Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെങ്ങന്നൂർ സീറ്റ് നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീൽ; ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ നേതൃത്വമാണ് ഇത്; വി മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നു: തുറന്നടിച്ച് ആർഎസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കർ

ചെങ്ങന്നൂർ സീറ്റ് നിഷേധിച്ചതിന് പിന്നിൽ കോന്നിയിൽ സുരേന്ദ്രനും സിപിഎമ്മും തമ്മിലുള്ള ഡീൽ; ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ നേതൃത്വമാണ് ഇത്; വി മുരളീധരൻ കേന്ദ്ര നേതൃത്വത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നു: തുറന്നടിച്ച് ആർഎസ്.എസ്. സൈദ്ധാന്തികൻ ആർ ബാലശങ്കർ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയുടെ കേരള നേതൃത്വത്തിനെതിരെ നിശിത വിമർശവുമായി ആർഎസ്എസ്. സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ.

ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായിട്ടുള്ള ഡീലിന്റെ ഭാഗമായിട്ടാണെന്ന് ബാലശങ്കർ ആരോപിച്ചു. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ബാലശങ്കർ തുറന്നടിച്ചു.

ബിജെപി. സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇതിന് കാരണമാണെന്നും ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ ബിജെപിക്ക് ഒരു വിജയ സാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിജെപി നേതാക്കൾക്ക് പരിശിലനം നൽകുന്ന വിഭാഗം ദേശീയ കോ കൺവീനറും ബിജെപി. പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ആർ ബാലങ്കർ.

ചെങ്ങന്നൂരിൽ എൻ.എസ്.എസും എസ്.എൻ.ഡി.പിയും ക്രിസ്ത്യൻ വിഭാഗവും ഒരു പോലെ തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബിജെപിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. ഓർത്തഡോ്‌സ് സഭാ നേതൃത്വം മാത്രമല്ല എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയും തനിക്കനുകൂലമായി രംഗത്തുണ്ടായിരുന്നു. 

എല്ലാ പിന്തുണയും നൽകണമെന്ന് എസ്.എൻ.ഡി.പിയുടെ പ്രാദേശിക ഘടകത്തോട് ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസും ഇതേ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ബിജെപിയെ അനുകൂലിക്കുന്നില്ല പക്ഷേ, തന്റെ കാര്യത്തിൽ സർവ്വ പിന്തുണയുമുണ്ടാവും എന്നാണ് എൻ.എസ്.എസ്. നേതൃത്വം അറിയിച്ചിരുന്നത്. മണ്ഡലത്തിൽ തന്റെ ബന്ധുക്കളെ മാത്രം കണക്കിലെടുത്താൽ പതിനായിരം വോട്ടെങ്കിലും വരും. ചെങ്ങന്നൂരിൽ ബിജെപിക്ക് സ്വന്തമായി മുപ്പതിനായിരത്തോളം വോട്ടുണ്ട്. ഇതിനു പുറമേയാണ് എസ്.എൻ.ഡി.പി., എൻ.എസ്.എസ്., ക്രിസ്ത്യൻ വിഭാഗങ്ങളിലൂടെ തനിക്ക് കിട്ടുമായിരുന്ന വോട്ടുകൾ. വിജയ സാധ്യത മുന്നിലുണ്ടായിരുന്നിട്ടും തന്റെ സ്ഥാനാർത്ഥിത്വം നിഷേധിക്കുകയായിരുന്നുവെന്ന് ബാലശങ്കർ പറയുന്നു.

സിപിഎമ്മും ബിജെപിയുമായിട്ടുള്ള ഒരു ഡീൽ ഇതിനു പിന്നിലുണ്ടാവാം എന്നാണ് കരുതുന്നത്. ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ.

ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വക്താവ് പരസ്യമായി തനിക്ക് വേണ്ടി പ്രസ്താവനയിറക്കിയിരുന്നു. ചെങ്ങന്നൂരിൽ വോട്ടു ചെയ്യണമെന്ന ആഹ്വാനമായിരുന്നു അത്. അടുത്ത കാലത്തൊന്നും ഒരു ക്രിസ്ത്യൻ വിഭാഗവും ഇത്തരമൊരു പരസ്യ നിലപാട് ഒരു ബിജെപി. സ്ഥാനാർത്ഥിക്കു വേണ്ടി എടുത്തിരുന്നില്ല. 

ചെപ്പാടുള്ള സെന്റ് ജോർജ് ഓരത്തഡോക്‌സ് പള്ളി ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്നത് തടഞ്ഞത് ബാലശങ്കറിന്റെ ഇടപെട്ടതു കൊണ്ടാണെന്നും ഈ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ ബിജെപി വിജയിപ്പിച്ചില്ലെങ്കിൽ അത് നന്ദികേടായിരിക്കുമെന്നുമാണ് സഭാ വക്താവ് ഫാ. ജോൺസ് എബ്രഹാം കോന്നാട്ട് തുറന്നു പറഞ്ഞിരുന്നത്. എന്നിട്ടും തന്നെ സ്ഥാനാർത്ഥിയാക്കേണ്ടെന്ന് ബിജെപി. നേതൃത്വം തീരുമാനിച്ചത് വലിയ വിമർശനത്തിനാണ് ഇടയാക്കിയെന്നും മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ബാലശങ്കർ തുറന്നു പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളിൽ രണ്ടെണ്ണമാണ് ചെങ്ങന്നൂരും ആറന്മുളയും. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയസാദ്ധ്യതയാണ് ഇപ്പോൾ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഈ രണ്ടിടത്തും സിപിഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാർത്ഥി എന്തിനാണ് ഇപ്പോൾ കോന്നിയിൽ മത്സരിക്കുന്നത്. അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോയെന്നും ബാലശങ്കർ ചോദിക്കുന്നു.

കെ സുരേന്ദ്രൻ കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി ഈ 15 ദിവസത്തിനുള്ളിൽ രണ്ടിടത്തും പ്രചാരണം നടത്തുക പോലും വിഷമകരമാണ്. രണ്ടിടത്തും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും മൂന്നു ദിവസം യാത്രയ്ക്ക് മാത്രം വേണ്ടി വരും. ഹെലിക്കോപ്റ്ററെടുത്ത് പ്രചാരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയനേതാവാണ് രണ്ട് മണ്ഡലത്തിൽ നിൽക്കാനായി ഹെലിക്കോപ്റ്റർ വാടകയ്‌ക്കെടുക്കുന്നത്.

ശോഭ സുരേന്ദ്രന് പോലും സീറ്റ് കിട്ടാത്ത സാഹചര്യത്തിലും രണ്ട് സീറ്റിൽ കെ സുരേന്ദ്രൻ മത്സരിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് ബാലശങ്കർ വിമർശിച്ചത്. കോന്നിയിലും തിരുവനന്തപുരത്തുമാണ് കെ സുരേന്ദ്രൻ മത്സരിക്കുന്നതെങ്കിൽ മനസ്സിലാക്കാം. മഞ്ചേശ്വരവും കോന്നിയും തമ്മിലുള്ള ഭൂമിശാസ്ത്രപരമായ വ്യത്യാസം കാണാതിരിക്കേണ്ട കാര്യമില്ല. പിന്നെ, അങ്ങിനെ ജനകീയനായ നേതാവാണെങ്കിൽ മനസ്സിലാക്കാം. മത്സരിച്ച എല്ലാ സ്ഥലത്തും തോറ്റ സ്ഥാനാർത്ഥിയാണ്. നരേന്ദ്ര മോദിയൊന്നുമല്ലല്ലോ ഈ മത്സരിക്കുന്നത്. 

ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന നേതൃത്വമാണിത്. ബിജെപി. ഒരു സീറ്റിൽ പോലും വിജയിക്കരുതെന്ന നിർബ്ബന്ധബുദ്ധിയാണിതെന്നും ബാലശങ്കർ തുറന്നു പറഞ്ഞു. രണ്ട് മണ്ഡലങ്ങളിൽ പ്രായോഗികതയെക്കുറിച്ചും രാഷ്ട്രീയ പ്രത്യാഘാതത്തെക്കുറിച്ചുമാണ് താൻ തുറന്നുപറയുന്നതെന്നും ബാലശങ്കർ വ്യക്തമാക്കുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹാശ്ശിസ്സുകളോടെയാണ് ചെങ്ങന്നൂരിൽ മത്സരിക്കാൻ തയ്യാറെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ തനിക്കുണ്ടായിരുന്നു. അമിത് ഷായ്ക്കും എന്തിന് മോദിജിക്കും വരെ തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ അറിവോടെയാണ് ചെങ്ങന്നൂരിൽ വന്നത്. അവരുമായി നടത്തിയ സംഭാഷണങ്ങൾ ഇവിടെ വെളിപ്പെടുത്തുന്നത് ശരിയല്ല.

താൻ കേരളത്തിൽനിന്നു വിജയിക്കുന്നത് തടയണമെന്ന താൽപര്യമാണ് ഇതിന് പിന്നിൽ. കേരളത്തിൽ ബിജെപി. നന്നാവരുതെന്ന നിർബ്ബന്ധമാണ് ഇതിന് പിന്നിൽ. ചെങ്ങന്നൂരും ആറന്മുളയിലും ഇപ്പോൾ ബിജെപി. നിർത്തിയിട്ടുള്ള സ്ഥാനാർത്ഥികളെ നോക്കൂ. ബിജെപിക്ക് ഒരു ശബ്ദം കൊടുക്കാൻ പോലും കഴിവില്ലാത്ത സ്ഥാനാർത്ഥികൾ. കൈപ്പിടിയിലായ രണ്ടു മണ്ഡലങ്ങളാണ് ബിജെപി. കളഞ്ഞുകുളിക്കുന്നത്.

കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായിട്ടുള്ള വി. മുരളീധരൻ ഒരു വിഭാഗത്തെ അന്ധമായി അനുകൂലിക്കുന്നുവെന്ന ആരോപണത്തിനോടും ബാലശങ്കർ പ്രതികരിച്ചു. കേന്ദ്രനേതൃത്വത്തെ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ബാലശങ്കർ ആരോപിച്ചു. എന്നാൽ സീറ്റ് കിട്ടാത്തതിൽ ആരോടും സംസാരിച്ചിട്ടില്ല. ചെങ്ങന്നൂരിൽ മാത്രമാണ് മത്സരിക്കാൻ താൽപര്യപ്പെട്ടിരുന്നത്. ജയിക്കാൻ വേണ്ടിയാണ് താൻ മത്സരിക്കാൻ തീരുമാനിച്ചത്. അത് ചെങ്ങന്നൂരുകാരോട് ചോദിച്ചാൽ മനസ്സിലാവും. അവിടത്തെ സിപിഎം. സ്ഥാനാർത്ഥിയോട് ചോദിച്ചാൽ ഇത് വ്യക്തമാവും. താൻ മത്സരിക്കാനില്ലെന്നറിഞ്ഞതോടെ അദ്ദേഹത്തിനുണ്ടായിട്ടുള്ള ആശ്വാസം ഒന്നുവേറെ തന്നെയാണ്. ആറന്മുളയിൽ വിണ ജോർജും വലിയ ആശ്വാസത്തിലാണ്.

ചെങ്ങന്നൂരിൽ തനിക്ക് മത്സരിക്കാൻ സാധിച്ചിരുന്നെങ്കിൽ ആറന്മുളയിലും അതിന്റെ അനുരണനങ്ങൾ ഉണ്ടാകുമായിരുന്നു. എൻ.എസ്.എസിനും ഏറ്റവും കൂടുതൽ വിശ്വാസവും സ്‌നേഹവുമുള്ള കാൻഡിഡേറ്റായിരുന്നു താൻ. വെള്ളാപ്പള്ളിക്കും ക്രിസ്ത്യൻ സമൂഹത്തിനും ഇതേ മനോഭാവമാണ് തന്നോടുള്ളത്. പക്ഷേ, ഈ പോസിറ്റീവ് ഘടകങ്ങളാണ് തനിക്ക് പ്രതികൂലമായതെന്നും ബാലശങ്കർ തുറന്നു പറഞ്ഞു.

ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തിരുന്നെങ്കിൽ കേരളത്തിൽ ബിജെപിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു. മഞ്ചേശ്വരത്തോ തിരുവനന്തപുരത്തോ വിജയിക്കുന്നതു പോലെയല്ല മദ്ധ്യ തിരുവിതാംകൂറിൽ ബിജെപിയുടെ സ്ഥാനാർത്ഥി വിജയിക്കുന്നത്. 

ബിജെപിക്ക് കേരളത്തിൽ വളരണമെങ്കിൽ നായർ-ക്രിസ്ത്യൻ-ഈഴവ കോമ്പിനേഷനിലൂടെ മാത്രമേ കഴിയൂ. അതിനുള്ള പരിസരമാണ് ചെങ്ങന്നൂരിലുണ്ടായിരുന്നത്. തിരുവിതാംകൂറാണ് ബിജെപിയുടെ വൃഷ്ടിപ്രദേശം. ഇവിടെ ഒരു സീറ്റ് ബിജെപി. പിടിച്ചാൽ അത് പിന്നെ വേറൊരു കളിയായിരിക്കും. തന്റെ ബാക്ക് ഗ്രൗണ്ട് ഇതിനനുകൂലമാണ്. അച്ഛൻ കേരള കോൺഗ്രസിലായിരുന്നു. അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള കോൺഗ്രസിന്റെ കൺവെൻഷനിൽ പ്രസംഗിക്കാൻ തന്നെ വിളിക്കാറുണ്ടെന്നും ബാലശങ്കർ പറയുന്നു.

കെ.എം. മാണിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. ജോസ് കെ. മാണിയുമായും നല്ല ബന്ധം നിലനിർത്തിയിരുന്നു.. അദ്ദേഹം ബിജെപിയുടെ ഭാഗമാവാൻ പോലും തയ്യാറായിരുന്നു. അതൊക്കെ ഇല്ലാതാക്കിയത് ഇവരാണ്. ഇവർക്ക് മന്ത്രിസ്ഥാനവും പദവികളും നഷ്ടപ്പെട്ടേക്കുമെന്ന ഭയം.

ഈ നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത മുപ്പതുകൊല്ലത്തേക്ക് കേരളത്തിൽ ബിജെപി. ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ഗ്യാങ്ങ് മാറാതെ രക്ഷയില്ല. ഒരു ഫ്രഷ് എയർ അല്ലെങ്കിൽ ന്യൂ തിങ്കിങ് ഉണ്ടെങ്കിലേ ബിജെപിക്ക് വളരാനാവുകയുള്ളു.

കേരളത്തിന്റെ പൊളിറ്റിക്കൽ ഐഡിയോളജിക്കൽ ഫോർമാറ്റ് വളരെ ആദർശാത്മകമായുള്ളതാണ്. മുഖ്യമന്ത്രി പോലും ഹെലിക്കോപ്റ്റർ ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാത്ത രാഷ്ട്രീയ മനസ്സാണ് കേരളത്തിന്റേത്. ഇതിലേക്ക് കയറിയാൽ മാത്രമേ ബിജെപിക്ക് കേരളത്തിൽ വളരാനാവുകയുള്ളു. ആ മൈൻഡ് സ്‌പെയ്‌സ് മനസ്സിലാക്കാനുള്ള ആർജ്ജവം വേണം. ഇതില്ലാത്തതുകൊണ്ടാണ് കേരളത്തിൽ ബിജെപി. വളരാത്തതെന്നും ബാലശങ്കർ തുറന്നു പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP