Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിൽ ആദ്യ ജയം കുതിരപ്പുറത്ത് കയറി; 1987ൽ ഇടതു പക്ഷത്തേക്ക് ജോസഫ് പോയത് കുതിര ചിഹ്നവുമായി; മാണിയുടെ മകനെ ഒറ്റപ്പെടുത്തിയതും രണ്ടില മോഹിച്ചും; സുപ്രീംകോടതിയിലൂടെ ഇനി 'രണ്ടില' ഇടതുപക്ഷത്തിന് സ്വന്തം; ചിഹ്ന കേസിൽ അച്ഛനെ തോൽപ്പിച്ച പിജെയെ തറപറ്റിച്ച് 'കേരളാ കോൺഗ്രസിനെ' ജോസ് കെ മാണി സ്വന്തമാക്കുമ്പോൾ

പാലായിൽ ആദ്യ ജയം കുതിരപ്പുറത്ത് കയറി; 1987ൽ ഇടതു പക്ഷത്തേക്ക് ജോസഫ് പോയത് കുതിര ചിഹ്നവുമായി; മാണിയുടെ മകനെ ഒറ്റപ്പെടുത്തിയതും രണ്ടില മോഹിച്ചും; സുപ്രീംകോടതിയിലൂടെ ഇനി 'രണ്ടില' ഇടതുപക്ഷത്തിന് സ്വന്തം; ചിഹ്ന കേസിൽ അച്ഛനെ തോൽപ്പിച്ച പിജെയെ തറപറ്റിച്ച് 'കേരളാ കോൺഗ്രസിനെ' ജോസ് കെ മാണി സ്വന്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പണ്ടൊരിക്കൽ കെ എം മാണിയുടെ കുതിരയിൽ കയറി പാഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മാണിയുടെ മരണ ശേഷം കേരളാ കോൺഗ്രസിൽ കലാപ്പക്കൊടിയുമായി പിജെ ജോസഫ് നിറഞ്ഞത്. പാലാ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ മകൻ നിർത്തിയ സ്ഥാനാർത്ഥിക്ക് രണ്ടിലയും നൽകിയില്ല. യഥാർത്ഥ കേരളാ കോൺഗ്രസ് താനാണെന്ന് പറഞ്ഞ് പാർട്ടിയും രണ്ടിലയും സ്വന്തമാക്കുകയായിരുന്നു ജോസഫിന്റെ 2020ലെ ശ്രമം. എന്നാൽ എല്ലാ അർത്ഥത്തിലും പൊളിക്കുകയായിരുന്നു ജോസ് കെ മാണി.

ഇതോടെ ചരിത്രത്തിൽ മുമ്പ് മാണി വിഭാഗത്തിന്റെ ചിഹ്നമായ കുതിരയെ ജോസഫ് കൊണ്ടുപോയത് ആവർത്തിക്കപ്പെടുന്നില്ലെന്ന് ഉറപ്പാവുകയാണ്. വർഷങ്ങളായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്ന രണ്ടില ചിഹ്നം ഇനി മകൻ ജോസ് കെ മാണിക്ക് എല്ലാ അർത്ഥത്തിലും സ്വന്തം. ഹൈക്കോടതി ഇടപെടലിലൂടെ തദ്ദേശത്തിലും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കിട്ടിയിരുന്നു. ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ അത് സ്ഥിരമാകുന്നു. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്ത് രണ്ടില എത്തുകയാണ്.

കേരള കോൺഗ്രസ് രൂപംകൊണ്ടശേഷം 1965-ൽ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചതു മുതൽ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതൽ പാർട്ടിയിൽ അരങ്ങേറിയ ലയന, പിളർപ്പ് നാടകങ്ങളുടെ അന്ത്യത്തിലായിരുന്നു.

1982-ൽ ജോസഫ്, മാണി വിഭാഗങ്ങൾ കെ. കരുണാകരൻ രൂപംനൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാർട്ടികളായി മുന്നണിയിൽ ഭരണത്തിൽ പങ്കാളിയായി. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങൾ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്‌സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോൺഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തിൽ സംതൃപ്തരായിരുന്നു.

എന്നാൽ, ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഒന്നായെന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരംകൂടി കേരള കോൺഗ്രസിനു നൽകിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു. ജോസഫ് ഗ്രൂപ്പിൽപ്പെട്ടവർ ആനച്ചിഹ്നത്തിൽ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച് വിജയിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കുതിരച്ചിഹ്നത്തിൽ മത്സരിച്ച് സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോൺഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തിൽ ലയിച്ചു. എന്നാൽ, യോജിപ്പിന് ഏതാനും വർഷങ്ങൾമാത്രമാണ് ആയുസ്സുണ്ടായത്

1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടി പിളർന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങൾക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. രണ്ട് എംപി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ കൊടിയടയാളം. പിന്നീട് ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടർന്നു. ഈ രണ്ടില 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു വരെ യുഡിഎഫ് പക്ഷത്തായിരുന്നു.

എന്നാൽ മാണിയുടെ മരണത്തോടെ പിജെ പാർട്ടി പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി. അതിനെ സമർത്ഥമായി ജോസ് കെ മാണി പ്രതിരോധിച്ചു. കോൺഗ്രസ് ജോസഫിനൊപ്പമായിരുന്നു. അങ്ങനെ ഇടതുപക്ഷത്തേക്ക് ജോസ് കെ മാണി ചുവടുമാറ്റി. രണ്ടിലയുടെ ഐശ്വര്യത്തിൽ കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും തദ്ദേശത്തിൽ ഇടതുപക്ഷം നേടി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. രണ്ടിലയുടെ കരുത്ത് മനസ്സിലാക്കി ജോസഫ് കേസുമായി സുപ്രീംകോടതിയിലും എത്തി.

പി.ജെ. ജോസഫ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയതോടെ രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് കിട്ടുകയാണ്. നേരത്തെ, രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. പാർട്ടി ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരവും ലഭിച്ചു. ഇത് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.

രണ്ടിലക്കായുള്ള നിയമപോരാട്ടത്തിൽ ഹൈക്കോടതിയിലും ജില്ല കോടതിയിലും ജോസഫ് വിഭാഗത്തിന് നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് ജോസ് കെ. മാണി രണ്ടില ഉപയോഗിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചു. ആ ഹരജിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

കേരള കോൺഗ്രസിന്റെ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമീഷൻ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് ജോസഫ് അപ്പീൽ നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സ്ഥാനാർത്ഥികൾ മത്സരിച്ചത് ചെണ്ട ചിഹ്നത്തിലായിരുന്നു. ഇത് ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചുകിട്ടിയാലും ചെണ്ട സ്ഥിരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ് മുമ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP