Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മുകുന്ദനേയും ശോഭാ സുരേന്ദ്രനേയും വെട്ടിയൊതുക്കിയവർ ആർഎസ്എസ് സൈദ്ധാന്തികനേയും വെറുതെ വിട്ടില്ല; ഡൽഹിയിൽ നിന്ന് ജന്മനാട്ടിലെത്തി അനൗദ്യോഗിക പ്രചരണം തുടങ്ങിയതെല്ലാം വെറുതെയായി; മോദിയുടെ സുഹൃത്ത് ബാലശങ്കറും പട്ടികയിൽ നിന്ന് പുറത്ത്; ബിഎൽ സന്തോഷും മുരളീധര വിഭാഗവും ചേർന്ന് ചെങ്ങന്നൂരിൽ നടത്തിയത് സർജിക്കൽ സ്‌ട്രൈക്ക്!

മുകുന്ദനേയും ശോഭാ സുരേന്ദ്രനേയും വെട്ടിയൊതുക്കിയവർ ആർഎസ്എസ് സൈദ്ധാന്തികനേയും വെറുതെ വിട്ടില്ല; ഡൽഹിയിൽ നിന്ന് ജന്മനാട്ടിലെത്തി അനൗദ്യോഗിക പ്രചരണം തുടങ്ങിയതെല്ലാം വെറുതെയായി; മോദിയുടെ സുഹൃത്ത് ബാലശങ്കറും പട്ടികയിൽ നിന്ന് പുറത്ത്; ബിഎൽ സന്തോഷും മുരളീധര വിഭാഗവും ചേർന്ന് ചെങ്ങന്നൂരിൽ നടത്തിയത് സർജിക്കൽ സ്‌ട്രൈക്ക്!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെങ്ങന്നൂരിൽ മുരളീധര വിഭാഗം നടത്തിയ കടുംവെട്ടി. ബിജെപി പട്ടിക പുറത്തുവരുമ്പോൾ ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയായി ആർ ബാലശങ്കർ ഇല്ല. കേരളത്തിലെ ആർഎസ്എസ് നേതൃത്വം പോലും ഇതെ ഞെട്ടലോടെയാണ് കേട്ടത്. ആർഎസ്എസ് നയ രൂപീകരണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ബാലശങ്കറെ അതീവ രഹസ്യമായാണ് മുരളീധര വിഭാഗം വെട്ടിയത്. ചെങ്ങന്നൂരിൽ ബാലശങ്കർ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് പ്രചരണം തുടങ്ങിയിരുന്നു. ബിജെപി ലിസ്റ്റ് വരുമ്പോൾ ശോഭാ സുരേന്ദ്രനെ പോലെ ബാലശങ്കറിനും സീറ്റില്ല. പിപി മുകുന്ദനെ വെട്ടിയൊതുക്കിയ അതേ മാതൃകയിൽ ബാലശങ്കറിന്റെയും സ്ഥാനാർത്ഥി മോഹത്തെ ഇല്ലായ്മ ചെയ്യുകയാണ് കേരളത്തിലെ ബിജെപിയിലെ പ്രബല വിഭാഗം.

ബിജെപിയുടെ ദേശീയ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പാർട്ടി ബൗദ്ധിക വിഭാഗം തലവനാണ് ഡോ.ആർ ബാലശങ്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ മത്സരിക്കാൻ സാധ്യത മുന്നിൽ കണ്ടുള്ള പ്രവർത്തനവും നടത്തി. ബാലശങ്കർ കേരളത്തിൽ പ്രവർത്തിക്കണമെന്ന താൽപര്യം മോദി ഉൾപ്പെടെ ദേശീയ നേതൃത്വം അറിയിച്ചതിനെ തുടർന്നാണ് ജന്മനാട്ടിലേക്കു വന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 38,666 വോട്ട് ലഭിച്ചു. ഇത് ഉയർത്താനും ചെങ്ങന്നൂരിൽ ജയിക്കാനും ബാലശങ്കറിന് കരുതുമെന്ന് പൊതു വിലയിരുത്തലുമുണ്ടായി. എന്നാൽ അന്തിമ പട്ടികയിൽ ഈ പേരില്ലെന്നതാണ് വസ്തുത.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ ബാലശങ്കറിന്റെ പേര് വെട്ടിയ വിവാദം ഏറെ ചർച്ചായായിരുന്നു. ദേശീയ ജനറൽ സെക്രട്ടറിയാക്കാൻ നൽകിയ നിർദ്ദേശം നിരാകരിക്കപ്പെട്ടതിനെ തുടർന്ന് ബാലശങ്കറിനെ ബിജെപിയിൽ നിന്നും ആർഎസ്എസ് പിൻവലിക്കുമെന്നും സൂചനയുണ്ടായിരുന്നു. ആർഎസ്എസിന്റെ ഏറ്റവും ഉന്നത നേതാക്കളിൽ ഒരാളുടെ നിർദ്ദേശമാണ് ബിജെപി പുനഃസംഘടനയിൽ പൂർണമായും നിരാകരിക്കപ്പെട്ടത്. ഇപ്പോൾ സ്ഥാനാർത്ഥി പട്ടികയിലും ബാലശങ്കറിന് സ്ഥാനമില്ല.

പ്രവർത്തനങ്ങളും അടിത്തറയും വിപുലമാക്കാൻ വേണ്ടി ആർഎസ്എസ് നേതൃത്വം ബിജെപിക്ക് വിട്ടു നൽകിയതാണ് ബാലശങ്കറിനെ. ആർഎസ്എസ് വിട്ടു നൽകിയതിനെ തുടർന്ന് ബിജെപിക്ക് ഒപ്പമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബാലശങ്കറിന്റെ യാത്രകൾ. ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഈ സഹയാത്രികനെയാണ് സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളെ തുടർന്ന് ഭാരവാഹി ലിസ്റ്റിൽ നിന്നും വെട്ടിമാറ്റിയത്. ഇതു തന്നെയാണ് ഇപ്പോഴും സംഭവിച്ചത്.

ബിജെപിയുടെ സംഘടനാ ഭാരവാഹികളുടെ പട്ടികയിൽ നിന്നും വി.മുരളീധരൻ-ബി.എൽ.സന്തോഷ് ടീം ആണ് ബാലശങ്കറിനെ ഒഴിവാക്കിയത് എന്നാണ് പരിവാറിനുള്ളിൽ നിന്നും ഉയരുന്ന ആരോപണം. പ്രവർത്തനങ്ങൾക്കായി ബിജെപി ആസ്ഥാനത്ത് സ്വന്തമായി മുറി വരെ ദേശീയ ബിജെപി നേതൃത്വം ബാലശങ്കറിനു അനുവദിച്ച് നൽകിയിട്ടുണ്ട്. ബാലശങ്കറിന് ദേശീയ നേതൃത്വം നൽകുന്ന പരിഗണനയുടെ ഭാഗമായാണ് ആസ്ഥാനത്ത് മുറിപോലും വിട്ടു നൽകിയത്. ബാലശങ്കറിനെ ചെങ്ങന്നൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം രൂപപ്പെട്ടത് ആർഎസ്എസ് മൂശയിലാണ്. എന്നാൽ ബിജെപി സംഘടനാ സെക്രട്ടറി ബി.എൽ.സന്തോഷും വി.മുരളീധരനും ചേർന്ന് ബാലശങ്കറിന്റെ പേര് വെട്ടുകയായിരുന്നു.

ചെങ്ങന്നൂരിൽ എത്തി ബാലശങ്കർ പ്രചരണം തുടങ്ങിയിരുന്നു. എൻ എസ് എസുമായും ക്രൈസ്തവ സഭകളുമായി ബാലശങ്കറിന് അടുപ്പവും ഉണ്ടായിരുന്നു. പഴയ ആർ എസ് എസുകാരേയും മറ്റും കണ്ട് ബാലശങ്കർ അനൗദ്യോഗിക പ്രചരണവും തുടങ്ങി. എന്നിട്ടും ബാലശങ്കറിന് സീറ്റ് നൽകിയില്ല. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ പിഎസ് ശ്രീധരൻ പിള്ളയാണ് മത്സരിച്ചത്. 42000 വോട്ട് കിട്ടി. ഉപതെരഞ്ഞെടുപ്പിൽ അത് 35,000 ആയി. ഇത്രയും പ്രധാനപ്പെട്ട മണ്ഡലത്തിൽ ബാലശങ്കർ മത്സരിക്കുമെന്ന പൊതു വിശ്വാസം ബിജെപി പ്രവർത്തകർക്കുമുണ്ടായിരുന്നു.

ബാലശങ്കറിന്റെ കേരള താത്പര്യങ്ങളെക്കുറിച്ച് സംശയമുണ്ടായിരുന്നതിനാലാണ് തനിക്കും ഗ്രൂപ്പിനും ഭീഷണിയായി മാറും എന്ന് കരുതി ഈ കാര്യത്തിൽ ഒരു കടുംവെട്ടൽ വി.മുരളീധരന്റെ ഭാഗത്ത് നിന്നും വീണ്ടും വന്നതെന്നാണ് വിലയിരുത്തൽ. കേരളത്തിലെ ബിജെപിക്കാരുമായി ബാലശങ്കറിന് വലിയ അടുപ്പം ഉണ്ടായിരുന്നില്ല. അത്തരത്തിലൊരു വ്യക്തിയെ ചെങ്ങന്നൂരിൽ അംഗീകരിക്കേണ്ടതില്ലെന്ന് മുരളീധര വിഭാഗം തീരുമാനിക്കുകയായിരുന്നു.

ബാലശങ്കർ പോലെയുള്ള ഒരു നേതാവിന് ഈ രീതിയിലുള്ള അനുഭവം വന്നതിൽ ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും അസ്വസ്ഥരാണ്. എന്താണ് സംഭവിച്ചത് എന്ന് ആരും മനസിലാക്കിയിരുന്നുമില്ല. ് ബി.എൽ.സന്തോഷ്-വി.മുരളീധരൻ കൂട്ടുകെട്ടാണ് പേര് വെട്ടലിനു പിന്നിൽ എന്ന് സംഘപരിവാറിനുള്ളിൽ തന്നെ ചർച്ച തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് ആർക്കും ദേശീയ ഭാരവാഹിപ്പട്ടികയിൽ ഇടംകിട്ടിയിട്ടില്ല. പക്ഷെ സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും അവിടെനിന്ന് ബിജെപിയിലേക്കു കൂടു മാറുകയും ചെയ്ത എ.പി.അബ്ദുല്ലക്കുട്ടിയെ ഉപാധ്യക്ഷനാക്കിയും മലയാളിയായ ടോം വടക്കനെ ദേശീയ വക്താവാക്കി മാറ്റുകയും ചെയ്തിരുന്നു. ഈ ആരോപണവുമായി ചേർത്ത് ബാലശങ്കറിന്റെ പേര് വെട്ടിയതിലും കൂട്ടിവായിക്കപ്പെടുന്നത് വി.മുരളീധരന്റെ പേര് തന്നെയായിരുന്നു.

ബിജെപിയുടെ സംഘടനാ ചുമതലയുള്ള ബി.എൽ.സന്തോഷും വി.മുരളീധരനും തമ്മിൽ സൗഹൃദം ശക്തമാണ്. എബിവിപി കാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇവർ തമ്മിൽ ഇപ്പോഴും നിലനിൽക്കുന്നത്. ബി.എൽ.സന്തോഷ് വി.മുരളീധരന്റെ താത്പര്യങ്ങൾക്ക് അരുനിൽക്കുകയാണ് എന്ന ആരോപണം കൃഷ്ണദാസ് ഗ്രൂപ്പിൽ ശക്തമാണ്. ഇതിന് പുതിയ മാനം നൽകുന്നതാണ് ബാലശങ്കറിന്‌റെ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നത്. ആർഎസ്എസ് മുഖപത്രം ഓർഗനൈസറിന്റെ പത്രാധിപരായിരുന്ന ബാലശങ്കറിന്റെ പേര് വെട്ടിയതിലെ അതൃപ്തി പുതിയ തലത്തിലെത്താൻ സാധ്യതയുണ്ട്.

വി.മുരളീധരനെ അപേക്ഷിച്ച് ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉള്ള നേതാവാണ് ബാലശങ്കർ. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പത്രാധിപർ, ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം, പ്രസിദ്ധീകരണ വിഭാഗം സഹ കൺവീനർ എന്നീ പദവികൾ ബാലശങ്കർ വഹിച്ചിട്ടുണ്ട്. പതിനൊന്നു വർഷമാണ് ഓർഗനൈസർ പത്രാധിപരായി ബാലശങ്കർ തുടർന്നത്. ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒന്നായും ബാലശങ്കർ പരിഗണിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് എഴുതിയ യ ക്രിയേറ്റീവ് ഡിസ്റപ്റ്റർ എന്ന പുസ്തകം ശ്രദ്ധേയവുമായിരുന്നു. എട്ടു ഭാഷകളിലേക്കാണ് ഈ പുസ്തകം പരിഭാഷ ചെയ്യപ്പെട്ടത്. ബെസ്റ്റ് സെല്ലർ ആയിരുന്ന പുസ്തകം കൂടിയാണിത്. എൻഡിടിവി, ഔട്ട്‌ലുക്ക്, ഡിഎൻഎ എന്നീ മാധ്യമങ്ങളിൽ ബാലശങ്കർ ചെയ്യുന്ന കോളങ്ങളും ശ്രദ്ധേയമാണ്.

ബാലശങ്കർ കേരളത്തിലെ ബിജെപി പ്രസിഡന്റ് പദവിയിലേക്ക് നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഒന്നായിരുന്നു. ബാലശങ്കറിന് കേരള താത്പര്യങ്ങളുമുണ്ട്. ഈ രീതിയിൽ ശക്തനായ ബാലശങ്കർ കേരളത്തിൽ നിറയുന്നതിനെ മുരളീധര വിഭാഗം അംഗീകരിക്കുന്നില്ല. ഇതാണ് ബാലശങ്കറിനെ വീണ്ടും ഒരിക്കൽ കൂടി വെട്ടാൻ കാരണമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP