Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെ

ഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെ

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: ബിജെപിയിലെ ക്രൗഡ് പുള്ളരാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതുവരെ മത്സരിച്ച മണ്ഡലങ്ങളിൽ എല്ലാം വോട്ടുയർത്തിയ ശീലമാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇക്കുറി അദ്ദേഹത്തെ രണ്ട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്. കഴിഞ്ഞതവണ മഞ്ചേശ്വരത്ത് കള്ളവോട്ടു കൊണ്ട് മാത്രമാണ് സുരേന്ദ്രൻ പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായത്. അതുകൊണ്ട് തന്നെ ഒന്നാം മണ്ഡലമായി മഞ്ചേശ്വരത്ത് അദ്ദേഹം മത്സരിക്കുമ്പോൾ രണ്ടാം മണ്ഡലമായാണ് കോന്നിയെ തിരഞ്ഞെടുക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രൻ കോന്നിയിൽ എത്തിയതെങ്കിലും ഇക്കുറി അവിടെയും മത്സരിക്കാൻ തീരുമാനിച്ചത് കൃത്യമായ കണക്കുകൂട്ടലോടെയാണ്.

തദ്ദേശ തിരഞ്ഞെടുപ്പിലും അത്ര വലിയ മുന്നേറ്റമൊന്നും കോന്നി മണ്ഡലത്തിൽ നേടാൻ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. കോന്നിയിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പമാണ് അവിടെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് സുരേന്ദ്രൻ പറയുന്നത്. മണ്ഡലത്തിൽ ബിജെപിക്ക് ജനപിന്തുണ വർധിച്ചതായും സുരേന്ദ്രൻ പറയുന്നു. എന്നാൽ, മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങളും കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങളുമാണ് ബിജെപിയുടെ പ്രതീക്ഷക്ക് ആധാരം.

ഉപതിരഞ്ഞെടുപ്പ് മുതൽ കോന്നിയിലെ കോൺഗ്രസ് പാർട്ടിയിൽ നിലനിൽക്കുന്ന ഭിന്നത വോട്ടാക്കി മാറ്റാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മണ്ഡലം നിലനിർത്താൻ കോന്നി മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനവും ഭരണ നേട്ടങ്ങളുമാണ് എൽ.ഡി.എഫിന്റെ തുറുപ്പ് ചീട്ട്. കോൺഗ്രസിലെ പടലപിണക്കം മൂലം സാമുദായിക സമവാക്യങ്ങളിൽ ഉണ്ടാകുന്ന മാറ്റം അനുകൂലമാകുമെന്നും കോന്നിയിലെ ബിജെപി നേതാക്കൾ പറയുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും 22 വർഷം ഡിസിസി പ്രസിഡന്റുമായിരുന്ന പി.മോഹൻരാജ് കഴിഞ്ഞ ദിവസം കോൺഗ്രസ് വിടുകയും ചെയ്തിരുന്നു. ഇതെല്ലാം മണ്ഡലത്തിലെ ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് ലഭിക്കുന്ന സൂചന,.

ഉപതിരഞ്ഞെടുപ്പിൽ കാലുവാരി തന്നെ തോൽപ്പിച്ച റോബിൻ പീറ്ററെ ഇത്തവണ കോന്നിയിൽ സ്ഥാനാർത്ഥിയാക്കിയതിൽ കൂടി പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019ൽ വിജയ പ്രതീക്ഷയുണ്ടായിരുന്ന മഞ്ചേശ്വരം വിട്ട് എൻഡിഎ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ കോന്നിയിലേക്കു വണ്ടി കയറിയിട്ടും മൂന്നാമതു മാത്രമാണ് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. ഇക്കുറി മഞ്ചേശ്വരം വിടാതെയാണ് സുരേന്ദ്രൻ കോന്നി ലക്ഷ്യമിട്ട് എത്തിയിരിക്കുന്നത്. 2016ൽ കോന്നി മണ്ഡലത്തിൽ 16,713 വോട്ടു മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അത് 46,506 ആക്കാനായി; 29,793 വോട്ടിന്റെ വർധന. പക്ഷെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സുരേന്ദ്രന് ആ മുൻതൂക്കം നിലനിർത്താൻ കഴിഞ്ഞില്ല. 39,786 വോട്ടു മാത്രമാണ് ബിജെപിക്കു ലഭിച്ചത്.

23 വർഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന കോന്നി 2019 ലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സിപിഎം തിരിച്ചുപിടിച്ചത്. ഉപതിരഞ്ഞെടുപ്പിൽ കെ.യു.ജനീഷ് 9953 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മിന്നും ജയം നേടിയത്. ഇക്കുറിയും ജനീഷ് തന്നെയാണ് മണ്ഡലം നിലനിർത്താനുള്ള പോരിനിറങ്ങുന്നത്. ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശിന്റെ നോമിനി ആയിരുന്ന റോബിൻ പീറ്ററിനെ ഒഴിവാക്കി പി.മോഹൻരാജ് മത്സരിച്ചതാണ് യുഡിഎഫിനു തിരിച്ചടിയായതെന്നായിരുന്നു റിപ്പോർട്ട്. ജനീഷ് 54,099 വോട്ട് നേടിയപ്പോൾ മോഹൻരാജിന് ലഭിച്ചത് 44,146 വോട്ടാണ്. സുരേന്ദ്രൻ 39,786 വോട്ടുമായാണ് മൂന്നാമതെത്തിയത്. എന്നാൽ ഇത്തവണ റോബിൻ പീറ്ററിനെ തന്നെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ഇതിൽ കോൺഗ്രസിനുള്ളിൽ അമർഷം ശക്തമാണ് താനും.

വോട്ട് കണക്കുകളിൽ കണ്ണുവച്ചു തന്നെയാണ് ഇത്തവണ മുന്നണികൾ വീണ്ടും ത്രികോണ മത്സരം ശക്തമാക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് നേടിയത് 72,800 വോട്ട്. എന്നാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ യുഡിഎഫ് വോട്ട് 49,667 ആയി കുറഞ്ഞു 23,133 വോട്ടിന്റെ കുറവ്. 2016ൽ 52,052 വോട്ട് പിടിച്ച എൽഡിഎഫിനു ലോക്സഭയിലേക്കു ലഭിച്ചത് 46,946 വോട്ട്; 5106 വോട്ടിന്റെ കുറവ്. ഉപതിരഞ്ഞെടുപ്പിൽ ജനീഷിന് 54,099 വോട്ട് നേടാൻ കഴിഞ്ഞു.

1965 ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്.

സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിച്ചെടുക്കാൻ 1996ൽ ആണ് അടൂർ പ്രകാശിനെ കോൺഗ്രസ് ആദ്യമായി കോന്നിയിൽ പരീക്ഷിച്ചത്. സിറ്റിങ് എംഎൽഎ എ.പത്മകുമാറിനെ 806 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് അടൂർ പ്രകാശ് അന്ന് നിയമസഭയിൽ എത്തിയത്. അതിനു ശേഷം നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു.

ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം പിന്നീടുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം അടൂർ പ്രകാശ് തിരുത്തി. 2001ൽ ആറന്മുള എംഎൽഎയും കവിയുമായ കടമ്മനിട്ട രാമകൃഷ്ണനെ ഇറക്കി മണ്ഡലം തിരിച്ചു പിടിക്കാൻ സിപിഎം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 14,050 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടമ്മനിട്ടയെ തോൽപ്പിച്ചത്. 2006ൽ സിപിഎമ്മിലെ വി.ആർ.ശിവരാജനെ 14,895 വോട്ടിന്റെയും 2011ൽ എം.എസ്.രാജേന്ദ്രനെ (സിപിഎം) 7774 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി പ്രകാശ് ഹാട്രിക് വിജയം നേടി.

2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ആർ.സനൽകുമാറിനെ 20,748 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് നാലാം വിജയം നേടിയത്. 2016 ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ അദ്ദേഹം നേടിയ ഭൂരിപക്ഷം 20,748. 2019 ൽ അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോന്നിക്ക് പുതിയ നായകനെ തേടേണ്ടി വന്നതും നിറം മാറിയതും.

ഉപതിരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് നിർദേശിച്ചതനുസരിച്ച് റോബിൻ പീറ്ററെ ഇറക്കിയിരുന്നെങ്കിൽ മണ്ഡലം കൈവിട്ടു പോകുമായിരുന്നില്ല എന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. പുതുമുഖമായിരുന്ന കെ.യു.ജനീഷ് എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചതോടെ ഇത്തവണ ത്രികോണ മത്സരം കൂടുതൽ കടുക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എൻ.ഡി.എ വിജയസാദ്ധ്യത കണക്കാക്കുന്ന എ ക്‌ളാസ് മണ്ഡലമാണ് കോന്നി. വോട്ട് കണക്കുകളിൽ കണ്ണുവച്ചു തന്നെയാണ് ഇത്തവണ മുന്നണികൾ വീണ്ടും ത്രികോണ മത്സരം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലുമായി പറന്നെത്താൻ സുരേന്ദ്രൻ ഹെലികോപ്ടർ ബിജെപി കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാകും സുരേന്ദ്രൻ കോന്നിയും മഞ്ചേശ്വരത്തും പറന്നെത്തുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP