Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രതിഷേധിക്കുമെന്ന് അറിയിച്ച് കെപിസിസിയിൽ എത്തിയത് രാവിലെ 11 മണിക്ക്; മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ വേദന കണ്ടില്ലെന്ന് നടിച്ചു; കുറ്റ്യാടി വിപ്ലവത്തേയും മറികടന്ന് ഇന്ദിരാ ഭവന് മുന്നിൽ കടുത്ത പ്രതികരണം; ലതികാ സുഭാഷിന് ഇനി ഒന്നും നൽകില്ല; ഹൈക്കമാണ്ടിന്റെ മനസ്സ് അറിഞ്ഞ് തീരുമാനം എടുക്കാൻ മുല്ലപ്പള്ളി; തലമുണ്ഡനത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ

പ്രതിഷേധിക്കുമെന്ന് അറിയിച്ച് കെപിസിസിയിൽ എത്തിയത് രാവിലെ 11 മണിക്ക്; മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ വേദന കണ്ടില്ലെന്ന് നടിച്ചു; കുറ്റ്യാടി വിപ്ലവത്തേയും മറികടന്ന് ഇന്ദിരാ ഭവന് മുന്നിൽ കടുത്ത പ്രതികരണം; ലതികാ സുഭാഷിന് ഇനി ഒന്നും നൽകില്ല; ഹൈക്കമാണ്ടിന്റെ മനസ്സ് അറിഞ്ഞ് തീരുമാനം എടുക്കാൻ മുല്ലപ്പള്ളി; തലമുണ്ഡനത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ തല മുണ്ഡനം ചെയ്ത ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ സിപിഎം. ബിജെപിയും ഈ വിഷയം ഉയർത്തും. കോൺഗ്രസിന് ഈ വിഷയം വെല്ലുവളിയായി മാറുമെന്നാണ് വിലയിരുത്തൽ. കേരള രാഷ്ട്രീയത്തിൽ ഉണ്ടായ സമാനതകളില്ലാത്ത പ്രതിഷേഘമാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് ലതികാ സുഭാഷ് നടത്തിയത്. കെപിസിസി. ആസ്ഥാനത്തിന് മുന്നിൽവച്ചാണ് അവർ തലമുണ്ഡനം ചെയ്തത്. മറ്റൊരുപാർട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവർ കോൺഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. 140 മണ്ഡലങ്ങളിലും ഇതിന്റ പ്രതിഫലനമുണ്ടായേക്കാം. ഒൻപത് വനിതകളെ സ്ഥാനാർത്ഥിയാക്കിയിട്ടും പ്രചാരണത്തിലുടനീളം സ്ത്രീവിരുദ്ധ പാർട്ടിയെന്ന പഴി കേൾക്കേണ്ടിവരും. എന്ത് പറഞ്ഞ് പ്രതിരോധിക്കുമെന്ന് പോലും വ്യക്തതയില്ല. സീറ്റ് നിഷേധിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞ് ലതിക സുഭാഷിനെ ബോധ്യപ്പെടുത്താതിരുന്ന നേതൃത്വത്തെയാണ് പലരും പ്രതിക്കൂട്ടിൽ നിർത്തുന്നത്.

സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും നാട്ടുകാരും കുടുംബാംഗങ്ങളുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും ലതിക സുഭാഷ് കൂട്ടിച്ചേർത്തു. എന്നാൽ ഈ പ്രതിഷേധം അതി കടുന്നുവെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. തല മുണ്ഡനം ചെയ്ത ലതികാ സുഭാഷ് പൊതു മണ്ഡലത്തിൽ നിറയുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിഷ്പക്ഷരായ സ്ത്രീ വോട്ടർമാരുടെ മനസ്സ് കോൺഗ്രസിന് എതിരാക്കുന്നതാണ് ഈ പ്രതിഷേധമെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഈ പ്രശ്‌നം സംസ്ഥാനത്തുടനീളം സിപിഎം പ്രചരണത്തിൽ ചർച്ചയാക്കും. ഇതിനെ കരുതലോടെ നേരിടാനാണ് സിപിഎം നീക്കം.

ലതിക സുഭാഷിന്റെ ദുഃഖം മനസ്സിലാകും. പക്ഷേ ഈ പ്രതികരണം കടുത്തുപോയി-എന്നാണ് നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ പ്രതികരണം. നേമത്ത് മുരളിയെ ഇറക്കി സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുൻതൂക്കം നേടാനായിരുന്നു കോൺഗ്രസ് ശ്രമം. എന്നാൽ ലതികാ സുഭാഷിന്റെ ഇടപെടൽ എല്ലാം പൊളിച്ചു. നേമത്തെ മുരളിയുടെ സ്ഥാനാർത്ഥിത്വത്തിന് മുകളിൽ ലതികാ സുഭാഷിന്റെ പ്രതിഷേധമായിരുന്നു ചാനൽ ചർച്ചകളുടെ ഇഷ്ട വിഷയം. കുറ്റ്യാടി വിപ്ലവത്തിൽ സിപിഎമ്മിനുണ്ടായ തിരിച്ചടിയെ ലതികാ സുഭാഷ് വിഷയം മറച്ചു. ഭാര്യയ്ക്കും മരുമകനും സീറ്റ് കൊടുത്തുവെന്ന സിപിഎമ്മിന് എതിരായ ചർച്ചകളും വഴിമാറി. ഇനി ലതികാ സുഭാഷിന്റെ മുടി മുറിക്കലാകും പ്രധാന പ്രചരണ വിഷയമായി മാറുക. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് വിയർപ്പൊഴുക്കേണ്ടി വരും.

ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നതിനാൽ അവരുടെ മാതൃകയിൽ മുടി ബോബ് ചെയ്ത ലതിക തലമുണ്ഡനം ചെയ്യുന്നത് കണ്ണീരോടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകർ കണ്ടുനിന്നത്. തലമുണ്ഡനം ചെയ്തുകഴിഞ്ഞതും പല വനിതാപ്രവർത്തകരും അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ചിരുന്ന ലതിക അവിടെ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നറിഞ്ഞപ്പോൾ വൈപ്പിനിൽ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ അവിടെയും സീറ്റ് ലഭിക്കാതെ വന്നതോടെ അവർ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു. ആരും പ്രതീക്ഷിക്കാത്ത പ്രതിഷേധം. കെപിസിസി ഓഫീസിന് മുന്നിൽ ദേശീയ ചാലനുകളുടെ ക്യാമറകളും എത്തി. എല്ലാവരും ലതികാ സുഭാഷിന്റെ പ്രതിഷേധം ചർച്ചയാക്കി.

ലതിക സുഭാഷിന്റ തലമുണ്ഡനത്തെ അനുകൂലിച്ചും എതിർത്തും കോൺഗ്രസ് നേതാക്കൾ രംഗത്തു വന്നു. സീറ്റ് നൽകാതിരുന്നതിന്റ കാരണങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ട നേതൃത്വമാണ് യഥാർഥ കുറ്റക്കാരെന്നാണ് ഒരുവിഭാഗത്തിന്റ ആക്ഷേപം. അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റ പേരിൽ ലതികയെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം ഏറ്റുമാനൂരിൽ റിബലായി മൽസരിക്കാനുള്ള സാധ്യതയും പാർട്ടി മുന്നിൽ കാണുന്നു. എന്തായാലും ഹൈക്കമാൻഡിന്റ അഭിപ്രായം കൂടി തേടിയിട്ടായിരിക്കും തുടർനടപടികൾ. ആന്റണിയും കെസി വേണുഗോപാലും എടുക്കുന്ന നിലപാടാകും നിർണ്ണായകം. ചരിത്രത്തിലാദ്യമായി അൻപത്തിയഞ്ച് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയിറക്കിയ സ്ഥാനാർത്ഥിപട്ടികയുടെ പ്രസക്തി പോലും ഇല്ലാതാക്കുന്നതായിരുന്നു ലതിക സുഭാഷിന്റ തലമുണ്ഡനം.

പാർട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയിൽ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ പലപ്പോഴും ലതിക സുഭാഷിന് തൊണ്ടയിടറി. വികാരഭരിതയായാണ് അവർ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാർട്ടിയിലേക്കുള്ള വരവും വർഷങ്ങൾ നീണ്ട പാർട്ടി പ്രവർത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തൽ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം. പാർട്ടിക്ക് വേണ്ടി അലയുകയും പണിയെടുക്കുകയും ചെയ്യുന്ന വനിതകളെ അവഗണിക്കുന്ന പതിവ് മാറട്ടേയെന്നും ലതിക പറഞ്ഞു.

'പാർട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാർഥമായി പണിയെടുത്ത വ്യക്തിയാണ് താൻ. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെപിസിസി സെക്രട്ടറി, മഹിളാ കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റ് രമണി പി.നായർ ഉൾപ്പടെയുള്ള വനിതകൾ തഴയപ്പെട്ടുപോയി. അൻസജിതയുടെ പേര് പേര് മഹിളാ കോൺഗ്രസ് നൽകിയിരുന്ന പട്ടികയിൽ ഉണ്ടായിരുന്നു.അതിൽ സന്തോഷമുണ്ട്. പക്ഷേ പാർട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുള്ളത് സങ്കടകരമാണ്. കൊല്ലത്ത് കെ.എസ്.യു., യൂത്ത് കോൺഗ്രസിലൂടെ കടന്നുവന്ന ഡിസിസി പ്രസിഡന്റും മുൻ മഹിളാകോൺഗ്രസ് അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്ക് ഇന്നലെ കണ്ണീരണിയേണ്ടി വന്നു ഇന്ന് കൊല്ലത്ത് തന്നെ പേരുറപ്പിക്കുന്നതിന് വേണ്ടി.'

'ഏറ്റുമാനൂരിൽ സീറ്റ് ആഗ്രഹിച്ച ഒരാളാണ് ഞാൻ. ഇന്ന് എംഎൽഎമാരായിരിക്കുന്ന എന്റെ കൊച്ചനുജന്മാരേക്കാളും കൂടുതൽ കാലം പാർട്ടിയിൽ പ്രവർത്തിച്ച ആളാണ് ഞാൻ. 16-ാമത്തെ വയസ്സുമുതൽ. എന്റെ പേര് ഓരോ പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വന്നുപോകാറുള്ളതാണ്. പക്ഷേ അവസാന സ്ഥാനാർത്ഥി പട്ടിക വരുമ്പോൾ മറ്റാരെങ്കിലും ആയിരിക്കും സ്ഥാനാർത്ഥി. ഒരു പരിഭവവുമില്ലാതെ ആസ്ഥാനാർത്ഥികൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കാൻ ഞാൻ നിസ്വാർഥമായി ഉണ്ടായിരുന്നു.'-ലതികാ സുഭാഷ് പറഞ്ഞു.

വളരെ കുറച്ച് വനിതകൾ മാത്രമാണ് പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. 14 വനിതകളെങ്കിലും സ്ഥാനം പിടിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതൊന്നും ഉണ്ടായില്ല. കെ.എസ്.യുവിനും യൂത്ത് കോൺഗ്രസിനും പ്രാതിനിധ്യം നൽകിയപ്പോൾ മഹിളാ കോൺഗ്രസ് അധ്യക്ഷക്ക് സീറ്റ് നൽകാൻ നേതൃത്വത്തിന് സാധിച്ചില്ലേ എന്നാണ് ലതികയുടെ ചോദ്യം. വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സജീവമായി രംഗത്തുണ്ട്. അവർ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. അതേ രീതിയിൽ താനും തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയാണെന്ന് അവർ പറഞ്ഞു.

പ്രതിഷേധവുമായി പതിനൊന്ന് മണി മുതൽ ലതിക സുഭാഷ് കെപിസിസിയിൽ ഉണ്ടായിരുന്നിട്ടും മാധ്യമങ്ങളിലൂടെ എതിർപ്പ് അറിയിച്ചിട്ടും ഒരാൾപോലും തിരിഞ്ഞുനോക്കിയില്ലെന്നും ലതികയെ അനുകൂലിക്കുന്നവർ പറയുന്നു.അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് ലതിക സുഭാഷിനെ പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ തിടുക്കപ്പെട്ട് തീരുമാനമെടുത്താൽ അത് കൂടുതൽ ദോഷമാകുമെന്നാണ് പലരുടേയും അഭിപ്രായം. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ ലതികയുടെ സമർദങ്ങൾക്ക് വഴങ്ങേണ്ടെന്ന് തന്നെയാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP