Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചു

കോൺഗ്രസിൽ പടക്കം പൊട്ടിക്കുന്നത് താപ്പാനകൾ; അന്ന് രമ്യ ഹരിദാസ് വന്ന വഴിയേ ഇന്ന് എത്തിയത് അരിത; പുതുമുഖങ്ങൾ വന്നപ്പോൾ പഴമക്കാർക്കു കലിപ്പ്; ജനങ്ങൾ ആശയോടെ നോക്കുന്ന യുവസ്ഥാനാർത്ഥികളുടെ സാദ്ധ്യതകൾ ഇല്ലാതാക്കുന്നത് കുപ്പായം തയ്‌പ്പിച്ചു വെച്ചവർ; ചാനൽ താരങ്ങൾ കൂട്ടത്തോടെ സീറ്റുറപ്പിച്ചു

കെ ആർ ഷൈജുമോൻ

ആരാണിവൾ? 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുന്നമംഗലത്തു നിന്നും ആലത്തൂരിലെത്തിയ പെങ്ങളൂട്ടി എന്ന രമ്യ ഹരിദാസിനെ ചൂണ്ടി ഇടതു സൈബർ ലോകം ചോദിച്ചതിങ്ങനെയാണ് . പാവപ്പെട്ട കുടുംബത്തിൽ നിന്നെത്തിയ ആ യുവതി ആവശ്യത്തിലേറെ പരിഹാസം നേരിട്ടാണ് തിരഞ്ഞെടുപ്പിൽ കളം നിറഞ്ഞതു . തങ്ങളുടെ ശക്തനായ പികെ ബിജുവിനെ നേരിടാൻ ഇവൾക്ക് എന്ത് അർഹത എന്ന അഹന്തക്ക് ജനം മറുപടി നൽകിയത് വോട്ടിലൂടെയാണ് . മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ഒന്നര ലക്ഷം വോട്ടിലേറെ ഭൂരിപക്ഷം നൽകി ആലത്തൂരുകാർ രെമ്യ എന്ന യുവതിയെ തങ്ങളിലൊരാളാക്കി മാറ്റിയപ്പോൾ കോൺഗ്രസ് രാഷ്ട്രീയത്തിലും അത് വേറിട്ട കാഴ്ചയായി .

ഇപ്പോൾ അതേ കാഴ്ചകൾ ഏറെക്കുറെ സമാനതകളോടെ ആവർത്തിക്കുകയാണ് കായംകുളം നിയമസഭാ മണ്ഡലത്തിൽ . അരിത ബാബുവിനെ കുറിച്ച് ആരാണിവൾ എന്ന ചോദ്യം ഇന്നോ നാളെയോ ഇവിടെയും ഉയർന്നേക്കാം. ഒരുപക്ഷെ ആലത്തൂരിലെ ഇരുട്ടടി ഓർമ്മയുള്ളതിനാൽ ആക്രമണത്തിന്റെ തോതിൽ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം . എങ്കിലും പുലർച്ചെ അഞ്ചുമണിക്കുണർന്നു പാൽക്കച്ചവടം നടത്തി ഉപജീവനമാർഗം കണ്ടെത്തി കുടുംബത്തെ സഹായിക്കുന്ന പെൺകുട്ടി നാട്ടുകാർക്ക് പരിചയപ്പെടുത്തൽ വേണ്ടിവരാത്ത ആൾ എന്നതിനാൽ ആലത്തൂർ ഇഫക്ട് ആവർത്തിക്കും എന്ന പ്രതീക്ഷയാണ് കോൺഗ്രസ് നെത്ര്വതത്തിനു. പാട്ടുപാടി ആലത്തൂരിനെ കയ്യിലെടുത്ത രമ്യയെ പോലെ പാൽക്കാരി പെൺകുട്ടി എന്ന വിശേഷണവുമായി വൈകി എത്തിയാലും അരിത നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറും എന്നാണ് കോൺഗ്രെസ്സുകാർ വക്തമാക്കുന്നത്. നിലവിലെ എംഎൽഎ യു പ്രതിഭയോട് ഏറ്റുമുട്ടുമ്പോൾ തുല്യബലം ഉള്ളൊരാൾ വരണം എന്ന പാർട്ടി പ്രവർത്തകരുടെ ഇഷ്ടം കൂടിയാണ് അരിതയിലൂടെ സാധ്യമാകുന്നത്.

പാർട്ടിയിൽ ഉൾപ്പോര് നേരിട്ടെങ്കിലും മണ്ഡലത്തിൽ നിറഞ്ഞു നിന്ന പ്രതിഭ നേടിയ വക്തിപ്രഭാവം മറികടക്കുക എന്നത് സാധാരണ എതിർ സ്ഥാനാർത്ഥിക്കു അത്ര സുസാധ്യമല്ല , എന്നാൽ തന്റെ വക്തിതം തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ആയുധം എന്ന വിശ്വാസവുമായി അരിത അങ്കം കുറിക്കുമ്പോൾ കായംകുളത്തു മത്സരം പൊടിപാറാതെ വയ്യ . അത്തരം ഒരങ്കമാണ് കാലങ്ങളായി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നതും . നാലുവട്ടം വീതം കോൺഗ്രെസും സിപിഎമും ജയിച്ചു തുല്യ ശക്തികളായ മണ്ഡലത്തിൽ കഴിഞ്ഞ മൂന്നു തവണയായി വിജയം സിപിഎമ്മിന് ഒപ്പം ആണെന്നത് പ്രതിഭക്കു ഉള്ള മേൽക്കൈ തന്നെയാണ് . എന്നാൽ ആ മുൻതൂക്കം തകർക്കാൻ ആരിതക്ക് ഇപ്പോൾ തന്നെ സാധിച്ചു കഴിഞ്ഞെന്ന ആത്മ വിശ്വാസമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ചൂണ്ടിക്കാട്ടുന്നത് .

സാധാരണ ഇത്തരം സ്ഥാനാർത്ഥികളെ അവതരിപ്പിക്കുന്ന പതിവ് ഇടതുപക്ഷത്തെ നിന്നും സിപിഎം ആണ് ഏറ്റെടുക്കാറ് . ഇതിനു ഉദാഹരണമായി കുറുംപ്പംതറയിൽ നിന്നും പികെ ബിജു , ഒറ്റപ്പാലത്തു നിന്നും പികെ ശിവരാമൻ , ചേലക്കരയിൽ നിന്നും കെ രാധാകൃഷ്ണൻ , ഇരിഞ്ഞാലക്കുടയിൽ നിന്നും ടി ശശിധരൻ, കൽപ്പറ്റയിൽ നിന്നും സികെ ശശീന്ദ്രൻ എന്നിവരൊക്കെ ഓരോ കാലത്തും സിപിഎംന്റെ സ്ഥാനാർത്ഥി പട്ടികയിൽ എത്തിയിട്ടുള്ളവരാണ് . പക്ഷെ നിർഭാഗ്യവശാൽ ഇത്തവണ നിയമ സഭ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടും പട്ടിണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഉയർന്നുവരേണ്ട സ്ഥാനാർത്ഥികൾ കാര്യമായി ആരും തന്നെ സിപിഎം ലിസ്റ്റിൽ ഉൾപ്പെട്ടതായി വക്തമായിട്ടില്ല .

ചാനൽ ചർച്ചക്കാർ കൂട്ടത്തോടെ മത്സര രംഗത്തേക്ക്

ചാനൽ ചർച്ചയിൽ പതിവായി പാർട്ടികളെ പ്രതിരോധിക്കുവാനും ന്യായീകരിക്കുവാനും എത്തുന്നവരിൽ എട്ടുപേരെങ്കിലും ഇത്തവണ ജനവിധി തേടിയെത്തുകയാണ് . ജനങ്ങൾക്ക് പരിചിത മുഖം എന്ന നിലയിൽ മേൽക്കൈ ലഭിക്കാമെങ്കിലും ഇവർ ചർച്ചകളിൽ എതിരാളികളെ തറപറ്റിക്കാൻ നടത്തുന്ന അടവുകളിൽ പലപ്പോഴും സാരമായ പരുക്കേൽക്കുന്നതും തിരഞ്ഞെടുപ്പ് രംഗത്ത് ഏതുവിധത്തിൽ പ്രതിഫലിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരുപാട് പറയുമ്പോൾ ഒരുപാട് അബദ്ധങ്ങളും പിണയും എന്ന മഹദ് വചനം പോലെയാണ് പലപ്പോഴും മലയാളം ചാനൽ ചർച്ചകളുടെ അവസ്ഥ. പറഞ്ഞതിൽ കടിച്ചു തൂങ്ങാൻ നിൽക്കുമ്പോൾ പരിഹാസ്യരാകുകയും പിന്നീട് ഇറങ്ങി പോകേണ്ട ഗതികേട് വന്നിട്ടുള്ളതും ഒക്കെ ഇക്കൂട്ടത്തിൽ ജനം ഓർത്തിരിക്കും എന്നതാണ് ഇപ്പോൾ സ്ഥാനാർത്ഥി കുപ്പായം ഇടുമ്പോൾ പലരും നേരിടേണ്ട ഗതികേട് .

ചർച്ചകൾ വഴി ലഭിക്കുന്ന മൈലേജ് നെഗറ്റീവ് പബ്ലിസിറ്റി ആയി മാറുന്നത് വോട്ടെടുപ്പിനെ ബാധിക്കില്ലെങ്കിൽ വരുംകാല തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാൻ ഉള്ള മാനദണ്ഡം ചാനൽ ചര്ച്ച ആയി മാറിയേക്കാം. ഇതോടെ ചാനലിൽ തള്ളിക്കയറാൻ ഇടിയിടുന്നവരുടെ എണ്ണവും കൂടിയേക്കാം. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ ആറന്മുളയിൽ നിന്നും വീണ ജോർജ്ജും അഴീക്കോട് നിന്നും നികേഷ് കുമാറും മത്സരിക്കാൻ ഇടയായതാണ് ചാനലുകൾ സ്ഥാനാർത്ഥി നിർണയത്തിൽ പ്രധാനമായി മാറിയത്. ഇരുവരും ഇടതുപക്ഷ കുപ്പായം ഇട്ടാണ് എത്തിയതെങ്കിലും വീണ മാത്രമാണ് ജയിച്ചു കയറിയത്. എന്നാൽ നികേഷും പ്രചാരണ രംഗത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.

ഇത്തവണ കോൺഗ്രസിൽ നിന്നാണ് ഏറ്റവും കൂടുതൽ പേര് ചാനൽ ചർച്ചകൾ വഴി സീറ്റ് പിടിച്ചെടുത്തിരിക്കുന്നത്. ഇതുവരെ അഞ്ചു പേരാണ് കോൺഗ്രസ് പക്ഷത്തു നിന്നും ലിസ്റ്റിൽ ഇടം കണ്ടെത്തിയത്. ബിജെപിക്കാർ നാലുപേരുണ്ടെങ്കിലും ഇതിൽ രണ്ടുപേർ കാലങ്ങളായി മത്സരിക്കുന്നവരാണ്. ആ നിലയ്ക്ക് ചാനൽ അവരുടെ സ്ഥാനാർത്ഥിത്വത്തിൽ ഘടകമായി എന്ന് പറയാനാകില്ല. സിപിഎമ്മിൽ നിന്നും ഒരാൾ എങ്കിലും ചാനൽ മുഖമായി ഇത്തവണയും മത്സര രംഗത്ത് ഉണ്ടായേക്കും . കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാല - പത്തനാപുരം , ബി ആർ എം ഷെഫീർ - വർക്കല , ഡോ എസ് എസ് ലാൽ - കഴക്കൂട്ടം, ഡോ. പി സരിൻ -ഒറ്റപ്പാലം , മാത്യു കുഴൽനാടൻ - മൂവാറ്റുപുഴ എന്നിവരാണ് ലിസ്റ്റിൽ എത്തിയിട്ടുള്ളത്. ഇവരെല്ലാം കോൺഗ്രസിനെ പ്രതിരോധിക്കാൻ അന്തിചർച്ചകൾക്ക് പതിവായി എത്തുന്നവരാണ്. ബിജെപിക്ക് വേണ്ടി ഷൊർണൂരിൽ നിന്നും സന്ദീപ് വാര്യരും ആലപ്പുഴയിൽ നിന്നും സന്ദീപ് വാചസ്പതി ലിസ്റ്റിൽ ഇടംപിടിച്ചു. എന്നാൽ പതിവായി ചാനൽ ചർച്ചിയൽ എത്തിയിട്ടും ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീമിന് സീറ്റു കിട്ടിയില്ല.

പുതുമുഖങ്ങൾക്ക് വഴിയൊരുക്കിയത് ഏജൻസി റിപോർട്ടുകൾ, കുപ്പായം തയ്‌പ്പിച്ചവർ നിരാശയിൽ

കോൺഗ്രസിൽ പൊതുവെ ഇലക്ഷൻ സീറ്റ് മോഹിച്ചു നേതാവ് ചമയുന്നവരുടെ എണ്ണം കൂടുതലായതിനാൽ അവസരം ലഭിക്കാതെ വന്നപ്പോൾ പരാതികളും പൊട്ടിത്തെറികളും സ്വാഭാവികമായും അതിന്റെ ഉച്ചസ്ഥായിലാണ്. ചെറുപ്പക്കാരെ കണ്ടെത്താൻ അമ്പതു വയസിൽ താഴെ ഉള്ളവർ 46 പേരും ലിസ്റ്റിൽ കടന്നു വന്നപ്പോൾ പഴയ താപ്പാനകൾ കിടന്നമറുകയാണ് . തലമുറ മാറ്റമാണ് സ്ഥാനാർത്ഥി പട്ടികയുടെ ഹൈലൈറ്റ് എന്നത് പ്രഖ്യാപന വേളയിൽ കെപിസിസി പ്രെസിഡന്റ്‌റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിട്ടും തന്റെ പേരുണ്ടാകും എന്ന് നൂറുകണക്കിന് നേതാക്കൾ വിശ്വസിച്ചിരുന്നു എന്നതാണ് സത്യം . മഹിളാ കോൺഗ്രസ് , കർഷക കോൺഗ്രസ് പ്രസിഡന്റ് എന്നിവരൊക്കെ അർഹത ഉണ്ടെന്നു സ്വയം വിശ്വസിക്കുമ്പോഴും പുതിയ ചെറുപ്പക്കാരുടെ കടന്നുവരവ് ഇല്ലാതെ നശിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയെ കാണുന്നില്ല എന്നതാണ് പൊട്ടിത്തെറിയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വസ്തുത .

തങ്ങളുടെ ചെറുപ്പത്തിൽ വഴി തടസമായി നിന്ന കിഴവപ്പടയെ നേരിടുന്നതിൽ പരാജയമായ ഇത്തരക്കാർ വയസാകുമ്പോൾ സീറ്റ് ലഭിക്കും എന്ന മോഹപ്രതീക്ഷ തകർന്നടിയുന്ന കാഴ്ച കണ്ടു ചാനലിൽ നിലവിട്ടു കരയുന്ന കാഴ്ച കണ്ടാൽ പെറ്റ തള്ള പോലും സഹിക്കൂല്ല എന്നേ സാന്ദർഭികമായി വിവരിക്കാനാകൂ . അവരുടെ ഭാഗം നോക്കുമ്പോൾ ശരി കാണാമെങ്കിലും പാർട്ടി നേരിടുന്ന ഗുരുതര പ്രതിസന്ധി ഇത്തരം നേതാക്കൾക്ക് ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്നാണ് ഈ കരച്ചിലുകൾ തെളിയിക്കുന്നത് . എന്റെ ഒരാളുടെ കാര്യമല്ലേ ഉള്ളൂ എന്ന മട്ടിൽ ഓരോ മണ്ഡലത്തിൽ നിന്നും പരിദേവനം ഉയരുമ്പോൾ 140 സീറ്റുകൾ മത്സരിക്കാൻ കോൺഗ്രസിന് ലഭിച്ചാലും തികയാത്ത അവസ്ഥയാണ് .

എന്തായാലും ബാംഗ്ലൂർ ആസ്ഥാനമായ ഏജൻസി ഉൾപ്പെടെയുള്ളവർ നടത്തിയ രഹസ്യ സർവേയുടെ ഫലമായി എഴുപത് വയസിനു മുകളിൽ ഉള്ള മൂന്നു പേര് മാത്രമാണ് കോൺഗ്രസ് പട്ടികയിൽ ഉള്ളത് എന്നത് പാർട്ടിയുടെ ഭാവി ഇരുൾ അടഞ്ഞതാകില്ല എന്ന സൂചനയെങ്കിലും നൽകുന്നുണ്ട് . മാത്രമല്ല അറുപതോളം പേരെങ്കിലും ഗ്രാജേഡക്ഷനും ഉന്നത വിദ്യാഭ്യസ യോഗ്യത ഉള്ളവർ ആണെന്നതും യുവസമൂഹത്തിനു നൽകുന്ന പ്രതീക്ഷ കൂടിയാണ് . ഈ യോഗ്യതയും മാനദണ്ഡവും ഒക്കെ അയോഗ്യത ആയി കൂടെയുള്ളപ്പോൾ എനിക്കെന്താണ് അയോഗ്യത എന്നാണ് സീറ്റ് നഷ്ടമായവരുടെ പ്രധാന ചോദ്യം . ഈ ചോദ്യം പൊതുസമൂഹത്തോടു ചോദിക്കാതെ അവരവരോട് ചോദിച്ചാൽ സ്വയം ഉത്തരം കണ്ടെത്താവുന്നതേയുള്ളൂ , പക്ഷെ അധികാരക്കൊതി ആരെയും അന്ധനാക്കും എന്നതിനാൽ ഇതൊന്നും നിലവിളിക്കാരെ ബാധിക്കുന്ന കാര്യമേയല്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP