Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൈക്കമാൻഡ് പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ല; അതിന് മുമ്പ് ധർമ്മടത്ത് പത്രിക നൽകി സി രഘുനാഥ്; പത്രിക നൽകിയത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ

ഹൈക്കമാൻഡ് പ്രഖ്യാപനം ഔദ്യോഗികമായി വന്നില്ല; അതിന് മുമ്പ് ധർമ്മടത്ത് പത്രിക നൽകി സി രഘുനാഥ്; പത്രിക നൽകിയത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ധർമ്മടം നിയോജകമണ്ഡലത്തിൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും മുമ്പ് പത്രിക നൽകി ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ്. യുഡിഎഫ് സ്ഥാനാർത്ഥിയായാണ് പത്രിക നൽകിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും മുമ്പെയാണ് രഘുനാഥ് പത്രിക സമർപ്പിച്ചത്. രഘുനാഥ് മൽസരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂർ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നിൽ നിർദ്ദേശം വെച്ചത്. എന്നാൽ കെ സുധാകരനോട് മൽസരിക്കാൻ ആവശ്യപ്പെട്ട് കെപിസിസി സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.

തന്റെ അടുത്ത വിശ്വസ്തരുമായി ചർച്ച നടത്തിയ ശേഷം മൽസരിക്കാനില്ലെന്ന് കെ സുധാകരൻ കെപിസിസി നേതൃത്വത്തെ അറിയിച്ചു. വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്താനായിട്ടില്ലെന്നും അതിനാൽ മൽസരരംഗത്തു നിന്നും ഒഴിവാക്കിത്തരണമെന്നും സുധാകരൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച വാളയാറിലെ കുട്ടികളുടെ അമ്മയെ പിന്തുണയ്ക്കാൻ കോൺ്ഗരസ് ആലോചിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മടത്തു വേണമെന്നും, അല്ലെങ്കിൽ റിബൽ ആയി മൽസരിക്കുമെന്നും രഘുനാഥ് വ്യക്തമാക്കിയിരുന്നു.

എന്നാൽ കെപിസിസിയുടെ നിർദ്ദേശപ്രകാരമല്ല രഘുനാഥ് പത്രിക സമ്മർപ്പിച്ചതെന്നാണ് വിവരം. ഇതോടെ ധർമ്മടം മണ്ഡലത്തിൽ വീണ്ടും സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായിരിക്കുകയാണ്. ധർമ്മടത്ത് കോൺഗ്രസിനായി കരുത്തനായ സ്ഥാനാർത്ഥിയെ ഇറക്കുന്നതിനായി കെപിസിസി കെ.സുധാകരനെ അനുനയിപ്പിച്ചു കൊണ്ടിരിക്കെയാണ് സി.രഘുനാഥ് പത്രിക സമർപിച്ചത്. കെ.സുധാകരന്റെയും ഡി.സി.സി യുടെയും നിർദ്ദേശപ്രകാരം തന്നെയാണ് പത്രിക സമർപ്പിച്ചതെന്നാണ് വിവരം. ധർമ്മടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി വണ്ടിക്കാരൻ പിടിക സ്വദേശിയായ രഘുനാഥ് സുധാകരന്റെ വിശ്വസ്ത രിൽ ഒരാളാണ്.

കെ.എസ്.യു പ്രവർത്തകനായി പൊതുരംഗത്ത് വന്ന രഘുനാഥ് കഴിഞ്ഞ മൂന്ന് തവണ ധർമ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെയർമാനായിരുന്നു. ധർമ്മടം മണ്ഡലത്തിൽ സുപരിചിതനായ രഘുനാഥിന്റെ സ്ഥാനാർത്ഥിത്വം നേരത്തെ കോൺഗ്രസിൽ ശക്തമായിരുന്നു. എന്നാൽ ഫോർവേഡ് ബ്‌ളോക്കിന് സീറ്റു നൽകാതായിരുന്നു കെപിസിസി യുടെ തീരുമാനം. ഫോർവേഡ് ബ്‌ളോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജനോട് മത്സരിക്കാൻ കെ.പി.സി സി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായില്ല.

ഇതിനെ തുടർന്ന് വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിൻതുണ നൽകാൻ കെപിസിസി തീരുമാനിച്ചു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ അവർ മത്സരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ആ ശ്രമവും പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് ധർമ്മടത്ത് കെ.സുധാകരന്റെ പേര് ഉയർന്നുവന്നത്. തുടക്കത്തിൽ സുധാകരൻ മത്സരിക്കാമെന്ന് സമ്മതിച്ചുവെങ്കിലും പിന്നീട് ചാഞ്ചാടി. ഇതോടെ സുധാകരനെ അനുനയിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് നടത്തി. സുധാകരനെ നേമത്ത് കെ.മുരളിധരനെ ഇറക്കിയതു പോലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ ലക്ഷ്യമിട്ടത്. എന്നാൽ കണ്ണൂർ ഡി സി.സി ഈ തീരുമാനത്തെ ശക്തമായി എതിർത്തതോടെ കെ.സുധാകരൻ പിൻവലിക്കുകയായിരുന്നു. സുധാകരൻ ധർമ്മടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മറ്റു മണ്ഡലങ്ങളിലെ പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു ഡി.സി.സി നേത്യത്വത്തിന്റെ വിലയിരുത്തൽ ഇതിനെ തുടർന്നാണ് സി.രഘുനാഥ് നേതാക്കളുടെ രഹസ്യ നിർദ്ദേശമനുസരിച്ച് പത്രിക സമർപ്പിച്ചത്.

കഴിഞ്ഞ തവണ പിണറായി വിജയൻ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇവിടെ നിന്ന് ജയിച്ചുകയറിയത്. യു.ഡി.എഫിൽ സ്ഥിരമായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലമാണ് ധർമടം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ കെപിസിസി നിർവാഹക സമിതിയംഗം മമ്പറം ദിവാകരനാണ് യു.ഡി.എഫിൽ ഇവിടെ ജനവിധി തേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ 87329 വോട്ടും മമ്പറം ദിവാകരൻ 50424 വോട്ടാണ് നേടിയത്. ബിജെപി 12763 വോട്ടും കരസ്ഥമാക്കി.

അലങ്കാരങ്ങളോ വിശേഷണങ്ങളോ ഇല്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരനാണ് സി രഘുനാഥ്. മണ്ഡലത്തിന്റെ മുക്കും മൂലയും ഓരോ കുഞ്ഞിനെപ്പോലും രഘുനാഥിനറിയാം. സാധാരണ കോൺഗ്രസ് പ്രവർത്തകനായി താഴെക്കിടെയിൽ പ്രവർത്തിച്ചു കൊണ്ടാണ് തുടക്കം ഇപ്പോഴും ധർമ്മടം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല സി.രഘുനാഥിനാണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ധർമ്മടം മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നയിച്ചതും സി.രഘുനാഥായിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന രഘുനാഥിന് മത്സര രംഗത്തിറക്കുന്നത് ഡി.സി.സി നിർബന്ധിച്ചാണ്. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എൻ. രാമകൃഷ്ണന്റെ ജന്മനാടായ അഞ്ചരക്കണ്ടി ഓടത്തിൽ പീടിക സ്വദേശിയാണ് സി.രഘുനാഥ്.

ആരു എതിർ സ്ഥാനാർത്ഥിയായാലും പാട്ടും പാടി ജയിക്കാമെന്ന ആത്മവിശ്വാസം പാർട്ടി ഗ്രാമങ്ങളടങ്ങിയ ധർമ്മടം മണ്ഡലത്തിൽ സിപിഎമ്മിനുണ്ട്. മുപ്പതിനായിരത്തിന് മുകളിലാണ് കഴിഞ്ഞ തവണ പിണറായി വിജയന്റെ ഭൂരിപക്ഷം. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ അതു നാൽപതിനായിരമായി ഉയർത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2021 ലെ തെരഞ്ഞെടുപ്പിനെ സിപിഎം നേരിടുന്നത്. എന്നാൽ രഘുനാഥിലൂടെ വോട്ടു കുറയ്ക്കാമെന്നാണ് പൊതുവിലുള്‌ല കണക്കൂകൂട്ടൽ.

ധർമ്മടം മണ്ഡലത്തിലെ മമ്പറം പടിഞ്ഞിറ്റാം മുറിയിൽ താമസിക്കുന്ന മമ്പറം ദിവാകരൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടിന് തൊട്ടടുത്തു താമസിക്കുന്നയാളും രാഷ്ട്രീയ എതിരാളിയും കൂടിയാണ്. പന്തക്ക പാറ ദിനേശ് കമ്പിനിക്കു നേരെയുണ്ടായ ബോംബേറിൽ പ്രതിയായ മമ്പറം ദിവാകരൻ കൊളങ്ങരേത്ത് രാഘവൻ കൊല കേസിൽ പ്രതിയായി ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ രക്തസാക്ഷിയെന്നു വിശേഷിപ്പിക്കുന്ന ബ്രണ്ണനിലെ അഷ്റഫിന്റെ കൊലപാതക കേസിൽ കോടതി വെറുതെ വിട്ടുവെങ്കിലും മമ്പറം ദിവാകരൻ സിപിഎമ്മിന്റെ കണ്ണിൽ ഇപ്പോഴും കൊലയാളി തന്നെയാണ്.

അതുകൊണ്ടു തന്നെ എല്ലാ തെരഞ്ഞെടുപ്പിലും കൊലയാളി രാഷ്ട്രീയത്തിന്റെ പ്രതീകമായി ചിത്രീകരിച്ചാണ് സിപിഎം മമ്പറം ദിവാകരനെ നേരിട്ടിരുന്നത്. സംസ്ഥാനവ്യാപകമായി തന്നെ മമ്പറം ദിവാകരനെ ബോംബേറു കേസിലെ പ്രതിയെന്നു ഉയർത്തി ചാനൽ ചർച്ചയിൽ ഉയർത്തി കാട്ടി എ സ്വരാജും എ എ റഹീമുമൊക്കെ നിറഞ്ഞാടിയിരുന്നു. എന്നാൽ ഇക്കുറി ഇതു നേരത്തെ മനസിലാക്കി കൊണ്ടാണ് താൻ മത്സരിക്കുന്നില്ലെന്നു മമ്പറം പറഞ്ഞിരുന്നു. ഇതോടെയാണ് ഡി.സി.സി മറ്റു പേരുകൾ തിരയാൻ തുടങ്ങിയത്.

ധർമ്മടത്ത് എ.ഐ.സി.സിയുടെ തീപ്പൊരി വക്താവ് ഷമ മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണമെന്ന് രാഹുൽ ഗാന്ധിക്കും ദേശീയ നേതൃത്വത്തിനും താൽപര്യമുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ നിന്നും കടുത്ത എതിർപ്പുയർന്നതിനെ തുടർന്ന് ആനീക്കം ഉപേക്ഷിക്കുകയായിരുന്നു. വി.ഐ.പി മണ്ഡലമായ ധർമ്മത്ത് മത്സരിക്കാൻ താൻ സന്നദ്ധയാണെന്ന് ഷമ നേരത്തെ എ.ഐ.സി.സി യെ അറിയിച്ചിരുന്നു. മാഹി ചെറുകല്ലായി സ്വദേശിനി മായ ഷമ ഏറെ കാലം കണ്ണൂർ താണയിൽ താമസിച്ചിരുന്നു. ചാനൽ ചർച്ചകളിൽ കോൺഗ്രസിന്റെ തീപ്പൊരി വക്താവെന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ഷമയെ കൂടി ഉൾപ്പെടുത്തിയാണ് ഡി.സി സി സ്ഥാനാർത്ഥി പട്ടിക നൽകിയിരിക്കുന്നത്. നേരത്തെ ഫോർവേഡ് ബ്ളോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി.ദേവരാജനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ധർമ്മടത്ത് പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു അഖിലേന്ത്യാടിസ്ഥാനത്തിൽ സിപിഎമ്മുമായുള്ള മുന്നണി ധാരണയുടെ അടിസ്ഥാത്തിലാണ് ദേവരാജൻ പിൻവലിഞ്ഞത്.

ഇന്ദിരാ ഗാന്ധി ചിക്മംഗളുരിലും വി എസ്.അച്യുതാനന്ദൻ ധർമടത്തും തോറ്റ സാഹചര്യത്തിൽ ധർമ്മടം മണ്ഡലം കോൺഗ്രസിന് ബാലികേറാമലയല്ലെന്ന് സി.രഘുനാഥ് പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി കോട്ടകളായ പിണറായിയിൽ നിന്നും പെരളശേരിയിൽ നിന്നു പോലും കൈപ്പത്തി ചിഹ്നത്തിൽ വോട്ടു വീണെന്നും അദ്ദേഹം ചൂണ്ടികാട്ടി. പതിനായിരം ഇരട്ട വോട്ടുകളാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പോലും സിപിഎം ചേർത്തത്. ഇതിൽ മരിച്ചവരും സ്ഥലത്തില്ലാത്തവരും വീട്ടിൽ നിന്നു വിവാഹം കഴിച്ച് മറ്റൊരിടത്തേക്ക് പോയവരുമുണ്ട് ഈ സാഹചര്യത്തിൽ യു.ഡി.എഫ് ഇത്തരം വോട്ടുകൾ തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. കെ സുധാകരൻ നേരത്തെ മുന്നോട്ടു വെച്ചത് രഘുനാഥിന്റെ പേരായിരുന്നു. സുധാകരൻ മത്സരിക്കണമെന്ന കെപിസിസി നേതൃത്വത്തിന്റെ ആവശ്യത്തിന് ഒടുവിലാണ് രഘുനാഥ് തന്നെ പത്രിക നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP