Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെന്റ്-സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ കൂടിച്ചേർന്നുണ്ടായ മാരകമായ ഫിലിപ്പിനൊ വകഭേദം യുകെയിൽ എത്തി; ബ്രിട്ടനെ ഭയപ്പെടുത്തി കോവിഡ് വൈറസ് വിഭജനം തുടരുന്നു

കെന്റ്-സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ കൂടിച്ചേർന്നുണ്ടായ മാരകമായ ഫിലിപ്പിനൊ വകഭേദം യുകെയിൽ എത്തി; ബ്രിട്ടനെ ഭയപ്പെടുത്തി കോവിഡ് വൈറസ് വിഭജനം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

പിളരുകൾക്കൊടുവിൽ ലയനത്തിലൂടെ ശക്തിവർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊറോണ. കെന്റ്, സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങളുടെ ലയനം എന്നതുപോലെ, ഇവയിലുള്ള ജനിതകമാറ്റങ്ങൾ മുഴുവൻ ഉൾക്കൊണ്ട മറ്റൊരു വകഭേദത്തെ ഫിലിപ്പൈൻസിൽ കണ്ടെത്തിയിരിക്കുന്നു. പി. 3 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലും കണ്ടെത്തിയത് കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇതുവരെ ഇംഗ്ലണ്ടിലെ രണ്ടുപേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. അതിൽ ഒരാൾ അടുത്തകാലത്ത് ഫിലിപ്പൈൻസ് സന്ദർശിച്ച വ്യക്തിയാണ്.

മറ്റെയാൾക്ക് എങ്ങനെ ഈ വൈറസ് ബാധിച്ചു എന്നത് അന്വേഷിക്കുകയാണ്. ഇവർ തമ്മിൽ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഏതായാലും, ഇരുവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്രസീലിയൻ- സൗത്ത് ആഫ്രിക്കൻ വകഭേദങ്ങളിൽ കണ്ടെത്തിയ ഇ 484കെ എന്ന മ്യുട്ടേഷനും കെന്റ് വകഭേദത്തിൽ കണ്ട എൻ 501 വൈ എന്ന മ്യുട്ടേഷനും ഈ പുതിയ ഇനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ജനിതകമാറ്റങ്ങൾ വൈറസിന്റെ വ്യാപനശേഷി വർദ്ധിപ്പിക്കുകയും അതുപോലെ ശരീരത്തിലെ ആന്റിബോഡികളെ പ്രതിരോധിക്കാനുള്ള ശേഷി നൽകുകയും ചെയ്യും.

അതിനൊപ്പം രണ്ടു പേരിൽ കൂടി ബ്രസീലിയൻ വകഭേദത്തെ കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. പടിഞ്ഞാറൻ മിഡ്ലാൻഡ്സിലും വടക്കൻ ലണ്ടനിലെ ഹാരിംഗേയിലുമാണ് ഇത് കണ്ടെത്തിയത്. ഇവർ രണ്ടുപേരും അടുത്തസമയത്ത് ബ്രസീൽ സന്ദർശിച്ചിരുന്നതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ബിർമിങ്ഹാം എയർപോർട്ടിലെ സാധാരണ പരിശോധനകൾക്കിടയിലാണ് വെസ്റ്റ് മിഡ്ലാൻഡ്സിലെ കേസ് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഈ വ്യക്തിയെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാൽ സർജ് ടെസ്റ്റിലൂടെയാണ് വടക്കൻ ലണ്ടനിലെ വ്യക്തിയിൽ ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഇയാളിൽ നിന്നും വൈറസ് കൂടുതൽ പേരിലേക്ക് പടർന്നിട്ടുണ്ടോ എന്നറിയാൻ ഹാരിംഗേയിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ബ്രിട്ടനിൽ മൊത്തം 12 പേരിലാണ് ബ്രസീലീയൻ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. അതിൽ ഒമ്പതെണ്ണം ഇംഗ്ലണ്ടിലും മൂന്നെണ്ണം സ്‌കോട്ട്ലാൻഡിലുമാണ്. ഇവരെല്ലാവരും തന്നെ ബ്രസീൽ സന്ദർശിച്ചവരോ അല്ലെങ്കിൽ സന്ദർശിച്ചവരുമായി സമ്പർക്കം പുലർത്തിയവരോ ആണ്.

ഫിലിപ്പൈൻ ഇനത്തിന്റെ സാന്നിദ്ധ്യം കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ ഇപ്പോൾ ആകെ ആറിനം കൊറോണകളാണ് താണ്ഡവമാടുന്നത്. സാധാരണ കൊറോണക്ക് പുറമേ, കെന്റ്, സൗത്ത് ആഫ്രിക്കൻ,ബ്രസീലിയൻ ഇനങ്ങൾ ഇവിടെയുണ്ട്. ഇതിനുപുറമെ, കെന്റ് ഇനത്തിന് ജനിതകമാറ്റം സംഭവിച്ച മറ്റൊരു വകഭേദത്തെ ബ്രിസ്റ്റോളിൽ കണ്ടെത്തിയിരുന്നു. ഇപ്പോളിതാ ഫിലിപ്പിനോ കൊറോണയും ബ്രിട്ടനിലെത്തിക്കഴിഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP