Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാൻ വേണ്ടി മാത്രം; മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ ദേശീയ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമല്ലേ? എൻഎസ്എസ് കേസ് തോറ്റെന്ന് പറയുന്ന കാനം തന്നെ കേസ് നിലവിലുണ്ടെന്ന കാര്യം സമ്മതിക്കുന്നു; വിമർശിച്ച് എൻഎസ്എസ്

ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ നിലപാട് മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കാൻ വേണ്ടി മാത്രം; മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ ദേശീയ സെക്രട്ടറിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമല്ലേ? എൻഎസ്എസ് കേസ് തോറ്റെന്ന് പറയുന്ന കാനം തന്നെ കേസ് നിലവിലുണ്ടെന്ന കാര്യം സമ്മതിക്കുന്നു; വിമർശിച്ച് എൻഎസ്എസ്

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റേയും പ്രസ്താവനകൾക്കെതിരെ എൻ.എസ്.എസ്. നിലപാടുകളിലെ ഈ മാറ്റം വിശ്വാസികളെ വെറും വിഡ്ഢികളാക്കുന്നതിനുവേണ്ടി മാത്രമാണെന്നും എൻഎസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കോടതിവിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് ശബരിമല കേസിൽ അന്തിമവിധി വരുമ്പോൾ വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ വിധി നടപ്പാക്കൂ എന്നാണ്. എന്നാൽ ഇക്കാര്യത്തിൽ അവരുടെ ദേശീയ ജനറൽ സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനു വിരുദ്ധമല്ലേ എന്നും പ്രസ്താവനയിൽ ചോദിച്ചു.

ശബരിമലവിഷയത്തിൽ കേസ് നടത്തി തോറ്റപ്പോളാണ് സർക്കാരിന്റെ കുഴപ്പമാണെന്ന് എൻ.എസ്.എസ് പറയുന്നതെന്ന കാനത്തിന്റെ പ്രസ്താവനയ്ക്കും മറുപടി നൽകുന്നുണ്ട്. കാനം രാജേന്ദ്രൻ സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം നടത്തുകയാണെന്നും കേസിന്റെ അന്തിമവിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്ന കാനത്തിന്റെ പ്രസ്താവന തന്നെ കേസ് നിലവിലുണ്ട് എന്നകാര്യം വ്യക്തമാക്കുന്നതാണെന്നും എൻഎസ്.എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.

സുപ്രീം കോടതിയിൽ ശബരിമല കേസിന്റെ ഉത്ഭവം 2006 ലാണ്. 2008ൽ എൻഎസ്എസ് അതിൽ കക്ഷിചേർന്നു. ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് 2018 സെപ്റ്റംബർ 9ന് വിധിയുണ്ടായി. ഈ വിധിക്കെതിരെ എൻഎസ്എസ് 2018 ഒക്ടോബർ 8ന് ഭരണഘടനാ ബെഞ്ച് മുൻപാകെ റിവ്യൂ ഹർജി ഫയൽ ചെയ്തു. അതനുസരിച്ച് റിവ്യൂ ഹർജികളിന്മേൽ 2019 ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാൻ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചു. വിധിയിൽ ചില അപാകതകൾ ഉണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, കേസ് ഒൻപതംഗ വിശാല ബെഞ്ചിന്റെ പരിഗണയ്ക്കു വിട്ടു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതേയുള്ളൂവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ എൻഎസ്എസിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞത് ഇങ്ങനെ: 'ഈ വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോറ്റു. അപ്പോൾ ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തി. കോടതി വിധി വരുന്നതു വരെ കാത്തിരിക്കുന്നതാണു മര്യാദ'-കാനം പറഞ്ഞു.

ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കാനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ട് എന്നായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞത്. ശബരിമല യുവതീപ്രവേശ വിഷയത്തിൽ സിപിഎമ്മും ഇടതു സർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞിരുന്നു.

2018 ലെ സംഭവങ്ങളിൽ എല്ലാവർക്കും ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഏറ്റുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അതു തള്ളി രംഗത്തെത്തി. ശബരിമല യുവതീ പ്രവേശ വിഷയത്തിൽ സിപിഎമ്മും ഇടതുസർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നാണ് യച്ചൂരി വ്യക്തമാക്കിയത്. 2018-ലെ നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു യച്ചൂരിയുടെ തിരുത്ത്. കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യച്ചൂരി പറഞ്ഞതോടെ സംസ്ഥാനനേതൃത്വം വെട്ടിലായി.

അന്തിമ വിധി എല്ലാവരുമായും ചർച്ച ചെയ്തു മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തു പ്രതികരിച്ചു.ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണു സർക്കാരെങ്കിൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP