത്തി കേസ് കേൾക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ അഭിഭാഷകന്റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും സിറ്റിങ് നടത്തുക. തലശ്ശേരി, ഗുരുവായൂർ സ്ഥാനാർത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥിയും ബിജെപിയുടെ കണ്ണർ ജില്ലാ അധ്യക്ഷനുമായ എൻ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചുള്ള ദേശീയ അദ്ധ്യക്ഷന്റെ ഒപ്പോട് കൂടിയ കത്ത് ഇല്ല എന്നതാണ് തള്ളാനുള്ള കാരണം. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിക്കാതായതോടെ കണ്ണൂരിൽ ബിജെപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തിൽ പാർട്ടിക്ക് സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി. കഴിഞ്ഞ തവണ 22000ത്തിലേറെ വോട്ട് ബിജെപിക്ക് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിതയുടെ പത്രിക സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാലാണ് തള്ളിയത്. ഇതിന് പുറമേ ദേവികുളത്തും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക വരണാധികാരി തള്ളിയിരുന്നു. എഐഎഡിഎംകെയിലെ ആർഎം ധനലക്ഷ്മിയായിരുന്നു ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥി. എന്നാൽ ഈ പത്രിക തള്ളലിൽ സാങ്കേതിക പിഴവുകൾ ഏറെയാണ്.

തലശേരിയിൽ ബിജെപി. കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസ്, ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാനാധ്യക്ഷകൂടിയായ നിവേദിത സുബ്രഹ്മണ്യൻ, ദേവികുളത്ത് ധനലക്ഷ്മി (എ.ഐ.എ.ഡി.എം.കെ) എന്നിവർക്കാണു പത്രികയിലെ പിഴവുമൂലം സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം മാനിച്ചാണ് അതിവേഗം ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും കേസ് തള്ളിയാൽ നാളെ സുപ്രീംകോടതിയേയും സമീപിച്ചേക്കും. കോടതി നിലപാടുകളാണ് അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ ഇനി നിർണ്ണായകം.

കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ടുള്ള തലശേരി മണ്ഡലത്തിൽ 25-ന് അമിത് ഷാ പ്രചാരണത്തിനെത്താനിരിക്കേയാണു ബിജെപിക്കു സ്ഥാനാർത്ഥി ഇല്ലാതായത്. ചിഹ്നം അനുവദിക്കാൻ സംസ്ഥാനഭാരവാഹിയെ ചുമതലപ്പെടുത്തി ദേശീയാധ്യക്ഷൻ നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണു ഹരിദാസിന്റെ പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയായി ബിജെപി. മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ ഇരുവർക്കും ഒന്നായതിനാൽ അതും സ്വീകരിച്ചില്ല. ഇതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണു ബിജെപി. തീരുമാനം. തലശേരിയിൽ 2016-ലെ തെരഞ്ഞെടുപ്പിൽ ബിജെപി. 22,125 വോട്ട് നേടിയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചു. മണ്ഡലത്തിലെ നിരവധി വാർഡുകളിൽ സിപിഎമ്മിനു പിന്നിൽ ബിജെപി. രണ്ടാമതെത്തി.

എൻ.ഡി.എയ്ക്കു സ്ഥാനാർത്ഥി ഇല്ലാതായതോടെ തലശേരിയിൽ എൽ.ഡി.എഫിന്റെ സിറ്റിങ് എംഎ‍ൽഎ: എ.എൻ. ഷംസീറും യു.ഡി.എഫിന്റെ കെ.പി. അരവിന്ദാക്ഷനുമാണു പ്രധാനമായും മത്സരരംഗത്തുള്ളത്. സിപിഎം. വിമതൻ സി.ഒ.ടി. നസീറാണു മറ്റൊരു സ്ഥാനാർത്ഥി. സിപിഎം കോട്ടയായ കണ്ണൂരിൽ ബിജെപി. ഇത്തവണ ഏറെ പ്രതീക്ഷ പുലർത്തിയ മണ്ഡലമായിരുന്നു തലശേരി.

ചിഹ്നം അനുവദിക്കാൻ സംസ്ഥാനഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫോം എയിൽ ബിജെപി. ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സീൽ മാത്രമാണുണ്ടായിരുന്നത്. ഒപ്പില്ലെന്ന കാരണത്താലാണു വരണാധികാരി പത്രിക തള്ളിയത്. അവസാനദിവസമായ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണു ഹരിദാസ് പത്രിക സമർപ്പിച്ചത്. ഒപ്പില്ലെന്നു വരണാധികാരി അറിയിച്ചതിനേത്തുടർന്ന് ഫാക്സ് വഴി ലഭിച്ച പ്രസിഡന്റിന്റെ ഒപ്പിട്ട ഫോം നൽകിയെങ്കിലും സ്വീകരിച്ചില്ല. അവസാനദിവസമായതിനാൽ പകരം അസൽ ഫോം സമർപ്പിക്കാനും കഴിഞ്ഞില്ല. ഇന്നലെ നടന്ന സൂക്ഷ്മപരിശോധനയിൽ സ്ഥാനാർത്ഥിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും വരണാധികാരി വഴങ്ങിയില്ല.

ഡമ്മി സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാതിരുന്ന ഗുരുവായൂരിലും എൻ.ഡി.എയ്ക്കു സ്ഥാനാർത്ഥിയില്ലാതായി. നിവേദിത സുബ്രഹ്മണ്യനും അവസാനദിവസമാണു പത്രിക സമർപ്പിച്ചത്. ബിജെപി. സ്ഥാനാർത്ഥിയാണെന്നു സാക്ഷ്യപ്പെടുത്തി സംസ്ഥാനാധ്യക്ഷൻ ഒപ്പിട്ട സത്യവാങ്മൂലം ഹാജരാക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു പത്രിക തള്ളിയത്. സംസ്ഥാനാധ്യക്ഷന്റെ സീൽ മാത്രമാണുണ്ടായിരുന്നത്. ഇന്നലെ രാവിലെ ഒപ്പുള്ള സത്യവാങ്മൂലം ഹാജരാക്കിയെങ്കിലും വരണാധികാരി സ്വീകരിച്ചില്ല. ബിജെപിക്കുവേണ്ടി നിവേദിത മാത്രമാണു പത്രിക സമർപ്പിച്ചിരുന്നത്. ഇതോടെ എൽ.ഡി.എഫിലെ എൻ.കെ. അക്‌ബറും യു.ഡി.എഫിലെ കെ.എൻ.എ. ഖാദറും തമ്മിൽ നേരിട്ടുള്ള മത്സരത്തിനു ഗുരുവായൂരിൽ കളമൊരുങ്ങി.

ദേവികുളത്ത് എൻ.ഡി.എയിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥി ധനലക്ഷ്മി, ഡമ്മി സ്ഥാനാർത്ഥി പൊൻപാണ്ടി, ബി.എസ്‌പി. സ്ഥാനാർത്ഥി തങ്കച്ചൻ എന്നിവരുടെ പത്രികയാണു തള്ളിയത്. ഫോം 26 ടൈപ്പ് ചെയ്ത് സമർപ്പിച്ചതിലെ ന്യൂനതകളാണു ധനലക്ഷ്മിക്കും പൊൻപാണ്ടിക്കും വിനയായത്. നോട്ടറിയുടെ സ്റ്റാമ്പ് എല്ലാ പേജിലും പതിക്കണമെന്ന നിബന്ധന പാലിക്കാത്തതിനാലാണു ബി.എസ്‌പി. സ്ഥാനാർത്ഥിയുടെ പത്രിക നിരസിച്ചത്. കോൺഗ്രസ് പ്രതിനിധിയായി ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്ന ധനലക്ഷ്മി പിന്നീട് എ.ഐ.എ.ഡി.എം.കെയിൽ ചേരുകയായിരുന്നു. ദേവികുളത്തു സ്വതന്ത്രസ്ഥാനാർത്ഥി എം. ഗണേശനെ പിന്തുണയ്ക്കാൻ എൻ.ഡി.എ. തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP