Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ്​ കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്‍ട്രീയ കേരളം

കമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇരുപതിനായിരത്തിലധികം വോട്ടുകളുള്ള തലശ്ശേരിയിൽ ഇക്കുറി ബിജെപിക്ക് സ്ഥാനാർത്ഥിയില്ല; ജില്ല പ്രസിഡൻറ്​ കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത് സൂക്ഷ്മ പരിശോധനയിൽ; ദേവികുളം മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; രണ്ട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി ഇല്ലാതായതിന് പിന്നിലെ ഡീല് തേടി രാഷ്‍ട്രീയ കേരളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവികുളത്തും തലശ്ശേരിയിലും എൻഡിഎ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെ രാഷ്ട്രീയ കേരളത്തിൽ പുതിയ വിവാദം ഉയരുന്നു. കമ്മ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള തലശ്ശേരി മണ്ഡലത്തിൽ ബിജെപി ജില്ല പ്രസിഡൻറ്​ കൂടിയായ എൻ. ഹരിദാസിന്റെ പത്രികയാണ് സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളിയത്. ദേവികുളം മണ്ഡലത്തിൽ കഴിഞ്ഞ തവണ മൂന്ന് മുന്നണികൾക്കും എതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്തെത്തിയ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായ ആർ.ധനലക്ഷ്​മിയുടെ പത്രികയും തള്ളി. എൻഡിഎയുടെ ഭാ​ഗമായാണ് ധനലക്ഷ്മി ഇവിടെ ഇക്കുറി പത്രിക സമർപ്പിച്ചിരുന്നത്. ഏതെങ്കിലും ഡീലിന്റെ ഭാ​ഗമായാണോ ഇരുവരുടെയും പത്രിക തള്ളിയതെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.

തലശ്ശേരിയിൽ ബിജെപി ജില്ല പ്രസിഡൻറ്​ കൂടിയായ എൻ. ഹരിദാസിന്റെ പത്രിക സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളുകയായിരുന്നു. സത്യവാങ്മൂലത്തോടൊപ്പം സമർപ്പിക്കേണ്ട ഒറിജിനൽ രേഖകൾക്കു പകരം പകർപ്പ് സമർപ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തിൽ ബിജെപിക്ക് ഡമ്മി സ്ഥാനാർത്ഥിയുമില്ല. സിറ്റിങ് എംഎൽ.എ അഡ്വ. എ എൻ ഷംസീറാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി. എഫിനു വേണ്ടി കോൺഗ്രസിലെ എംപി. അരവിന്ദാക്ഷൻ ജനവിധി തേടുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി ഷംസീർ ഇബ്രാഹിമും മത്സര രംഗത്തുണ്ട്.

ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016 ൽ ബിജെപി തലശ്ശേരിയിൽ 22,126 വോട്ടുകൾ നേടിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി.

ഇടുക്കി ദേവികുളം മണ്ഡലം AIADMK-NDA സ്ഥാനാർത്ഥി ആർ ധനലക്ഷ്മിയുടെ പത്രികയും ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. ഇതടക്കം നാലു സ്ഥാനാർത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. 2016 ൽ മൂന്ന് മുന്നണികൾക്കെതിരെ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മൽസരിച്ച ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദേവികുളം സീറ്റിൽ എഐഎഡിഎംകെയെ പിന്തുണയ്ക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

ദേവികുളത്ത് അഡ്വ. എ രാജയാണ് സിപിഎം സ്ഥാനാർത്ഥി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി കുമാർ ആണ് യുഡിഎഫ് സ്ഥാനാർത്ഥി. കണ്ണൻ ദേവൻ കമ്പനിയുടെ കീഴിലെ കുണ്ടള എസ്‌റ്റേറ്റ് പുതുക്കടി ഡിവിഷൻ സ്വദേശിയായ കുമാർ യൂത്ത് കോൺഗ്രസിലൂടെയായിരുന്നു രാഷ്ട്രീയ രംഗത്ത് സജീവമായത്. അഞ്ചുവർഷം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കുണ്ടള സ്വദേശിയാണ് മുപ്പത്തിയേഴുകാരനായ ഇടതു സ്ഥാനാർത്ഥി രാജയും. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. സിപിഎം മൂന്നാർ ഏരിയ കമ്മിറ്റി അംഗമായ രാജ 2009 മുതൽ ദേവികുളം മുൻസിഫ് കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്നു. തോട്ടം മേഖലയിൽ ഭൂരിപക്ഷമുള്ള പറയൻ സമുദായത്തിൽ നിന്നുള്ളവരാണ് ഇവർ.ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിർദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർത്ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്‌പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദ്ദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP