Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഡിയെ പേടിച്ച് കിഫ്ബി തലയിൽ മുണ്ടിട്ട് നടക്കുമ്പോൾ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്രം; ഡവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷനിലെ ഉദ്യോഗസ്ഥർക്ക് കെ.എം.എബ്രഹാമിനെ പോലെ ഇഡിയെയും സിബിഐയെയും പേടിക്കേണ്ട; തെറ്റായ അന്വേഷണവും കേസും പടിക്ക് പുറത്ത്; പൂർണ സംരക്ഷണം നൽകി ബിൽ റെഡിയാകുന്നു

ഇഡിയെ പേടിച്ച് കിഫ്ബി തലയിൽ മുണ്ടിട്ട് നടക്കുമ്പോൾ കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്രം; ഡവലപ്‌മെന്റ് ഫിനാൻസ് ഇൻസ്റ്റിറ്റിയൂഷനിലെ ഉദ്യോഗസ്ഥർക്ക് കെ.എം.എബ്രഹാമിനെ പോലെ ഇഡിയെയും സിബിഐയെയും പേടിക്കേണ്ട; തെറ്റായ അന്വേഷണവും കേസും പടിക്ക് പുറത്ത്; പൂർണ സംരക്ഷണം നൽകി ബിൽ റെഡിയാകുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിൽ തിരഞ്ഞെടുപ്പ് കാലത്ത് കിഫ്ബി വലിയ വിഷയമാണ്. കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചതായുള്ള ആരോപണമാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് നേരിടുന്നത്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചെറുക്കുന്നു. മൊഴി നൽകാൻ തയാറാകാത്ത സിഇഒ, ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നിവർക്കു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഇഡി ഒരുങ്ങുന്നു. ഇങ്ങനെ വാർത്തകളുടെ പൊടിപൂരമാണ്. രസകരമായ കാര്യം വിവാദത്തിലായ ഈ കിഫ്ബി മോഡൽ കേന്ദ്ര സർക്കാരിനും നന്നേ പിടിച്ചുവെന്നുള്ളതാണ്.

കേരളത്തെ മാതൃകയാക്കി, കിഫബിയുടെ വല്യേട്ടനായി ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കാനൊരുങ്ങുകയാണ്.രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്‌ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ സംഗതി ഈ ഡിഎഫ്‌ഐയിലെ ഉദ്യോഗസ്ഥർക്ക് കിഫ്ബി സിഇഒ കെ.എം.ഇബ്രാഹിമിനെ പോലെ ഇഡിയെ പേടിച്ച് കഴിയേണ്ടതില്ല എന്നതാണ്. അനാവശ്യമായ നിയമനടപടികളും, അന്വേഷണവും ഒന്നും നിർദ്ദിഷ്ട ഡിഎഫ്‌ഐ ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വരില്ല. സിബിഐയുടെയും, ഇഡിയുടെയും അന്വേഷണത്തിൽ നിന്നുള്ള സംരക്ഷണമാണ് ഡിഎഫ്‌ഐയിലെ ഉദ്യോഗസ്ഥരുടെ മുഖ്യ ആകർഷണം. സ്വതന്ത്രമായി ഭീതിയില്ലാതെ പണിയെടുക്കാമെന്ന് ചുരുക്കം. ആരും പാതിരാത്രി വന്ന് വാതിലിൽ മുട്ടില്ല.

ഡിഎഫ്‌ഐ ഉദ്യോഗസ്ഥരെ പ്രോസിക്യൂഷനിൽ നിന്നും അന്വേഷണത്തിൽ നിന്നും ഒഴിവാക്കുന്ന ബിൽ നിയമമന്ത്രാലയം തയ്യാറാക്കി വരികയാണ്. വിദേശത്ത് നിന്ന് സംഘടിപ്പിക്കുന്ന വായ്പകൾക്ക് ഡിഎഫ്‌ഐക്ക് ആവശ്യമെങ്കിൽ സർക്കാർ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.

ഫിനാൻഷ്യൽ സർവീസസ് വകുപ്പ് തയ്യാറാക്കുന്ന ബില്ലിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇതൊരു ഓമ്‌നിബസ് മോഡലായിരിക്കും. അതായാത് 1949 ലെ ബാങ്കിങ് റഗുലേഷൻ നിയമം പോലെ ഒന്ന്. സർക്കാർ സ്‌പോൺസേഡ് ഡിഎഫ്‌ഐയെ കൂടാതെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഡിഎഫ്‌ഐക്കും സ്വാഗതം അരുളും. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ മുഖ്യ കളിക്കാരനാകണമെങ്കിൽ ചില്ലറ അഴിമതി ആരോപണങ്ങൾ ഒക്കെ വന്നാൽ പോയി പണി നോക്കാൻ പറയാനുള്ള അധികാരമുണ്ടാകണം. അതല്ലെങ്കിൽ കേസിന്റെ പിന്നാലെ നടക്കാനേ നേരമുണ്ടാവുകയുള്ളു. അതുകൊണ്ട് നന്നായി ശാക്തീകരിച്ച് തന്നെയായിരിക്കും ഡിഎഫ്‌ഐയെ തുറന്നുവിടുക എന്ന് ചുരുക്കം.

'റിസ്‌ക്' എടുക്കാൻ ഡിഎഫ്‌ഐ

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഡെവലപ്മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷൻ (ഡി.എഫ്.ഐ) രൂപീകരിക്കുന്നത് സംബന്ധിച്ച ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നൽകി.

ദീർഘകാല വികസനപദ്ധതികൾക്ക് പണം അനുവദിച്ച് റിസ്‌ക് ' എടുക്കാൻ ബാങ്കുകൾ തയ്യാറാകാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത്തരം പദ്ധതികൾക്ക് പണം സമാഹരിക്കാൻ ഡി.എഫ്.ഐക്ക് കഴിയും. പ്രൊഫഷണലായ ഡയറക്ടർ ബോർഡ് ഡി.എഫ്.ഐക്കുണ്ടാകും. ഇതിൽ 50 ശതമാനം പേർ നോൺ-ഒഫീഷ്യൽ ഡയറക്ടർമാർ ആയിരിക്കും.

20,000 കോടി രൂപയുടെ പ്രാഥമിക മൂലധനവുമായാണ് ഡി.എഫ്.ഐ പ്രവർത്തനം തുടങ്ങുക.മൂന്നുവർഷത്തിനകം കുറഞ്ഞത് അഞ്ചുലക്ഷം കോടി രൂപ ഡി.എഫ്.ഐ വഴി വികസനപദ്ധതികൾക്കായി നൽകാനാണ് ഉന്നമിടുന്നത്. ചുരുങ്ങിയ വർഷത്തിനകം തന്നെ മൂന്നുലക്ഷം കോടി രൂപ സമാഹരിക്കാൻ ഡി.എഫ്.ഐക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

തുടക്കത്തിൽ കേന്ദ്രസർക്കാരിന്റെ 100 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ഡി.എഫ്.ഐ പ്രവർത്തിക്കുക. പിന്നീട്, ഘട്ടംഘട്ടമായി പങ്കാളിത്തം 26 ശതമാനമായി കുറയ്ക്കും. ഡി.എഫ്.ഐക്ക് പത്തുവർഷത്തേക്ക് ചില നികുതിയിളവുകൾ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഡിഎഫ്‌ഐ ചെലവഴിക്കുന്നത് 111 ലക്ഷം കോടി

കേന്ദ്രസർക്കാർ 2020-25 കാലയളവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നത് 111 ലക്ഷം കോടി രൂപയുടെ വികസനപദ്ധതികളാണ്. ഇതിനായി, നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻ.ഐ.പി) മുഖേന 7,000 പദ്ധതികൾ കണ്ടെത്തിയിട്ടുണ്ട്.

കിഫ്ബിയെ കോപ്പിയടിച്ചതോ?

അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ബ്ജറ്റിന് പുറത്ത് പണം സമാഹരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്നും സുതാര്യമല്ലെന്നും പറഞ്ഞവർ തന്നെ ഇപ്പോൾ അതിനെ കോപ്പിയടിച്ചിരിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ ഡി.എഫ്.ഐ രൂപീകരണം പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമൊന്നും ഡിഎഫ്‌ഐക്കെതിരെ ആരും എടുക്കാൻ ചെല്ലേണ്ടാ. വിവരം അറിയും. അത് ഇഡിയായാലും സിബിഐ ആയാലും. കിഫ്ബിക്കെതിരെ എന്തന്വേഷണവും ആകാം താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP