Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയും

മുഖ്യമന്ത്രിയുടെ കൈവശമുള്ളത് വെറും പതിനായിരം രൂപ! 78 സെന്റ് സ്ഥലവും 8.70 ലക്ഷം രൂപ വിലവരുന്ന വീടും സ്വന്തം; രണ്ട് ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും; കണ്ണൂർ വിമാനത്താവളത്തിൽ ഒരു ലക്ഷം രൂപയുടെ ഷെയറും പിണറായിക്ക്; ഭാര്യ കമലക്കുള്ളത് മൂന്ന് കോടിയുടെ ആസ്തി; പാലായിൽ മത്സരിക്കുന്ന ജോസ് കെ മാണിക്ക് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടിയുടെ ആസ്തിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എത്ര രാഷ്ട്രീയ നേതാക്കൾ സ്വന്തം ആസ്തി നേരാംവണ്ണം വെളിപ്പെടുത്താറുണ്ട്? പലരും പല വിധത്തിലുള്ള കള്ളങ്ങൾ പറഞ്ഞാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽ കണക്കുകാണിക്കുക. ശരിക്കുള്ള സ്വത്തുക്കളുടെ വില കുറച്ചുകാണിക്കുക അടക്കം പതിവു പരിപാടിയാണ്. ഇത്തവണയും ഈ പതിവിന് മാറ്റമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനേക്കാൽ സ്വത്തുക്കളുള്ളത് ഭാര്യ കമലയ്ക്കാണ്. ഭാര്യ കമലയ്ക്ക് 2കോടി 97 ലക്ഷത്തിന്റെയും ആസ്തി. കൂടാതെ ഭാര്യയ്ക്ക് മൂന്നുലക്ഷം വിലവരുന്ന 80 ഗ്രാം സ്വർണവും 35 ലക്ഷം വിലവരുന്ന ഭൂസ്വത്തുമുണ്ട്. ധർമടം മണ്ഡലത്തിലേക്കായി നാമനിദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തിവിവരങ്ങൾ രേഖപ്പെടുത്തിയത്. പിണറായി വിജയന്റെ െകെവശം 10,000 രൂപയും ഭാര്യയുടെ കൈവശം 2,000 രൂപയുമാണുള്ളത്.

എസ്.ബി.ഐ. തലശേരി ശാഖയിലും പിണറായി സഹകരണ ബാങ്കിലുമാണു മുഖ്യമന്ത്രിയുടെ നിക്ഷേപം. ഭാര്യക്ക് എസ്.ബി.ഐ. തലശേരി ബ്രാഞ്ച്, എസ്.ബി.ഐ. തിരുവനന്തപുരം, മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക്, മൗവഞ്ചേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എന്നിവിടങ്ങളിലാണു നിക്ഷേപം. പിണറായി വിജയന് മലയാളം കമ്മ്യൂണിക്കേഷണിൽ പതിനായിരം രൂപയുടെയും ഭാര്യയ്ക്ക് ഇരുപതിനായിരം രൂപയുടെയും നിക്ഷേപമുണ്ട് .

ഭാര്യയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുലക്ഷത്തിന്റെയും പിണറായി വിജയന് ഒരുലക്ഷത്തിന്റെയും ഓഹരിയുണ്ട്. പിണറായി വിജയന് 78 സെന്റ് ഭൂമിയും വീടും പിണറായിയിലും ഭാര്യയ്ക്ക് ഒഞ്ചിയത്ത് 17 സെന്റ് ഭൂമിയും ഉണ്ട്. സത്യവാങ് മൂലത്തിൽ സ്ഥാനാർത്ഥികളുടെ ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരണത്തിൽ ലാവ്ലിൻ കേസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

പിണറായിവിജയന് തലശേരി എസ്.ബി.ഐയിൽ 78048.51 രൂപയും പിണറായി സർവീസ് സഹകരണ ബാങ്കിൽ 5400 രൂപയും നിക്ഷേപമുണ്ട്. കൈരളി ചാനലിൽ 10,000 രൂപ വിലവരുന്ന 1000 ഷെയറും സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽ 500 രൂപയുടെ ഒരു ഷെയറും 100 രൂപ വിലവരുന്ന ഒരു ഓഹരി പിണറായി ഇന്റസ്ട്രീയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലും, ഒരു ലക്ഷം രൂപയുടെ ഓഹരി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് കമ്പനിയിലുമുണ്ട്. സ്വർണാഭരണങ്ങളൊന്നും സ്വന്തമായില്ലാത്ത പിണറായിക്ക് ബാങ്ക് നിക്ഷേപവും ഷെയറുമടക്കം 204048.51 രൂപയുടെ നിക്ഷേപമുണ്ട്.

ഭാര്യ കമലയ്ക്ക് തലശ്ശേരി എസ്.ബി.ഐയിൽ 5,47,803.21 രൂപയും എസ്.ബി.ഐ എസ്.എം.ഇ ശാഖയിൽ 32,664.40 രൂപയും ,മാടായി കോ-ഓപറേറ്റീവ് ഓപ് ബാങ്കിൽ 3,58,336 രൂപയും മൗവ്വഞ്ചേരി കോ-ഓപറേറ്റീവ് ബാങ്കിൽ 11,98,914 രൂപ സ്ഥിര നിക്ഷേപമായുണ്ട്. കൈരളി ചാനലിൽ 20,000 രൂപ വിലവരുന്ന 2000 ഓഹരിയും പിണറായി പോസ്റ്റ് ഓഫീസിൽ 1,44,000 രൂപയുടെയും വടകര അടക്കാത്തെരു പോസ്റ്റ് ഓഫീസിൽ 1,45,000 രൂപയുടെ നിക്ഷേപവുമുണ്ട്. 3,30,000 രൂപ വിലവരുന്ന 80 ഗ്രാം സ്വർണം സ്വന്തമായുണ്ട്. ഇതിന് 35 ലക്ഷം രൂപയാണ് മാർക്കറ്റ് വില കണക്കാക്കിയിട്ടുള്ളത്. വടകര ഒഞ്ചിയം കണ്ണൂക്കരയിൽ 17.5 സെന്റ് സ്ഥലം കമലക്ക് സ്വന്തമായുണ്ട്. ഇത്തരത്തിൽ പിണറായി വിജയന് 2,04,048.51 രൂപയുടെയും കമലയ്ക്ക് 29,767,17.61 രൂപയുടെയും സമ്പത്തുള്ളതായി സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

കടന്നപ്പള്ളിയുടെ പക്കൽ 2000 രൂപ മാത്രം

കണ്ണൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കൈവശം 2000 രൂപ മാത്രം. കെ.പി.എസ്.സി. ബാങ്കിൽ 20,00,000 ലക്ഷം രൂപയുടെ കട ബാദ്ധ്യതയുണ്ട്. ഭാര്യ ടി.എം. സരസ്വതിയുടെ കൈവശം 5000 രൂപ. വിവിധ ബാങ്കുകളിലായി 2,66,715 രൂപയാണ് കടന്നപ്പള്ളിയുടെ നിക്ഷേപം. ഭാര്യയുടെ പേരിലുള്ള നിക്ഷേപം 2284 രൂപയാണ്.

രണ്ടര ലക്ഷം രൂപ വിലവരുന്ന വാഹനം കടന്നപ്പള്ളിക്ക് സ്വന്തമായുണ്ട്. കൃഷി ഭൂമിയായി എടക്കാട് ഒമ്പത് സെന്റും (എട്ടു ലക്ഷം രൂപ), കാർഷികേതര ഭൂമിയായി 52 സെന്റും (6,24,000 രൂപ), വാണിജ്യാവശ്യത്തിനുള്ള കടന്നപ്പള്ളിയിലുള്ള കെട്ടിടം (മൂന്നു ലക്ഷം), എടക്കാട്ടെ വീട് (30 ലക്ഷം) എന്നീ ആസ്തികളാണുള്ളത്. ഭാര്യയുടെ പേരിൽ ഇരിങ്ങലിലുള്ള 32 സെന്റ് ഭൂമിക്ക് 10ലക്ഷം രൂപയാണ് മതിപ്പ് വില. ഒരു ക്രിമിനൽ കേസിൽ പ്രതിയാണ്.

ജോസിന് 5.16 കോടിയുടെ സ്വത്ത്; കാപ്പന് 27.93 കോടി

പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിക്കും കുടുംബത്തിനുമുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 5.16 കോടി രൂപ. 3.89 കോടിയുടെ ജംഗമസ്വത്തുണ്ട്. 1.27 കോടിയുടെ സ്ഥാവര സ്വത്താണ് കണക്കാക്കിയത്. ബാദ്ധ്യതകളും കേസുകളും ജോസിനും കുടുംബത്തിനുമില്ലെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെയും ഭാര്യ ആലീസിന്റെയും പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 27.93 കോടി രൂപയാണ്.

കാപ്പന് 37.16 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 36.14 ലക്ഷത്തിന്റെയും ജംഗമ വസ്തുക്കളുമുണ്ട്.കാപ്പന് 16.70 കോടിയുടെയും ഭാര്യയ്ക്ക് 10.50 കോടിയുടെയും ഭൂസ്വത്തുണ്ട്. കാപ്പന് ബാങ്കിൽ 92.19 ലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 78.44 ലക്ഷത്തിന്റെയും ബാദ്ധ്യതയുമുണ്ട്. 3.25 കോടിയുടെ ബാദ്ധ്യത തർക്കം കോടതിയിലുമുണ്ട്. ആകെ 4.17 കോടി രൂപയുടെ ബാദ്ധ്യത. രാഷ്ട്രീയ കേസുകൾ അഞ്ചെണ്ണം പിഴ അടച്ച് തീർപ്പാക്കി. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അഞ്ചെണ്ണവും സ്വകാര്യ അന്യായം രണ്ടെണ്ണവും നിലവിലുണ്ട്.

സജിചെറിയാന്റെ വരുമാനം ആറ് ലക്ഷം; ചിത്തരഞ്ജന് സ്വന്തം വരുമാനമില്ല

ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജിചെറിയാന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപ. ഭാര്യ ക്രിസ്റ്റീനയുടെ വാർഷിക വരുമാനം 5.54 ലക്ഷം രൂപയുമാണ്. ഇന്നലെ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സജിചെറിയാന്റെ പേരിൽ കേസുകളൊന്നും നിലവിലില്ല. 25,06,140 രൂപയുടെ ജംഗമ ആസ്തിയും 28 ലക്ഷം രൂപ മതിപ്പുവിലയുള്ള ഭൂമിയുമാണ് സമ്പാദ്യം. 1,14,651 രൂപയുടെ ബാദ്ധ്യതയുണ്ട്. കൃഷിയും എംഎ‍ൽഎ എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളുമാണ് വരുമാന സ്രോതസ്. ഭാര്യ ക്രിസ്റ്റീനയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 10,41,051 രൂപയാണ് സമ്പാദ്യം.

4.41ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയും ഭാര്യയുടെ പേരിലുണ്ട്. ക്രിസ്റ്റീനയ്ക്ക് 1,78,718 രൂപയുടെ ബാദ്ധ്യതയുണ്ട്.ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർത്ഥി പി.പി ചിത്തരഞ്ജന് സ്വന്തമായി വരുമാനമില്ല. സ്വന്തം പേരിൽ വാഹനങ്ങളും ഓഹരിയും ബാങ്ക് നിക്ഷേപവും ഉൾപ്പെടെ 1,49,148 രൂപയുടെ വരുമാനമുണ്ട്. ഭാര്യ ജയശ്രീയുടെ പേരിൽ സ്വർണാഭരണങ്ങളുൾപ്പെടെ 9,03,699 രൂപയുടെ സമ്പാദ്യമുണ്ട്. മകൻ സി .അരുണിന്റെ പേരിൽ 7,00,559 രൂപയുടെ സമ്പാദ്യമാണുള്ളത്. ഭാര്യയുടെ പേരിൽ 80 ലക്ഷം രൂപ വിപണിമൂല്യമുള്ള ഭൂമിയുമുണ്ട്.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോൾ ജില്ലയിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ഇന്നലെ നാല് പത്രികകളാണ് ലഭിച്ചത്.

അനിൽഅക്കരയുടെ കൈവശം 4300 രൂപ

വടക്കാഞ്ചേരിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അനിൽ അക്കര നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ച സ്വത്തു വിവരമനുസരിച്ച് 4300 രൂപയാണ് പണമായി കൈവശമുള്ളത്. ഭാര്യ ജിനിയുടെ കൈവശം 7000 രൂപയുണ്ട്. പ്രീമിയം അടച്ചുകൊണ്ടിരിക്കുന്ന ലൈഫ് ഇൻഷ്വറൻസ് പോളിസിയാണ് പ്രധാന സമ്പാദ്യം. അനിലിന്റെ പേരിൽ രണ്ട് ലക്ഷത്തിന്റെയും ഭാര്യയുടെ പേരിൽ 8.5 ലക്ഷത്തിന്റെയും പോളിസികളുണ്ട്. പോസ്റ്റൽ സേവിങ് അക്കൗണ്ടിൽ 38,000 രൂപയുണ്ട്. മലയാളം ഓർഗാനിക് സൊസൈറ്റിയിൽ 50,000 രൂപയുടെയും അടാട്ട് ഫാർമേഴ്‌സ് ബാങ്കിൽ 16,500 രൂപയുടെയും ഓഹരിയുണ്ട്. പിന്തുടർച്ചയായി കിട്ടിയ 3.2 ഏക്കർ കൃഷി സ്ഥലവും 6 ഗ്രാം സ്വർണവും അനിലിനുണ്ട്. ഭാര്യയ്ക്ക് പിൻതുടർച്ചയായി ലഭിച്ച 128 ഗ്രാം സ്വർണവും പിൻതുടർച്ചയായി കിട്ടിയ 1473 ചതുശ്ര അടി വീടും ഉണ്ട്.

വി.ഡി.സതീശന് 1.39 കോടിയുടെ ആസ്തി

പറവൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി.സതീശന് 1.39 കോടി രൂപയുടെ ആസ്തി. ബാങ്ക് നിക്ഷേപങ്ങൾ, എൽ.ഐ.സി പോളിസി തുക, ഇന്നോവ കാറിന്റെ വില എന്നിവയ്ക്കായി 21.42 ലക്ഷം രൂപ, മരടിൽ കുടുംബസ്വത്ത് 68 ലക്ഷം, പറവൂരിലെ വീടിന് 50 ലക്ഷം ഉൾപ്പടെയാണീ തുക.കൂടാതെ ഭാര്യയുടെ പേരിൽ 4.75 കോടിയുടെ കുടുംബസ്വത്ത്, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ, സ്വർണം 54.37 ലക്ഷം, മകളുടെ പഠനനിക്ഷേപമായി 33,400 രൂപ എന്നിവയുമുണ്ട്.

പത്മജയുടെ കൈവശം 85,000 രൂപ: ബാങ്കിൽ 1.58 ലക്ഷം

തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ കൈവശം പണമായി ഉള്ളത് 85,000 രൂപ. ഭർത്താവ് ഡോ. വേണുഗോപാലിന്റെ കൈവശം 4 ലക്ഷം രൂപയുമുണ്ടെന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ബാങ്ക് അക്കൗണ്ടിൽ 1.58 ലക്ഷം രൂപയാണ് പത്മജയ്ക്കുള്ളത്. ഭർത്താവിന് മ്യൂച്വൽ ഫണ്ടുകളിലും മറ്റു നിക്ഷേപങ്ങളിലുമായി 3 കോടിയോളം രൂപയുടെ സ്വത്തുണ്ട്. 200 ഗ്രാം സ്വർണം പത്മജയുടെയും 70 ഗ്രാം സ്വർണം ഭർത്താവിന്റെയും ആസ്തിയായി രേഖപ്പെടുത്തി. ഭർത്താവിന്റെ പേരിൽ ഒന്നരയേക്കർ സ്ഥലമുണ്ട്. പത്മജയ്ക്ക് പരമ്പരാഗത സ്വത്തായി പൂങ്കുന്നത്ത് വീടും സ്ഥലവുമുണ്ട്. 1600 ചതുരശ്രയടി ഫ്ളാറ്റും കുടുംബസ്വത്തായി ഉണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

മന്ത്രി കെ.ടി. ജലീന്റെ ആസ്തി 90.11 ലക്ഷം

തവനൂരിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച മന്ത്രി കെ.ടി. ജലീന്റെയും കുടുംബത്തിന്റെയും ആസ്തി 90.11 ലക്ഷം രൂപ. ജലീലിന്റെ െകെവശം 5,000 രൂപയാണുള്ളത്. 1,50,026 രൂപ സബ്ട്രഷറിയിലും 84,588 രൂപ എസ്.ബി.ഐ വളാഞ്ചേരി ശാഖയിലും നിക്ഷേപമായുണ്ട്. 5,05,000 രൂപയുടെ ഇൻഷുറൻസ് പോളിസിയുണ്ട്. ജലീലിന്റെ ജംഗമ ആസ്തി 7,96761 രൂപയാണ്. ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസി എന്നിവയുടെ ആകെ മൂല്യമാണിത്. 95,000 രൂപയുടെ ബാദ്ധ്യതയുണ്ട്. ഭൂമി, വീട് എന്നീ സ്ഥാവര ആസ്തികളുടെ മൂല്യം 50 ലക്ഷം രൂപയാണ്. ആകെ 57,96761 രൂപയുടെ സ്വത്തുണ്ട്.

വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യയുടെ ജംഗമ ആസ്തി 32,14,694 രൂപയാണ്. സബ് ട്രഷറിയിൽ 17,89,390 രൂപയുണ്ട്. ബാങ്ക് നിക്ഷേപമായി 8,65,304 രൂപയും. 5.5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസിയുമുണ്ട്.

എം.എസ്. വിശ്വനാഥന്റെ പേരിൽ എട്ട് വാഹനം; ആസ്തി 1.9 കോടി

ബത്തേരി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.എസ്. വിശ്വനാഥന് 1.90 കോടി രൂപയുടെ ആസ്തി. ബാങ്കിൽ നിക്ഷേപമായുള്ളത് 12,38,357.79 രൂപ. ഭാര്യ ഗീതയുടെ ബാങ്ക് അക്കൗണ്ടിൽ 400 രൂപയും. വിശ്വനാഥനു മൂന്ന് പവൻ സ്വർണവും ഭാര്യ ഗീതക്ക് 10 പവൻ സ്വർണവുമുണ്ട്. ബാങ്ക് അക്കൗണ്ടല്ലാതെ മറ്റു നിക്ഷേപങ്ങളിലായി വിശ്വനാഥനുള്ളത് 2,88,000 രൂപ. വിശ്വനാഥന്റെ പേരിലുള്ള എട്ടു വാഹനങ്ങളുടെ മൂല്യം 55,76,030 ലക്ഷം രൂപ.

സ്വന്തമായി പാചക വാതക വിതരണ ഏജൻസിയുമുണ്ട്. 2019-20 വർഷത്തെ ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുള്ള വരുമാനം 10,32,749 രൂപ. വായ്പാ ഇനത്തിൽ 58,16,945 രൂപ ബാധ്യത. ഓവർഡ്യൂ, വാഹന വായ്പ, ചിട്ടി തിരിച്ചടവ് എന്നീ ഇനങ്ങളിലാണ് വായ്പ. വാണീജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് 60 ലക്ഷം രൂപ മതിപ്പ് മൂല്യം. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി., ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി.

നീലന് 20 ലക്ഷത്തിന്റെ നിക്ഷേപം 17.30 സെന്റ് ഭൂമി

കോവളം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. നീലലോഹിതദാസൻ നാടാർക്ക് വിവിധ ബാങ്കുകളിലായി 20.5 ലക്ഷം രൂപയുടെ നിക്ഷേപം. എസ്.ബി.ഐ പൂജപ്പുര ശാഖയിൽ 15 ലക്ഷം രൂപയുടെ നിക്ഷേപവും മറ്റ് ബാങ്ക് അക്കൗണ്ടുകളിലെ പണവും 24,000 രൂപ വില മതിക്കുന്ന ആറുഗ്രാം സ്വർണമോതിരവും ചേർത്താണിത്. കൈവശമുള്ളത് 20,000 രൂപ. കാമരാജ് ഫൗണ്ടേഷന്റെ പേരിലും മറ്റുമായി 25.7 ലക്ഷം രൂപ മതിപ്പു വിലയുള്ള 17.30 സെന്റ് ഭൂമിയും അതിൽ കെട്ടിടങ്ങളുമുണ്ട്. മകളുമായി ചേർന്ന് എടുത്ത 11.84 ലക്ഷം രൂപയുടെ ഭവനവായ്പയാണു ബാധ്യത.

മുൻ എംഎ‍ൽഎയും ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ജമീലയുടെ പേരിൽ 1.13 കോടി രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലായുണ്ട്. ഓഹരികൾ, 125 പവൻ സ്വർണം, കാർ എന്നിവ ഉൾപ്പെടെയാണിത്. ഭാര്യയുടെ പേരിൽ പാരമ്പര്യമായി ലഭിച്ച 77 സെന്റ് ഭൂമി കൊല്ലം പാരിപ്പള്ളിയിലുണ്ട്. ഇതു കൂടാതെ കെട്ടിടങ്ങളും മറ്റുമായി 57 ലക്ഷം രൂപയുടെ വസ്തുവകകൾ വേറെയുണ്ട്. വീട് അറ്റകുറ്റപ്പണിക്കെടുത്ത വായ്പകളിലായി ആകെ 8.39 ലക്ഷം രൂപയാണു ജമീലയുടെ ബാധ്യത. പ്രതിവർഷം നീലന് 4.94 ലക്ഷം രൂപയും ഭാര്യയ്ക്ക് 8.99 ലക്ഷം രൂപയുമാണു വരുമാനമെന്നും സത്യവാങ്മൂലം പറയുന്നു.

വി.കെ.പ്രശാന്തിന് 25.65 ലക്ഷം രൂപയുടെ നിക്ഷേപം

വട്ടിയൂർക്കാവ് മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന് ആകെ 25.65 ലക്ഷം രൂപയുടെ നിക്ഷേപം. ഇതിൽ 11.78 ലക്ഷം രൂപയുടേതു ബാങ്ക് നിക്ഷേപമാണ്. 1.72 ലക്ഷം രൂപയുടെ നിക്ഷേപം പിതാവുമായി ചേർന്നുള്ളതാണ്. 11 ലക്ഷം രൂപ വിലയുള്ള കാർ, ഒരു പവൻ എന്നിവയ്ക്കു പുറമേ 15,000 രൂപ പണമായി െകെയിലുണ്ട്. ഭാര്യയുടെ പേരിൽ കൈവശമുള്ള 10,000 രൂപയും ഉൾപ്പെടെ ആകെ 4.84 ലക്ഷം രൂപയാണുള്ളത്. രണ്ട് മക്കളുടെ പേരിലായി 6.79 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. സ്വന്തം പേരിൽ 3.20 ഏക്കർ ഭൂമിയും 850 ചതുരശ്ര അടിയുള്ള വീടുമുണ്ട്. എല്ലാം കൂടി ഏകദേശം 50 ലക്ഷം രൂപ വിലമതിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP