Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എറണാകുളത്ത് കേസില്ലാത്ത മദനിയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് ചോദിച്ചതിന് സ്ഥലം മാറ്റം; പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ്; വിഷമം തോന്നിയത് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതും; നയനാർ കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിക്കുന്ന ഫ്രണ്ട്‌ലി മനുഷ്യൻ; ജേക്കബ് തോമസ് സർവ്വീസിലെ രാഷ്ട്രീയം മറുനാടനോട് പറയുമ്പോൾ

എറണാകുളത്ത് കേസില്ലാത്ത മദനിയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് ചോദിച്ചതിന് സ്ഥലം മാറ്റം; പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ്; വിഷമം തോന്നിയത് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതും; നയനാർ കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിക്കുന്ന ഫ്രണ്ട്‌ലി മനുഷ്യൻ; ജേക്കബ് തോമസ് സർവ്വീസിലെ രാഷ്ട്രീയം മറുനാടനോട് പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

'ജോലിക്ക് വേണ്ടി ഓട്ടം നിർത്തി..നീതിക്ക് വേണ്ടി ഓട്ടം തുടരുന്നു': തുടർച്ചയായി സസ്പെൻഷനുകൾ കൊണ്ട് പിണറായി സർക്കാർ കടക്കുപുറത്ത് പറഞ്ഞ് ഒരുകാലമുണ്ടായിരുന്നു ജേക്കബ് തോമസിന്. ഇന്ന് അദ്ദേഹം സ്വതന്ത്രനാണ്. അഭിപ്രായം പറഞ്ഞതിനും പുസ്തകം എഴുതിയതിനും ഒക്കെയായിരുന്നു ആ പുറത്തിരുത്തലുകൾ. എന്നും തല ഉയർത്തി പിടിച്ചുനിന്നിട്ടുള്ള ഈ അഴിമതി വിരുദ്ധ പോരാളി ഇപ്പോൾ ബിജെപിക്കൊപ്പമാണ്. ഇരിങ്ങാലക്കുടയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു.

ഞാൻ എന്തുകൊണ്ടു ബിജെപിയായി എന്ന കുറിപ്പിൽ അദ്ദേഹം പറയുന്നു: 'സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് ആഗ്രഹിച്ചു. എന്റെ നാട്ടിൽ എന്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു.'

മറുനാടൻ പത്രാധിപർ ഷാജൻ സ്‌കറിയയുമായുള്ള ദീർഘമായ ഈ അഭിമുഖത്തിൽ തെളിഞ്ഞുവരുന്നത് ജേക്കബ് തോമസിന്റെ അറിയപ്പെടാത്ത സംഭവകഥകൾ. ഭാഗം-2

ചോദ്യം: ജേക്കബ് തോമസ് എന്നയാൾ കേരളത്തിൽ അഴിമതി വിരുദ്ധ പോരാളിയായ ഐപിഎസ് ഓഫീസറാണ്. പക്ഷേ ജേക്കബ് തോമസ് എവിടുത്തുകാരനാണ് എന്ന് പോലും പലർക്കും അറിയില്ല. ഒരു പാലാക്കാരൻ അച്ചായനാണെന്ന് എനിക്കറിയാം. പ്രേക്ഷകർക്ക് താത്പര്യമുണ്ടാകും അങ്ങ് എവിടെ ജനിച്ചു എങ്ങനെ വളർന്നു, കാർഷിക പശ്ചാത്തലത്തിൽ നിന്നാണോ സിവിൽ സർവീസിലേക്കും രാഷ്ട്രീയത്തിലേക്കും വന്നത് എന്നറിയാൻ.

ജേക്കബ് തോമസ്: ഞാൻ ആരാണ് എന്ന് ചോദിച്ചത് വളരെ നല്ലൊരുകാര്യം. ഞാനാരാണ് എന്നതിന് പലവിധത്തിൽ നമുക്ക് ഉത്തരം നൽകാം. ഒന്ന് ഞാനൊരു കൃഷിക്കാരനാണ്. രണ്ട് ഞാനൊരു പരിസ്ഥിതി വാദിയാണ്. ഒരു അഴിമതി വിരുദ്ധ നിലപാടുള്ള ഒരാളാണ്. ഒരു യോഗ എന്തൂസിയാസ്റ്റാണ്. കാര്യങ്ങളെ അക്കാദമിക് ആയിട്ട് വിശകലനം ചെയ്യുന്ന ആളാണ്. കാര്യങ്ങളുടെ സൊല്യൂഷൻ സൈഡ് ചിന്തിക്കുന്ന ഒരാളാണ്. അങ്ങനെയൊക്കെയാണ് എന്നെപ്പറ്റി എനിക്ക് തോന്നുന്നത്. നാട്ടുകാർക്ക് അങ്ങനെ തോന്നണമെന്ന് നിർബന്ധമൊന്നുമില്ല. ഓരോരുത്തർക്കും ഓരോ സെൽഫ് അപ്രൈസൽ ഉണ്ടാകുമല്ലോ. ഇതിന്റെ കാരണങ്ങൾ എന്തെന്ന് വെച്ചുകഴിഞ്ഞാൽ, ഞാൻ ജനിച്ചത് തീക്കോയി എന്ന് പറയുന്ന ചെറിയൊരു ഗ്രാമത്തിലാണ്. ഇപ്പോ ഞാൻ തീക്കോയി എന്ന് എറണാകുളത്തോ തിരുവനന്തപുരത്തോ പറഞ്ഞാൽ ആർക്കും അറിയണമെന്ന് പോലുമില്ല. ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിന് പോകുന്ന വഴിയാണ്. കുടുംബം മനയാനിക്കൽ. എന്റെ ഫാദറിന്റെ പേര് എം ജെ തോമസ്. കൃഷിക്കാരനായിരുന്നു. മദറിന്റെ പേര് ത്രേസ്യാമ്മ.

ഞങ്ങൾ തീക്കോയിക്കാർ മലയോരം എന്ന് പറയത്തില്ല. കാരണം അതിന് മുകളില് മല, ഇടുക്കീലൊക്കെ ചെല്ലുമ്പോ ഉള്ളതിനാൽ അത്ര മലയോരമല്ല. പക്ഷേ, എറണാകുളത്തും തിരുവനന്തപുരത്തും ഉള്ളവർ ഞങ്ങളെ മലയോര കൃഷിക്കാർ എന്നേ പറയൂ. പക്ഷേ കൃഷിക്കാരാണ്. പ്രൈമറി വിദ്യാഭ്യാസം സർക്കാർ സ്‌കൂളിലായിരുന്നു. അത് തീക്കോയിലുമല്ല. പൂഞ്ഞാറിൽ നിന്ന് പാതാമ്പുഴ എന്ന് പറയുന്ന സ്ഥലത്ത് നിന്നും വീണ്ടും മന്നം എന്ന് പറയുന്ന സ്ഥലമുണ്ട്. ഒരു വലിയ മലയുടെ മുകളിലാ. അതൊരു മലയോരം തന്നെയാണ്. ശരിക്കുള്ള മലയാണ്. അവിടുന്ന് വീണ്ടും കൂട്ടിക്കലിന് ഇപ്പോ ഒരു വഴിയുണ്ട്. ചോലത്തടം വഴി. പണ്ട് നടന്നായിരുന്നു പോകുന്നത്. ഇപ്പോ ബസൊക്കെയുണ്ട്. അന്ന് പാതാമ്പുഴ വരെ ബസ് സർവീസുള്ളു. പിന്നെ മന്നത്തിന് നടക്കണം. മന്നം യുപി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം.

അതിന് ശേഷം തീക്കോയി സെന്റ് മേരീസ് ഹൈസ്‌കൂളിൽ വന്നു. എയ്ഡഡ് സ്‌കൂളാണ്. അവിടെയാണ് ഹൈസ്‌കൂൾ വിദ്യാഭ്യാസം. അരുവിത്തറ സെന്റ് ജോർജ്ജ് കോളജിൽ പ്രീ-ഡിഗ്രി. ഈരാറ്റുപേട്ടക്ക് അരുവിത്തുറ എന്നൊരു പേരുണ്ട്. ഒരു പുഴയുടെ അങ്ങേ കരയും ഇങ്ങേ കരയും. പിന്നെ ഞാൻ മണ്ണുത്തിയിലെത്തി. ബി എസ് സി അഗ്രികൾച്ചർ പഠിച്ചതുകൊണ്ട് അവിടെ വന്നു. അങ്ങനെ കൃഷിക്കാരന്റെ ഒരു ഫാമിലിയിൽ നിന്ന് വന്ന് ഔദ്യോഗികമായിട്ട് കൃഷി പഠിക്കാൻ വേണ്ടി.

ചോദ്യം: സഹോദരങ്ങൾ ആരെങ്കിലും ഇതുപോലെ സിവിൽ സർവീസിലുണ്ടോ?

ഉത്തരം: ഇല്ല. അവർ ജോലിക്കാരുമായില്ല. കൃഷിക്കാരായി ജീവിച്ചു.

ചോദ്യം: പിന്നെങ്ങനെ ഒരാൾ മാത്രം കുടുംബത്ത് നിന്നും സിവിൽ സർവീസിലേക്ക് എത്തുന്നത്?

ഉത്തരം: അതെങ്ങനെയാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിഞ്ഞുകൂടാ. പക്ഷേ ഞാൻ അഗ്രികൾച്ചർ പഠിക്കാൻ വേണ്ടി വന്നു. പിന്നെ അവിടുന്ന് അഗ്രികൾച്ചറിൽ തന്നെ എംഎസ് സി പഠിക്കാൻ ഡൽഹീലെത്തി.

ചോദ്യം: സ്‌കൂളിൽ പഠിക്കുമ്പോളൊക്കെ ക്ലാസിൽ നമ്പർ വൺ ആയിരുന്നോ?

ഉത്തരം: അതെ. ക്ലാസിൽ നമ്പർ വൺ ആയിരുന്നു. എസ് എസ് എൽ സിക്ക് അന്നെനിക്ക് അവിടുത്തെ പഞ്ചായത്തിന്റെയും വള്ളികുളം പഞ്ചായത്തിന്റെയുമൊക്കെ പ്രൈസൊക്കെ കിട്ടിയിരുന്നു. അന്ന് കിട്ടിയത് നൂറ് രൂപയായിരുന്നു. അതുകൊണ്ട് ഞാൻ ഒരു ഷർട്ടും മുണ്ടും വാങ്ങിച്ചു. ചെരിപ്പും വാങ്ങിച്ചു.

ചോദ്യം: റാങ്കൊന്നുമില്ല എസ് എസ് എൽ സിക്ക്?

ഉത്തരം: റാങ്കൊന്നുമില്ല. അവിടെ ഒരു സർക്കാർ എൽപി സ്‌കൂളിൽ പഠിച്ചിട്ട്, അതുകഴിഞ്ഞ് ആ ഗ്രാമത്തിൽ ജീവിച്ച്, നമുക്കന്ന് സ്‌കൂൾ ബസോ ഒന്നും ഇല്ലല്ലോ. ആ സ്‌കൂളിൽ ഫസ്റ്റാകാൻ പറ്റുക എന്നത് തന്നെ വലിയൊരു അഭിമാനമാണ്.

ചോദ്യം: മണ്ണുത്തിയിൽ വന്നപ്പോഴാണോ സിവിൽ സർവീസ് മോഹം ഉണ്ടാകുന്നത് അതോ ഡൽഹിയിൽ ചെന്നപ്പോഴാണോ?

ഉത്തരം: മണ്ണുത്തിയിൽ വന്നപ്പോഴൊന്നും ഒരിക്കലും അങ്ങനെയൊരു ചിന്തയില്ല. സയന്റിസ്റ്റാകുക എന്ന ആഗ്രഹമായിരുന്നു. എംഎസ് സി കഴിഞ്ഞു, അത് കഴിഞ്ഞ് അഗ്രികൾച്ചറിന്റെ നല്ലനല്ല യൂണിവേഴ്സിറ്റികൾ യുഎസ്, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ്. സ്വീഡനിലും യൂറോപ്പിലൊക്കെയുണ്ട്. അപ്ലൈ ചെയ്യും. പക്ഷേ അന്നൊന്നും ബാങ്ക് ലോൺ കിട്ടുന്ന പരിപാടി ഇല്ലല്ലോ.

ചോദ്യം: മനയാനി വലിയ കുടുംബമല്ലേ. കാശൊക്കെയുണ്ടായിരുന്നു അപ്പന്റെ കയ്യിൽ?

ഉത്തരം: എന്നാലും അമേരിക്കയിൽ പോയി പഠിക്കുന്നത് ഒരു വലിയ കാര്യമാ. അത് നടക്കുന്ന കാര്യമല്ല. ഇന്ത്യയിലെവിടെയും പഠിക്കാം. എന്തും പഠിക്കാം. എന്റെ ഫാദറിന്റെ അനിയൻ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലാ പഠിച്ചത്. ഇന്ത്യയിൽ എവിടെയും പഠിക്കാൻ പോകാം എന്നത് ഒരു കുഴപ്പമുള്ള കാര്യമല്ല. പക്ഷേ അതിനപ്പുറത്തേക്ക് നമ്മുടെയൊരു മീൻസിന്റെയുള്ളിലായിരുന്നില്ല. അപ്പോ സ്‌കോളർഷിപ്പ് കിട്ടാതെ പറ്റില്ല. സ്‌കോളർഷിപ്പ് കിട്ടാൻ വേണ്ടി അപ്ലൈ ചെയ്തു. കിട്ടിയില്ല. അതുകൊണ്ട് പിഎച്ച്ഡിക്ക് ജോയിൻ ചെയ്തു. പിഎച്ച്ഡി ഫസ്റ്റ് ഇയർ കഴിഞ്ഞപ്പോൾ മൂന്ന് യൂണിവേഴ്സിറ്റികളിൽ എനിക്ക് സ്‌കോളർഷിപ്പ് കിട്ടി. അപ്പോ വിചാരിച്ചു, ഇവിടെ ഫസ്റ്റ് ഇയർ കഴിഞ്ഞല്ലോ, അവിടെ പോയി വീണ്ടും സമയം കളയേണ്ടെന്ന്. പിന്നെ പിഎച്ച്ഡി ഇവിടെ കംപ്ലീറ്റ് ചെയ്യാൻ തീരുമാനിച്ചു. നല്ലൊരു ഗൈഡുമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. ആർബിഎൽ ഭരദ്വാജ് എന്ന് പറഞ്ഞ നല്ല ഗൈഡായിരുന്നു. റിസർച്ച് ഗൈഡുമായി നമ്മളൊരു താത്പര്യം വന്നാൽ പിന്നെ ആ ബന്ധം വിടാനാകില്ല. അങ്ങനെയങ്ങ് സംഭവിച്ച് പോയതാണ്.

സയന്റിസ്റ്റാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പിഎച്ച്ഡി പൂർത്തിയാക്കി. അതിന്റിടയ്ക്ക് സിവിൽ സർവീസ് പരീക്ഷ എഴുതി. 84ൽ. ഫസ്റ്റ് പരീക്ഷയ്ക്ക് തന്നെ എനിക്ക് കിട്ടി. കേരള കേഡറും കിട്ടി. അങ്ങനെ ഞാൻ പിഎച്ച്ഡി കംപ്ലീറ്റ് ചെയ്തു. ട്രെയിനിങ് കഴിഞ്ഞ് കേരളത്തിലെത്തി. ഫസ്റ്റ് പോസ്റ്റിങ് തൊടുപുഴ ആയിരുന്നു. എഎസ്‌പി ആയിട്ട്. അതിന് ശേഷം കാസർകോടേക്ക്. അവിടെയും എഎസ്‌പി തന്നെ. അതിന് ശേഷം ക്രൈംബ്രാഞ്ച് എസ്‌പിയായി കണ്ണൂരേക്ക് പ്രമോഷൻ കിട്ടി. രണ്ടു വർഷം കണ്ണൂരിൽ എസ്‌പിയായിരുന്നു. കണ്ണൂരും കാസർകോടിന്റേം ചാർജ്ജ്. അന്നൊക്കെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് പറഞ്ഞ് ആക്ഷൻ കൗൺസിലൊക്കെ ഉണ്ടാകുന്ന സമയം. അന്ന് ക്രൈംബ്രാഞ്ചിന് വലിയ വിശ്വാസ്യതയായിരുന്നു. അപ്പോ നമുക്കും ഭയങ്കര ഉത്തരവാദിത്ത ബോധം തോന്നും. നാട്ടുകാരുടെ പ്രതീക്ഷയാണല്ലോ. ആ പ്രതീക്ഷക്കനുസരിച്ച് നമ്മൾ അത്രമേൽ കഷ്ടപ്പെട്ട് അന്വേഷിക്കും. അവിടുന്ന് കെഎപി കമാൻഡന്റായിട്ട് പാലക്കാടെത്തി. എസ്‌പി റാങ്ക് തന്നെ. അവിടുന്ന് ഞാൻ പ്ലാന്റേഷൻ കോർപ്പറേഷൻ എംഡിയായിട്ട് കോട്ടയത്ത് വന്നു.

ചോദ്യം: അതെന്താ അങ്ങനെ? എസ്പീന്ന് നേരേ പ്ലാന്റേഷൻ കോർപ്പറേഷൻ?

ഉത്തരം: ഞാൻ അഗ്രികൾച്ചർ പഠിച്ച ഒരാളായതുകൊണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിട്ട് 91ൽ വന്നപ്പോൾ അദ്ദേഹം എന്നെ പോസ്റ്റ് ചെയ്തതാണ്. എനിക്ക് താത്പര്യമുണ്ടായിരുന്നു. അന്ന് കാർഷിക സർവകലാശാലയിൽ രജിസ്ട്രാരായിരുന്ന ജയിംസ് വർഗീസാണ് അത് ലീഡറിന്റെ ചെവിയിലെത്തിച്ചത്. ഒരു വർഷം അവിടെയുണ്ടായിരുന്നു. അവിടെ രണ്ട് ടേം ഞാൻ ചെയ്തു. 91-92ലും പിന്നെ 95ലും അഡീഷണൽ ചാർജ്ജായിട്ട് പ്ലാന്റേഷന്റെ എംഡിയായിരുന്നു. അതിന് ശേഷം ഞാൻ കേരള ഹോർട്ടികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടറായി. അതും എന്നോട് വില്ലിങ്നെസ് ചോദിച്ചു. കാരണം യൂറോപ്യൻ യൂണിയൻ അന്ന് അഗ്രികൾച്ചറിൽ എജ്യൂക്കേഷനും അതുപോലെ അഡ്‌മിനിസ്ട്രേഷനിൽ കുറച്ച് എക്സ്പീരിയൻസ് ഉള്ള ഒരാളെ നോക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ഓകെ പറഞ്ഞു. അങ്ങനെ ഞാൻ യൂറോപ്യൻ യൂണിയൻ ഫണ്ട് ചെയ്ത പ്രോജക്ടിന്റെ ഡയറക്ടറായിട്ട് പോയി. ആദ്യം തിരുവനന്തപുരത്ത് തുടങ്ങി. പിന്നീട് എറണാകുളത്തേക്ക് മാറ്റി. ഇന്റഗ്രേറ്റഡ് ഡവലെപ്മന്റ് മോഡൽസ് ഉണ്ടാക്കാനായി. യൂറോപ്യൻ യൂണിയനിലെ ആൾക്കാർ വന്നിട്ട് നമുക്ക് പരിശീലനം തന്നിരുന്നു. നാലര വർഷത്തോളം അവരുടെ കൂടെ ആയിരുന്നു ഞാൻ. അതിലൂടെ കുറേ അനുഭവങ്ങളും അറിവും നമുക്ക് കിട്ടി.

അതിന് ശേഷം ഞാൻ എറണാകുളത്ത് സിറ്റി പൊലീസ് കമ്മീഷണറായി. അന്നും എസ്‌പി റാങ്കാണ്. നായനാരാണ് മുഖ്യമന്ത്രി.

ചോദ്യം: ആ സമയത്തൊന്നും ഒരു കുഴപ്പവുമില്ല, അനുസരണയുള്ള ആളാണ്?

ഉത്തരം: അനുസരണയുടേതല്ല. എസ്‌പി റാങ്ക് എന്ന് പറയുമ്പോൾ, എസ്‌പിയുടെ മുകളിൽ ഡിഐജി, ഐജി എന്ന് പറഞ്ഞ് കുറേ ഉണ്ടല്ലോ. അതും കഴിഞ്ഞിട്ടാണല്ലോ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വരുന്നത്. നമ്മള് നമ്മുടെ പണി ചെയ്ത് പോകുന്നു. ആരും അധികം ശ്രദ്ധിക്കുന്നില്ല.

ചോദ്യം: ഇപ്പോ സിഐയെ വരെ വിളിക്കും എന്ന് തോന്നുന്നു മന്ത്രിമാര്. അന്നൊന്നും അങ്ങനില്ല?

ഉത്തരം: അന്നൊന്നും അങ്ങനില്ല. പക്ഷേ ഇന്ന് ഞാൻ കരുണാകരനെ ഒരിക്കൽ കാണാൻ പോയിട്ടുണ്ടായിരുന്നു. പ്ലാന്റേഷൻ കോർപ്പറേഷൻ എംഡിയായി ഇരിക്കുമ്പോൾ. അന്ന് മുഖ്യമന്ത്രിയെ കാണുന്നതിനൊന്നും നമുക്ക് ഒരു വിഷമോമില്ല. നമ്മൾ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് എനിക്കൊന്ന് കാണണം എന്ന് പറഞ്ഞു, പ്ലാന്റേഷന്റെ കാര്യമാണ്. അന്ന് മൂന്നാറ് ടാറ്റക്കും ഹാരിസൺ മലയാളത്തിനുമൊക്കെ ലീസ് റെന്റ് എന്ന് പറയുന്നത് വളരെ കുറച്ച് വെച്ചിരിക്കുന്നു. പ്ലാന്റേഷൻ കോർപ്പറേഷന്റെ ലീസ് റെന്റ് സർക്കാര് ഭയങ്കരമായിട്ട് കൂട്ടി. സർക്കാര് അവരുടെ ധനാഗമ മാർഗമായിട്ട് കൂട്ടിയതാണ്. പ്ലാന്റേഷൻ കോർപ്പറേഷന്റെ ലീസ് റെന്റ് സർക്കാര് കൂട്ടിയതിന്റെ പരാതിയുമായിട്ട് മുഖ്യമന്ത്രിയുടെ അടുത്തല്ലേ പോകണ്ടെ. ടാറ്റയുടെ സ്ഥലം മുഴുവൻ സർക്കാരിന്റെ സ്ഥലമാണ്. അത് മൂന്ന് രൂപക്ക് കൊടുത്തിരിക്കുന്നു. ഹാരിസൺ മലയാളത്തിന്റെ സ്ഥലം മൂന്ന് രൂപക്ക് കൊടുത്തിരിക്കുന്നു. പക്ഷേ പ്ലാന്റേഷൻ കോർപ്പറേഷന് അന്ന് 1200 രൂപയോ മറ്റോ ഒരു ഹെക്ടറിന് കൊടുക്കണമെന്ന് പറഞ്ഞ് സർക്കാർ ഉത്തരവിട്ടു.

അപ്പോ, അതിനെതിരെ പരാതിയുമായി കരുണാകരനെ കാണാൻ പോയി. വളരെ എളുപ്പത്തിൽ അപ്പോയിന്മെന്റ് തന്നു. അദ്ദേഹത്തെ ചെന്ന് കണ്ടു. ഞാൻ ഈ കാര്യം പറഞ്ഞു. അപ്പോ പറഞ്ഞു, ശരിയാണ്, അതൊരു അനീതിയാണ്. അത് നോക്കാം എന്ന് പറഞ്ഞു. അധികം സമയമൊന്നും എടുത്തില്ല. എനിക്ക് പുള്ളി നോക്കാം എന്ന് പറഞ്ഞാൽ ഭയങ്കര വിശ്വാസമാ. അത് പുനപരിശോധിച്ചാരുന്നു. കുറച്ചു. പിന്നീട് നയനാരുടെ കാര്യത്തിലും അതുപോലെ തന്നെ. അന്ന് ക്രൈംബ്രാഞ്ചിന്റെ ഡിഐജി ഇൻ ചാർജ്ജൊക്കെ ഉണ്ടായിരുന്നു. അപ്പോ ചില കേസുകളുടെ കാര്യത്തിന് അദ്ദേഹം വിളിപ്പിക്കാറുണ്ടായിരുന്നു. ഞാൻ പറയുന്നതൊക്കെ അദ്ദേഹം കേൾക്കും. വളരെ ഫ്രണ്ട്ലിയാണ്. കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിച്ച്, അങ്ങനെയുള്ള ഒരു ബന്ധമായിരുന്നു നയനാരുമായിട്ട് എനിക്ക്. പിന്നീട് ഞാൻ ഡിഐജി ആയത് വനിതാ കമ്മീഷന്റെ ഡയറക്ടറായപ്പോഴാണ്.

ചോദ്യം: സിറ്റി പൊലീസ് കമ്മീഷണർ പദവി മാറാൻ കാരണമെന്താണ്? അവിടെ ക്ലബ്ബുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായോ?

ഉത്തരം: രാമവർമ്മ ക്ലബ്ബിൽ റെയ്ഡ് നടത്തി അത് അവിടുത്തെ ചില വലിയ ആൾക്കാർക്ക് ഇഷ്ടപ്പെട്ടില്ല. അവിടുത്തെ പ്രശ്നം രണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളാണ്. ഒന്ന് ഗെയിമിങ് ആക്ടിന്റെയും രണ്ട്, അബ്കാരി ആക്ടിന്റെയും. റിട്ടൺ പരാതിയല്ല. പൊലീസിലെ രണ്ട് സീനിയർ ഉദ്യോഗസ്ഥര് അവിടെ പോയി പൈസ വെച്ച് ചീട്ട് കളിക്കുന്നതായി വിവരം എനിക്ക് കിട്ടി. അതും കൂടിയ പൈസയാണ്. എന്റെ ടീമിൽ ജോലി ചെയ്യുന്നവരാണ്. എനിക്കന്ന് ശമ്പളം ഏകദേശം പതിനായിരം രൂപയോ ഒമ്പതിനായിരം രൂപയോ മറ്റോ ഉള്ളൂ. എന്റെ താഴെയുള്ളവർ ഇരുപതിനായിരം രൂപ വെച്ച് ചീട്ട് കളിക്കണമെങ്കിൽ അവർക്ക് എവിടുന്നാ ശമ്പളം കിട്ടുന്നത്. അപ്പോ അവരെ വിളിച്ച് ഞാൻ വാൺ ചെയ്തു. അറ്റ്ലീസ്റ്റ് ഞാനിവിടെ ഇരിക്കുമ്പോ അത് ചെയ്യരുത്. അത് തെറ്റാണ്. മോശമാണ്. മോശം ഇമേജുണ്ടാകും ഡിപ്പാർട്ട്മെന്റിന്. അതുകഴിഞ്ഞ് രണ്ടാഴ്‌ച്ച കഴിഞ്ഞ് ഞാൻ അന്വേഷിച്ചപ്പോ അവരിത് കണ്ടിന്യൂ ചെയ്യുന്നതറിഞ്ഞു. അപ്പോ പിന്നെ ഞാൻ നടപടി എടുത്തില്ലേൽ ശരിയാകില്ലല്ലോ. അന്ന് ശങ്കരൻകുട്ടി എന്ന് പറയുന്ന ഒരു അസിസ്റ്റന്റ് കമ്മീഷണറുണ്ട്. പുള്ളി ഒരു സാത്വികനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹവും പിന്നെ കുഞ്ഞൻ എന്ന് പറയുന്ന സിഐ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും കൂടി ഞങ്ങള് പ്ലാൻ ചെയ്തിട്ട് രാത്രി റെയ്ഡ് നടത്തി.

ചോദ്യം: പൊലീസ് ഉദ്യോഗസ്ഥരെ കിട്ടിയോ?

ഉത്തരം: ഇവര് ചാടി ഓടി. രണ്ടാം നിലയിൽ നിന്നും ചാടി ഓടി, ഒരാളുടെ കാലൊടിയുകയോ മറ്റോ ചെയ്തു. ബാക്കി കിട്ടിയവരെ അറസ്റ്റ് ചെയ്തു. അപ്പോ അവിടെ മദ്യപാനമുണ്ട്. അതവിടെ ചെന്നപ്പോഴാ മനസ്സിലായത്. നമ്മള് പിടിക്കാൻ പോയത് ഈ രണ്ട് പേർ അവിടെ ഉണ്ടെങ്കിൽ അവര് അത് ചെയ്യുന്നത് ശരിയല്ലല്ലോ. അത് മാത്രമേ നമുക്ക് ഉദ്ദേശമുണ്ടായിരുന്നുള്ളൂ. പക്ഷേ അവിടെ ചെല്ലുമ്പോ തിരിച്ച് വ്യത്യാസം കാണിക്കാൻ പാടില്ലല്ലോ. അവരുടെ പേര് പറയുന്നത് ശരിയല്ലല്ലോ. അവിടുത്തെ വല്യവല്യ ആളുകളായിരുന്നു ഉണ്ടായിരുന്നത്. അതിനെതിരെ വലിയ പ്രതിഷേധമുണ്ടായി. നായനാരുടെ അടുത്ത് ചെന്ന് പറഞ്ഞു. നായനാരുടെ അന്നത്തെ നിലപാട് ഓൻ ചെയ്തത് നല്ലതാണ് എന്നതായിരുന്നു. അങ്ങനെ തന്നെയാ പറഞ്ഞത്. എന്നെ വിളിച്ചും പറഞ്ഞു. അങ്ങനെയൊരു മുഖ്യമന്ത്രിയായിരുന്നു അന്ന് ഉണ്ടായിരുന്നത്.

ചോദ്യം: പിന്നെ മാറേണ്ടി വന്നത് എങ്ങനെയാ?

ഉത്തരം: മാറേണ്ടി വന്നത്, പിന്നീട്. അദ്ദേഹം എന്നെ വിളിച്ച് എനിക്ക് ഇവിടെ ഇരിക്കാൻ പറ്റുന്നില്ല കേട്ടോ, എന്നാലും ചെയ്തത് നല്ല കാര്യം എന്നാണ് പറഞ്ഞത്. അത്രയും പ്രഷർ ചെന്നതുകൊണ്ടാണല്ലോ അദ്ദേഹം അങ്ങനെ പറഞ്ഞത്. പിന്നീട്, മദനിയുടെ ഒരു അറസ്റ്റുമായി ബന്ധപ്പെട്ടാണ് എന്നെ ട്രാൻസ്ഫർ ചെയ്യുന്നത്. 98 ഏപ്രിൽ ഒന്നാം തീയതിയാണ് ആദ്യമായിട്ട് കേരളത്തിൽ ഇന്റർനാഷണൽ ക്രിക്കറ്റ് കലൂർ സ്റ്റേഡിയത്തിൽ വരുന്നത്. ഇന്ത്യ- ഓസ്ട്രേലിയ മാച്ചാണ്. തലേദിവസം വൈകിട്ട് അറസ്റ്റ് ചെയ്യണമെന്ന് തിരുവനന്തപുരത്ത് നിന്നും ഒരു തീരുമാനം വരുന്നു. അന്ന് പിഡിപിയാണെന്ന് തോന്നുന്നു.

പക്ഷേ എനിക്ക് അദ്ദേഹത്തിന്റെ ഹിസ്റ്ററിയോ കേസന്വേഷണമോ വലിയ ഗ്രാഹ്യം അപ്പോൾ ഉണ്ടായിരുന്നില്ല. ജനറലി കേൾക്കുന്നേയുള്ളു. കൊല്ലത്തൊക്കെയാണ് കേസുകൾ കൂടുതലുള്ളത്. എറണാകുളം ജില്ലയിൽ പുള്ളിക്കെതിരെ കേസൊന്നും ഇല്ല. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് നിന്നും നിർദ്ദേശം വരുന്നു. അപ്പോ ഞാൻ അന്വേഷിച്ചു ഇദ്ദേഹത്തിനെതിരെ കേസ് ഉണ്ടോയെന്ന്. അപ്പോ അവിടെ കേസൊന്നുമില്ല. അപ്പോ ഞാൻ പറഞ്ഞു, അദ്ദേഹത്തിനെതിരെ ഒരു കേസും ഇവിടെയില്ല. അതുകൊണ്ട് അറസ്റ്റ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു. അപ്പോ അറസ്റ്റ് ചെയ്തേ പറ്റൂ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു പറ്റില്ലെന്ന്. കേസില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നതിനെ എതിർത്തതിനാണ് എന്നെ മാറ്റുന്നത്.

ചോദ്യം: ഉടൻ തന്നെ മാറ്റിയോ?

ഉത്തരം: ഇത് വൈകുന്നേരമാണ് നടക്കുന്നത്. പിറ്റേ ദിവസം രാവിലെ എട്ട് മണിയായപ്പോ വയർലെസിൽ ഓർഡർ വന്നു, ട്രാൻസ്ഫേർഡ് ടു ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സ്. എന്നിട്ട് അവിടെ വേറൊരാളെ പോസ്റ്റ് ചെയ്തു. ക്രിക്കറ്റ് മാച്ച് റൺ ചെയ്തത് വേറൊരു പ്രമോട്ടഡ് എസ്‌പിയാണ്. അപ്പോ തന്നെ ചാർജ്ജ് വിട്ടോണം എന്നായിരുന്നു മെസേജ്.

ചോദ്യം: മദനിയെ അന്ന് അറസ്റ്റ് ചെയ്തോ പുതിയാള് വന്നിട്ട്?

ഉത്തരം: അറസ്റ്റ് ചെയ്തു. കോഴിക്കോട്ന്ന് നമ്മടെ എ വി ജോർജ്ജ്, അന്ന് സിഐ ആയിരുന്നു. അദ്ദേഹം വന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.

ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിൽ, തിരുവനന്തപുരത്ത് ഈഞ്ചക്കലായിരുന്നു അന്ന് ഓഫീസ്. എന്റെ ബോസ് സിബി മാത്യൂസ് ആയിരുന്നു. ഐജി. അതിന്റെ താഴെ ഐപിഎസ് ഓഫീസറായിട്ട് ഞാൻ മാത്രമേയുള്ളൂ. എസ് പി ഹെഡ്ക്വാർട്ടേഴ്സ്, ഒരു ചെറിയ ടേബിളും ഒരു കസേരയുമൊക്കെയായിട്ട് അവിടെ ഇരിക്കുന്നു. ഐജിക്ക് നല്ലൊരു റൂമൊക്കെയുണ്ട്. ഒരു വർഷത്തോളം അവിടെ ആയിരുന്നു. അവിടുന്ന് എനിക്ക് പ്രെമോഷൻ കിട്ടി. വനിത കമ്മീഷന്റെ ഡയറക്ടറായിട്ട്. എനിക്ക് പ്രെമോഷൻ കിട്ടുന്നതിന് ഏറ്റവുമധികം സഹായിച്ചത് സുഗതകുമാരി മാഡമാണ്. വനിതാ കമ്മീഷനിൽ ഒരു ഡയറക്ടറെ വേണം. അവർ അന്വേഷിച്ചപ്പോ ഞാൻ അനുയോജ്യനാണെന്ന് തോന്നിയിട്ടുണ്ട്. അവിടെ പോസ്റ്റ് ചെയ്യണമെങ്കിൽ ഡിഐജി റാങ്കായാലേ പറ്റു. അങ്ങനെയാണ് എനിക്ക് ഡിഐജിയായി പ്രമോഷൻ കിട്ടുന്നത്.

ചോദ്യം: അല്ലെങ്കിലും സീനിയോരിറ്റി അനുസരിച്ച് കിട്ടേണ്ടേ?

ഉത്തരം: എപ്പോളെങ്കിലും കിട്ടും. കിട്ടാതിരിക്കാൻ പറ്റില്ല. സമയത്ത് കിട്ടണമെന്നൊന്നുമില്ല. രണ്ട് വിധത്തിലാണ് ഞങ്ങൾക്ക് പ്രമോഷൻ കിട്ടുക. ഒന്ന് സമയത്ത് കിട്ടുന്നത്. ഒന്നുകിൽ നമ്മൾ ഇരിക്കുന്ന പോസ്റ്റിൽ നിന്ന് പെട്ടെന്ന് മാറ്റണം. അങ്ങനെയാണ് എനിക്ക് വിജിലൻസിൽ എഡിജിപി ആയിരുന്നപ്പോൾ അവിടുന്ന് പ്രമോഷൻ കിട്ടി ഫയർഫോഴ്സിലേക്ക് വളരെ പെട്ടെന്ന് മാറ്റിയത്. വളരെ പെട്ടെന്ന് പ്രമോഷൻ കിട്ടി.

രണ്ടാമത് വേറെ ആർക്കെങ്കിലും ഒരു പോസ്റ്റ് ഇങ്ങനെ കിടപ്പുണ്ട്. ഫില്ല് ചെയ്യാൻ പറ്റുന്നില്ല. അപ്പോ അവിടേക്ക് വലിയ പിടീംവലീം ഇല്ലാത്ത ആളെ ആണെങ്കിൽ, ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ, ആ ആൾക്ക് സ്വാധീനമുണ്ടെങ്കിൽ പ്രമോഷൻ നൽകി അവിടെ കേറും. വനിത കമ്മീഷനിൽ ഡയറക്ടറാകാൻ ഒരു മനുഷ്യനും താത്പര്യമില്ല. അപ്പോ ഈ മനുഷ്യനിങ്ങനെ പ്രമോഷനാകാൻ വേണ്ടി നിൽക്കുന്നുമുണ്ട്. ഇപ്പോ എന്നോട് വില്ലിങ്നെസ് ചോദിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സിൽ വെറുതെ ഇരിക്കുന്നതിലും നല്ലതാണല്ലോ സോഷ്യൽ വെൽഫെയർ ആംഗിളിലുള്ള പണി ചെയ്യുന്നത്. പിന്നെ സുഗതകുമാരി മാഡം എന്ന് പറയുമ്പോൾ കവയിത്രിയും പരിസ്ഥിതി പ്രവർത്തകയും. ഞാൻ കാർഷിക കോളജിൽ പഠിക്കുമ്പോൾ പോലും അന്ന് സൈലന്റ് വാലിയുടെ പരിപാടിക്കൊക്കെ ഞാൻ പങ്കെടുക്കുമായിരുന്നു. അങ്ങനെ സുഗതകുമാരി മുൻകൈ എടുത്തിട്ടാണ് എനിക്ക് ഡിഐജിയായി പ്രമോഷൻ കിട്ടുന്നത്.

അവിടെ ചെന്ന് കുറച്ച് കഴിഞ്ഞപ്പോ മനസ്സിലായി, ഇതൊന്നും നമ്മള് പഠിച്ച പണിയൊന്നും അല്ലല്ലോ. വനിത കമ്മീഷന്റെ അംഗങ്ങൾക്ക് പിന്നേം റോളുണ്ട്. ഡയറക്ടർക്കെന്താ പണി. പൊലീസിന്റെ പവറ് ഉപയോഗിക്കാൻ വേണ്ടി ഒരു പോസ്റ്റ് എന്നല്ലാതെ ഒരു വലിയ അർത്ഥം ആ പോസ്റ്റിനോട് തോന്നിയില്ല. അങ്ങനെ ഞാൻ സർവീസ് വിട്ടാലോ എന്നാലോചിച്ചു. സിവിൽ സർവീസ് അപ്പോഴേക്കും ഏകദേശം എനിക്ക് മതിയായി. ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിൽ ഇരുന്നപ്പോഴും എനിക്ക് തിക്താനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. എല്ലാ യൂണിറ്റീന്നുമുള്ള സിഡി ഫയൽ അവിടെത്തും. അവിടുന്ന് അത് എന്റടുത്തെത്തും. നമുക്ക് അതിൽ അഭിപ്രായം എഴുതാം. അഭിപ്രായം എഴുതീട്ട് ഐജിക്ക് കൊടുക്കുന്നു. ഐജി അത് യെസ് പറഞ്ഞാൽ റെക്കമെന്റേഷനായിട്ട് ആ യൂണിറ്റിലേക്ക് പോകും. മാധ്യമശ്രദ്ധയുള്ള കേസുകളിൽ ഞാൻ നിർദ്ദേശങ്ങൾ എഴുതും. പന്തളത്തെ ഒരു കേസിൽ ഞാൻ അങ്ങനെ എഴുതിയതിന് ശേഷം പിന്നെ ഒരു ഫയൽ പോലും എനിക്ക് അയച്ചിട്ടില്ല.

ചോദ്യം: സിബി മാത്യു സാറിന് ഭയങ്കര പേരായിരുന്നല്ലോ. അദ്ദേഹം ഇങ്ങനെയൊക്കെ ആയിരുന്നോ?

ഉത്തരം: ഞാൻ പറഞ്ഞല്ലോ. പന്തളം കേസിൽ മര്യാദക്ക് അന്വേഷിക്കണം എന്ന് പറഞ്ഞതിന് പിന്നെ ഒരു ഫയലും എനിക്ക് കിട്ടീട്ടില്ല. രാമവർമ്മ ക്ലബ്ബിൽ റെയ്ഡ് നടത്തി തുല്യനീതി നടപ്പാക്കിയത് മുതൽ ഈ മനുഷ്യൻ രാഷ്ട്രീയക്കാര് പറയുന്ന വഴിവിട്ട കാര്യങ്ങളൊന്നും കേൾക്കുന്ന ആളല്ല, ഞങ്ങളുടെ ആളല്ല എന്നൊരു തോന്നൽ വന്നിട്ടുണ്ടാകാം. ഞാൻ ജനങ്ങളുടെ പക്ഷത്ത് നിന്ന് ചെയ്യും. അങ്ങനെ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനുണ്ടെങ്കിലുള്ള കുഴപ്പം, രാഷ്ട്രീയക്കാരുടെ അടുത്ത് ആരും പോകില്ല. ഇപ്പോ ഒരു പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ അവിടുത്തെ എസ്ഐ പരാതികൾ നീതിപൂർവ്വം മാന്യമായും തീർത്ത് കഴിഞ്ഞാൽ രാഷ്ട്രീയക്കാരന് അവിടെ ജീവിക്കാൻ പറ്റില്ല. രാഷ്ട്രീയക്കാരന്റെ അധികാരവും പവറും ഉദ്യോഗസ്ഥർ മര്യാദക്ക് പണിയെടുക്കാതിരിക്കുമ്പോ മാത്രമേയുള്ളൂ. അതുകൊണ്ട് ഉദ്യോഗസ്ഥർ മര്യാദക്ക് പണിയെടുക്കാതിരിക്കുക എന്നതാണ് രാഷ്ട്രീയക്കാരന്റെ ലക്ഷ്യം. അതുകൊണ്ടാണ് കേരളത്തിൽ ഇത്രയും കാലം യുഡിഎഫും എൽഡിഎഫും ഭരിച്ചിട്ട് ഈ നാട്ടുകാർ അസംതൃപ്തരായി ഇരിക്കുന്നത്. തവളയെ ബക്കറ്റിലിട്ട് പതുക്കെ ചൂടാക്കിയാൽ തവള അറിയാതെ ചൂട് സഹിച്ച് ചത്തുപോകും എന്ന് പറയാറില്ലേ. ആ അവസ്ഥയാണ് കേരളത്തിലെ ജനങ്ങൾക്കും.

എനിവേ, അങ്ങനെ ഒരു അവസ്ഥ ആയപ്പോഴാണ് ഞാൻ സർവീസ് വിടാൻ വേണ്ടി, 99ൽ തീരുമാനിച്ചു. സർവീസ് വിടുന്നതിന് മുമ്പ് ഒരു ഓപ്ഷനുണ്ട്- സ്റ്റഡി ലീവ് എടുക്കുക. അത് ദീർഘകാലം കിട്ടും. അതിന്റെ ഇടയ്ക്ക് നല്ലൊരു ഓപ്പർച്ചൂണിറ്റി വരികയാണെങ്കിൽ വിടുക. അങ്ങനെയൊരു ഉപദേശം ഐഎഎസിലുള്ള ഒന്നുരണ്ട് സുഹൃത്തുക്കളാണ് പറഞ്ഞത്. അങ്ങനെയാണ് ഞാൻ സ്റ്റഡി ലീവ് എടുത്ത് പോയി. പിഎച്ച്ഡി ചെയ്യാനായി. അമേരിക്കയിലും ഉണ്ടായിരുന്നു. റിസർച്ചിന്റെ ഭാഗമായി. നാല് വർഷത്തോളം ഇങ്ങനെ പോയി. അതിന്റിടയ്ക്ക് പല ജോലികളും എനിക്ക് കിട്ടി. പലപല കാരണങ്ങൾ കൊണ്ടും അന്ന് പോകാൻ പറ്റിയില്ല. വീണ്ടും തിരിച്ച് ഞാൻ ജോയിൻ ചെയ്തു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറായിട്ട്. അന്ന് ഗണേശ് കുമാറായിരുന്നു മന്ത്രി. ഗണേശ് കുമാർ അന്നൊരു നല്ല മന്ത്രിയായിരുന്നു. എന്നോട് പറഞ്ഞു, എല്ലാ ആഴ്‌ച്ചയും എന്റടുത്ത് വരണം, കെഎസ്ആർടിസി അതുപോലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിലും മാനേജ്മെന്റ് സംബന്ധിച്ച് നോട്ട് നൽകാൻ. ഞാനത് നൽകി. പുള്ളി അതെല്ലാം ചെയ്തു. ഞാനന്ന് മാനേജ്മെന്റിൽ പിഎച്ച്ഡി കഴിഞ്ഞ് വന്നപ്പോൾ എനിക്കും കുറച്ച് ഫ്രഷ് ഐഡിയാസ് ഉണ്ടല്ലോ. അത് ഉപയോഗിച്ചത് മന്ത്രി ഗണേശ് കുമാറാണ്. പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ് കുമാറാണ്. എനിക്ക് വിഷമം തോന്നിയത് പിന്നീട് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതാണ്. അതിന് ശേഷം എന്റെ കഷ്ടകാലമായിരുന്നു.

അതിന് ശേഷം ഞാൻ അലയൻസ് ഫ്രാൻസെയിൽ ഫ്രഞ്ച് പഠിക്കാൻ പോയി. ഫ്രഞ്ച് കൾച്ചർ പഠിക്കാനാണ് പോയത്. ഫയലൊന്നുമില്ലാതെ വെറുതെ ഇരുന്നപ്പോൾ പോസിറ്റീവായിട്ട് എന്തെങ്കിലും ഉപകാരപ്രദമാകട്ടെ എന്ന് കരുതി പഠിക്കാൻ പോയി. അതിന് ശേഷം വീണ്ടും പ്രമോഷൻ. ഐജിയായിട്ട് ഹ്യൂമൻ റൈറ്റ്സ് കമ്മീഷനിലേക്കായി. അവിടെയും പ്രത്യേകിച്ച് വലിയ പണിയൊന്നുമില്ല. അതൊരു പണിഷ്മെന്റ് പോസ്റ്റായിട്ട് തന്നതാണ്. അന്ന് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. ഡോ. എം എസ് വല്യത്താൻ, ഞാൻ ഇങ്ങനെ ഒരാളുണ്ട് എന്നറിഞ്ഞിട്ട് വിളിച്ചു. സയൻസ് ആൻഡ് ടെക്നോളജിയിലേക്ക് വരുന്നോ എന്ന് ചോദിച്ചു. അദ്ദേഹം ഒരു വലിയ മനുഷ്യനായിരുന്നു. സീനിയർ അഡൈ്വസറായി അദ്ദേഹത്തിനൊപ്പം സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരു വർഷത്തോളം ജോലി ചെയ്തു. അത് വലിയ സാറ്റിസ്ഫാക്ഷൻ കിട്ടി. അദ്ദേഹത്തിന്റെ എളിമ എനിക്ക് കാണാൻ പറ്റി. അറിവിൽ നിന്നാണ് എളിമ ഉണ്ടായതെന്ന് മനസ്സിലായത് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തപ്പോഴാണ്. അറിവുണ്ടെങ്കിൽ ഭയങ്കര എളിമയുണ്ടാകും. എളിമയില്ലാതെ ഭയങ്കര അഹങ്കാരവും ധാർഷ്ട്യവും കാണിക്കുന്നുണ്ടോ, അയാൾക്ക് ഒരു അറിവുമില്ലെന്നത് വളരെ ഓപ്പോസിറ്റാണല്ലോ. വല്യത്താൻ സാറാണ് എനിക്കത് കൃത്യമായി കാണിച്ച് തന്നത്. അദ്ദേഹം അറിവിന്റെ നിറകുടമായിരുന്നു.

ഷാജൻ സ്‌കറിയ: വി ആർ കൃഷ്ണയ്യരും അങ്ങനെയായിരുന്നു. നമ്മൾ അദ്ദേഹത്തിന്റെ മുന്നിൽ നിന്നാൽ, നമുക്ക് ചിന്തിക്കാൻ പറ്റില്ല അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായിരുന്നു എന്നും 57ൽ മന്ത്രിയായിരുന്നു എന്നും.

ചോദ്യം: വല്യത്താനൊപ്പം എത്രകാലം വർക്ക് ചെയ്തു?

ഉത്തരം: ഒരു വർഷത്തോളം. അപ്പോഴേക്കും മന്ത്രിസഭ മാറി. മന്ത്രിസഭയല്ല, മുഖ്യമന്ത്രി മാറി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി. ഉമ്മൻ ചാണ്ടി എന്നോട് ചോദിച്ചു, സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ എംഡിയാകാമോ എന്ന്. അപ്പോ വല്യത്താൻ സാറിനോട് ഞാൻ ചോദിച്ചു. അപ്പോ പറഞ്ഞു, ഞാൻ എന്തായാലും ഇവിടെ നിന്നും മാറും ഉടനെ. കാരണം, എകെ ആന്റണിയുമായുള്ള ഒരു ഇക്വേഷൻ ഉമ്മൻ ചാണ്ടിയുമായി എനിക്കില്ല. അതുകൊണ്ട് തീരുമാനം എടുത്തോളാൻ പറഞ്ഞു. വല്യത്താൻ സാറിന്റെ അനുവാദത്തോടെ തന്നെ ഞാൻ അതിന് യെസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP