Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധർമജന് 37.49 ലക്ഷത്തിന്റെ ബാങ്ക് ബാലൻസ്; കെ.ബാബുവിന് 2 കോടിയുടെ ആസ്തി; എം.കെ.മുനീറിന് 92 ലക്ഷത്തിന്റെ കടം; അരിതയുടെ കൈയിൽ 1,250 രൂപയും എതിരേ ഒൻപതു കേസും; കൈയിൽ പണമില്ലാതെ വി.ഭാഗ്യവതി; സ്വന്തമായി വീടും ഭൂമിയും വാഹനവുമില്ലാത്ത കാരാട്ട് റസാഖ്; ശ്രേയാംസിന്റെ പേരിൽ 130.60 ഏക്കർ; വിവിധ സ്ഥാനാർത്ഥികളുടെ ആസ്തിവിവരങ്ങൾ

ധർമജന് 37.49 ലക്ഷത്തിന്റെ ബാങ്ക് ബാലൻസ്; കെ.ബാബുവിന് 2 കോടിയുടെ ആസ്തി; എം.കെ.മുനീറിന് 92 ലക്ഷത്തിന്റെ കടം;  അരിതയുടെ കൈയിൽ 1,250 രൂപയും എതിരേ ഒൻപതു കേസും; കൈയിൽ പണമില്ലാതെ വി.ഭാഗ്യവതി; സ്വന്തമായി വീടും ഭൂമിയും വാഹനവുമില്ലാത്ത കാരാട്ട് റസാഖ്; ശ്രേയാംസിന്റെ പേരിൽ 130.60 ഏക്കർ; വിവിധ സ്ഥാനാർത്ഥികളുടെ ആസ്തിവിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃപ്പുണിത്തുറയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബുവിന്റെ ആകെ ആസ്തി 2,14,74,880 രൂപ. നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വകകൾ വ്യക്തമാക്കുന്നത്. 1,00,79,072 രൂപയുടെ ആസ്തി ബാബുവിന്റെ പേരിലും 1,13,95,808 രൂപയുടെ ആസ്തി ഭാര്യയുടെ പേരിലുമായാണ് ഉള്ളത്.

ബാബുവിന്റെ പക്കൽ 40,000 രൂപയും ഭാര്യയുടെ കയ്യിൽ രണ്ടായിരം രൂപയുമുണ്ട്. 11,50,000 രൂപ വിലമതിക്കുന്ന കാറും, 2009 മോഡൽ സ്‌കൂട്ടറും ബാബുവിന്റെ പേരിലുണ്ട്. ബാബുവിന്റെ പക്കൽ സ്വർണം ഇല്ല. ഭാര്യക്ക് 8,40,000 രൂപ വിലമതിക്കുന്ന 200 ഗ്രാം സ്വർണമുണ്ട്.

കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ചലച്ചിത്ര നടൻ ധർമജൻ ബോൾഗാട്ടിക്കും ഭാര്യ അനൂജയ്ക്കും വിവിധ ബാങ്കുകളിലായി 63.98 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം. ധർമജന് 37.49 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരിൽ 26.48 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. 2.70 കോടി രൂപയുടെ സ്വത്തുക്കളാണ് ധർമജന്റെയും ഭാര്യയുടെയും രണ്ട് ആശ്രിതരുടെയും പേരിലുള്ളത്.

ധർമജന് 40.32 ലക്ഷത്തിന്റെ കാറും 17.79 ലക്ഷത്തിന്റെ ഇന്നോവ കാറുമുണ്ട്. 48,000 രൂപ വിലയുള്ള ഒരു സ്‌കൂട്ടറുമുണ്ട്. 12.50 ലക്ഷത്തിന്റെ കൃഷിഭൂമിയും 50 ലക്ഷത്തിന്റെ കാർഷികേതര ഭൂമിയുമുണ്ട്. 62 ലക്ഷം രുപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. ധർമജന്റെ പേരിൽ അഞ്ചു ലക്ഷത്തിന്റെ എൽ.ഐ.സി പോളിസിയും 60 ലക്ഷത്തിന്റെ എസ്.ബി.ഐ ലൈഫ് പോളിസിയുമുണ്ട്.

ധർമജന് 1,60,000 രൂപ വില മതിക്കുന്ന അഞ്ചു പവന്റെ സ്വർണാഭരണവും ഭാര്യയ്ക്ക് 6.40 ലക്ഷം രുപ വലിവരുന്ന 20 പവന്റെ സ്വർണാഭരണവുമുണ്ട്. രണ്ടു മക്കൾക്ക് 70,000 രൂപ വിലമതിക്കുന്ന രണ്ടു പവൻ വീതം സ്വർണാഭരണമുണ്ട്. ധർമജന് 1,62,88,726 രൂപയുടെ ജംഗമ സ്വത്തും ഭാര്യയ്ക്ക് 32,93,434 രൂപയുടെ ജംഗമസ്വത്തുമാണുള്ളത്. ധർമജന്റെ വരുമാന മാർഗം ബിസിനസും അഭിനയവുമാണ്. ഭാര്യയ്ക്ക് വരുമാനം ബിസിനസിൽനിന്നാണ്. ധർമജന് 12 ലക്ഷത്തിന്റെ വാഹന വായ്പയുണ്ട്.

എം.കെ. മുനീറിന് 92 ലക്ഷത്തിന്റെ കടം

കോഴിക്കോട്: കൊടുവള്ളിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഡോ:എം.കെ മുനീറിന് 92 ലക്ഷത്തിന്റെ കടം. കോഴിക്കോട് ടൗൺ ബാങ്കിൽ 79 ലക്ഷത്തിന്റെയും നടക്കാവ് എസ്.ബി.ഐയിൽ 13 ലക്ഷത്തിന്റെയും കടമാണുള്ളത്. നടക്കാവിലേത് കാർ വാങ്ങാനെടുത്ത വായ്പയാണ്.

മുനീറിന് 2.20 കോടിയുടെ സ്ഥാവര സ്വത്തുക്കളുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. 70 ലക്ഷത്തിന്റെ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണ്. ഒന്നരക്കോടിയുടേത് സ്വയാർജിതവും. മുനീറിന് 1,12,10,047 രൂപയുടെ ജംഗമസ്വത്തുക്കളും ഭാര്യയ്ക്ക് 1,02,15,848 രൂപയുടെ ജംഗമസ്വത്തുക്കളുമുണ്ട്.

മുനീറിന് 9.70 ലക്ഷത്തിന്റെ കാറുണ്ട്. ഇന്ത്യാവിഷൻ കമ്യൂണിക്കേഷൻസിൽ 6.01 ലക്ഷത്തിന്റെയൂം ഒലീവ് പബ്ലിക്കേഷൻസിൽ 66 ലക്ഷത്തിന്റെയും ഓഹരിയുണ്ട്. വളാഞ്ചേരി സി.എച്ച് മെമോറിയൽ ആശുപത്രിയിൽ 22.80 ലക്ഷത്തിന്റെയും സ്പാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ മൂന്നര ലക്ഷത്തിന്റെയൂം ഓഹരിയുണ്ട്.

ഭാര്യയ്ക്ക് ഒലീവ് പബ്ലിക്കേഷൻസിൽ 33.60 ലക്ഷത്തിന്റെയും പനായി പെട്രോളിയത്തിൽ 15.50 ലക്ഷത്തിന്റെയും സ്പാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഒരു ലക്ഷത്തിന്റെയും ഓഹരിയുണ്ട്. മുനീറിനെതിരേ 13 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടു.തന്റെ കൈവശം 23600 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണ് ഉള്ളതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

അരിതയുടെ കൈയിൽ 1,250 രൂപ, എതിരേ ഒൻപതു കേസ്

കായംകുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ കൈവശം 1,250 രൂപയും യൂണിയൻ ബാങ്ക് അക്കൗണ്ടിൽ 6,137 രൂപയുമുണ്ട്. കായംകുളം എസ്.ബി.ഐ, സഹകരണ ബാങ്ക് അക്കൗണ്ടുകളിൽ 1,000 രൂപ വീതവുമുണ്ട്. 45 ഗ്രാം സ്വർണവും െകെവശമുണ്ട്.

ഒരു ലക്ഷത്തി എൺപതിനായിരം രൂപയുടെ ജംഗമ ആസ്തിയുള്ള അവർക്ക് സ്ഥാവര ആസ്തിയില്ല. 32,124 രൂപയുടെ വായ്പയുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ടു കായംകുളം, ആലപ്പുഴ, തിരുവനന്തപുരം കോടതികളിൽ ഒൻപതു കേസുകളുമുണ്ട്.

കൈയിൽ പണമില്ലാതെ ഭാഗ്യവതി

ധർമ്മടം മണ്ഡത്തിൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയ വി. ഭാഗ്യവതിക്ക് കൈവശം പണമില്ല. പാൻ കാർഡോ കേസുകളോ ഇവരുടെ പേരിലില്ല. 3500 രൂപ വിലമതിക്കുന്ന സ്വർണത്താലിയും ബാങ്ക് നിക്ഷേപവും അടക്കം 58, 573 രൂപ ഇവരുടെ പേരിലുണ്ട്. ഭർത്താവ് വേലായുധന്റെ പേരിൽ പതിനായിരം രൂപയുണ്ട്. വീടും സ്ഥലവും അടക്കം അഞ്ചു ലക്ഷം കമ്പോള മൂല്യം വരുന്ന സ്വത്തുണ്ട്.

കാരാട്ട് റസാഖിന് സ്വന്തമായി വീടില്ല, ഭൂമിയില്ല, വാഹനവുമില്ല

കൊടുവള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കാരാട്ട് റസാഖ് എംഎ‍ൽഎയ്ക്കു സ്വന്തമായി ഭൂമിയും വീടുമില്ല. വാഹനവുമില്ല. ഭാര്യയുടെ പേരിൽ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ സ്ഥലവും അതിൽ 2000 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമുണ്ട്. ഇതിന് 65 ലക്ഷം രൂപ വിലവരും.

റസാക്കിന് 1.34 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് 7 ലക്ഷം രുപ വിലമതിക്കുന്ന 200 ഗ്രാം സ്വർണാഭരണമുണ്ട്. റസാഖിന്റെ െകെയിൽ 12000 രൂപയും ഭാര്യയുടെ കൈയിൽ 3000 രൂപയുമുണ്ട്. റസാഖിന് 1,46,942 രൂപയുടെ ജംഗമസ്വത്തുക്കളും ഭാര്യയ്ക്ക് 7,03,000 രൂപയുടെ ജംഗമസ്വത്തുക്കളുണുമാണുള്ളത്.

വി എസ്. ശിവകുമാറിന് 20.76 ലക്ഷം രൂപയുടെ ബാധ്യത

മുൻ മന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎയുമായ വി എസ്. ശിവകുമാറിന്റെ െകെവശമുള്ളത് 15,000 രൂപ മാത്രം. അഞ്ചു ഗ്രാം സ്വർണവും വിവിധ ബാങ്കുകളിലായി 37.23 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപമുണ്ട്. ഭാര്യയുടെ പക്കൽ 75 ഗ്രാം സ്വർണം.

കൊല്ലയിൽ വില്ലേജിൽ 27 ലക്ഷം രൂപ വിലയുള്ള ഭൂമി സ്വന്തം പേരിലുണ്ട്. ശാസ്തമംഗലത്ത് 12 സെന്റ് സ്ഥലം ഭാര്യയുടെ കൂടി പേരിലാണ്. ഭൂമിയുടെ ആകെ വില 67.9 ലക്ഷം. 20.76 ലക്ഷംരൂപയുടെ ബാധ്യതയും ശിവകുമാറിനുണ്ട്. നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ.

റോഷി അഗസ്റ്റിനും ഭാര്യക്കുമായി രണ്ടു കോടിയുടെ ആസ്തി

ഇടുക്കി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിയനും ഭാര്യക്കും പണം, സ്വർണം, വസ്തു, വാഹനം, വീട് എന്നീ ഇനങ്ങളിലായി രണ്ടു കോടി നാൽപ്പത്തൊന്നു ലക്ഷത്തി എഴുപത്തെണ്ണായിരം രൂപയുടെ സ്വത്തുണ്ട്. വാഹനം, സ്വർണാഭരണം, ബാങ്ക് നിക്ഷേപം എന്നീ ഇനത്തിൽ റോഷിക്ക് 10.78 ലക്ഷം രൂപയുണ്ട്. കുടുംബസ്വത്തായി പാലാ ചക്കാമ്പുഴയിൽ ലഭിച്ച 2.25 ഏക്കർ കൃഷിഭൂമിക്ക് ഒന്നര കോടി രൂപ മതിപ്പുവില വരും.

ഭാര്യയുടെ പേരിൽ സ്വർണം, ബാങ്ക് നിക്ഷേപം, ഇൻഷുറൻസ് പോളിസികൾ എന്നിവയിലായി 46 ലക്ഷം രൂപയും തിരുവനന്തപുരം പാറ്റൂരിൽ 35 ലക്ഷം രൂപ മതിപ്പുവില വരുന്ന 980 ചതുരശ്രയടി വിസ്താരമുള്ള വീടുമുണ്ട്.

എം.ലിജുവിന്റെ കൈവശം 15,000 രൂപ

യു.ഡി.എഫ്. അമ്പലപ്പുഴ മണ്ഡലം സ്ഥാനാർത്ഥി എം. ലിജുവിന് അരക്കോടിയോളം രൂപയുടെ ആസ്തി. സ്വന്തമായി വീടും സ്ഥലവുമുണ്ട്. വാഹനമായി സ്‌കൂട്ടർ മാത്രം. ഭൂമി, സ്വർണം, ബാങ്ക് നിക്ഷേപം, പോളിസികൾ തുടങ്ങിയ ഇനങ്ങളിലായി 46,729,915 രുപയാണ് ലിജുവിന്റെ ആകെ ആസ്തി. സ്വന്തം െകെവശം 15,000യും ഭാര്യയുടെ കൈവശം 10,000 രൂപയുമുണ്ട്.

ലിജുവിന് വിവിധ ബാങ്കുകളിലായി 14,801 രൂപയുടെ നിക്ഷേപം. സി.എസ്.ബി ആലപ്പുഴ ശാഖയിൽ സംയുക്ത സംരംഭത്തിന്റെ ജോയിന്റ് അക്കൗണ്ടിൽ 15,000 രൂപ, വയലാർ രവി 80- ാം പിറന്നാൾ ആഘോഷ സംഘാടകസമിതിയുടെ കൺവീനർ എന്ന പേരിലെ അക്കൗണ്ടിൽ 1,73,711 രൂപ, സർവോദയ പാലിയേറ്റീവ് കെയറിന്റെ പേരിലുള്ള അക്കൗണ്ടിൽ 2,13,878 രൂപയുമുണ്ട്.

ഭാര്യയുടെ പേരിൽ വിവിധ ബാങ്കുകളിലായി 26,759 രൂപയുമുണ്ട്. 2,06,922 രൂപ മൂല്യമുള്ള എൽ.ഐ.സി പോളിസികൾ ഒരു ലക്ഷത്തിന്റെ പാർട്ണർഷിപ്പ് ഫേം പോളിസിയുമുണ്ട്. ആശ്രിതന്റെ പേരിൽ 30642 രൂപ മൂല്യമുള്ള രണ്ട് പോളിസികളുമുണ്ട്. ഭാര്യയുടെ പേരിൽ 37500 രൂപയുടെ പോസ്റ്റോഫീസ് നിക്ഷേപവും 17010 രൂപ മൂല്യമുള്ള പോസ്റ്റൽ ലൈഫ് ഇൻഷുറൻസുമുണ്ട്. ഐ.സിഐ.സി പ്രുഡൻഷ്യലിന്റെ 2,72,000 രൂപയുടെ പോളിസിയും ഭാര്യയുടെ പേരിലുണ്ട്. ലിജുവിന് 1,68,000 രൂപ മൂല്യമുള്ള സ്വർണാഭരണവും 7,000 രൂപ വിലമതിക്കുന്ന ടൂ വീലറുമുണ്ട്. ഭാര്യയ്ക്ക് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണമുണ്ട്.

ആശ്രിതർക്ക് രണ്ട് പേർക്കും 1,68,000 രൂപ വീതം വിലമതിക്കുന്ന സ്വർണാഭരണങ്ങളുണ്ട്. ആകെ 20,47,915 രൂപയുടെ ആസ്തി. ലിജുവിന്റെ പേരിൽ കാർത്തികപ്പള്ളി ചെറുതനയിൽ 6,25,000 രൂപ കമ്പോള വിലയുള്ള കാർഷിക ഭൂമിയുണ്ട്.

20,00,000 രൂപ വില മതിക്കുന്ന താമസിക്കാനുള്ള വീടും സ്വന്തമായുണ്ട്. 10.5 ലക്ഷം രൂപയുടെ ഭവനവായ്പ, ഭാര്യയുടെ പേരിൽ 9,11,500 രൂപയുടെ സ്വർണ പണയ വായ്പ, കയർ ബോർഡ് സൊെസെറ്റിയിൽ രണ്ട് ലക്ഷം രൂപയുടെ വായ്പയുമുണ്ട്. 21,61,500 രൂപയുടെ മൊത്തം ബാധ്യതയുമുണ്ട്.

ശ്രേയാംസിന്റെ പേരിൽ 130.60 ഏക്കർ

കൽപ്പറ്റ നിയോജക മണ്ഡലം എൽ.ജെ.ഡി. സ്ഥാനാർത്ഥി ശ്രേയാംസ്‌കുമാറിന്റെ കൈവശം 15,000 രൂപ. ഭാര്യ കവിതയുടെ െകെയിൽ 5000 രൂപ. 2019-20 വർത്തെ ആദായ നികുതി റിട്ടേണിൽ കാണിച്ചിരിക്കുന്ന വരുമാനം 2,95,41,150 രൂപ. 2018-19ൽ ഇത് 4.43,08,054 രൂപയായിരുന്നു. ശ്രേയാംസിന്റെ പേരിൽ 130.60 ഏക്കർ സ്ഥലം. 24,03,295 രൂപ വിലയുള്ള ബി.എം.ഡബ്ല്യൂ. കാർ സ്വന്തമായുണ്ട്.

ബാങ്കിൽ 57,98,550.51 രൂപ നിക്ഷേപം. ഭാര്യക്ക് 1,12,743,3.5 രൂപയുടെ നിക്ഷേപവും. ബോണ്ട്, ഷെയർ, ഡിബഞ്ചർ തുടങ്ങിയ ഇനങ്ങളിലായി 3,02,11,309.87 രൂപയുടെ നിക്ഷേപം. പോസ്റ്റൽ സേവിങ്സ്, ഇൻഷൂറൻസ്, പോളിസികൾ തുടങ്ങിയ ഇനങ്ങളിൽ 2,75,06,727 രൂപയും. ധനകാര്യ സ്ഥാപനങ്ങളിൽ 3,98,46,527 രൂപയുടെ കടമുണ്ട്. ശ്രേയാംസിന് 9,85,000 രൂപയുടെ ആഭരണങ്ങളുണ്ട്. ഭാര്യക്ക് 25,12,000 രൂപയുടെ ആഭരണങ്ങളും. ശ്രേയാംസിന്റെ സ്വത്ത് വകകളുടെ മൊത്തം കമ്പോളമൂല്യം 74,97,24,870 രൂപ.

ജയലക്ഷ്മിയുടെ കൈവശം 5,000 രൂപ

മാനന്തവാടിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ കൈവശം 5000 രൂപ. 160 ഗ്രാം സ്വർണം. ഇതിന്റെ മൂല്യം 6,72,000 രൂപ. രാഷ്ട്രീയ സമരങ്ങളുടെ പേരിൽ ഒരു ക്രിമിനൽ കേസ്. വായ്പാ ബാധ്യതയും സ്വന്തവുമായി സ്ഥലവും വാഹനവുമില്ല. ഭർത്താവിന് 1,11,000 രൂപയുടെ വായ്പാ ബാധ്യതയുണ്ട്. സ്വർണം, നിക്ഷേപം തുടങ്ങിയ ഇനങ്ങളിലായി 1,34,71,86 രൂപയുടെ ആസ്തി മാത്രമാണ് ജയലക്ഷ്മിക്കുള്ളത്.

സി.കെ.പിയുടെ കൈയിൽ 5,000 രൂപ

ധർമ്മടം മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി സി.കെ. പത്മനാഭന്റെ കൈവശമുള്ളത് അയ്യായിരം രൂപ. നിക്ഷേപമായി പത്മനാഭന് ഇരുപത് ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 32ലക്ഷത്തിന്റെയും ആസ്തിയുണ്ട്. സാമ്പത്തിക ബാധ്യതകളുമില്ല. കേസുകളുമില്ല.

ബാങ്ക് നിക്ഷേപമില്ലാതെ സജീവ്

ഇരിക്കൂറിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി സജീവ് ജോസഫിന്റെ കൈവശം 42, 500 രൂപയും ഭാര്യയുടെ െകെവശം 41,000 രൂപയും. ഇരുവർക്കും മറ്റ് നിക്ഷേപങ്ങളൊന്നുമില്ല. ഭാര്യയ്ക്ക് 62 ലക്ഷം വിലമതിക്കുന്ന സ്വത്ത് വകകളുണ്ട്്. കൂടാതെ പി.എഫ്. നിക്ഷേപവുമുണ്ട്.

പാച്ചേനിയുടെ കൈവശം പതിനായിരം രൂപ

കണ്ണൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഡി.സി.സി. പ്രസിഡന്റായ സതീശൻ പാച്ചേനിയുടെ കൈവശം പതിനായിരം രൂപയും ഭാര്യ റീനയുടെ കൈവശം പതിനൊന്നായിരം രൂപയും. സതീശൻ പാച്ചേനിക്ക് 19 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 16 ലക്ഷത്തിന്റെയും നിക്ഷേപമുണ്ട്. പാച്ചേനിക്ക് ആറു ലക്ഷത്തിലേറെ വിമലതിക്കുന്ന സ്വത്തു വകകളും. ആറു ലക്ഷം രൂപയുടെ ബാധ്യതകളുമുണ്ട്.

പ്രദീപ് കുമാറിന് അഞ്ചരലക്ഷത്തിന്റെ നിക്ഷേപം

പയ്യന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഫോക്ലോർ അക്കാദമി മുൻ സെക്രട്ടറിയായ എം. പ്രദീപ് കുമാറിന്റെയും ഭാര്യയുടെയും െകെവശം പതിനായിരം രൂപ വീതം. പ്രദീപ് കുമാറിന് അഞ്ചരലക്ഷത്തിന്റെയും ഭാര്യയ്ക്ക് 16 ലക്ഷത്തിന്റെയും നിക്ഷേപമുണ്ട്. പ്രദീപ് കുമാറിന് ഇരുപതിനായിരം രൂപയുടെയും ഭാര്യയ്ക്ക് 50 ലക്ഷത്തിന്റെയും മൂല്യം കണക്കാക്കാവുന്ന സ്വത്ത് വകകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP