Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബോംബുകൾ വർഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കി; രാസായുധങ്ങൾ പ്രയോഗിച്ചും പട്ടിണിക്കിട്ടും നാട്ടുകാരെ നരകിപ്പിക്കുമ്പോൾ ആഡംബര ആഭരണങ്ങൾ വാങ്ങിക്കൂട്ടി; 'മരുഭൂമിയിലെ പനിനീർപുഷ്പം' ഇപ്പോൾ സിറിയയിലെ നരകത്തിന്റെ പ്രഥമവനിത; അസ്മ ബാഷർ അൽ അസദിന്റെ കഥ

ബോംബുകൾ വർഷിച്ച് ലക്ഷങ്ങളെ കൊന്നൊടുക്കി; രാസായുധങ്ങൾ പ്രയോഗിച്ചും പട്ടിണിക്കിട്ടും നാട്ടുകാരെ നരകിപ്പിക്കുമ്പോൾ ആഡംബര ആഭരണങ്ങൾ വാങ്ങിക്കൂട്ടി; 'മരുഭൂമിയിലെ പനിനീർപുഷ്പം' ഇപ്പോൾ സിറിയയിലെ നരകത്തിന്റെ പ്രഥമവനിത; അസ്മ ബാഷർ അൽ അസദിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

 ഡമാസ്‌കസ്: സിറിയയിലെ ആഭ്യന്തര യുദ്ധം തുടങ്ങിയിട്ട് ഈ മാസം 10 വർഷം തികയുന്നു. ഏകദേശം അഞ്ചുലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. 65 ലക്ഷത്തോളം പേർ കുടിയൊഴിക്കപ്പെട്ടു. എന്നാൽ, തങ്ങൾക്ക് ഇതിലൊന്നും പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് സിറിയൻ സർക്കാർ. യുദ്ധകുറ്റങ്ങളൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുകയാണെന്നും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് അവകാശപ്പെടുന്നു. എന്നാൽ, കാര്യങ്ങൾ അങ്ങനയല്ല. ബാഷർ അൽ അസദിന്റെ ഭാര്യയും സിറിയൻ പ്രഥമ വനിതയുമായ അസ്മ അൽ അസദിനു നേരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് മെട്രോപൊളിറ്റൻ പൊലീസ്. രാജ്യത്തെ ജനങ്ങൾക്ക് നേരെ സർക്കാർ നടത്തിയ ആക്രമണങ്ങളെ അസ്മ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന ആരോപണത്തിനു പിന്നാലെയാണ് നടപടി. 45 കാരിയായ അസ്മയ്ക്ക് സിറിയയിൽ കുടുംബ വേരുകളുണ്ടെങ്കിലും ബ്രിട്ടനിലാണ് ജനിച്ചതും വളർന്നതും. 2000 ൽ ബാഷർ അൽ അസദിനെ വിവാഹം കഴിച്ചാണ് അസ്മ സിറിയയിലെത്തുന്നത്.

അസ്മ തീവ്രവാദിയോ?

ബ്രിട്ടീഷ് മെട്രോപോളിറ്റൻ പൊലീസ് തുടങ്ങിവച്ചിരിക്കുന്നത് പ്രാഥമികാന്വേഷണമാണ്. തീവ്രവാദ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. സിറിയൻ സർക്കാർ സേന നടത്തിയ യുദ്ധകുറ്റങ്ങൾക്ക് പ്രേരണയും ഒത്താശയും പ്രോത്സാഹനവും അസ്മ നൽകിയെന്നാണ് ആരോപണം. തെളിഞ്ഞാൽ അസ്മയ്ക്ക് ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടും.

45 കാരിയായ അസ്മ ജനിച്ചതും വളർന്നതും പഠിച്ചതും ലണ്ടനിലാണ്. സിറിയയിലെ പ്രഥമ വനിതയാകുന്നത് 2000 ത്തിലാണ്. നാട്ടുകാർക്ക് മേൽ രാസായുധപ്രയോഗം നടത്തുന്നതിലടക്കം അസ്മ കൂട്ടുനിൽക്കുകയോ ഒത്താശ ചെയ്യുകയോ ഉണ്ടായിട്ടുണ്ട്. പൊതുരംഗത്ത്് നടത്തിയ പല പ്രസംഗങ്ങളും ഇതിന് തെളിവായി നിൽക്കുന്നു. പൗരന്മാർക്ക് നേരേ അവർ സംരക്ഷിക്കേണ്ടവർ തന്നെ ആക്രമണം അഴിച്ചുവിടുക. പട്ടിണി ഒരായുധമായി പ്രയോഗിക്കുക. ബലാൽസംഗം അടക്കം ലൈംഗികാതിക്രമങ്ങൾ, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ, ഇതിനെല്ലാം അസ്മയും സമാധാനം പറയേണ്ടി വരും. പൗരന്മാർക്ക് നേരേ തുടർച്ചയായി രാസായുധപ്രയോഗം നടത്തിയെന്ന് രണ്ട് യുഎൻ കമ്മീഷനുകളാണ് കണ്ടെത്തിയത്.

മരുഭൂമിയിലെ പനിനീർ പൂവ് എങ്ങനെ തീവ്രവാദിയായി?

വെസ്റ്റ് ലണ്ടിനാണ് അസ്മ ജനിച്ചതും വളർന്നതും. 1990 കളുടെ അവസാനം ജെപി മോർഗനിൽ ഇൻവസ്റ്റ്‌മെന്റ് ബാങ്കറായി ജോലി ചെയ്തിട്ടുണ്ട്. കിങ്‌സ് കോളേജിൽ പ്രഞ്ച് സാഹിത്യവും കംപ്യൂട്ടർ സയൻസും പഠിച്ചു. അച്ഛൻ കാർഡിയോളജിസ്‌ററായിരുന്നു. ന്യൂയോർക്കിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറായിരിക്കവെയാണ് അസ്മ, ബാഷർ അൽ അസദിനെ പരിചയപ്പെടുന്നത്. ആ സമയത്ത് ബാഷർ മെഡിക്കൽ ഡോക്ടർ പരിശീലനം നടത്തി വരികയായിരുന്നു. 2000 ലാണ് ഇരുവരും തമ്മിൽ രഹസ്യചടങ്ങിൽ വിവാഹിതരായത്. അന്ന് 25 വയസ്സായിരുന്നു അസ്മയ്ക്ക്.

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ബാഷറിന്റെ പിതാവും സിറിയൻ ഭരണാധികാരിയുമായിരുന്ന ഹഫീസ് അൽ അസദ് മരണമടയുകയും ബാഷർ സിറിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിതാവിന്റെ ഏകാധിപത്യത്തിൽ നിന്നും വ്യത്യസ്തമായി പാശ്ചാത്യ വിദ്യാഭ്യാസം നേടിയ അസദും അദ്ദേഹത്തിന്റെ ബ്രിട്ടീഷ് ഭാര്യയും സിറിയയിൽ മാറ്റങ്ങളുടെ സൂചനകൾ നൽകി.

മരുഭൂമിയിലെ പനിനീർ പൂവ് എന്നായിരുന്നു അന്താരാഷ്ട്ര മാഗനിസിനായ വോഗ് അസ്മയെ ഒരുവേള വിശേഷിപ്പിച്ചത്. എന്നാൽ ഇതിനു ശേഷം കുറച്ചു കാലത്തിനുള്ളിൽ തന്നെ കാര്യങ്ങൾ മാറി മറിഞ്ഞു. 2011 ഓടു കൂടി സിറിയയിൽ വിമത പ്രക്ഷോഭം രൂക്ഷമാവാൻ തുടങ്ങി. യുദ്ധം കടുത്തപ്പോൾ മക്കളുടെയൊപ്പം രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ അവസരങ്ങൾ ലഭിച്ചിട്ടും, അസ്മ ഇത് ഒഴിവാക്കുകയും സർക്കാർ നീക്കങ്ങളെ ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു. പതിറ്റാണ്ടുകളുടെ അടിച്ചമർത്തൽ ഭരണം മാറി സിറിയ ആധുനികമാകുന്നുവെന്ന സൂചനകൾ വന്ന കാലത്ത് ഭരണകൂടത്തിന്റെ ഗ്ലാമർ മുഖമായിരുന്നു അസ്മ. എന്നാൽ, 2011 ൽ സിറിയൻ പട്ടാളം പ്രക്ഷോഭകാരികളെ കൊന്നൊടുക്കാൻ തുടങ്ങിയപ്പോൾ 'മരുഭൂമിയിലെ പനിനീർ പുഷ്പം' തെല്ലും കരുണയില്ലാതെ ആ കൂട്ടക്കൊലകളെ ന്യായീകരിച്ചു.

വിമതർക്കെതിരെ അസദ് നടത്തിയ സൈനികാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെട്ടു. രാജ്യത്തെ ജനവാസ മേഖലകളിൽ ബോംബുകൾ പതിക്കുകയും ജനങ്ങൾ പലായനം ചെയ്യപ്പെടുന്നതിനുമിടയിൽ അസ്മയുടെ ആഡംബര ജീവിതത്തിന്റെ വിവരങ്ങൾ അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ പുറത്തു വിട്ടു. രഹസ്യമായി ചോർത്തപ്പെട്ട ഇമെയിലുകളിൽ നിന്നായിരുന്നു ഈ വിവരം ചോർന്നത്.എന്നാൽ ഭർത്താവ് നടത്തുന്ന ക്രൂരതകളെപറ്റി അസ്മയ്ക്ക് അറിയുന്നില്ലെന്ന വാദവും അന്നുണ്ടായിരുന്നു. എന്നാൽ ഈ ഇ-മെയിലുകൾ ചോർന്നതോടെ ആ വാദം ഇല്ലാതായി. ഇമെയിലുകളിൽ ഒന്നിൽ അസ്മ ബാഷറിനെ പിന്തുണച്ചു കൊണ്ടുള്ള സന്ദേശമാണ് ഇതിന് തെളിവായി പുറത്തു വന്നത്.

ബാഷർ അൽ അസദിന്റെ ഭാര്യ എന്നതിനപ്പുറം അസദിന്റെ അമ്മയുടെ മരണ ശേഷം സിറിയൻ രാഷ്ട്രീയത്തിലെ പ്രമുഖ മുഖമായി അസ്മ മാറി2018 ൽ സ്തനാർബുദം ബാധിച്ച അസ്മ രോഗവിമുക്തി നേടിയിരുന്നു. യുദ്ധ സംഘർഷങ്ങൾക്ക് ശേഷം അസ്മയെ മുഖ്യധാരയിൽ വലിയ രീതിയിൽ കാണാറില്ല. യുദ്ധക്കെടുതി നടന്നിടത്തുനിന്നുള്ള അസ്മയുടെ ചിത്രങ്ങൾ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കാറുണ്ട്. 14, 12, 11 വയസ്സുകളിലുള്ള മൂന്ന് കുട്ടികളാണ് അസ്മയ്ക്കും അസദിനുമുള്ളത്. അടുത്തിടെ അസദിനും അസ്മയും കൊവിഡും സ്ഥിരീകരിച്ചിരുന്നു.

സംസാരിക്കുന്ന തെളിവുകൾ

കൊല്ലപ്പെട്ട സിറിയൻ പട്ടാളക്കാരുടെ അമ്മമാരെ പ്രകീർത്തിച്ച് അസ്മ അസദ് സംസാരിക്കുന്നതിന്റെയും വനിതാ സൈനികരെ അഭിസംബോധന ചെയ്യുന്നതിന്റെയും ഫുട്ടേജുകൾ. രാജ്യത്തെ പ്രതിരോധിക്കുന്ന സൈനികരെ വാഴ്‌ത്തുന്നതും ഭർത്താവിനെ പിന്തുണച്ച് സംസാരിക്കുന്നതുമായ അഭിമുഖങ്ങൾ. ഇൻർനാഷണൽ ജസ്റ്റിസ് ചേംബേഴ്‌സ് ശേഖരിച്ച തെളിവുകൾ പൂർണമായി പുറത്തുവരുമ്പോൾ കൂടുതൽ ഞെട്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

നിലവിൽ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയുമുൾപ്പെടെ വിവിധ സാമ്പത്തിക വിലക്കുകൾ അസ്മയ്ക്ക് മേലുണ്ട്. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ അസ്മയുടെ ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെടുകയും അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും സാധ്യതയുണ്ട്.

സഹപ്രവർത്തകന്റെ ഓർമകളിൽ അസ്മ

'അസ്മ തികച്ചും സാധാരണക്കാരിയായിരുന്നു. അവളുടെ ഭാവി എന്തെന്ന് നിങ്ങൾക്ക് പറയാൻ ആകുമായിരുന്നില്ല', ജെപി മോർഗനിൽ സഹപ്രവർത്തകനായിരുന്ന പോൾ ഗിബ്‌സ് ഓർത്തെടുക്കുന്നു. ബാഷർ അൽ അസദിനൊപ്പം ലിബിയയിൽ അന്നത്തെ നേതാവ് ഗദ്ദാഫിയുടെ അതിഥിയായി അസ്മ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലണ്ടനിലെ ജോലി അവസാനിപ്പിച്ച് ബാഷറിനെ വിവാഹം ചെയ്തത്. അസദിനെ പോലെ തന്നെ തെമ്മാടിയും ക്രൂരനുമായിരുന്നല്ലോ ഗദ്ദാഫി. കൂട്ടുകാരിൽ പലർക്കും ഇത്രയും നല്ല ജോലി കളഞ്ഞ് അസ്മ ബാഷറിന്റെ പിന്നാലെ പോവുന്നത് എന്തിനെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

എന്നാൽ, അസ്മയുടെ ജീവിതയാത്ര വ്യത്യസ്തമായിരുന്നു- ബാഷർ അൽ അസദിന്റെ മുൻ ഉപദേഷ്ടാവും, സുഹൃത്തുമായിരുന്ന അയ്മൻ അബ്ദൽനോർ പറഞ്ഞു. ലണ്ടനിൽ സ്‌കൂളിൽ പോയ്‌ക്കൊണ്ടിരുന്ന എമ്മ അക്രസ് എന്ന പെൺകുട്ടിയെയും ഇപ്പോഴത്തെ അസ്മ അൽഅസദിനെയും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമാവില്ല. ആദ്യമൊക്കെ അസ്മയെ കുടുംബത്തിന്റെ ഭാഗമായി ബാഷർ അൽ അസദിന്റെ കുടുംബം കരുതിയിരുന്നില്ല. സുന്നി വംശജയാണ് അസ്മ. അറബി അത്ര വശമില്ലായിരുന്നു. അതുകൊണ്ട് തന്നെ തെറ്റുകൾ വരുത്തുമെന്ന് കരുതി മാധ്യമങ്ങളോട് സംസാരിക്കാൻ ആദ്യമൊന്നും അനുവദിച്ചിരുന്നില്ല. പ്രഥമവനിത എന്ന പദവിയും ആദ്യം അനുവദിച്ചുകൊടുത്തിരുന്നില്ല, അയ്മൻ അബ്ദൽനോർ പറയുന്നു.

എന്നാൽ, 2013 ന് ശേഷം ഭർത്താവിനെ അസ്മ പൂർണമായി പിന്തുണച്ചു. ബോംബാക്രമണമായാലും കൊലപാതകങ്ങളായാലും പീഡനങ്ങൾ ആയാലും ബാഷർ ചെയ്യുന്നതെല്ലാം അസ്മ പിന്തുണച്ചു. കഴിഞ്ഞ 9 മാസം തന്റെ ഭർത്താവ് അംഗമായ അലവൈറ്റ് സമുദായവുമായി ഇണങ്ങാനുള്ള ശ്രമത്തിലായിരുന്നു അസ്മ. ഇതെല്ലാം അവരുടെ ഉയരാനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനമാണ്. ഇനി വഴിയേ പ്രസിഡന്റാകാനും അസ്മയ്ക്ക് താൽപര്യമുണ്ടോ? അത് പ്ലാൻ ബി എന്നാണ് അബ്ദൽനോർ പറയുന്നത്.

ആഡംബരങ്ങളിൽ ആറാടി അസ്മ

പട്ടിണക്കാരായ സിറിയക്കാരുടെ മേൽ ബോംബുകൾ വർഷിച്ചുകൊണ്ടിരിക്കുമ്പോൾ അസ്മ വിലപിടിപ്പുള്ള ആഭരണങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു. ഇന്റീരിയൽ ഡെക്കറേഷനിലും വസ്ത്രങ്ങൾ വാങ്ങിക്കുട്ടുന്നതിലും മുഴുകിയിരിക്കുകയായിരുന്നു.

ഗാർഡിയൻ പത്രം പുറത്തുവിട്ട ഇ-മെയിലുകളിൽ ഇതിനായി ചെലവഴിച്ച പണത്തെ കുറിച്ച് വിസ്തരിക്കുന്നുണ്ട്. നമ്മൾ ശക്തമായി ഒന്നിച്ച് നിന്നാൽ, ഇതെല്ലാം മറികടക്കാൻ കഴിയും..ഐ ലവ് യു അസ്മ ഭർത്താവിന് അയച്ച് മെയിലുകളിൽ ഒന്ന്. നാട്ടുകാർ പട്ടിണിക്കോലങ്ങളായി നരകിക്കുമ്പോൾ, അസ്മയും ഭർത്താവും ഉന്നതരും ആഡംബര പാർട്ടികളിൽ ആറാടുകയായിരുന്നു. ഇതിന്റെ ഫേസബുക്ക് ചിത്രങ്ങളും പ്രചരിച്ചു.

അസ്മയെ അധികം പുറത്തുകാണാനില്ല

ടെലിവിഷനിലും മറ്റും നിറഞ്ഞുനിന്നിരുന്ന അസ്മയെ ഇപ്പോൾ അധികം പുറത്തുകാണാനില്ല.എന്നാൽ, പ്രഥമവനിതയെന്ന നിലയിൽ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ സജീവമാണ്.

പരിക്കേറ്റ സൈനികരെ സന്ദർശിക്കുന്നതും, ചിരിക്കുന്ന കുട്ടികൾക്കൊപ്പം ഫോട്ടോ ഷൂട്ടും ഒക്കെയായി. എന്നാൽ, തങ്ങൾക്ക് നരകം കൊണ്ടുതന്നവരിൽ പ്രധാനി അസ്മയാണെന്ന് നാട്ടുകാർക്ക് അറിയാം. അതുതന്നെയാണ് അപകടവും. ജനങ്ങൾ എത്ര അകന്നു പോയി എന്ന് അസ്മയും ബാഷറും തിരിച്ചറിയുന്നുണ്ടോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP