Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃത്താല നിലനിർത്താൻ വി ടി ബൽറാം; അഭിമാന പോരാട്ടത്തിന് എം ബി രാജേഷ്; കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കാൻ സന്ദീപ് വാര്യർ; തുറുപ്പ് ചീട്ടുമായി ബിജെപി എത്തുന്നത് പരമാവധി വോട്ട് ലക്ഷ്യമിട്ട്; ഇടത് വലത് മുന്നണികൾക്ക് സാരഥ്യമരുളിയ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും പോരാട്ടം

തൃത്താല നിലനിർത്താൻ വി ടി ബൽറാം; അഭിമാന പോരാട്ടത്തിന് എം ബി രാജേഷ്; കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കാൻ സന്ദീപ് വാര്യർ; തുറുപ്പ് ചീട്ടുമായി ബിജെപി എത്തുന്നത് പരമാവധി വോട്ട് ലക്ഷ്യമിട്ട്; ഇടത് വലത് മുന്നണികൾക്ക് സാരഥ്യമരുളിയ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇടതുവലത് മുന്നണികൾക്ക് സാരഥ്യമരുളിയ പാലക്കാട് ജില്ലയിലെ തൃത്താലയിൽ ഇത്തവണ കളമൊരുങ്ങുന്നത് വമ്പൻ പോരാട്ടത്തിന്. സംസ്ഥാന വക്താവ് സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കി കടുത്ത ത്രികോണ മത്സരത്തിന് കളമൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

തുടർച്ചയായ മൂന്നാം തവണ ജയം ലക്ഷ്യമിടുന്ന കോൺഗ്രസിലെ യുവ നേതാവ് വി.ടി. ബൽറാമിനെ വീഴ്‌ത്താൻ മുൻ എംപി എം.ബി. രാജേഷിനെയാണ് സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സന്ദീപ് വാര്യർ കൂടി മത്സര രംഗത്ത് എത്തുന്നതോടെ ത്രികോണ മത്സരത്തിന് വഴിയൊരുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 2011ൽ ബിജെപിക്ക് 5899 വോട്ട് ഉണ്ടായിരുന്ന സ്ഥാനത്ത് 2016ൽ അത് 14,570ഉം വോട്ടുകളായി വർധിച്ചിരുന്നു. ശക്തമായ പോരാട്ടം കാഴ്ചവച്ച് പരമാവധി വോട്ട് നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

സ്ഥാനാർത്ഥി പട്ടികയിൽ മാറ്റം വരുത്തി സന്ദീപ് വാര്യരെ തൃത്താലയിലേക്ക് നിയോഗിച്ചതായാണ് സൂചന.രണ്ടു തവണയായി തൃത്താലയിലെ എം എൽ എയാണ് വി ടി ബൽറാം. നേരത്തെ പാലക്കാട് എം പിയായിരുന്ന എം ബി രാജേഷിന് തൃത്താല പിടിക്കുക എന്നത് അഭിമാന പോരാട്ടമാണ്. രണ്ട് യുവ നേതാക്കൾ തമ്മിലുള്ള പോരാട്ടം എന്ന നിലയിൽ പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ തൃത്താല താരമണ്ഡലങ്ങളിലൊന്നായി കഴിഞ്ഞിരുന്നു.

ബിജെപിക്ക് കാര്യമായ വോട്ടുള്ള മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ആരെന്നത് നിർണായകമാണ്. സന്ദീപ് വാര്യർ തൃത്താലയിൽ സ്ഥാനാർത്ഥിയാവുന്നതോടെ യുവ നേതാക്കൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാവും മണ്ഡലം സാക്ഷ്യം വഹിക്കുക. ബിജെപിയുടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമ്പോൾ മണ്ഡലത്തിൽ ഇടതും വലതും ഏറക്കുറെ ബലാബലത്തിലാണ്. തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനിൽ 12ഉം നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി. തിരുമിറ്റകോട്, തൃത്താല, നാഗലശ്ശേരി പഞ്ചായത്ത് എൽ.ഡി.എഫിനൊപ്പം തന്നെനിന്നു.

ചാലിശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് നിലനിർത്തി. അതോടൊപ്പം ഇടതിന്റെ കൈവശമുണ്ടായിരുന്ന പട്ടിത്തറയും പരുതൂർ, ആനക്കര പഞ്ചായത്തുകൾ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഇരുപക്ഷവും തുല്യനിലയിലായ കപ്പൂരിൽ ടോസിലൂടെ സിപിഎം പ്രസിഡന്റ് സ്ഥാനത്തെത്തി. വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും.

ആനക്കര, കപ്പൂർ, പട്ടിത്തറ, തിരുമിറ്റകോട്, തൃത്താല, ചാലിശ്ശേരി, നാഗലശ്ശേരി, പരുതൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തൃത്താല മണ്ഡലം. 1965ൽ മണ്ഡലം നിലവിൽ വന്നതെങ്കിലും '67ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. അക്കാലത്ത് പൊന്നാനി താലൂക്ക് പരിധിയിലാണ് തൃത്താല ഉൾപ്പെട്ടിരുന്നത്. മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയ രണ്ടുപേർ വലത് മന്ത്രിസഭയിൽ അംഗമായതും ചരിത്രം.

എസ്.സി സംവരണ മണ്ഡലം കൂടിയായിരുന്നു. ആദ്യ അങ്കത്തിൽ സിപിഎം പ്രതിധിധി ഇ.ടി. കുഞ്ഞൻ തെരഞ്ഞെടുത്തു. മൂന്ന് വർഷത്തിന് ശേഷം 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച വെള്ള ഈച്ചരൻ വിജയിക്കുകയും മന്ത്രിസഭാംഗമാകുകയും ചെയ്തു.

പിന്നീടുള്ള നാല് തെരഞ്ഞെടുപ്പിലും കോൺഗ്രസ് തന്നെയാണ് തൃത്താലയെ നയിച്ചത്. '77ൽ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതോടെ മഹാരാഷ്ട്ര ഗവർണർ ആയിരുന്ന കെ. ശങ്കരനാരായണൻ കോൺഗ്രസ് പക്ഷം കാത്ത് നിയമസഭയിലെത്തി. '80ൽ വീണ്ടും എസ്.സി സംവരണമാക്കി.

ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എംപി. താമിയിലൂടെ യു.ഡി.എഫ് മണ്ഡലം നിലനിർത്തി. രണ്ട് വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തന്നെ കെ.കെ. ബാലകൃഷ്ണനായിരുന്നു വിജയം. അദ്ദേഹം കെ. കരുണാകരൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി.

എന്നാൽ, അദ്ദേഹത്തിന് 13 മാസം മാത്രമേ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞുള്ളൂ. 1983 ആഗസ്റ്റിൽ അദ്ദേഹം ഒഴിഞ്ഞു. 1987ൽ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോൾ എംപി. താമി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1991ൽ നടന്ന തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾക്കുശേഷം മണ്ഡലം ഇടത്തോട്ട് ചാഞ്ഞു. ഇ. ശങ്കരനിലൂടെ സിപി.എം മണ്ഡലം പിടിച്ചെടുത്തു.

1996ലും 2001ലും വി.കെ. ചന്ദ്രനിലൂടെയും 2006ൽ ടി.പി. കുഞ്ഞുണ്ണിയിലൂടെയും ഇടതുപക്ഷം മണ്ഡലം നിലനിർത്തി. 2011ൽ തൃത്താലയെ പൊന്നാനി ലോക്സഭയോട് ചേർത്തു. തൃത്താല ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽനിന്ന് തിരുവേഗപ്പുറയെ പട്ടാമ്പി മണ്ഡലത്തിലേക്കും പകരം പരുതൂർ പഞ്ചായത്തിനെ തൃത്താലയിലേക്കും മാറ്റി.

രൂപംമാറി ജനറൽ സീറ്റായ തൃത്താലയിൽ വി.ടി. ബൽറാമിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കി. സിപിഎം നേതാവ് പി.കെ. മമ്മികുട്ടിയായിരുന്നു എതിരാളി. 3197 വോട്ട് ഭൂരിപക്ഷത്തിൽ കന്നിക്കാരൻ ബൽറാം ഇടത് മുന്നേറ്റത്തിന് തടയിട്ടു. അതിന് ശേഷം 2016ൽ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കിനെ തോൽപിച്ച് ബൽറാം തന്നെ രണ്ടാം അങ്കത്തിൽ നിലയുറപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP