Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തും; വീട്ടമ്മമാർക്കും പെൻഷൻ; അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും; റബറിന്റെ താങ്ങുവില 250 രൂപയാക്കും; തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക

40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തും; വീട്ടമ്മമാർക്കും പെൻഷൻ; അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും; റബറിന്റെ താങ്ങുവില 250 രൂപയാക്കും; തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രിക പുറത്തിറക്കി. 50 ഇന പരിപാടികളാണ് ആദ്യഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന 900 നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. തുടർഭരണം ഉറപ്പാണെന്ന നിലയിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

കൂടുതൽ പ്രാധാന്യം നൽകുന്നത് അഭ്യസ്ഥവിദ്യർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്കാണ്. കാർഷിക മേഖലയിൽ വരുമാനം അമ്പത് ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും ഇതിലുണ്ട്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. വീട്ടമ്മമാർക്ക് പെൻഷൻ, പൊതുമേഖലയെ ശക്തിപ്പെടുത്തും, സ്വകാര്യ നിക്ഷേപം സമാഹരിക്കും. അഞ്ച് വർഷം കൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമെത്തിക്കും. മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, എംഎസ്എംഇകളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമാക്കും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്‌കീം, 60000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും.

പാൽ, മുട്ട, പച്ചക്കറികളിൽ സ്വയംപര്യാപ്തത നേടും. റബറിന്റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്ഗിൽഡ് പദ്ധതി യാഥാർത്ഥ്യമാക്കും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് വിടും. ഓട്ടോ ടാക്‌സി തൊഴിലാളികൾക്ക് പ്രത്യേക പരിഗണന, ബദൽ നയങ്ങൾ പ്രത്യേകം ആവിഷ്‌കരിക്കും. മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കും.

തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. കടലാക്രമണ ഭീഷണി മറികടക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. വ്യത്യസ്തങ്ങളായ 50 പൊതുനിർദ്ദേശങ്ങളും ഇതിലുണ്ട്. ഓരോ നിർദ്ദേശത്തിന്റെയും അവസാനം ക്യുആർ കോഡുണ്ട്. എളുപ്പത്തിൽ അതേക്കുറിച്ച് കാര്യങ്ങൾ മനസിലാക്കാൻ സഹായകരമാകുന്ന നിലയിലാണ് പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്.

പ്രധാന പ്രഖ്യാപനങ്ങൾ

1) 20 ലക്ഷം അഭ്യസ്തവിദ്യർക്കു തൊഴിൽ നൽകും. ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്തവിദ്യർക്കും നൈപുണി പരിശീലനം നൽകും. ഇവരുടെ വിശദാംശങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കും. കോവിഡാനന്തര കാലത്ത് 18 കോടി ആളുകൾക്ക് വീടുകളിൽ ഡിജിറ്റൽ ജോലികൾ ചെയ്യുന്നവരായി മാറുമെന്നാണ് ഒരു കണക്ക്. വീട്ടിന അകത്തോ, അടുത്തോ ഇരുന്ന് തൊഴിലെടുക്കാൻ സന്നദ്ധരായ ഉദ്യോഗാർത്ഥികളെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിക്കും. അവർക്കുവേണ്ടി അന്തർദേശീയ തൊഴിൽ കമ്പനികളോടു സംവദിക്കും. ഇങ്ങനെ തൊഴിൽ ലഭിക്കുന്നവരുടെ സാമൂഹ്യസുരക്ഷാ ബാധ്യത സർക്കാർ ഏറ്റെടുക്കും. ഇതെല്ലാം ചെയ്യുന്നതിന് മികവുറ്റ സ്ഥാപനമാക്കി കെഡിസ്‌കിനെ മാറ്റും. ഇതിനകം തന്നെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ തൊഴിൽ പ്ലാറ്റ് ഫോമുകൾ കെഡിസ്‌കുമായി ധാരണാപത്രങ്ങൾ ഒപ്പിടാൻ തയ്യാറായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് ജാവ സേഫ്‌ട്വെയർ വിദഗ്ദ്ധരെയും ഫിൻടെക് നൈപുണിയുടെ ബി.കോംകാർക്കും തൊഴിൽ ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികളും ഇതിന്റെ തുടർച്ചയായി സ്വീകരിക്കുകയാണ്. 

2) 15 ലക്ഷം ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. കാർഷികേതര തൊഴിലുകൾ സൃഷ്ടിക്കുന്ന തിനായി 100 ദിന പരിപാടിയിലെന്ന പോലെ വിവിധ വികസന ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയിലൂടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. വായ്പയുടെ അടിസസ്ഥാനത്തിൽ ആരംഭിക്കുന്ന സ്വയംതൊഴിൽ സ്ഥാപനങ്ങളിലാ യിരിക്കും ഭൂരിപക്ഷം പേരും പണിയെടുക്കുക. തദ്ദേശഭരണ അടിസ്ഥാനത്തിൽ ഓരോ വർഷവും 1000 പേർക്ക് അഞ്ചു വീതം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. തൊഴിലുറപ്പു ക്ഷേമനിധി നടപ്പാക്കും. നഗരമേഖലകളിൽ വർക്ക്‌ഷോപ്പുകളിലും മറ്റു തൊഴിൽ സ്ഥാപനങ്ങളിലും ഇന്റേൺസായി യുവജനങ്ങളെ എടുക്കുന്നത് അയ്യൻകാളി തൊഴിലുറപ്പിന്റെ ഭാഗമാക്കും. പുതിയതായി കമ്പനികളിൽ നിയമിക്കുന്ന യുവജനങ്ങൾക്കു 2000 രൂപ ഫ്രെഷർസ് അലവൻസായി നൽകും. ഇവയ്ക്കു പുറമെ മറ്റൊരു അഞ്ചുലക്ഷം തൊഴിലവസരങ്ങൾ താഴെ പറയുന്ന ഔപചാരിക തൊഴിൽ മേഖലയിൽ സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

3) 15000 സ്റ്റാർട്ട് അപ്പുകൾ. അഞ്ചു വർഷം മുമ്പ് 300 തൊഴിൽ സ്റ്റാർട്ട് അപ്പുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അവയുടെ എണ്ണം 3900 ആണ്. 35000 പേർക്കു തൊഴിലുണ്ട്. അഞ്ചു വർഷംകൊണ്ട് 15000 സ്റ്റാർട്ട് അപ്പുകൾകൂടി ആരംഭിക്കും. ഒരു ലക്ഷം പേർക്ക് പുതിയതായി തൊഴിൽ ലഭിക്കും. ഇതിന് ആവശ്യമായ നൂതനവിദ്യകൾ വികസിപ്പിക്കുന്നതിന് ഇന്നവേഷൻ ചലഞ്ചു പോലുള്ള സംവിധാനങ്ങൾക്കു രൂപം നൽകും. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നൽകും. 

4) പൊതുമേഖലയെ സംരക്ഷിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങ ളെയും ലാഭത്തിലാക്കും. വൈവിധ്യവൽക്കരിക്കുകയും വിപുലീകരിക്കു കയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും. ജീവനക്കാരുടെയും പെൻഷൻകാരുടെയും കാലോചിതമായ സേവനവേതന അവകാശങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് കെ.എസ്.ആർ.ടി.സി പുനരുദ്ധരിക്കും. ടെക്സ്റ്റയിൽ മില്ലുകൾക്കു വേണ്ടി റോ മെറ്റീരിയൽ കൺസോർഷ്യം ആരംഭിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്യും. 

5) സ്വകാര്യ നിക്ഷേപം. മെച്ചപ്പെട്ട നിക്ഷേപാന്തരീക്ഷവും പശ്ചാത്തല സൗകര്യങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് സ്വകാര്യ നിക്ഷേപത്തെ കേരളത്തിലേയ്ക്ക് ആകർഷിക്കും. അടുത്ത അഞ്ചു വർഷം കൊണ്ട് വ്യവസായ മേഖലയിൽ 10000 കോടിയുടെ നിക്ഷേപം സൃഷ്ടിക്കും. ഐ.റ്റി, ബയോടെക്‌നോളജി, ഇലക്ട്രോണിക്, ഫാർമസ്യൂട്ടിക്കൽ വ്യവസായ ങ്ങൾക്കു മുൻഗണന നൽകും.

6) കേരളം ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബ് കെൽട്രോണിനെ പുനരുദ്ധരിക്കും, സംയുക്ത സംരംഭങ്ങൾ ആരംഭിക്കും. ആമ്പല്ലൂർ ഇലക്ട്രോണി ഹാർഡ്വെയർ പാർക്ക് പൂർത്തീകരിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖ ഇലക്ട്രോണിക് വ്യവസായ മേഖലയായി കേരളത്തെ മാറ്റും. അതുപോലെ തന്നെ ആരോഗ്യ മേഖലയിലെ കേരളത്തിന്റെ ബ്രാൻഡിനെ ഫാർമസ്യൂട്ടിക്കൽ വ്യവസായ വികസനത്തിനായി ഉപയോഗപ്പെടുത്തും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫാർമസ്യൂട്ടിക്കൽ ഹബ്ബുകളിൽ ഒന്നായി കേരളത്തെ മാറ്റും. 

7) മൂല്യവർദ്ധിത വ്യവസായങ്ങൾ റബർ പാർക്ക്, കോഫി പാർക്ക്, റൈസ് പാർക്ക്, സ്‌പൈസസ് പാർക്ക്, ഫുഡ് പാർക്ക്, ജില്ലാ ആഗ്രോ പാർക്കുകൾ തുടങ്ങിയവ സ്ഥാപിക്കും. പൊതുമേഖല ഭക്ഷ്യസംസ്‌കരണ വ്യവസായ ങ്ങളെ നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യും. നാളികേര സംഭരണത്തിനും സംസ്‌ക്കരണത്തിനും സഹകരണ ബാങ്കുകളെ ഉപയോഗപ്പെടുത്തും. 

8) ടൂറിസം വിപണി ഇരട്ടിയാക്കും. ടൂറിസത്തിനുള്ള അടങ്കൽ ഇരട്ടിയാക്കും. പൈതൃക ടൂറിസം പദ്ധതികൾ പൂർത്തീകരിക്കും. സപൈസസ് റൂട്ട് ആവിഷ്‌കരിക്കും. ടൂറിസം ഡെസ്റ്റിനേഷനുകളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവയുടെ പശ്ചാത്തല സൗകര്യങ്ങൾ മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിൽ വികസിപ്പിക്കും. കോവിഡാനന്തരം ടൂറിസം തുറക്കുന്നതിനു പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. മാർക്കറ്റിംഗിനു കൂടുതൽ പ്രാധാന്യം നൽകും. 2025ൽ വിനോദസഞ്ചാരികളുടെ എണ്ണം 2019നെ അപേക്ഷിച്ച് ഇരട്ടിയാക്കും.

9) ചെറുകിട വ്യവസായ മേഖല സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽ നിന്ന് 3 ലക്ഷമായി ഉയർത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പ്രത്യേക സ്‌കീമുകൾ തയ്യാറാക്കും. 6 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 

10) പ്രവാസി പുനരധിവാസം അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവന സംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്കു രൂപം നൽകും. സർക്കാർ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. സമാശ്വാസ നടപടികൾ ശക്തിപ്പെടുത്തും. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ബ്രിട്ടീഷ് കൗൺസിലിന്റെ സഹകരണത്തോടു കൂടിയുള്ള നേഴ്‌സുമാർക്കുള്ള പരിശീലന പരിപാടികൾ പോലുള്ളവയിലൂടെ വിദേശത്തു കൂടുതൽ പേർക്ക് ജോലി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റ് സ്‌കീമും കൂടുതൽ ആകർഷകമാക്കും. ലോക കേരളസഭ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തും. 

11) ദാരിദ്ര്യനിർമ്മാർജ്ജന പ്രവർത്തനം ശക്തിപ്പെടുത്തും. പരമദരിദ്ര കുടുംബങ്ങളുടെ സമഗ്ര ലിസ്റ്റ് തയ്യാറാക്കും. അതിലെ ഓരോ കുടുംബത്തിനെയും കരകയറ്റുന്നതിനു മൈക്രോപ്ലാൻ ഉണ്ടാക്കി നടപ്പാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക് ഇങ്ങനെ 1 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വികസന സഹായം നൽകും. പാർശ്വവത്ക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ജീവിത ദുരിതങ്ങൾക്ക് ഏറെ പരിഹാരമുണ്ടാക്കാൻ ഇതിലൂടെ കഴിയും. 

12) കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർദ്ധന സൃഷ്ടിക്കും. ഇതിനായി ശാസ്ത്രസാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തും. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് ഉതകുന്നവിധം ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കും. കാർഷികോത്പാദന ക്ഷമത വർദ്ധന, തറവിലയിലെ കാലോചിത പരിഷ്‌കാരം, കാർഷിക ഉൽപന്ന സംസ്‌ക്കരണത്തിൽ നിന്നുള്ള വരുമാനം, അനുബന്ധ വരുമാനങ്ങൾ, എന്നിവയിലൂടെയാണ് ഈ നേട്ടം ഉറപ്പുവരുത്തുക. റബ്ബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കി ഉയർത്തും. മറ്റുള്ളവ കാലോചിതമായി പരിഷ്‌കരിക്കും. പച്ചക്കറിയിൽ സ്വയം പര്യാപ്തത നേടും. നെൽവിസ്തൃതി വർദ്ധിപ്പിക്കും. എല്ലാ വാർഡുകളിലും വർഷംതോറും പുതിയ 75 തെങ്ങിൻ തൈകൾ നടുമെന്ന് ഉറപ്പുവരുത്തും. തോട്ടവിളകൾക്കു പ്രത്യേക പാക്കേജ് നടപ്പാക്കും. മലയോര കൃഷിക്കാരുടെ പട്ടയപ്രശ്‌നം പരിഹരിക്കും. 

13) മൃഗപരിപാലനം പാലിൽ സ്വയം പര്യാപ്തത കൈവരിക്കും. പാൽ ഉത്പാദനത്തിൽ നമ്മൾ കൈവരിച്ച നേട്ടങ്ങൾ തുടർവർഷങ്ങളിലും നിലനിർത്തുകയും, കേരളത്തെ ക്ഷീര മിച്ച സംസ്ഥാനമാക്കുകയും ചെയ്യും. കാലിത്തീറ്റ ഉത്പാദന ശേഷി ഇരട്ടിയാക്കും. മൊബൈൽ വെറ്റിനറി സേവനങ്ങൾ എല്ലാ ബ്ലോക്കുകളിലേയ്ക്കും വ്യാപിപ്പിക്കും. പാൽ കറക്കുന്നതിനുള്ള യന്ത്രങ്ങൾക്കു സബ്‌സിഡി നൽകും. പ്രതിദിന മുട്ട ഉൽപ്പാദനം സ്വയംപര്യാപ്തത കൈവരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. കേരള ചിക്കൻ ബ്രാൻഡിന്റെ ശൃംഖല ആരംഭിക്കും. 

14) പരമ്പരാഗത വ്യവസായ സംരക്ഷണം സമൂല നവീകരണത്തിലൂടെ കയറിനെ വികസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. യു.ഡി.എഫിന്റെ കാലത്ത് കയർ ഉത്പാദനം 7000 ടണ്ണായിരുന്നത് 28,000 ആയി ഉയർന്നിട്ടുണ്ട്. അത് 70,000 ടണ്ണായി ഉയർത്തും. കശുവണ്ടിയിൽ 10000 പേർക്കുകൂടി തൊഴിൽ നൽകും. ന്യായവിലയ്ക്ക് കാഷ്യൂ ബോർഡ് ഉപയോഗപ്പെടുത്തി വ്യവസായത്തിനു തോട്ടണ്ടി ലഭ്യമാക്കും. കൈത്തറിക്കുള്ള യൂണിഫോം പദ്ധതി വിപുലപ്പെടുത്തും. ഹാന്റക്‌സും ഹാൻവീവും പുനരുദ്ധരിക്കും. ബീഡിക്കുള്ള ക്ഷേമസഹായം വർദ്ധിപ്പിക്കും. പനമ്പ്, ഖാദി, ചെത്ത്, മൺപാത്ര നിർമ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലകളെ തൊഴിൽ സംരക്ഷിച്ചുകൊണ്ട് നവീകരിക്കും. കയർ & ക്രാഫ്റ്റ് സ്റ്റോറുകളിലൂടെ വിപണി കണ്ടെത്തും. ഉൽപ്പന്ന വൈവിധ്യവൽക്കരണം നടപ്പാക്കും. വരുമാന ഉറപ്പുപദ്ധതി വിപുലീകരിച്ച് മിനിമം കൂലി ഉറപ്പുവരുത്തും. നിർമ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ പ്രതിസന്ധിക്കു പരിഹാരം കാണും. 

15) കടൽ കടലിന്റെ മക്കൾക്ക് മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമാവകാശം, കടലിലെ മത്സ്യവിഭവങ്ങളുടെ ഉടമാവകാശം, കടലിൽ മത്സ്യബന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യ വിൽപ്പനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉറപ്പുവരുത്തും. മത്സ്യ വിപണന നിയമം പാസ്സാക്കിയതുപോലെ മറ്റ് അക്വേറിയം റിഫോംസിനു വേണ്ടിയുള്ള സമഗ്രനിയമം തയ്യാറാക്കും. കോൺഗ്രസാണ് ആഴക്കടൽ വിദേശ കപ്പലുകൾക്കു തുറന്നുകൊടുത്തത്. ബിജെപിയാണ് തീരക്കടൽകൂടി അവർക്കു തീറെഴുതാൻ ഒരുക്കുകൂട്ടുന്നത്. കേന്ദ്രം എന്തുതന്നെ തീരുമാനിച്ചാലും കോർപ്പറേറ്റ് ട്രോളറുകൾക്ക് കേരളത്തിലെ ഹാർബറുകളിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നതിനുള്ള അനുവാദം നിയമപരമായി നിഷേധിക്കും. 

16) തീരദേശ വികസന പാക്കേജ് തീരദേശ വികസനത്തിന് 5000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണമുള്ള മുഴുവൻ തീരങ്ങളും പുലിമുട്ടുകളോ മറ്റു തീരസംരക്ഷണ പ്രവൃത്തികളോ ഉറപ്പു വരുത്തും. പുനർഗേഹം പദ്ധതി നടപ്പാക്കും. മുഴുവൻ ഹാർബറുകളു ടെയും നിർമ്മാണം പൂർത്തീകരിക്കും. 150 മാർക്കറ്റുകൾ നവീകരിക്കും. മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പു വരുത്തും. ഇവയ്ക്കു പുറമേ വിദ്യാഭ്യാസ ആരോഗ്യ നവീകരണവും മത്സ്യമൂല്യ വർദ്ധന വ്യവസായങ്ങളുമാണ് പാക്കേജിലുള്ളത്. മത്സ്യ ഗ്രാമത്തിൽ ഉണ്ടാകേണ്ട മിനിമം സൗകര്യങ്ങളുടെ മുൻഗണനാ പട്ടിക തയ്യാറാക്കുകയും അവ ഉറപ്പുവരുത്തുകയും ചെയ്യും. 

17) പട്ടികജാതി ക്ഷേമം മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ചു വർഷത്തിനുള്ളിൽ പാർപ്പിടം നൽകും. ഭൂരഹിതർക്കു കിടപ്പാടമെങ്കിലും ലഭ്യമാക്കും. എല്ലാ ആവാസ സങ്കേതങ്ങളിലും അംബേദ്ക്കർ പദ്ധതി നടപ്പാക്കും. എല്ലാ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളും ഹോസ്റ്റലുകളും മികവുറ്റതാക്കും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടികവിഭാഗങ്ങൾക്കുള്ള നൈപുണി പരിശീലനവും തുടർ പ്ലെയ്‌സ്‌മെന്റും പദ്ധതി പ്രകാരം 20000 പേർക്ക് തൊഴിൽ ലഭ്യമാക്കും. സർക്കാർ സർവ്വീസിലെ പ്രാതിനിധ്യ കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കും. 

18) പട്ടികവർഗ്ഗ ക്ഷേമം മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പുവരുത്തും. ഒരേക്കർ കൃഷി ഭൂമി വീതം ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ പരമാവധി നടത്തും. വനവിഭവങ്ങൾക്ക് തറവിലയും വിപണിയും ഉറപ്പുവരുത്തും. ആനുകൂല്യങ്ങൾ ഉയർത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപപദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാന വിധേയമായിരിക്കുമെന്ന് ഉറപ്പുവരുത്തും. സർക്കാർ സർവ്വീസിലെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ടുള്ള നടപടികൾ സമയബന്ധിതമായി നടപ്പാക്കും. 

19) മറ്റു സാമൂഹ്യ വിഭാഗങ്ങൾ പരിവർത്തിത ക്രൈസ്തവർക്കും പട്ടിക ജാതിക്കാർക്കുമുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തുല്യ അളവിൽ നൽകും. പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനുള്ള ബജറ്റ് പിന്തുണ ഇരട്ടിയായി വർദ്ധിപ്പിക്കും. പിന്നോക്ക വികസന കോർപ്പറേഷന്റെ പ്രവർത്തനം വിപുലപ്പെടുത്തും. പാലൊളി കമ്മിറ്റി ശുപാർശകൾ നടപ്പാക്കും. ക്രിസ്ത്യൻ ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും. മുന്നോക്ക വികസന കോർപ്പറേഷനു കൂടുതൽ പണം ലഭ്യമാക്കും. 

20) ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും. ജനസംഖ്യാനുപാതമായി ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിക്കും. സ്‌പെഷ്യൽ സ്‌കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും. മുഴുവൻ ഭിന്നശേഷി ക്കാർക്കും സഹായോപകരണങ്ങൾ ഉറപ്പുവരുത്തും. കൂടുതൽ റിസോഴ്‌സ് അദ്ധ്യാപകരെ നിയമിക്കും. വിവിധ ഏജൻസികളുടെയും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശഭരണം വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 80 ശതമാനം ഡിസബിലിറ്റി അധിക ആനുകൂല്യം ലഭ്യമാക്കും. കേരളത്തെ ബാരിയർ ഫ്രീ സംസ്ഥാനമാക്കും. 

21) വയോജനക്ഷേമം വിപുലമായ വയോജന സർവ്വേ നടത്തും. സേവനങ്ങൾ വാതിൽപ്പടിയിൽ നൽകും. എല്ലാ വാർഡുകളിലും വയോക്ലബ്ബുകൾ സ്ഥാപിക്കും. വയോജന അയൽക്കൂട്ടങ്ങൾ വിപുലപ്പെടുത്തും. പ്രത്യേക വയോജന ക്ലിനിക്കുകളും ഒ.പികളും, പ്രത്യേക സാന്ത്വന പരിചരണം, വയോജനങ്ങൾക്കു മരുന്ന് വാതിൽപ്പടിയിൽ എന്നിവ ആരോഗ്യ മേഖലയിൽ ഉറപ്പുവരുത്തും. സംസ്ഥാന ജില്ല പ്രാദേശികതലങ്ങളിൽ വയോജന കൗൺസിലുകൾ രൂപീകരിക്കും. വയോജന നിയമം കർശനമായി നടപ്പാക്കും. 

22) സ്‌കൂൾ വിദ്യാഭ്യാസം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കും. പുതിയ ഫർണ്ണിച്ചർ, ലാബ്, ലൈബ്രറി, കളിക്കളങ്ങൾ ഉറപ്പുവരുത്തും. വിദ്യാഭ്യാസ നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കു പരിഹാരബോധനത്തിനും പ്രത്യേക വിഷയങ്ങൾക്കുള്ള പോഷണത്തിനും അധ്യയന അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള സ്‌കീമുകളെ ശക്തിപ്പെടുത്തും. സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കും. മുഴുവൻ കുട്ടികളും മിനിമം ശേഷി നേടുമെന്ന് ഉറപ്പിക്കും. നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡിൽ എത്തുമെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഈ അഞ്ചു വർഷം 6.8 ലക്ഷം കുട്ടികളാണ് പുതിയതായി പൊതുവിദ്യാലയങ്ങളിൽ ചേർന്നതെങ്കിൽ അടുത്ത അഞ്ചു വർഷം ഇവരുടെ എണ്ണം 10 ലക്ഷമായി ഉയർത്തും. 

23) ഉന്നതവിദ്യാഭ്യാസ രംഗത്തെ വിപുലപ്പെടുത്തും സ്‌കൂൾ വിദ്യാഭ്യാസത്തിൽ കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നേടിയ മികവിന്റെ റെക്കോഡ് ഉന്നത വിദ്യാഭ്യാസത്തിലും കൈവരിക്കും. ഇതിനായി 30 സ്വതന്ത്ര മികവിന്റെ കേന്ദ്രങ്ങൾ സർവ്വകലാശാലകൾക്കുള്ളിൽ സ്ഥാപിക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ അനുവദിക്കും. ഡോക്ടറൽ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തും. അഫിലിയേറ്റഡ് കോളേജുകളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തും. കൂടുതൽ കോഴ്‌സുകൾ അനുവദിക്കും. കൂടുതൽ പഠനസൗകര്യങ്ങൾ സൃഷ്ടിക്കു ന്നതിന് അവശ്യമായ ഇടങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായവും ആവശ്യമുള്ള ഇടങ്ങളിൽ പുതിയ സ്ഥാപനങ്ങളും അനുവദിക്കും. കേരളത്തെ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കും. 

24) ആരോഗ്യ സംരക്ഷണം ലോകോത്തരം താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആശുപത്രികളുടെ കെട്ടിട നിർമ്മാണം അടക്കമുള്ള നിർമ്മാണ പ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രണ്ടുനേരം ഒ.പിയും മരുന്നും ലാബും ഉറപ്പുവരുത്തും. 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സയും, ബാക്കിയുള്ളവർക്ക് 2 ലക്ഷം വരെ കാരുണ്യാ പദ്ധതിയും ശക്തിപ്പെടുത്തും. പൗരന്മാരുടെ ആരോഗ്യനില നിരന്തരമായി മോണിറ്റർ ചെയ്യുന്നതിനു വികേന്ദ്രീകൃത ജനപങ്കാളിത്ത സംവിധാനം ഏർപ്പെടുത്തും. തുടക്കത്തിൽത്തന്നെ ജീവിതശൈലി രോഗങ്ങൾ കണ്ടുപിടിച്ച് പ്രതിരോധിക്കും. കാൻസർ, ഹൃദ് രോഗം, വൃക്കരോഗം തുടങ്ങിയവ ജീവിതശൈലീ രോഗങ്ങൾക്ക് മെഡിക്കൽ കോളജ് ജില്ലാ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. പബ്ലിക് ഹെൽത്ത് കേഡർ നടപ്പാക്കും. ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്ക്കലും ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ലോക നിലവാരത്തിലേക്ക് ഉയർത്തും. 

25) ആയുഷ് പ്രോത്സാഹനം കണ്ണൂരിലെ അത്യാധുനിക ഗവേഷണ കേന്ദ്രം പൂർത്തീകരിക്കും. ആയൂർവ്വേദത്തിന്റെ ടൂറിസം സാധ്യതകളെ തനിമയും ശാസ്ത്രീയതയും കൈവെടിയാതെ പ്രയോജനപ്പെടുത്തും. ഔഷധ സസ്യങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കുടുംബശ്രീയുമായി ബന്ധപ്പെട്ട സ്‌കീം ആരംഭിക്കും. ആയൂർവ്വേദ ഔഷധ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കും. ആയൂർവ്വേദ ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തും. എല്ലാ പഞ്ചായത്തുകളിലും ഡിസ്‌പെൻസറികൾ ആരംഭിക്കും. 

26) എല്ലാവർക്കും കുടിവെള്ളം 5000 കോടി രൂപയുടെ കിഫ്ബി പദ്ധതികളും, ജൽജീവൻ മിഷൻ പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കും. 30 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കും. വാട്ടർ അഥോറിറ്റി പുനഃസംഘടിപ്പിക്കും. പാതിവഴിയിലായ എല്ലാ സ്വീവേജ് പദ്ധതികളും പൂർത്തീകരിക്കും. 

27) എല്ലാവർക്കും വീട് അടുത്ത വർഷം ഒന്നര ലക്ഷം വീടുകൾ നൽകും. ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും. മൊത്തം അഞ്ചു ലക്ഷം വീടുകൾ അഞ്ചു വർഷംകൊണ്ട് പണി തീർക്കും. ഭൂമി ലഭ്യമായിടങ്ങളിൽ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പണിയും. 

28) പുതിയ കായിക സംസ്‌കാരം എല്ലാ ജില്ലകളിലെയും സ്പോർട്സ് സമുച്ചയങ്ങൾ പൂർത്തീകരിക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒരു മികച്ച കളിക്കളമെങ്കിലും ഉറപ്പുവരുത്തും. സ്‌കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ സ്പോർട്സ് പരിശീലനം നൽകും. എല്ലാ ജില്ലകളിലും റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുക്കും. സ്പോർട്സ് കൗൺസിലിനു കൂടുതൽ പണവും അധികാരവും നൽകും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വിശ്രമത്തിനും വിനോദത്തിനും കായികാഭ്യാസത്തിനും പൊതുയിടങ്ങൾ സൃഷ്ടിക്കും. സൈക്കിംഗിളിംഗിനെ പ്രോത്സാഹിപ്പിക്കും. 

29) ഭാഷാ വികസനവും സാംസ്‌കാരിക നവോത്ഥാനവും ഭാഷയെയും കലകളെയും സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നതാണ്. ചരിത്ര സ്മാരകങ്ങൾ, ഗ്രന്ഥാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ സാംസ്‌കാരികവും കലാപരവുമായ രൂപങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. നമ്മുടെ സമ്പത്തായ നാടൻ കലകളെ സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടൽ ഉണ്ടാകും. സാഹിത്യ സമാജങ്ങൾ, കലാസമിതികൾ, സ്പോർട്സ് ക്ലബ്ബുകൾ, നാടൻപാട്ട് സംഘങ്ങൾ, നാടക സംഘങ്ങൾ, തുടങ്ങിയ സാംസ്‌കാരിക കൂട്ടായ്മകൾക്ക് അക്കാദമികൾ വഴി ധനസഹായം നൽകും. ലൈബ്രറികൾക്കുള്ള ധനസഹായം വർദ്ധിപ്പിക്കും. ലൈബ്രറികളെ ഡിജിറ്റലൈസ് ചെയ്യും. സ്‌കൂൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കലാ പരിശീലനത്തിന് സൗകര്യമൊരുക്കും. ബിനാലെ, അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ, അന്തർദേശീയ നാടകോത്സവം, അന്തർദേശീയ നാടൻ കലോത്സവം എന്നിവ കൂടുതൽ മികവുറ്റതാക്കും. ജില്ലാ സാംസ്‌കാരിക സമുച്ചയങ്ങൾ പൂർത്തീകരിക്കും. 

30) 60000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ പ്രവൃത്തികൾ പൂർത്തീകരിക്കും. ട്രാൻസ്ഗ്രിഡ്, കെഫോൺ, ജലപാത, തീരദേശ മലയോര ഹൈവേകൾ, വ്യവസായ പാർക്കുകൾ, ആശുപത്രികോളേജ് നവീകരണം, യൂണിവേഴ്‌സിറ്റി കേന്ദ്രങ്ങളുടെ നിർമ്മാണം തുടങ്ങി കിഫ്ബി പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കും. എന്തുവില കൊടുത്തും കിഫ്ബിയെ സംരക്ഷിക്കും. 

31) ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ. കൊച്ചിയിൽ നിന്ന് പാലക്കാട് വഴിയുള്ള വ്യവസായ ഇടനാഴി, കൊച്ചിയിൽ നിന്ന് മംഗലാപുര ത്തേയ്ക്കുള്ള വ്യവസായ ഇടനാഴി, തിരുവനന്തപുരം കാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ്‌മെന്റ് പദ്ധതി, പുതിയ തെക്കുവടക്ക് സിൽവർ ലൈൻ റെയിൽവേ പദ്ധതി എന്നീ നാലു ഭീമൻ പശ്ചാത്തല സൗകര്യ പദ്ധതികൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഗണ്യമായി പൂർത്തീകരിക്കും. ഇതോടെ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങൾ ഇന്ത്യയിലേറ്റവും മികച്ചതാകും. കൊച്ചിയെ ആഗോള നഗരമായി വികസിപ്പിക്കും. 

32) വൈദ്യുതിക്ഷാമം ഇല്ലാത്ത കാലം 2040 വരെ വൈദ്യുതിക്ഷാമം ഇല്ല എന്ന് ഉറപ്പുവരുത്തുന്ന 10000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും. 4000 കോടി രൂപയുടെ വൈദ്യുതി വിതരണ പദ്ധതി പൂർത്തീകരിക്കും. 3000 കോടി രൂപയുടെ ഇടുക്കി പദ്ധതി രണ്ടാംഘട്ടം ആരംഭിക്കും. പാരമ്പര്യേതര ഊർജ്ജ സ്രോതസുകളിൽ നിന്ന് 3000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുക്കും. സംസ്ഥാനത്തെ വൈദ്യുതി ബോർഡിനെ പൊതുമേഖലയിൽ സംരക്ഷിക്കും. 

33) റോഡ് നവീകരണം 15000 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബിസിയിൽ പൂർത്തീകരിക്കും. 72 റെയിൽവേ മേൽപ്പാലങ്ങൾ പണിയും. 100 മേജർ പാലങ്ങൾ പൂർത്തീകരിക്കും. ദേശീയപാതാ വികസനം പൂർത്തിയാക്കും. മലയോരഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപ്പാത എന്നിവ പൂർത്തീകരിക്കും. മൊത്തം 40000 കോടി രൂപ റോഡു നിർമ്മാണത്തിന് ചെലവഴിക്കും. ആധുനികവും പരിസ്ഥിതി സൗഹാർദ്ദപരവുമായ സാങ്കേതികവിദ്യകൾ റോഡ് നിർമ്മാണത്തിന് ഉപയോഗപ്പെടുത്തും. 

34) ജലഗതാഗതം ബദൽപാത തെക്കുവടക്ക് ദേശീയ ജലപാത പൂർത്തീകരിക്കും. ആയിരത്തിൽപ്പരം കിലോമീറ്റർ ഫീഡർ കനാലുകൾ നവീകരിക്കും. കൊച്ചി വാട്ടർ മെട്രോ പൂർത്തീകരിക്കും. തീരദേശ കാർഗോ ഷിപ്പിങ് ആരംഭിക്കും. വിഴിഞ്ഞം, അഴീക്കൽ, ബേപ്പൂർ, കൊല്ലം ഹാർബറുകൾ പൂർത്തിയാകും. അഴീക്കൽ ഔട്ടർ ഹാർബർ പദ്ധതി ആരംഭിക്കും. 

35) റെയിൽവേവ്യോമ ഗതാഗതം കൊച്ചി മെട്രോ പൂർത്തീകരിക്കും. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ്മെട്രോ ആരംഭിക്കും. തലശേരി മൈസൂർ, നിലമ്പൂർ നഞ്ചങ്കോട് റെയിൽ ലൈനുകൾ നിർമ്മിക്കും. ശബരി റെയിൽ പൂർത്തിയാക്കും. ശബരി എയർപോർട്ടിനുള്ള അനുവാദത്തിനും ശബരിറെയിൽ പൂർത്തീകരിക്കുന്നതിനും വേണ്ടിയുള്ള സമ്മർദ്ദം ശക്തിപ്പെടുത്തും. ആവശ്യമെങ്കിൽ കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിനു സ്ഥലം സർക്കാർ ഏറ്റെടുക്കുകയോ പങ്കാളിയാവുകയോ ചെയ്യും. 

36) തദ്ദേശഭരണം പുതിയ വിതാനത്തിലേയ്ക്ക് ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികവുമായി ബന്ധപ്പെടുത്തി ഇതുവരെ അനുഭവങ്ങളെ സമഗ്രമായി വിലയിരുത്തിക്കൊണ്ട് 14ാം പഞ്ചവത്സര പദ്ധതി രൂപീകരിക്കും. നീർത്തടാധിഷ്ഠിത ആസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. നൂതന പ്രോജക്ടുകളെ പ്രോത്സാഹിപ്പിക്കും. കൂടുതൽ പണവും അധികാരവും ഊദ്യോഗസ്ഥരെയും നൽകും. ജനപങ്കാളിത്തവും സുതാര്യതയും വർദ്ധിപ്പിക്കാൻ നടപടിയെടുക്കും. ഇഗവേണൻസ് പൂർത്തീകരിക്കും. നഗര വികസനത്തിന് പ്രത്യേക സ്‌കീമുകൾ ആവിഷ്‌കരിക്കും. 

37) പരിസ്ഥിതി സൗഹൃദം കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കും. നീർത്തട അടിസ്ഥാനത്തിലുള്ള ജലമണ്ണു സംരക്ഷണ പദ്ധതികളുടെ അടിസ്ഥാനത്തിൽ നദീതട പദ്ധതികൾ ആവിഷ്‌കരിക്കും. ഇവാഹനനയം ആവിഷ്‌കരിച്ചു നടപ്പാക്കും. ഊർജ്ജ മിതവ്യയത്തിനും ബദൽ ഊർജ്ജ നിർമ്മാണത്തിനും സ്‌കീമുകൾ ആവിഷ്‌കരിക്കും. ശാസ്ത്രീയമായ പരിസ്ഥിതി അവബോധം സമൂഹത്തിൽ വ്യാപകമാക്കാൻ പ്രത്യേക ബോധവൽക്കരണ ചർച്ചകൾ ആസൂത്രണം ചെയ്യും. 

38) വനസംരക്ഷണം കൈയേറ്റം പൂർണമായും തടയും. വനം അതിർത്തികൾ ജണ്ട കെട്ടിയും ഡിജിറ്റലൈസ് ചെയ്തും സംരക്ഷിക്കും. മനുഷ്യവന്യമൃഗ സംഘർഷം ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. വനാതിർത്തിക്കു ചുറ്റും ബഫർ സോൺ നിജപ്പെടുത്തു മ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കും. 

39) പ്രത്യേക വികസന പാക്കേജുകൾ 7500 കോടി രൂപയുടെ വയനാട് പാക്കേജ്, 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്, 2500 കോടിയുടെ കുട്ടനാട് പാക്കേജ്, 5000 കോടി രൂപയുടെ തീരദേശ പാക്കേജ് എന്നിവ സമയബന്ധിതമായി നടപ്പാക്കും. കാസർകോട് പാക്കേജിനുള്ള തുക വർദ്ധിപ്പിക്കും. ഇതിനായി പ്രത്യേക മേൽനോട്ട സമിതികൾ രൂപീകരിക്കും. വർഷത്തിൽ രണ്ട് തവണ പ്രത്യേകമായി ഇതിന്റെ പുരോഗതി അവലോകനം ചെയ്യും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹാരത്തിനു പ്രത്യേക പരിഗണന നൽകും. 

40) ശുചിത്വം കേരളത്തെ സമ്പൂർണ്ണ ശുചിത്വ പ്രദേശമാക്കും. ഉറവിട മാലിന്യ സംസ്‌ക്കരണത്തിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യ സംസ്‌ക്കരണവും പ്രാദേശിക സ്വീവേജ് സംസ്‌ക്കരണവും നടപ്പാക്കും. അനിവാര്യമായ ഇടങ്ങളിൽ വൻകിട മാലിന്യ നിർമ്മാർജന പ്ലാന്റുകളും സ്ഥാപിക്കും. മുഴുവൻ കക്കൂസ് മാലിന്യവും സംസ്‌ക്കരിക്കാൻ ഉതകുന്ന സെപ്‌റ്റേജുകൾ പ്രാദേശികമായി സ്ഥാപിക്കും. വഴിയോര ടേക്ക് എ ബ്രേക്ക് പദ്ധതി പൂർത്തീകരിക്കും. 

41) കേരളം സ്ത്രീ സൗഹൃദമാക്കും സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ക്രൈം മാപ്പിംഗിന്റെ അടിസ്ഥാനത്തിലുള്ള ജനകീയ കാമ്പയിൻ സംഘടിപ്പിക്കും. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നെങ്കിലും ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ പത്തു ശതമാനത്തിലേറെയാക്കും. വനിതാ കമ്മീഷൻ, വനിതാ വികസന കോർപ്പറേഷൻ, ജൻഡർ പാർക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ട്രാൻസ്‌ജെൻഡർ പോളിസി നടപ്പിലാക്കും. ഗൃഹജോലിയുടെ മൂല്യം അംഗീകരിച്ചുകൊണ്ട് വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും. 

42) ശിശു സൗഹൃദം ശിശുസൗഹൃദ പഞ്ചായത്ത് / മുനിസിപ്പാലിറ്റികളുടെ മാനദണ്ഡങ്ങൾക്കു രൂപം നൽകും. അവ എല്ലാവരും കൈവരിക്കുന്നതിന് ഒരു സമയബന്ധിത പരിപാടി തയ്യാറാക്കും. അങ്കണവാടികൾ സ്മാർട്ടാക്കും. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ അമർച്ച ചെയ്യുന്നതിനു ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. പോക്‌സോ കോടതികളുടെ എണ്ണം വർദ്ധിപ്പിക്കും. പൊലീസ് സംവിധാനത്തിനു കൂടുതൽ പരിശീലനം നൽകും. ബാലാവകാശങ്ങൾ സംരക്ഷിക്കും. 

43) വിശപ്പുരഹിത കേരളം സിവിൽ സപ്ലൈസും കൺസ്യൂമർഫെഡും വിപുലപ്പെടുത്തും. റേഷൻകടകളെ മറ്റ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾകൂടി വിൽക്കാൻ അനുവദിക്കും. സ്വകാര്യ വിപണനശാലകൾക്ക് ഔദ്യോഗിക റേറ്റിങ് ഏർപ്പെടുത്തും. ജനസംഖ്യാനുപാതികമായി ജനകീയ ഹോട്ടലുകൾ ആരംഭിക്കും. കേരളത്തിൽ ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ല. 

44) സാമൂഹ്യ സുരക്ഷ സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി 2500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാ വർക്കർ, റിസോഴ്‌സ് അദ്ധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അദ്ധ്യാപകർ, എൻഎച്ച്എം ജീവനക്കാർ, സ്‌കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്‌കീം വർക്കേഴ്‌സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമംകൂലി 700 രൂപയാക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഗാർഹിക തൊഴിലാളികൾക്കു പ്രത്യേക സ്‌കീമുകൾ ആരംഭിക്കും. ക്ഷേമനിധികൾ പുനഃസംഘടിപ്പിക്കും. ഓട്ടോടാക്‌സി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും. 

45) സഹകരണ മേഖലയുടെ സംരക്ഷണം കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളെ ശക്തമായി ചെറുക്കും. കേരള ബാങ്ക് വിപുലീകരിച്ച് എൻ.ആർ.ഐ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്ക് ആക്കും. ഡെപ്പോസിറ്റ് അടിത്തറ ഇരട്ടിയായി ഉയർത്തും. കേരളത്തിന്റെ വികസനത്തിന് കൃഷിക്കാർക്കും സംരംഭകർക്കും വ്യാപാരികൾക്കുമെല്ലാം ഉദാരമായ വായ്പ ലഭ്യമാക്കുന്ന കേരളത്തിന്റെ ബാങ്കാകും. അപ്പെക്‌സ് ബാങ്കിനോടു ബന്ധപ്പെടുത്തി മികച്ച ആധുനിക ബാങ്കിങ് സേവനങ്ങൾ പ്രാഥമിക സഹകരണ ബാങ്കുകളിലും ലഭ്യമാക്കും. 

46) വാണിജ്യമേഖല വാണിജ്യമിഷൻ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. പൈതൃക കമ്പോളങ്ങളെ നവീകരിക്കും. റോഡ് പ്രോജക്ടുകളിൽ കട നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനു മേഖലാതല വിപണികൾ സൃഷ്ടിക്കും. കെ.എസ്.എഫ്.ഇ മ്യൂച്ചൽ ഗ്യാരണ്ടിയിൽ ചിട്ടികൾ ആരംഭിക്കും. കേരളബാങ്ക് ചെറുകിട വ്യാപാരികൾക്കു വേണ്ടി പദ്ധതികൾ ആവിഷ്‌കരിക്കും. ജി.എസ്.ടി കൂടുതൽ വ്യാപാരി സൗഹൃദമാക്കും. നല്ലനികുതിദായകർക്ക് പ്രിവിലേജ് കാർഡ് നൽകും. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും.

 

47) സദ്ഭരണവും അഴിമതി നിർമ്മാർജനവും ഇഗവേണൻസ്, ഇടെൻഡറിങ്, സോഷ്യൽ ഓഡിറ്റ്, കർശനമായ വിജിലൻസ് സംവിധാനം എന്നിവയെല്ലാം ഉപയോഗപ്പെടുത്തി അഴിമതി നിർമ്മാർജനം ചെയ്യും. സോഷ്യൽ പൊലീസിങ് സംവിധാനം ശക്തിപ്പെടുത്തും. അതിനായുള്ള ഡയറക്ടറേറ്റ് പ്രവർത്തനം കൂടുതൽ ശക്തമാക്കും. ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്ത് ഇതിനു കീഴിൽ കൂടുതൽ ശക്തമാക്കും. ക്രമസമാധാനം മെച്ചപ്പെടുത്തും. ഏതു പരാതിയിലും 30 ദിവസത്തിനകം തീരുമാനം ഉറപ്പുവരുത്തും. എല്ലാ ബ്ലോക്കുകളിലും ഒറ്റ കേന്ദ്രത്തിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഭരണപരിഷ്‌കാര കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപ്പിലാക്കും. മദ്യവർജ്ജനത്തിനുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്തും. ദേവസ്വങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ഉറപ്പുവരുത്തും. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് സുഗമമായി എത്തിക്കും. സിംഗിൾ വിൻഡോയിലൂടെ സേവനം ആവശ്യമുള്ളവർക്ക് സർക്കാർ സേവനം ലഭ്യമാക്കും. ഇതിനായി ആവശ്യമായ ഭേദഗതി സേവനാവകാശ നിയമങ്ങളിൽ വരുത്തും. ചട്ടങ്ങളും രൂപീകരിക്കും. 

48) ഈസ് ഓഫ് ഡൂയിങ് ബിസിനസ് അധ്വാനിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നവകേരള നിർമ്മിതിക്കായി വ്യവസായ സംരംഭകർ അടക്കമുള്ളവരോട് പൂർണ സഹകരണം ഉറപ്പുവരുത്തും. സർക്കാരിന്റെ ആദ്യവർഷത്തിൽ തന്നെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്‌സിൽ രാജ്യത്തെ ഏറ്റവും മികച്ച 10 സംസ്ഥാനങ്ങളിൽ ഒന്നാക്കുകയും ചെയ്യും. അഞ്ച് വർഷത്തിനുള്ളിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നടത്തും. 

49) നിയമനങ്ങൾ പി.എസ്.സി മുഖേന സർക്കാർ, അർദ്ധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്‌പെഷ്യൽ റൂളുകൾക്കു രൂപം നൽകുകയും നിയമനങ്ങൾ പി.എസ്.സിക്കു വിടുകയും ചെയ്യും. ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തും. പി.എസ്.സി പരീക്ഷ, മൂല്യനിർണ്ണയം, നിയമനം എന്നിവ നടത്തുവാൻ ചലനാത്മകവും പൂർണ്ണതോതിൽ ഓട്ടോമേറ്റഡുമായ സംവിധാനം സൃഷ്ടിക്കും. ഏറ്റവും കുറഞ്ഞ മനുഷ്യ ഇടപെടലോടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും, മൂല്യനിർണ്ണയം നടത്തുകയും, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, നിയമനം നടത്തുകയും ചെയ്യും. പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കും. 

50) കടാശ്വാസം കാർഷിക കടാശ്വാസ കമ്മീഷൻ, മത്സ്യമേഖല കടാശ്വാസ കമ്മീഷൻ, വിദ്യാഭ്യാസ വായ്പാ സമാശ്വാസം എന്നിവയുടെ പ്രവർത്തനങ്ങൾ തുടരും. സംസ്ഥാനത്തെ വിവിധ വികസന ഏജൻസികളിൽ ദീർഘനാളായി കുടിശികയായി കിടക്കുന്ന വായ്പകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിനു പദ്ധതികൾ ആവിഷ്‌കരിക്കും. കിടപ്പാടങ്ങൾ ജപ്തി ചെയ്യുന്നതിനെതിരെ നിയമനിർമ്മാണം ഉണ്ടാക്കും. വട്ടിപ്പലിശയ്ക്കും വ്യാജ ലേലം വിളികൾക്കുമെതിരെ പ്രാദേശിക അടിസ്ഥാനത്തിൽ സമിതികൾക്കു രൂപം നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP