Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിക്കൊപ്പം ചേർന്ന ജയരാജനോട് എൻഎസ്എസിന്റെ എതിർപ്പ് വ്യക്തം; പട്ടിയെ പിരിയാൻ വയ്യാത്തതു കൊണ്ട് ഡൽഹി വിടാൻ മടിയെന്ന് പറഞ്ഞ അൽഫോൻസ് കണ്ണന്താനത്തിനു ട്രോളോടു ട്രോൾ; മൂവാറ്റുപുഴയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജോസഫ് വാഴക്കന്റെ പ്രതീക്ഷ എൻഎസ്എസും സഭയും

പിണറായിക്കൊപ്പം ചേർന്ന ജയരാജനോട് എൻഎസ്എസിന്റെ എതിർപ്പ് വ്യക്തം; പട്ടിയെ പിരിയാൻ വയ്യാത്തതു കൊണ്ട് ഡൽഹി വിടാൻ മടിയെന്ന് പറഞ്ഞ അൽഫോൻസ് കണ്ണന്താനത്തിനു ട്രോളോടു ട്രോൾ; മൂവാറ്റുപുഴയിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ എത്തിയ ജോസഫ് വാഴക്കന്റെ പ്രതീക്ഷ എൻഎസ്എസും സഭയും

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: തെരഞ്ഞെടുപ്പു പ്രചരണം മുറുകവേ സിപിഎം ആഗ്രഹിക്കുന്നത് ശബരിമല വിഷയം സജീവമാകാതിരിക്കാനാണ്. എന്നാൽ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രസ്താവനയോടെ രംഗം കലുഷിതമാകുമ്പോൾ ആശയക്കുഴപ്പത്തിലാകുന്നത് ഇടതു സ്ഥാനാർത്ഥികളാണ്. എൻഎസ്എസുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് നീങ്ങവേ കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകളിൽ അട്ടിമറി സാധ്യതകൾ തെളിയുകയാണ്. മൂന്ന് മുൻ എംഎൽഎമാർ തമ്മിലുള്ള മത്സരമാണ് മണ്ഡലത്തിലെ പ്രധാന പ്രത്യേകത. മുന്നണികളിൽ നിന്നും കൂറുമാറി എത്തിയ രണ്ട് സ്ഥാനാർത്ഥികളും കൂറുമാറാത്ത കോൺഗ്രസ് സ്ഥാനാർത്ഥിയുമാണ് കളത്തിൽ. എൻഎസ്എസുമായി സിപിഎം കൊമ്പുകോർക്കുമ്പോൾ ഇവിടുത്തെ ഇടതു സ്ഥാനാർത്ഥി എൻ ജയരാജ് പ്രതിരോധത്തിലാണ്.

യുഡിഎഫിന്റെ ഉരുക്കു കോട്ടയായാണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം അറിയപ്പെടുന്നത്. എൻഎസ്എസിന്റെയും കത്തോലിക്കാ സഭയുടെയും നിലപാട് തെരഞ്ഞെടുപ്പു ഫലം നിർണയിക്കുന്ന മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ എൻ ജയരാജ് സ്ഥാനാർത്ഥിയാകുമ്പോൾ മറുവശത്ത് എൻഡിഎയിൽ നിന്നും മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് കളത്തിലുള്ളത്. മൂവാറ്റുപുഴ സീറ്റ് ആഗ്രഹിച്ചെങ്കിലും പാർട്ടി നിശ്ചയിച്ച കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ ഇക്കുറി മണ്ഡലം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ്. പരമ്പരാഗതമായി മണ്ഡലത്തിനുള്ള യുഡിഎഫ് അനുഭാവം തങ്ങൾക്ക് തുണയാകും എന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ.

'കൂറു മാറാത്തവരുടെ കൂടെ നിൽക്കാം' എന്നതാണ് ജോസഫ് വാഴയ്ക്കന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. ഈ ഒറ്റ മുദ്രാവാക്യത്തിലൂടെ രണ്ട് മുന്നണികളെയും പ്രതിരോധത്തിലാക്കുകയാണ് ജോസഫ് വാഴയ്ക്കൻ. സർക്കാറിന്റെ എൻഎസ്എസിനോടുള്ള എതിർപ്പാണ് യുഡിഎഫിന്റെ പ്രതീക്ഷ. ശബരിമല ആചാരലംഘനത്തിന് പിന്തുണച്ച പിണറായി പക്ഷത്തേക്ക് എൻ ജയരാജ് മാറിയതിനെ എൻഎസ്എസ് പിന്തുണച്ചിട്ടില്ല. അതുകൊണ്ട് തന്നെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തൻ കൂടിയായ ജോസഫ് വാഴയ്ക്കനോടാണ് എൻഎസ്എസിന് താൽപ്പര്യം. കത്തോലിക്കാ സഭക്കാരനായ ജോസഫ് വാഴയ്ക്കന് സഭയുടെ പിന്തുണയുമുണ്ട്.

ഇടതു മുന്നണിയിലാകട്ടെ സിപിഐ മത്സരിച്ചുവന്ന സീറ്റ് വിട്ടുകൊടുക്കേണ്ടി വന്നതിലെ അതൃപ്തി പ്രകടനമാണ് താനും. ഇത് കൂടാതെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൻഎസ്എസുമായി ശബരിമല വിഷയത്തിൽ കൊമ്പു കോർത്തതും. ഈ കൊമ്പുകോർക്കലും സാങ്കേതികമായി തിരിച്ചടിയാകുക ഇടതു സ്ഥാനാർത്ഥി എൻ ജയരാജനാണ്. മറുവശത്ത് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മുൻ എംഎൽഎ കൂടിയായ അൽഫോൻസ് കണ്ണന്താനത്തിന് തിരിച്ചടിയാകുക പെട്രോൾ വില വർധനവും ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തനവുമാണ്. അടുത്തകാലത്ത് പട്ടിയെ പിരിയാൻ വയ്യാത്തതു കൊണ്ട് ഡൽഹി വിടാൻ മടിയാണെന്ന് കണ്ണന്താനം പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാണ്. ഇതടക്കം തെരഞ്ഞെടുപ്പു രംഗത്ത് ചർച്ചയാകുന്നുണ്ട്.

എൽഡിഎഫ് സ്ഥാനാർത്ഥി എൻ. ജയരാജ് മണ്ഡലത്തിൽ നേരത്തെ തന്നെ പ്രചരണം ആരംഭിച്ചിരുന്നു. ജോസഫ് വാഴക്കന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഇന്നലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. അൽഫോൻസ് കണ്ണന്താനവു മണ്ഡലത്തിൽ സജീവമാണ്. കഴിഞ്ഞ തവണ മൂവാറ്റുപുഴയിൽ കൈവിട്ട വിജയം കാഞ്ഞിരപ്പള്ളിയിൽ നേടിയെടുക്കുക എന്നാണ് ജോസഫ് വാഴക്കന്റെ പ്രതീക്ഷ. മൂന്നു സ്ഥാനാർത്ഥികളും കാഞ്ഞിരപ്പള്ളിക്കാരാണെന്ന സവിശേഷതയും ഇക്കുറിയുണ്ട്. മുൻ മന്ത്രി നാരായണക്കുറുപ്പിന്റെ മകനായ ജയരാജ് മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും മത്സര രംഗത്തെത്തിയിട്ടുള്ളത്. മാറിയ രാഷ്ട്രീയ സാഹചര്യം തന്നെയണ് ജോസഫ് വാഴക്കന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP