Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

25 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്: കടത്തുകാർക്കും മൊത്ത വിതരണക്കാർക്കും 10 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; അമ്മാനം സതിയും ബിസ്‌കറ്റ് ബിജുവും അഴിക്കുള്ളിലേക്ക്

25 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്: കടത്തുകാർക്കും മൊത്ത വിതരണക്കാർക്കും 10 വർഷം  കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; അമ്മാനം സതിയും ബിസ്‌കറ്റ് ബിജുവും അഴിക്കുള്ളിലേക്ക്

അഡ്വ.പി.നാഗ് രാജ്


തിരുവനന്തപുരം: 20 കിലോഗ്രാം കഞ്ചാവ് കടത്തുകയും 5 കിലോഗ്രാം കൈവശം വെയ്ക്കുകയും ചെയ്ത കേസിൽ കടത്തുകാർക്കും മൊത്ത വിതരണക്കാർക്കും 10 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ അധിക തടവനുഭവിക്കാനും അഡീ. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥൻ ഉത്തരവിട്ടു. യുവതലമുറയെ ഇരകളാക്കിക്കൊണ്ട് മാരക മയക്കുമരുന്നിനടിമകളാക്കി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് ദരിദ്രരാക്കുന്ന ഡ്രഗ്‌സ് ലോബിയുടെ കൃത്യങ്ങൾ സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്. ലാഭേച്ഛയോടെ വാണിജ്യ അളവിൽ മാരകമായ ഡ്രഗ്‌സ് കൈവശം വച്ച് വിൽപ്പന നടത്തി വരും തലമുറയെ നശിപ്പിച്ച് സമൂഹത്തിലെ യുവരക്തങ്ങളിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുന്ന പ്രതികൾ ദയ അർഹിക്കുന്നില്ല. ഡ്രഗ്‌സ് ലോബിയെ വേരോടെ പിഴുതെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാൽ തന്നെ പ്രതികൾക്ക് നൽകുന്ന ശിക്ഷ സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുള്ള ഇരുമ്പു ദണ്ഡാലുള്ള സന്ദേശമാണെന്നും 67 പേജുള്ള വിധിന്യായത്തിൽ ജഡ്ജി എൻ. ശേഷാദ്രിനാഥൻ വ്യക്തമാക്കി.

ലഹരിക്കടത്തുകാരായ ചാല അട്ടക്കുളങ്ങര കരിമഠം കോളനി നിവാസി ഷാഹുൽ ഹമീദ് മകൻ ഗഫൂർ , കൊല്ലയിൽ വില്ലേജിൽ അമരവിള മേലേ മഞ്ചംകുഴി വീട്ടിൽ അമ്മാനം സതിയെന്ന സതികുമാർ , മൊത്ത വിതരണക്കാരായ കാരോട് വില്ലേജിൽ കാന്തല്ലൂർ മുണ്ടക്ക വിള വീട്ടിൽ ബിസ്‌കറ്റ് ബിജുവെന്ന ബിജു , തൈക്കാട് വില്ലേജിൽ ചെങ്കൽ ചൂള രാജാജി നഗർ ഫ്‌ളാറ്റിൽ എശക്കി മുത്തുവെന്ന കണ്ണൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കാനായി വിധിപ്പകർപ്പ് സഹിതം പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.

2018 സെപ്റ്റംബർ 13 ന് ഉച്ച തിരിഞ്ഞ് 2.15 മണിക്കാണ് സംഭവം നടന്നത്. ഗഫൂറിന്റെ ബ്രാന്റ് ന്യൂ യമഹ ആർ.എഫ് മോട്ടോർ ബൈക്കിൽ അമ്മാനം പതിയെ പുറകിലിരുത്തി 20 കിലോ കഞ്ചാവ് കടത്തവേ നെയ്യാറ്റിൻകര ദേശീയ പാതയിൽ വച്ച് എക്‌സൈസ് പിടിയിലാവുകയായിരുന്നു. പെട്രോൾ ടാങ്കിന് മുകളിൽ 2.500 കിലോഗ്രാം വീതമുള്ള പൊതികളിലായി 4 പായ്ക്കറ്റ് കഞ്ചാവും സതിയുടെ ഷോൾഡർ ബാഗിനുള്ളിൽ അതേ അളവിൽ 4 പായ്ക്കറ്റ് കഞ്ചാവുമായി തൊണ്ടി സഹിതമാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. ഷിബുവും എക്‌സൈസ് പാർട്ടിയും ചേർന്നാണ് കൃത്യം കണ്ടു പിടിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതികൾ നയിച്ചാനയിച്ച വഴിയെ പ്രതികളുമൊത്ത് എക്‌സൈസ് സംഘം സഞ്ചരിച്ച് മൊത്ത വിതരണക്കാരായ മൂന്നും നാലും പ്രതികളിലേക്കെത്തി. ബിസ്‌ക്കറ്റ് ബിജുവിന്റെ വീട്ടിൽ തൽസമയം ബിജുവും എശക്കി മുത്തുവും ഉണ്ടായിരുന്നു. അവരുടെ കൈവശം കാണപ്പെട്ട ബാഗുകൾ തുറന്ന് നടത്തിയ പരിശോധനയിൽ 2. 500 കിലോഗ്രാം വീതമുള്ള 2 പായ്ക്കറ്റ് കഞ്ചാവും കണ്ടെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകൾ ' കാനബിസ് സറ്റൈവ ' എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഉണക്കിയ കഞ്ചാവാണെന്ന അസി. കെമിക്കൽ എക്‌സാമിനറുടെ കെമിക്കൽ റിപ്പോർട്ട് കേസിൽ നിർണ്ണായകമായി. പുതുമ മാറാത്ത യമഹ ബൈക്ക് ഗഫൂറിന്റെ ഉടമസ്ഥതയിലാണെന്ന മോട്ടോർ വാഹന ഗതാഗത വകുപ്പിന്റെ ടെമ്പററി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് , റെയ്ഡ് ചെയ്ത് 5 കിലോ കഞ്ചാവ് പിടിച്ചെടുത്ത ബിസ്‌ക്കറ്റ് ബിജുവിന്റെ വീട് അയാളുടെ മാതാവിന്റെ പേരിലാണെന്ന പഞ്ചായത്ത് സെക്രട്ടറി ഹാജരാക്കിയ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് , റേഷൻ കാർഡ് പ്രകാരം ബിജുവും മാതാവും ഒരുമിച്ച് ഒരേ വീട്ടിൽ താമസിച്ചു വരുന്നതായ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ ഹാജരാക്കിയ സാക്ഷ്യപത്രം എന്നിവ കോടതി പ്രോസിക്യൂഷൻ ഭാഗം തെളിവായി അക്കമിട്ട് കോടതി രേഖകളാക്കി.

എക്‌സൈസ് ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരം സംക്ഷിപ്ത രൂപത്തിൽ പേപ്പറിൽ രേഖപ്പെടുത്തിയ ശേഷം കുറിപ്പ് തയ്യാറാക്കി തൊട്ടടുത്ത മേലുദ്യോഗസ്ഥനായ അസി. എക്‌സൈസ് കമ്മീഷണർക്ക് നോട്ടായി നൽകിയതിനാൽ എൻ. ഡി. പി. എസ് നിയമത്തിലെ വകുപ്പ് 42 നടപടിക്രമം എക്‌സൈസ് പാലിച്ചതായി കോടതി ചൂണ്ടിക്കാട്ടി. തൊണ്ടി മുതലുകൾ പ്രതികളുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ നിന്നല്ലാതെ ബാഗുകളിൽ നിന്ന് കണ്ടെടുത്തതിനാൽ വകുപ്പ് 50 (6) പ്രകാരം പരിശോധനയ്ക്ക് ഗസറ്റഡ് ഉദ്യോഗസ്ഥന്റെയോ മജിസ്‌ട്രേട്ടിന്റെയോ സാന്നിധ്യം ആവശ്യമില്ല. തൊണ്ടിമുതലുകളുടെ ഫോട്ടോ ഗ്രാഫിങ് , കൃത്യ സ്ഥലത്തു നിന്നും കോടതി മുഖേനയുമുള്ള സാമ്പിൾ ശേഖരണം എന്നിവയടക്കമുള്ള എല്ലാ നടപടിക്രമങ്ങളും എക്‌സൈസ് കൃത്യമായി പാലിച്ചു. കൃത്യം കണ്ടതായും മഹസർ തയ്യാറാക്കുന്നത് കണ്ടടതായും ആദ്യം മൊഴി നൽകിയ സ്വതന്ത്ര സാക്ഷികൾ വിചാരണയിൽ മൊഴി തിരുത്തി കൂറുമാറിയതു കൊണ്ടു മാത്രം മറ്റു തെളിവുകൾ ഉള്ള ഗൗരവമേറിയ കൃത്യം ചെയ്ത പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് അന്വേഷണം നടത്തി 2019 ൽ കുറ്റപത്രം കോടതിയിൽ ഹാജരാക്കുകയായിരുന്നു. അപ്പീൽ കാലാവധിക്ക് ശേഷം തൊണ്ടിമുതലായ 25 കിലോ കഞ്ചാവ് നശിപ്പിച്ച് കളയുന്നതിനായി ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP