Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാത്യു കുഴൽനാടൻ എങ്ങനെ കോടീശ്വരനായി? മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 32 കോടിയുടെ ആസ്തിയെന്ന് വാർത്ത വന്നതോടെ ചൂടേറിയ ചർച്ച; അമ്മച്ചി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മാത്യു കുഴൽനാടൻ പറയുന്നു രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത്; വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം

മാത്യു കുഴൽനാടൻ എങ്ങനെ കോടീശ്വരനായി? മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 32 കോടിയുടെ ആസ്തിയെന്ന് വാർത്ത വന്നതോടെ ചൂടേറിയ ചർച്ച;  അമ്മച്ചി പറഞ്ഞ വാക്കുകൾ ഓർത്തെടുത്ത് മാത്യു കുഴൽനാടൻ പറയുന്നു രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത്; വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ തൊഴിലില്ലായ്മ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പുതുതായി രാഷ്്ട്രീയം തൊഴിലായി സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു എന്നും പറയുന്നു. 'ഒരു ഇന്ത്യൻ പ്രണയ കഥ' എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ അയ്മനം സിദ്ധാർഥൻ എന്ന ഫഹദ് ഫാസിൽ കഥാപാത്രം പറയുമ്പോലെ, രാഷ്ട്രീയക്കാരന് ജീവിക്കാൻ മറ്റൊരു തൊഴിൽ ഉണ്ടാകണം എന്ന ആശയവും കറങ്ങി നടക്കുന്നുണ്ട്. രാഷ്ട്രീയം കൊണ്ട് അരിയാഹാരം കഴിക്കാൻ നോക്കിയാൽ ഭാഗ്യമില്ലെങ്കിൽ പണി പാളുമെന്ന് ചുരുക്കം. അതല്ല ഫുൾടൈം രാഷ്ട്രീയക്കാരെയാണ് നാടിന് ആവശ്യമെന്ന് പറയുന്നവരും ഉണ്ട്. ഏതായാലും ഇതെല്ലാം ചർച്ചാവിഷയമാകാൻ കാരണം നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന സത്യവാങ്മൂലമാണ്. ജനപ്രതിനിധികളുടെ ആസ്തിവിവരങ്ങളെല്ലാം നാട്ടുകാർ അറിയുകയാണല്ലോ. മൂവാറ്റുപുഴയിലെ യുഡിഎഫ്് സ്ഥാനാർത്ഥി മാത്യു കുഴൽനാടന് 32 കോടിയുടെ ആസ്തിയുണ്ടെന്ന വാർത്ത വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അതായി വലിയ ചർച്ച. എന്നാൽ മാത്യുവിന് പറയാനുള്ളത് ഇതാണ്: രാഷ്ട്രീയം തൊഴിലാക്കിയില്ല. അഭിഭാഷകൻ കൂടിയാണ് മാത്യു കുഴൽനാടൻ.

മാത്യു കുഴൽനാടന്റെ വാക്കുകൾ ഇങ്ങനെ:

'വരുമാനത്തിന് തൊഴിൽ രാഷ്ട്രീയം സേവനം. ഞാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പുകൾ വീട്ടിൽ നിന്ന് തന്നെ ആയിരുന്നു. കുറച്ചെങ്കിലും എന്നെ പിന്തുണച്ചിരുന്നത് അമ്മച്ചിയായിരുന്നു. രാഷ്ട്രീയം ഒക്കെ നല്ലത് തന്നെ പക്ഷേ അതുകൊണ്ട് ജീവിക്കാം എന്ന് വിചാരിക്കരുത് എന്നതായിരുന്നു അമ്മച്ചി മുന്നോട്ട് വച്ച നിബന്ധന. അതിന്റെ പിന്നിലെ ആദർശം എനിക്ക് കൃത്യമായി മനസ്സിലായിരുന്നില്ല. പക്ഷേ പിന്നീട് ഞാൻ പോലും അറിയാതെ അമ്മച്ചി പറഞ്ഞ ആ വാക്കുകൾ ഞാൻ അനുസരിച്ചു.

നാട്ടിലെ പഠനകാലത്ത് തോട്ടത്തിലെ കൃഷി നോക്കി നടത്തുന്നതിന് അപ്പച്ചൻ ഒരു ചെറിയ തുക തരുമായിരുന്നു. അതായിരുന്നു അക്കാലത്തെ എന്റെ ഏക ആശ്രയം. പിന്നീട് തിരുവനന്തപുരം ലോ കോളജിൽ നിന്ന് പാസ് ഔട്ട് ആയ ശേഷം സംഘടനാ രാഷ്ട്രീയവുമായി ഒരു വർഷം മുന്നോട്ട് പോയി. ശേഷം മുതിർന്ന അഭിഭാഷകനായ പരമേശ്വരൻ സ്വാമിയുടെ കീഴിൽ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചപ്പോൾ അവിടെ നിന്നും ചെറിയ വരുമാനം ലഭിച്ച് തുടങ്ങി.

അമ്മ പറഞ്ഞ വാക്കുകളുടെ ശക്തിയും ആഴവും എനിക്ക് ഇപ്പോൾ നന്നായി മനസിലാകും. കാരണം കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി തൊഴിലും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടു പോകാനായിട്ടുണ്ട്. ഇന്ന് എന്റെ ഏറ്റവും വലിയ ഉൾകരുത്തും ഇത് തന്നെയാണ്. രാഷ്ട്രീയം സേവനവും, തൊഴിൽ വരുമാനവുമാണെനിക്കിന്ന്. രാഷ്ടീയത്തിലേക്ക് കടന്നു വരുന്ന യുവാക്കളോട് എനിക്കു പറയാനുള്ളതാണ് ഈ വാചകം. കാലമാവശ്യപ്പെടുന്ന പൊതുപ്രവർത്തനം ഇതാണ്. മാറ്റം നമ്മിൽ നിന്നാരംഭിക്കട്ടെ.'

മാത്യു കുഴൽനാടന്റെ ആസ്തിവിവരം

ആകെ 32.13 കോടിയുടെ സ്വത്തുണ്ടെന്നാണ് മാത്യു കുഴൽനാടൻ വരണാധികാരിക്ക് സമർപ്പിച്ച രേഖയിലുള്ളത്. ഭാര്യ എൽസ കാതറിൻ ജോർജിന് 95.2 ലക്ഷത്തിന്റെ സ്വത്തും മകൻ ആൻഡൻ എബ്രഹാം മാത്യൂവിന് 6.7 ലക്ഷം രൂപയുടെ എൽഐസി പരിരക്ഷയുമുണ്ട്. 25 ലക്ഷം രൂപയാണ് ആകെ ബാധ്യത. മാത്യൂ കുഴൽനാടന് 11,66,152രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്.

ഇതിന് പുറമേ മാത്യൂ കുഴൽനാടന് ദുബൈ കരിയർ ഹൗസ് കമ്മ്യൂണിക്കേഷനിൽ ഒമ്പത് കോടിയുടേയും കെഎംഎൻപി ലോ ഫേമിന്റെ ഡൽഹി, കൊച്ചി, ഗുവാഹത്തി, ബംഗൽരു, ഓഫീസുകളിലായി 10.33 കോടിയുടേയും ബോണ്ട്, ഓഹരി സമ്പാദ്യമുണ്ട്. എൽഐസിയിൽ 20 ലക്ഷത്തിന്റെ നിക്ഷേപം. 14 ലക്ഷം വിലമതിക്കുന്ന ഇന്നോവയും 23 ലക്ഷം വിലമതിക്കുന്ന ബെൻസും 1.23 ലക്ഷം വിലമതിക്കുന്ന 28 ഗ്രാം സ്വർണവുമുണ്ട്.

കടവൂർ വില്ലേജിൽ 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കർ, എറണാകുളം കോർപ്പറേഷനിൽ 55 ലക്ഷം വിലമതിക്കുന്ന 1100 ചതുരശ്ര അടി വിലമതിക്കുന്ന ഫൽറ്റ്, എറണാകുളത്ത് തന്നെ 2.2 കോടി വിലമതിക്കുന്ന ഷോപ്പിങ് കോപ്ലക്സ്, ഇടപ്പള്ളി സൗത്തിൽ ഭാര്യക്കും കൂടി അവകാശപ്പെട്ട 1.35 കോടി വിലമതിക്കുന്ന അഞ്ച് സെന്റും വീടും, ഇടുക്കി ചിന്നക്കലാലിൽ 2021 ജനുവരി 20 ന് 3.5 കോടിക്ക് വാങ്ങിയ 4000 ചതുരശ്ര അടി കെട്ടിടം ഉൾപ്പെടെ വസ്തുക്കളുടെ പാതി ഷെയർ എന്നിവയും മാത്യൂ കുഴൽനാടൻ നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സ്വത്ത് പട്ടികയിലുണ്ട്.

കട്ടപ്പനയിൽ 4.5 ഹെക്ടർ സ്ഥലത്തിന് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷവും കുഴൽനാടനുണ്ട്. ഭാര്യക്കുള്ള സ്വത്തിൽ 200 പവൻ, 16.74 ലക്ഷത്തിന്റെ എൽഐസി നിക്ഷേപം, ഒന്നരലക്ഷത്തിന്റെ മാരുതികാർ എന്നിവയും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP