Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ 'വില്ലൻ' ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾ

ധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ 'വില്ലൻ' ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി കെ എ രതീഷിന്റെ ശമ്പള വർദ്ധന നീക്കത്തിന് അപ്രതീക്ഷിത തിരിച്ചടി. ട്രഷറി ഡയറക്ടറേറ്റിന്റെ ഇടപടെലാണ് ഇതിന് കാരണം. രതീഷിന്റെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കണ്ണടച്ചാൽ ട്രഷറി ഉദ്യോഗസ്ഥർ വെട്ടിലാകും. ഈ സാഹചര്യത്തിലാണ് രതീഷിന്റെ നീക്കം പൊളിഞ്ഞത്.

തന്റെ ശമ്പളം സ്വയം വർധിപ്പിച്ച് ഇറക്കിയ ഉത്തരവ് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ പുതിയ ശമ്പളവും കുടിശികയുമടക്കം വാങ്ങാൻ സമർപ്പിച്ച ചെക്കുകൾ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി ട്രഷറിയിൽ നിന്നു തിരികെ വാങ്ങുകയും ചെയ്തു. ഉത്തരവു വിവാദമാകുകയും ചെക്കുകൾ പാസാക്കാനാകില്ലെന്നു ട്രഷറി ഡയറക്ടറേറ്റ് നിലപാടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഭാവിയിലുണ്ടാകുന്ന നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് ഈ നീക്കം.

പുതുക്കിയ ശമ്പളത്തുകയായ 1,75,000 രൂപയുടെയും പുതുക്കിയ ശമ്പളം നിശ്ചയിച്ചതു മുതലുള്ള കുടിശികയായ 5 ലക്ഷത്തിൽപരം രൂപയുടെയും ചെക്കുകളാണ് ഏതാനും ദിവസം മുൻപു ഖാദി ബോർഡ് സെക്രട്ടറി കെ.എ.രതീഷ് ജില്ലാ ട്രഷറിയിൽ സമർപ്പിച്ചത്. ശമ്പളം 70,000 രൂപയിൽ നിന്നും 1,75,000 രൂപയായി സ്വയം വർധിപ്പിച്ചാണു സെക്രട്ടറി ഈ മാസം 10 ന് ഉത്തരവിറക്കിയത്. ഈ ശമ്പള വർധനയ്ക്കു ധനവകുപ്പ് അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് ട്രഷറി വകുപ്പ് കടുത്ത നിലപാട് എടുത്തത്.

സർക്കാർ അനുമതി നൽകാത്തതു കൊണ്ട് രതീഷ് ചില കളികൾ നടത്തി. ഇതേ തുടർന്ന് ശമ്പളം കൂട്ടാനുള്ള തീരുമാനത്തിന് ഖാദി ബോർഡ് വൈസ് ചെയർപഴ്‌സൻ അനുമതി നൽകി. ഇതോടെ സെക്രട്ടറി തന്നെ ഉത്തരവിട്ടു. കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഒന്നാം പ്രതിയാണ് രതീഷ്. ഈ സാഹചര്യത്തിൽ വിവാദം ആളക്കത്തി.

ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാവ് വി എം.സുധീരൻ മുഖ്യമന്ത്രിക്കും ധന, വ്യവസായ മന്ത്രിമാർക്കും കത്തു നൽകിയിരുന്നു. അതോടെ ചെക്ക് പാസാക്കുന്നതു നിയമപരമായി വേണമെന്നു ട്രഷറി ഡയറക്ടറേറ്റ് ജില്ലാ ട്രഷറി അധികൃതർക്കു നിർദ്ദേശം നൽകി. ധനവകുപ്പ് അനുമതി നൽകാത്ത ശമ്പള വർധനയുടെ ചെക്ക് പാസാകില്ലെന്നും വ്യക്തമാക്കി. തുടർന്നു ചെക്കുകൾ തിരികെ നൽകാൻ ജില്ലാ ട്രഷറി അധികൃതരോടു ഖാദി ബോർഡ് സെക്രട്ടറി അഭ്യർത്ഥിച്ചു.

ഇതിനായി കത്തു നൽകണമെന്ന നിർദ്ദേശത്തെ തുടർന്ന് അതും ഹാജരാക്കിയാണു കഴിഞ്ഞ ദിവസം രണ്ടു ചെക്കുകളും മടക്കി വാങ്ങിയത്. ഇതോടെ ശമ്പളവും കുടിശിഖയും അനുവദിച്ചാൽ ഉണ്ടാകുന്ന നൂലാമാലകളിൽ നിന്നും ട്രഷറി ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. 2005ലാണ് രതീഷ് കശുവണ്ടി കോർപറേഷൻ എംഡിയാകുന്നത്. 2015 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. പത്ത് വർഷത്തോളം ഈ സ്ഥാനത്തിരുന്ന രതീഷ് 500 കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐ എൽഡിഎഫ് സർക്കാരിന്റെ അനുമതി തേടിയെങ്കിലും സർക്കാർ നൽകിയില്ല. മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലിൽ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിയമോപദേശം തേടുകയും പ്രോസിക്യൂഷന് അനുമതി കൊടുക്കണ്ട എന്ന തീരുമാനത്തിൽ എത്തുകയും ചെയ്തു.

അഴിമതിക്കാരെ ഒരു പോസ്റ്റിലും നിയമിക്കില്ലെന്ന ഇടതുമുന്നണി തീരുമാനം കാറ്റിൽപ്പറത്തിയാണ് അഴിമതിക്കാരനായ രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമിച്ചത്. സിബിഐ അന്വേഷണം വന്നപ്പോൾ കശുവണ്ടി അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആണെങ്കിൽ തുടരുന്ന നിലയിലും. കോർപറേഷൻ-ബോർഡ് എംഡിമാർക്ക് വിജിലൻസ് ക്ലിയറൻസ് ആവശ്യമാണ്. വിജിലൻസ് കേസ് ഒഴിവാക്കിയപ്പോൾ വിജിലൻസ് ക്ലിയറൻസിന് രതീഷിന്റെ മുന്നിൽ തടസം വന്നില്ല. ഇതോടെയാണ് കോർപറേഷൻ-ബോർഡ് എംഡിയായി നിയമിക്കപ്പെടാൻ രതീഷിന്റെ മുന്നിലുള്ള തടസം മാറിയത്.

വിവാദമായ തോട്ടണ്ടി അഴിമതിയുടെ കഥ ഇങ്ങനെ:

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നിലവാരം കുറഞ്ഞ തോട്ടണ്ടിയാണ് രതീഷ് എംഡിയായിരുന്ന കാലത്ത് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്തത്. ഐവറികോസ്റ്റ്, ഘാന, ഗിനി ബസാവോ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വിലകുറഞ്ഞ തോട്ടണ്ടി ഇറക്കുമതിയാണ് കശുവണ്ടി കോർപറേഷൻ നടത്തിയത്. കോട്ടയം ആസ്ഥാനമായ ജെഎംജെ കമ്പനിയാണ് തോട്ടണ്ടി ഇറക്കുമതി ചെയ്തത്. കമ്പനി ഉടമയായ ജെയ്‌മോൻ ജോസഫാണ് സിബിഐ കുറ്റപത്രത്തിലെ ഒരു പ്രതി. കമ്പോള വിലയേക്കാൾ ഉയർന്ന വില നൽകിയാണ് ഇവിടെനിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്തത്.

ഒരു വർഷം 200-250 കോടിയുടെ തോട്ടണ്ടിയാണ് കശുവണ്ടി കോർപറേഷൻ ഇറക്കുമതി ചെയ്യുന്നത്. പ്രോസസ് ചെയ്ത് ഇത് വില്പന നടത്തുമ്പോൾ തന്നെ ഇരട്ടി വിലയാകും. വാങ്ങിയതിലും വില്പന നടത്തിയതിലുമെല്ലാം അഴിമതി നടന്നു. അഴിമതി പുറത്ത് വന്നതോടെ ഈ കാര്യത്തിൽ നിരവധി ഏജൻസികളുടെ അന്വേഷണം നടന്നു. എല്ലാ അന്വേഷണത്തിലും അഴിമതി തെളിഞ്ഞിരുന്നു. ഇതോടെയാണ് ഹൈക്കോടതിയിൽ മനോജ് ഹർജി നൽകിയത്. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണം വരുകയും ചെയ്തു. ഇതിനെ സമർത്ഥമായി പിണറായി അട്ടിമറിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP