Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ച് ഉറ്റസുഹൃത്ത് വിമതനായി പുതുപ്പള്ളിയിൽ; വിഎസിന് വേണ്ടി കേരളം ഒരുപോലെ തെരുവിൽ ഇറങ്ങിയപ്പോൾ സീറ്റ് നൽകി സിപിഎം; റിബലായി മത്സരിച്ചു ജയിച്ച് എംഎ വാഹിദ്; പാറശ്ശാലയിൽ സുന്ദരൻ നാടാർ; ശോഭനാ ജോർജിനെ റിബലായി മത്സരിച്ച് തോൽപ്പിച്ച് ശരത് ചന്ദ്രപ്രസാദ്; തെരഞ്ഞെടുപ്പ് കാലത്തെ അപസ്വരങ്ങളുടെ രസികൻ കഥകൾ

ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ച് ഉറ്റസുഹൃത്ത് വിമതനായി പുതുപ്പള്ളിയിൽ; വിഎസിന് വേണ്ടി കേരളം ഒരുപോലെ തെരുവിൽ ഇറങ്ങിയപ്പോൾ സീറ്റ് നൽകി സിപിഎം; റിബലായി മത്സരിച്ചു ജയിച്ച് എംഎ വാഹിദ്; പാറശ്ശാലയിൽ സുന്ദരൻ നാടാർ; ശോഭനാ ജോർജിനെ റിബലായി മത്സരിച്ച് തോൽപ്പിച്ച് ശരത് ചന്ദ്രപ്രസാദ്; തെരഞ്ഞെടുപ്പ് കാലത്തെ അപസ്വരങ്ങളുടെ രസികൻ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശ്ശാലയിൽ സുന്ദരൻ നാടാർ, കഴക്കൂട്ടത്ത് എംഎ വാഹിദ്. നിയമസഭ കണ്ട രണ്ട് കോൺഗ്രസ് റിബലുകളാണ് ഇവർ. 1980തുകളിൽ മുന്നണി രാഷ്ട്രീയം ഉണ്ടായ ശേഷം എല്ലാവരേയും വെല്ലുവിളിച്ച് ജയിച്ചവരാണ് ഇവർ. പാർട്ടി റിബലുകളിൽ വിജയക്കൊടി പാറിച്ചവർ. പക്ഷേ പല റിബലുകളും പാർട്ടി സ്ഥാനാർത്ഥികൾക്ക് തോൽവി സമ്മാനിച്ചിട്ടുണ്ട്. അതിലൊരാളാണ് ടി ശരത് ചന്ദ്ര പ്രസാദ്. നിർണ്ണായക തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിൽ കോൺഗ്രസിന്റെ ശോഭനാ ജോർജിന് തോൽവി നൽകിയത് ശരത് ചന്ദ്രപ്രസാദിന്റെ സാന്നിധ്യമായിരുന്നു. സ്വതന്ത്രനായി മത്സരിച്ച ശരത് ചന്ദ്രപ്രസാദിന് അന്ന് ബിജെപിയുടെ പിന്തുണയുമാണ്ടായിരുന്നു.

ഉമ്മൻ ചാണ്ടിയെ ഞെട്ടിച്ച് ഉറ്റസുഹൃത്ത് വിമതനായി പുതുപ്പള്ളിയിൽ എത്തിയത് സിപിഎമ്മിന് വേണ്ടിയാണ്. അന്ന് ചെറിയാൻ ഫിലിപ്പിനെ സിപിഎം പിന്തുണച്ചു. പിന്നീട് ഇതുവരെ കോൺഗ്രസിലെ പ്രധാനിയായിരുന്ന ചെറിയാൻ ഫിലിപ്പ് സിപിഎമ്മിന്റെ അടുത്ത സഹയാത്രികനാണ്.സ്ഥാനാർത്ഥി നിർണയത്തിലെ അസ്വാരസ്യങ്ങൾ കോൺഗ്രസിൽ പുതുമയല്ല. തുടർച്ചയായി രണ്ടു തവണ എംഎൽഎയായവർ മാറിനിൽക്കണമെന്നു കോൺഗ്രസ് നേതാവായിരുന്ന ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെടുന്നത് 2001ൽ. ചെറിയാന്റെ പ്രതിഷേധം പാർട്ടി മുഖവിലയ്‌ക്കെടുത്തില്ല. ഇതായിരുന്നു പുതുപ്പള്ളിയിലെ മത്സരത്തിന് ചെറിയാൻ ഫിലിപ്പിനെ പ്രേരിപ്പിച്ചത്. തിരുവനന്തപുരം വെസ്റ്റ് എന്ന പഴയ മണ്ഡലത്തിൽ മത്സരിക്കാൻ ചെറിയാൻ ഫിലപ്പിന് സീറ്റ് കൊടുത്തില്ല. ഇതോടെയാണ് ചെറിയാൻ വിമതനായത്.

എ ഗ്രൂപ്പിൽ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും ഒപ്പം പ്രധാനിയായിരുന്നു ചെറിയാൻ ഫിലിപ്പ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിക്കാനായിരുന്നു സ്ഥാനാർത്ഥിയായത്. എന്നാൽ അത് നടന്നില്ല. പക്ഷേ പിന്നീടൊരിക്കലും സിപിഎമ്മിനെ ചെറിയാൻ ഫിലിപ്പ് കൈവിട്ടതുമില്ല. ഇന്നും ആപാളയത്തിൽ തന്നെ അടിയുറച്ച് നിൽക്കുന്നു. ഇതിന് സമാനമാണ് ഇപ്പോൾ ലതികാ സുഭാഷിന്റെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തയായിരുന്നു ലതികാ സുഭാഷ്. തിരുവനന്തപുരത്ത് മുമ്പ് ചെറിയാൻ ഫിലിപ്പിനെ തഴഞ്ഞത് എംവി രാഘവൻ എന്ന സിപിഎം നേതാവിന് സുരക്ഷിത മണ്ഡലം ഒരുക്കാനായിരുന്നു.

ഇതിൽ പ്രതിഷേധിച്ചാണ് ചെറിയാൻ ഫിലിപ്പ് കോൺഗ്രസ് വിട്ടത്. എന്നാൽ തിരുവനന്തപുരത്ത് മത്സരിച്ചില്ല. പകരം പുതുപ്പള്ളിയിൽ എത്തി. ഏറ്റുമാനൂരിൽ മത്സരിക്കണമെന്നതായിരുന്നു ലതികാ സുഭാഷിന്റെ മോഹം. കേരളാ കോൺഗ്രസ് ജോസഫിന് വേണ്ടി അത് തല്ലിക്കെടുത്തി. ഇതോടെ ഏറ്റുമാനൂരിൽ തന്നെ സ്വതന്ത്രയാകുകയാണ് ലതികാ സുഭാഷ്. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം പാർട്ടിക്കു പിടികിട്ടിയത്. ചെറിയാന്റെ ഭാഷയിൽ പറഞ്ഞാൽ, പാർട്ടി വിട്ട് നേരേപോയി സ്ഥാനാർത്ഥിയായതിനാൽ അതിന്റെ പേരിൽ മറ്റു പ്രതിഷേധത്തിന് അവസരമുണ്ടായില്ല. എൽഡിഎഫ് ചെറിയാനെ പിന്തുണച്ചെങ്കിലും 12,575 വോട്ടിന് ഉമ്മൻ ചാണ്ടി വിജയിച്ചു. എന്നാൽ ഏറ്റുമാനൂരിൽ കഥമാറ്റുമെന്ന് ലതികാ സുഭാഷ് പറയുന്നു.

സീറ്റു കിട്ടാത്തതിൽ പ്രതിഷേധിച്ച് 2001ൽ കോൺഗ്രസ് നേതാവ് എം.എ.വാഹിദ് കഴക്കൂട്ടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി. ബിന്ദു ഉമ്മറായിരുന്നു സിപിഎം സ്ഥാനാർത്ഥി. ലീഗിന്റെ സ്ഥാനാർത്ഥി മുഹമ്മദലി നിഷാദ്. 4293 വോട്ടിനു വിജയിച്ച് വാഹിദ് സ്വന്തം പാർട്ടിക്കാരെയും എതിരാളികളെയും ഞെട്ടിച്ചു. പിന്നീട് തുടർച്ചയായി രണ്ടു തവണകൂടി എംഎൽഎയായി. 2001ൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി വലിയ പ്രതിഷേധമുണ്ടായി. നിശ്ചയിച്ച മൂന്നു സ്ഥാനാർത്ഥികളെ മാറ്റേണ്ടിവന്നു. ആറന്മുളയിൽ ശിവദാസൻ നായർക്കു പകരം മാലേത്ത് സരളാദേവിയും വടക്കേക്കരയിൽ കെ.പി.ധനപാലനു പകരം എം.എ.ചന്ദ്രശേഖരനും പേരാവൂരിൽ നൂറുദ്ദീനു പകരം എ.ഡി.മുസ്തഫയും സ്ഥാനാർത്ഥികളായി. പ്രതിഷേധങ്ങളുണ്ടായെങ്കിലും മൂന്നുപേരും വിജയിച്ചു. ഇതിനൊപ്പം എംഎ വാഹിദും.

സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് 2006ൽ കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് തിരുവനന്തപുരം വെസ്റ്റിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചു. ശോഭനാ ജോർജിനെതിരെയായിരുന്നു പോരാട്ടം. മത്സരത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വി.സുരേന്ദ്രൻപിള്ള 13,233 വോട്ടിനു വിജയിച്ചു. സ്വതന്ത്രനായി മത്സരിച്ച ശരത്ചന്ദ്രപ്രസാദ് 10,059 വോട്ടുനേടി. ബിജെപി പിന്തുണയോടെയായിരുന്നു ഇത്. അന്ന് കേരളാ കോൺഗ്രസ് ജോസഫിലും പ്രശ്‌നമുണ്ടായിരുന്നു. ആന്റണി രാജുവിനെതിരെ വി എസ് ചില വിഷയങ്ങളിൽ പ്രതിഷേധിച്ചിരുന്നു. ഇതോടെ ആന്റണി രാജുവിന് സീറ്റ് കിട്ടിയില്ല. അവസാന നിമിഷമാണ് സുരേന്ദ്രൻ പിള്ള സ്ഥാനാർത്ഥിയായി എത്തിയത്. ജയിച്ച് മന്ത്രിയായതാണ് സുരേന്ദ്രൻപിള്ളയുടെ രാഷ്ട്രീയ ചരിത്രം.

വിഎസിന് വേണ്ടി കേരളം ഒരുപോലെ തെരുവിൽ ഇറങ്ങിയപ്പോൾ സീറ്റ് നൽകി സിപിഎമ്മും വിമത ചർച്ചകളിൽ ഇടം നേടി. 2006ൽ വി എസ്. അച്യുതാനന്ദനു സീറ്റ് നിഷേധിച്ചതിനെത്തുടർന്നു കേരളമൊട്ടാകെ പ്രതിഷേധമുണ്ടായി. 2011ലും ഇത് ആവർത്തിച്ചു. കേഡർ പാർട്ടിയായ സിപിഎമ്മിന്റെ അധികാര കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന തരത്തിലാണ് വി എസ് അനുകൂല വികാരമുയർന്നത്. 2006 മാർച്ച് 15,16 തീയതികളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പൊതുസ്ഥാനാർത്ഥി ലിസ്റ്റ് അംഗീകരിച്ചപ്പോൾ വിഎസിന്റെ പേര് ഉണ്ടായിരുന്നില്ല. 15നു വൈകിട്ട് തലസ്ഥാന നഗരി കേന്ദ്രീകരിച്ചു കൊണ്ടു പ്രതിഷേധ പ്രകടനം നടന്നു.

കൊല്ലം ജില്ലയിലെ പരവൂരിൽ പ്രത്യക്ഷപ്പെട്ട വി എസ് അനുകൂല പോസ്റ്ററുകളിൽ പാലോളി മുഹമ്മദ്കുട്ടിക്കും എം.എ. ബേബിക്കുമെതിരെ വിമർശനമുണ്ടായി. സിപിഎം നീലേശ്വരം ലോക്കൽ കമ്മിറ്റി ഓഫിസിനു മുന്നിലെ കൊടിമരത്തിൽ വി എസ് പക്ഷം കരിങ്കൊടി ഉയർത്തി. വിഎസിന് അഭിവാദ്യമർപ്പിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി ഓഫിസിന്റെ ചുറ്റുമതിലിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വിഎസിനു പിന്തുണ പ്രഖ്യാപിച്ച് ഡൽഹിയിലും ഗൾഫ് രാജ്യങ്ങളിലും ലഘുലേഖ വിതരണം നടന്നു. എറണാകുളം മഹാരാജാസ് കോളജിൽ വിഎസിന് അനുകൂലമായി വിദ്യാർത്ഥികൾ പ്രകടനം നടത്തി. കണ്ണൂർ, കാസർകോട്, ആലപ്പുഴ ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ സിപിഎം പ്രവർത്തകർ പ്രകടനം നടത്തി.

കേരളത്തിൽ ഉയർന്നുവന്ന പുതിയ സാഹചര്യത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മാർച്ച് 21നു പിബി യോഗം ചേർന്നു. പിണറായി വിജയൻ മത്സരിക്കണമെന്ന നിർദ്ദേശം പിബി യോഗത്തിൽ ഉയർന്നെങ്കിലും സെക്രട്ടറി സ്ഥാനത്തു തുടരാനാണ് അദ്ദേഹം താൽപര്യപ്പെട്ടത്. മാർച്ച് 12നു ശേഷം ഉയർന്നുവന്ന അഭിപ്രായങ്ങൾ പരിഗണിച്ച്, വി എസ് സ്ഥാനാർത്ഥി ആകണമെന്നു പിബി തീരുമാനിച്ചു. മാർച്ച് 24നു ചേർന്ന സംസ്ഥാന കമ്മിറ്റി വിഎസിനെ മലമ്പുഴയിൽ മൽസരിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ആ പ്രതിഷേധം അടങ്ങി. തെരഞ്ഞെടുപ്പിൽ ജയിച്ച് വി എസ് മുഖ്യമന്ത്രിയുമായി.

പാറശ്ശാലയിലെ കോൺഗ്രസിന്റെ എല്ലാമെല്ലാമായിരുന്നു സുന്ദരൻ നാടാർ. 1996ൽ രഘുചന്ദ്രബാലിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത് സുന്ദരൻ നാടാർക്ക് രുചിച്ചില്ല. അങ്ങനെ സുന്ദരൻ നാടാർ വിമതനായി. മത്സരിച്ച് ജയിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം കോൺഗ്രസിന്റെ ഭാഗമായി. അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിലായിരുന്നു മത്സരം. അപ്പോഴും ജയിച്ചു. ഡെപ്യൂട്ടി സ്പീക്കറുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP