Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സീറ്റ് മോഹിച്ച് കൂട്ടത്തോടെ ചാടിയ ഒറ്റ നേതാവിന് പോലും സീറ്റില്ല; പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളെ കുത്തിനിറച്ചപ്പോൾ ജോസ് കെ മാണിയെ ഉപേക്ഷിച്ച് എത്തിയ സകലർക്കും നിരാശ; സീറ്റ് ചോദിച്ച് കോൺഗ്രസുകാരെയും ബിജെപിക്കാരെയും വരെ കണ്ട മാണിയുടെ മരുമകന് സീറ്റ് കൊടുത്തത് വിവാദമാകുന്നു

സീറ്റ് മോഹിച്ച് കൂട്ടത്തോടെ ചാടിയ ഒറ്റ നേതാവിന് പോലും സീറ്റില്ല;  പഴയ ജോസഫ് ഗ്രൂപ്പ് നേതാക്കളെ കുത്തിനിറച്ചപ്പോൾ ജോസ് കെ മാണിയെ ഉപേക്ഷിച്ച് എത്തിയ സകലർക്കും നിരാശ; സീറ്റ് ചോദിച്ച് കോൺഗ്രസുകാരെയും ബിജെപിക്കാരെയും വരെ കണ്ട മാണിയുടെ മരുമകന് സീറ്റ് കൊടുത്തത് വിവാദമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട എന്ന് പറയാമോന്നറിയില്ല. ഇവിടെ പേടിയല്ല ആശയായിരുന്നു. ആ ആശ നിരാശയായി മാറി. കേരള കോൺഗ്രസ് എം ജോസ് വിഭാഗത്തിനോട് ഇടഞ്ഞ് ജോസഫിനൊപ്പം കൂടിയ നേതാക്കളെല്ലാം ഇപ്പോൾ വിഷാദമൂകരാണ്. ഇനിയെപ്പോഴാണ് അടുത്ത ഒരുചാൻസ് വരിക.? ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാടിനോട് പിണങ്ങിയ കെ.എം.മാണിയുടെ മരുമകൻ എംപി.ജോസഫിനാകട്ടെ തൃക്കരിപ്പൂർ സീറ്റും.

മുതിർന്ന നേതാക്കളായ ജോസഫ് എം പുതുശേരിയും വിക്ടർ ടി തോമസും അവകാശവാദം ഉന്നയിച്ചിരുന്ന തിരുവല്ലയിലും അപ്രതീക്ഷിത സ്ഥാനാർത്ഥിയാണ് പട്ടികയിൽ ഇടംപിടിച്ചത്. കുഞ്ഞുകോശി പോളാണ് ഇവിടെ സ്ഥാനാർത്ഥി. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും.ഫ്രാൻസിസ് ജോർജ് ഇടുക്കിയിൽ നിന്നാകും ജനവിധി തേടുക. ഇരിങ്ങാലക്കുട സീറ്റിൽ തോമസ് ഉണ്ണിയാടൻ സ്ഥാനാർത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടിൽ അഡ്വ ജേക്കബ് എബ്രഹാം, ചങ്ങനാശേരിയിൽ വി ജെ ലാലി, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ് എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക.

ജോസഫ് എം പുതുശേരിക്കും സജി മഞ്ഞക്കടമ്പനും സീറ്റില്ലാത്തത് തിരുവല്ലയിലും ഏറ്റുമാനൂരും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ചങ്ങനാശേരിയിൽ സി എഫ് തോമസിന്റെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വി ജെ ലാലിയെയാണ്. പ്രാദേശിക പിന്തുണ കൂടി കണക്കിലെടുത്താണ് പ്രഖ്യാപനമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മുതിർന്ന നേതാവ് ജോണി നെല്ലൂരിനും സീറ്റ് ലഭിച്ചില്ല.പതിമൂന്ന് സീറ്റാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം യു ഡി എഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒമ്പത് സീറ്റ് മാത്രമെ നൽകാനാകൂ എന്ന നിലപാടിലായിരുന്നു മുന്നണി. അവസാന നിമിഷമാണ് തൃക്കരിപ്പൂർ കൂടി ജോസഫിന് വിട്ടു നൽകാൻ ധാരണയായത്.

നിരാശയും പൊട്ടിത്തറിയും

കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലധികം സീറ്റ് കിട്ടിയിട്ടും മാണിയെ വിട്ടുവന്നവർക്ക് നിരാശ മാത്രം. ജോണിനെല്ലൂർ, ജോസഫ് എം പുതുശ്ശേരി, വിക്ടർ ടി തോമസ് ,സജി മഞ്ഞക്കടമ്പൻ, മൈക്കിൾ ജെയിംസ്, നോബിൻ ജോസഫ് ,സാജൻ ഫ്രാൻസിസ്, വർഗീസ് മാമൻ, തോമസ് കുന്നപ്പള്ളി തുടങ്ങിയ അനേകം നേതാക്കളാണ് നിരാശരായത്.

ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ഏറ്റുമാനൂരിൽ പരിഗണിക്കുന്ന പ്രിൻസ് ലൂക്കോസ് സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥി ആണെന്നും നേതാക്കൾ ആരോപിക്കുന്നു. പൂഞ്ഞാർ അല്ലെങ്കിൽ കോട്ടയത്ത് ഏതെങ്കിലും ഒരു സീറ്റ് സജി മഞ്ഞക്കടമ്പന് ഉറപ്പു നൽകിയിരുന്നതാണ്. ഏറ്റുമാനൂരിൽ സീറ്റില്ലാതായതോടെ സജി മഞ്ഞക്കടമ്പൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഒടുവിൽ മഞ്ഞകടമ്പൻ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

വിക്ടർ ടി തോമസ് തിരുവല്ല ഉറപ്പിച്ചാണ് നിന്നത്. അതും വെറുതെയായി. പറഞ്ഞു പറ്റിച്ചെന്നാണ് വിക്ടറിന്റെ പരാതി. സീറ്റുകൾ മോഹിച്ച് വിവിധ കേരള കോൺഗ്രസ് ഗ്രൂപ്പുകളിൽ നിന്ന് പാർട്ടിയിലെത്തിയവരിൽ ഫ്രാൻസിസ് ജോർജ്, പ്രിൻസ് ലൂക്കോസ് എന്നിവർക്ക് മാത്രമാണ് സീറ്റ്. മോൻസ് ജോസഫിനോട് അടുത്ത് നിൽക്കുന്ന തോമസ് ഉണ്ണിയാടനും സീറ്റ് കിട്ടി.

തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചു തോറ്റ ജെപി ലാലി ക്കും, ലോക്‌സഭ നിയമസഭ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റ ഫ്രാൻസിസ് ജോർജിനുമെല്ലാം സീറ്റ് നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് നിരാശരായവർ ചോദിക്കുന്നു. കേരളാ കോൺഗ്രസ് പിളർത്തുമ്പോൾ ജോസഫിന് തുണയായത് ചങ്ങനാശ്ശേരി എംഎൽഎയായ സിഎഫ് തോമസിന്റെ നിലപാടാണ്.ചങ്ങനാശ്ശേരിയിൽ സി എഫ് എന്റെ മക്കൾക്കും സഹോദരനും സീറ്റ് നിഷേധിച്ചതോടെ നിർണായക സമയത്ത് ഒപ്പം നിന്ന് സി എഫ് തോമസിനെ കുടുംബത്തോടും അനാദരവ് കാട്ടി എന്ന ആക്ഷേപം കുടുംബത്തിനും ഉണ്ട് . സിഎഫിന്റെ മരണ ശേഷം ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യമുണ്ടായിരുന്നു. അന്ന് സഹോദരന്റെ പേരു പറഞ്ഞാണ് കേരളാ കോൺഗ്രസ് വികാരം ജോസഫ് ആളിക്കത്തിച്ചത്. എന്നാൽ ആ ഉപതെരഞ്ഞെടുപ്പ് നടന്നില്ല. ഇപ്പോൾ ആ സഹോദരനെ പൂർണ്ണമായും മറന്നു. ഇതെല്ലാം ജോസഫ് വിഭാഗത്തിൽ വൻ പൊട്ടിത്തെറി കാരണമാവുകയാണ്.

എംപി.ജോസഫിന് സീറ്റ് നൽകിയതും വിവാദമാകുന്നു

വർഷങ്ങളോളം നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് എൽഡിഎഫിൽ ചേക്കേറിയ ജോസ് കെ. മാണിയെ വിമർശിച്ച് കെ.എം മാണിയുടെ മകളുടെ ഭർത്താവ് രംഗത്തെത്തിയത് നേരത്തെ വാർത്തയായിരുന്നു. 1978 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു എം പി ജോസഫ്. അതിന് മുമ്പ് ഐപിഎസ് നേടിയ അദ്ദേഹം പരിശീലനത്തിന് ശേഷം ഐഎഎസ് എഴുതിയെടുക്കുകയായിരുന്നു. തൃശ്ശൂർ സബ് കളക്ടറും എറണാകുളം ജില്ലാ കളക്ടറുമായിരുന്ന ജോസഫ് വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

ഇടതു മുന്നണിയുമായി ഒത്തുപോകാനാകാതെ കെ.എം മാണി പോലും എൽഡിഎഫിൽനിന്ന് തിരികെ യുഡിഎഫിൽ എത്തി എന്നതാണ് ചരിത്രമെന്നും കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി ആവശ്യപ്പെട്ടാൽ ജോസ് കെ മാണിക്കെതിരെ മത്സരിക്കുമെന്നും എംപി.ജോസഫ് പറഞ്ഞിരുന്നു. ബാർ കോഴ വിവാദ കാലത്ത് കെ.എം മാണിയെ മാനസികമായി വേട്ടയാടിയ പ്രസ്ഥാനമാണ് സിപിഎം എന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണിയുടെ രാഷ്ട്രീയ നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സ്വന്തം മകളുടെ ഭർത്താവ് ഡോ ജോ ജോസഫ് കോതമംഗലത്ത് യുഡിഎഫിനെതിരെ 20 :20 സ്ഥാനാർത്ഥിയായതിന്റെ ക്ഷീണം തീർക്കാൻ കെഎം മാണിയുടെ മരുമകൻ എം പി ജോസഫിനെ കോൺഗ്രസിൽ നിന്നും കടമെടുത്ത് ഒപ്പം കൂട്ടിയാണ് ജോസഫ് തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാക്കിയതെന്നും ആരോപണമുയരുന്നുണ്ട്.

തൃക്കരിപ്പൂരിൽ ആദ്യഘട്ടത്തിൽ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജെസ്റ്റോ ജോസഫിനെയാണ് പരിഗണിച്ചിരുന്നത്.. എന്നാൽ ഇടതിന് ശക്തമായ മുന്നേറ്റമുള്ള തൃക്കരിപ്പൂരിൽ മുസ്ലിം ലീഗിന്റേയും കോൺഗ്രസിന്റേയും ഇതിന് പുറമേ കത്തോലിക്കാ സഭയുടേയും പിന്തുണ എം. പി ജോസഫിനുണ്ട് എന്നതാണ് അനുകൂല ഘടകമായി പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP