Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കണ്ണൂരിൽ ഇക്കുറിയും തനിയാവർത്തനം; കടന്നപ്പള്ളിയെ നേരിടാൻ സതീശൻ പാച്ചേനി എത്തുമ്പോൾ വിജയം ആർക്കൊപ്പം? കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് വീണ്ടും പാച്ചേനിക്ക് പാരയാകുമോ എന്ന ഭയം; സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്നും വളർന്ന കോൺഗ്രസ് നേതാവിന് ഇക്കുറി ജീവന്മരണ പോരാട്ടം

കണ്ണൂരിൽ ഇക്കുറിയും തനിയാവർത്തനം; കടന്നപ്പള്ളിയെ നേരിടാൻ സതീശൻ പാച്ചേനി എത്തുമ്പോൾ വിജയം ആർക്കൊപ്പം? കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് വീണ്ടും പാച്ചേനിക്ക് പാരയാകുമോ എന്ന ഭയം; സിപിഎം പാർട്ടി ഗ്രാമത്തിൽ നിന്നും വളർന്ന കോൺഗ്രസ് നേതാവിന് ഇക്കുറി ജീവന്മരണ പോരാട്ടം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ വീണ്ടും തനിയാവർത്തനം മന്ത്രിയും സിറ്റിങ്ങ് എം.എൽ എ യുമായ മന്ത്രി കടന്ന പള്ളി രാമചന്ദ്രനെ നേരിടാൻ ഡി.സി.സി അധ്യക്ഷൻ കൂടിയായസതീശൻ പാച്ചേനി രംഗത്തിറങ്ങും. കണ്ണൂർ മണ്ഡലത്തിൽ കടന്ന പള്ളിയെ നേരിടാൻ വീണ്ടും സതീശൻ പാച്ചേനിയിറങ്ങുമ്പോൾ ഇപ്പോൾ ഇരിക്കൂറിൽ നടക്കുന്ന ഗ്രൂപ്പ് പോര് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നെഞ്ചിടിപ്പേറ്റുകയാണ്. ഇരിക്കൂറിൽ സീറ്റ് നിഷേധിക്കപ്പെട്ട എ ഗ്രൂപ്പ് ജില്ലയിലെമ്പാടും തങ്ങളുടെ പ്രതിഷേധം വ്യാപിപ്പിച്ചു കഴിഞ്ഞു. ഇതു പഴയ എ ഗ്രൂപ്പുകാരനും ഇപ്പോൾ സുധാകര ഗ്രൂപ്പുകാരനുമായ സതീശൻ പാച്ചേനിക്ക് പാരയാകുമോയെന്ന ആശങ്കയുമുണ്ട്. കണ്ണൂരിൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപിലെ അതേ പോരാട്ടമാണ് ഇക്കുറിയും നടക്കാൻ പോകുന്നത്. പാർട്ടിയിലെ അഭിപ്രായ ഭിന്നതകളും ഗ്രൂപ്പുകളായും ചുണ്ടിനും കപ്പിനുമിടെയിലാണ് പാച്ചേനിയുടെ വിജയം തട്ടിത്തെറിപിച്ചത്. തങ്ങൾക്ക് സീറ്റു നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കളുടെയും ഭാരവാഹികളുടെയും കൂട്ടരാജി തുടരുകയാണ്. കോൺഗ്രസ് മത്സരിക്കുന്ന പേരാവൂരും കണ്ണൂരും തോൽപ്പിക്കുമെന്ന് എഗ്രുപ്പ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു പാച്ചേനിക്കും വെല്ലുവിളിയായേക്കും. സുദീർഘമായ ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ പറയാനുണ്ട് പാച്ചേനിയുടെ ജീവിതത്തിന്.

കണ്ണൂർ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത്. എഴുപതുകളുടെ അവസാനം എ.കെ ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളിലെ ആരാധനയിൽ അദ്ദേഹത്തോട് അണിചേർന്ന അനേകായിരങ്ങളിൽ സതീശൻ ഉണ്ടായിരുന്നു.

ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തുള്ള രാഷ്ട്രീയ പ്രവർത്തനം പരിയാരം ഗവൺമെന്റ് സ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയി ഒന്നാമത്തെ എസ്.എസ്.എൽ.സി ബാച്ചിൽ ഇറങ്ങിയ സതീശന്റെ അടുത്ത പ്രവർത്തന കേന്ദ്രം കണ്ണൂർ ഗവൺമെന്റ് പോളിടെക്‌നിക് ആയിരുന്നു. മെക്കാനിക്കൽ ട്രേഡിൽ വിദ്യാർത്ഥിയായി ഇവിടെയും കെ.എസ്. യുവിനെ നയിച്ചു.

1985 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ കെഎസ്‌യു നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന ഐതിഹാസിക സമരം നടത്തിയപ്പോൾ കണ്ണൂരിൽ അത് നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു. കണ്ണൂർ എസ്എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെ.എസ്.യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയായും തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായി. ബി.എ പൊളിറ്റിക്കൽ സയൻസ് പഠിക്കാൻ പയ്യന്നൂർ കോളേജിൽ ചേർന്ന കാലഘട്ടത്തിൽ കെ.സി.വേണുഗോപാൽ കെ.എസ്.യു പ്രസിഡണ്ടായ സമയത്ത് കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗമായി. 1993 ൽ ജെ.ജോസഫ് പ്രസിഡന്റ് ആയ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി തുടർന്ന് അടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റായി സതീശൻ പാച്ചേനിയെ തിരഞ്ഞെടുത്തു.

കേരളത്തിൽ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി പ്രക്ഷോഭങ്ങൾക്ക് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ഭീകരമായ ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾക്ക് മാരകമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്‌ട്രേറ്റ് കെ.എസ്.യു നേതാക്കളെ റിമാൻഡ് ചെയ്യുന്നത്. അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം ഒടിഞ്ഞ പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം നടത്തി.

സതീശൻ പാച്ചേനിയുടെ നിരാഹാരസമരത്തിന്റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസ നാടാർ കെഎസ്‌യു നേതാക്കളെ ചർച്ചയ്ക്ക് വിളിക്കുകയും പാരലൽ കോളേജ് വിദ്യാർത്ഥികളുടെ ചാർജ്ജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണത്തിനായി കെ.എസ്.യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി ഇത് മാറി.

മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീ ഡിഗ്രി എടുത്തുകളഞ്ഞ് സ്‌കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത നിരവധി വകുപ്പുകൾ ചുമത്തി നിരന്തരം ജയിലിൽ അടച്ചാണ് സതീശനെയും സഹപ്രവർത്തകരെയും ഇടത് സർക്കാർ പ്രതിരോധിക്കാൻ .. ശ്രമിച്ചത്. ജയിലിൽ നിരാഹാര സമരം നടത്തി കെഎസ്‌യു നടത്തിയ പ്രതിഷേധവും ചരിത്രസംഭവമായി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് സതീശൻ പാച്ചേനി പ്രസിഡണ്ടായ കാലത്താണ്.

96 കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ ഗുരുനാഥനായ എം വി ഗോവിന്ദൻ മാസ്റ്റർക്ക് എതിരെ കന്നി പോരാട്ടം. 2001 പാർട്ടി നേതൃത്വം സതീശൻ പാച്ചേനിയെ മലമ്പുഴയിൽ വി എസ് അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ് ഏൽപ്പിച്ചത്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്.യു നേതാക്കളും സഹപ്രവർത്തകരും എല്ലാം മലമ്പുഴയിൽ ക്യാമ്പ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വി എസ് ഒരുവിധം ജയിച്ചു കയറിയത്. 2006 ൽ താരമൂല്യത്തിന്റെ പാരമ്യത്തിൽ വി എസ് എത്തി നില്ക്കുന്ന സമയത്തും സതീശൻ പാച്ചേനിയെ തന്നെ മലസുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചു. പാലക്കാട് നിന്ന് ലോകസഭയിലേക്ക് 2009 ൽ പോരാട്ടത്തിന് സതീശൻ പാച്ചേനിയെ പാർട്ടി പരിഗണിച്ചപ്പോൾ നേരിയ 1820 വോട്ടിന് പിറകിൽ പോയി. തുടർന്ന് 5 വർഷത്തിന് ശേഷം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എംപി.വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത് എന്നത് പാച്ചേനിയുടെ പോരാട്ടവീര്യത്തിന്റെ മാറ്റ് കൂടുതൽ പ്രകടമായി പാർട്ടിക്കും ജനങ്ങൾക്കും മനസ്സിലായി. 2001 മുതൽ 2012 വരെ കെപിസിസി സെക്രട്ടറി ആയിരുന്നു സതീശൻ പാച്ചേനി.

തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറിയായി കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസിന് കരുത്തേകാൻ പാച്ചേനി വിശ്രമരഹിതമായ പടയോട്ടത്തിലായിരുന്നു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപരമായി യു.ഡി എഫ് പ്രതിസന്ധി നേരിട്ട സമയത്ത് സംഘടനാ പോരായ്മകളും സിറ്റിങ് എം.എൽ എയെ മണ്ഡലം മാറ്റിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കുരുങ്ങി 1196 വോട്ടിന് നിയമസഭാ മണ്ഡലം നഷ്ടമായി. 2016 ഡിസംബർ 17 ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി പാർട്ടി ചുമതല കണ്ണൂരിൽ ഏല്പിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സമ്മാനിച്ചാണ് നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശ നിഷ്ടയുള്ള പാച്ചേനി ശ്രദ്ധേയനായത്.

പാർട്ടി ഗ്രാമങ്ങളിലൂടെ ഉൾപ്പെടെ പദയാത്രകൾ നിരന്തരം നടത്തി രാഷ്ട്രീയപരമായി കോൺഗ്രസിന് മേൽക്കോയ്മ സൃഷ്ടിച്ച് മുന്നേറി. മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇടത് മുന്നണിക്ക് അതിശക്തമായ പ്രതിരോധം തീർത്ത് രാഷ്ട്രീയ പ്രതികരണങ്ങളിലൂടെ ഭരണ നേതൃത്വത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളി മാറ്റുന്ന പൊളിറ്റിക്കൽ മെത്തഡോളജി രൂപപ്പെടുത്തി. ഒരു മാസക്കാലം നീണ്ട് നില്ക്കുന്ന പദയാത്ര ജില്ലയിലുടനീളം നടത്തി പാർട്ടിക്ക് ഉണർവേകി.

യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന് സിപിഎം അക്രമത്തിനെതിരെ ജില്ലയിൽ അതി ശക്തമായി ജന മനസാക്ഷി ഉണർത്തുന്ന ഇടപെടലിന് നേതൃത്വം നല്കി ഉപവാസ സമരമിരുന്ന് പുതിയ സമര മുഖത്തിന് നായകനായി മാറിയത് ശ്രദ്ധേയമായി. കെ.സുധാകരൻ എം പിയെ നിരാഹാര സമരത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ തീരുമാനത്തിലൂടെ ജില്ലയിൽ കോൺഗ്രസ് നടത്തിയ സമരങ്ങളെ ജനകീയ സമരമായി മാറ്റിയ സംഘടനാപാടവം ഏറെ ചർച്ച ചെയ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ സംസ്ഥാന തലത്തിൽ തന്നെ എറ്റവും മികവുറ്റ രീതിയിൽ പാർട്ടി സംഘടനാ സംവിധാനം ഉപയോഗിച്ച് നടത്തിയ ചാരിറ്റി ഇടപെടൽ ശ്രദ്ധേയമായി. കെ സുധാകരൻ എംപിയുടെ നായകത്വത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വത്തെ ഒരുമിപ്പിച്ച് അപസ്വരങ്ങളില്ലാതെ മുന്നോട്ട് നയിച്ച പൊളിറ്റിക്കൽ ടാക്റ്റിക്‌സ് സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ അഭിനന്ദനങ്ങൾ നേടിയെടുക്കാൻ പാച്ചേനിക്ക് കഴിഞ്ഞു.

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കി നിർത്തിയിരിക്കുകയാണ് പാച്ചേനി. ജനങ്ങൾക്കെല്ലാവർക്കും ഏത് സമയത്തും സമീപിക്കാൻ കഴിയുന്ന പാച്ചേനിയുടെ സൗഹാർദ്ദപൂർണ്ണമായതും ഹൃദയബന്ധം സൂക്ഷിക്കുന്നതുമായ ഇടപെടൽ പൊതു രംഗത്ത് ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് വലിയ മുതൽ കൂട്ടായി മാറിയിട്ടുണ്ട്. തളിപ്പറമ്പ അർബൻ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കെ.വി.റീനയാണ് ഭാര്യ. കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ജവഹറും ഉറുസിലിൻ സീനിയർ സെക്കന്ററി സ്‌കൂളിൽ എസ്.എസ്.എൽ.സിക്ക് പഠിക്കുന്ന സാനിയയുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP