Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻ

തുടർഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഡീലിന്റെ ആവശ്യമില്ല; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു; വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും; ബാലശങ്കറിന്റെ ആരോപണം തള്ളി സജി ചെറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ സിപിഎം- ബിജെപി. ഡീൽ എന്ന ആർ.ബാലശങ്കറിന്റെ ആരോപണം തള്ളി ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ. തുടർ ഭരണത്തിലേക്ക് പോകുന്ന എൽഡിഎഫിന് ബിജെപിയുമായി ഒരു ഡീലിന്റേയും ആവശ്യമില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂരിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്നും ബാലശങ്കറിന്റെ ആരോപണം ബിജെപിയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

2016ലെയും 18ലേയും തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണോ ബാലശങ്കർ ഇത്തരം ഒരു ആരോപണം ഉന്നയിച്ചതെന്ന് അറിയില്ല. 2016ൽ ബിജെപിയും യു.ഡി.എഫും തമ്മിൽ രണ്ടായിരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു. 2018 വരുമ്പോൾ ഏതാണ്ട് 5000 വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ മത്സരം നടന്നത് ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു. വോട്ടിന്റെ കണക്കും ലഭിച്ച പഞ്ചായത്തുകളുടെ എണ്ണവും പരിശോധിച്ചാൽ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് ജനങ്ങൾക്ക് മനസിലാകും. ഇങ്ങനെ ഒരു മണ്ഡലത്തിൽ ബിജെപി. മത്സരിക്കുന്നത് ഞങ്ങളുമായി ധാരണയിലാണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല. തിരഞ്ഞെടുപ്പിൽ കൃത്യമായി മൂന്ന് സ്ഥാനാർത്ഥികളും നിരന്നു കഴിഞ്ഞു. മൂന്ന് സ്ഥാനാർത്ഥികളും രാഷ്ടീയമായി പ്രവർത്തിച്ചവരാണ്. ആരെയും കെട്ടിയിറക്കിയതെന്ന അഭിപ്രായമില്ല. ഈ മത്സരത്തിൽ യുഡിഎഫിനെ സഹായിക്കാൻ കൂടിയാണോ ബാലശങ്കറിന്റെ പ്രസ്താവന എന്ന സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ചെങ്ങന്നൂരിൽ ബിജെപി സംസ്ഥാന നേതൃത്വം തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായെന്ന ആർ.എസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ വിമർശനം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തു വന്നിരുന്നു. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല. ബാലശങ്കർ മറുപടി അർഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വിഗോപകുമാറിനെയാണു സ്ഥാനാർത്ഥിയാക്കിയത്.

ബാലശങ്കർ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഒരുതരത്തിലുള്ള മറുപടിയും അർഹിക്കുന്നതല്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപിയുടെ സിപിഎമ്മുമായുള്ള ഡീലിന്റെ ഭാഗമായായിരുന്നു എന്ന് ഓർഗൈനസർ മുൻ പത്രാധിപർ കൂടിയായ ബാലശങ്കർ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരുന്നു. കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷവിമർശനമാണ് ബാലശങ്കർ അഭിമുഖത്തിൽ ഉന്നയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർ ബാലശങ്കർ രംഗത്തെത്തിയത്.

ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ബാലശങ്കർ തുറന്നടിച്ചു. ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ ബിജെപിക്ക് ഒരു വിജയ സാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

കേരളത്തിൽ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലശങ്കർ ചോദിച്ചിരുന്നു.

കെ സുരേന്ദ്രൻ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തിൽ നിൽക്കാനായി ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്.

ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ബാലശങ്കർ വിമർശിച്ചത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ സുരേന്ദ്രൻ മത്സരിക്കുന്നതെങ്കിൽ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കിൽ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാർത്ഥിയാണ്.

ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റിൽ പോലും വിജയിക്കരുതെന്ന നിർബ്ബന്ധബുദ്ധിയാണിതെന്നും ബാലശങ്കർ തുറന്നു പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് താൻ തുറന്നുപറയുന്നതെന്നും ബാലശങ്കർ വ്യക്തമാക്കിയിരുന്നു. താൻ കേരളത്തിൽനിന്നു വിജയിക്കുന്നത് തടയണമെന്ന താൽപര്യമാണ് ഇതിന് പിന്നിൽ. കേരളത്തിൽ ബിജെപി. നന്നാവരുതെന്ന നിർബ്ബന്ധമാണ് ഇതിന് പിന്നിൽ. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോൾ ബിജെപി. നിർത്തിയിട്ടുള്ള സ്ഥാനാർത്ഥികളെ നോക്കൂ. ബിജെപിക്ക് ഒരു ശബ്ദം കൊടുക്കാൻ പോലും കഴിവില്ലാത്ത സ്ഥാനാർത്ഥികൾ. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബിജെപി. കളഞ്ഞുകുളിക്കുന്നതെന്നും ബാലശങ്കർ കുറ്റപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP