Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അണികളുടെ പ്രതിഷേധം 'അത്യാഹ്ലാദത്തിലേക്ക്'; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി; കേരളാ കോൺഗ്രസ് 'വിട്ടുനൽകിയ' മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഎം; തീരുമാനം പാർട്ടി കീഴ് ഘടകങ്ങളിലെ സമ്മർദ്ദവും വിജയസാധ്യതയും പരിഗണിച്ച്

അണികളുടെ പ്രതിഷേധം 'അത്യാഹ്ലാദത്തിലേക്ക്'; കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടി; കേരളാ കോൺഗ്രസ് 'വിട്ടുനൽകിയ' മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് സിപിഎം; തീരുമാനം പാർട്ടി കീഴ് ഘടകങ്ങളിലെ സമ്മർദ്ദവും വിജയസാധ്യതയും പരിഗണിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കുറ്റ്യാടി: കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടിയെ ഇടത് മുന്നണി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎം. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് മണ്ഡലം വിട്ടുകൊടുക്കുന്നതിനെതിരെ അണികളുടെ പ്രതിഷേധം ഇരമ്പിയ കുറ്റ്യാടിയിൽ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി.

ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോൺഗ്രസ് (എം)ന് നൽകിയിരുന്ന സീറ്റ് പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് സിപിഎമ്മിന് തന്നെ വിട്ടു നൽകിയത്. കുറ്റ്യാടിയിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സീറ്റ് വിട്ടുകൊടുക്കാൻ തീരുമാനിച്ചതായി പാർട്ടി ചെയർമാർ ജോസ് കെ മാണി അറിയിക്കുകയായിരുന്നു.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടർന്ന് സിപിഎമ്മിന് വിശദീകരണ യോഗമടക്കം വിളിക്കേണ്ടി വന്നു. 

കേരള കോൺഗ്രസ് സീറ്റ് വിട്ടുനൽകിയതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടിപി ബിനീഷ് തുടങ്ങിയവരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. 

ജനകീയനായ കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. പാർട്ടി കീഴ് ഘടകങ്ങളിലെ സമ്മർദ്ദവും വിജയസാധ്യതയും കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂലമാകുകയായിരുന്നു. പാർട്ടി മത്സരിക്കുന്നതിൽ അത്യാഹ്ലാദത്തിലാണ് മണ്ഡലമെന്നും അതിൽ ഒരു സംശയവും വേണ്ടെന്നുമാണ് കുഞ്ഞമ്മദ് കുട്ടിയുടെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ ഉണ്ടായത്. പൊന്നാനി, കുറ്റ്യാടി, തരൂർ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടന്നത്.

സീറ്റ് ഘടകകക്ഷിയായ ജോസ് കെ മാണിക്ക് വിട്ടുകൊടുത്തതിനെതിരെ വൻ പ്രതിഷേധമാണ് കുറ്റ്യാടിയിൽ ഉയർന്നത്. സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ട് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന നേതാക്കൾ വരെ അനുനയത്തിന് ശ്രമിച്ചെങ്കിലും പ്രവർത്തകർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

പൊന്നാനിയിൽ ടി.എം.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്. എന്നാൽ പ്രതിഷേധം വകവെയ്ക്കാതെ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സിഐടിയു നേതാവ് പി.നന്ദകുമാറിനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീലയെ മത്സരിപ്പിക്കുന്നതിനെ ചൊല്ലിയായിരുന്നു തരൂരിലെ പ്രതിഷേധം. പി.കെ.ജമീലയെ സ്ഥാനാർത്ഥി ആക്കിയില്ലെങ്കിലും പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ വി.പൊന്നുക്കുട്ടനെ തഴഞ്ഞ് പി.പി.സുമോദിനെയാണ് സിപിഎം പരിഗണിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP