Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?

രാഹുലിന്റെ പേരിൽ ഇരുപതോളം സ്ഥാനാർത്ഥികളെ തിരുകി കയറ്റാൻ ഉറച്ചു കെ സി വേണുഗോപാൽ; ഇരുക്കൂറിലും കായംകുളത്തും അടക്കം വേണുവിന്റെ സ്ഥാനാർത്ഥികൾക്കെതിരെ രോഷം; നേമത്തെ മത്സര വിഷയം ഉയർത്തിയത് ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയേയും പ്രതിരോധിക്കാൻ; രാഹുലിനെ ഉപദേശിച്ചു ഒരു പരുവത്തിലാക്കിയ വേണുഗോപാൽ കേരളത്തിലെ കോൺഗ്രസിന്റെയും അന്തകനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക കീറാമുട്ടിയായി ഇപ്പോഴും തുടരുന്നത് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തന്ത്രങ്ങളെ തുടർന്ന്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചേർന്നു തയ്യാറാക്കിയ പട്ടികയിൽ വിജയസാധ്യത കുറവാണെന്ന് പറഞ്ഞും സർവേയുടെ കാര്യം ചൂണ്ടിക്കാട്ടിയുമാണ് കെസി ഇടപെടൽ നടത്തുന്നത്. ഈ പട്ടികയിൽ തന്റെ അനുഭാവികളായ ഇരുപതോളം പേരെ തിരുകി കയറ്റനാണ് വേണുഗോപാൽ ശ്രമിക്കുന്നത്. കോൺഗ്രസിന് വേണ്ടി ദ്വീർഘകാലം പ്രവർത്തിക്കുകയും ചെയ്തവരെ നിരാശരാക്കുന്ന വിധത്തിലാണ് കെസിയുടെ ഇടപെടൽ. ഈ ഇടപെടലിൽ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും കടുത്ത അമർഷവുമുണ്ട്.

ഇരിക്കൂറിലും കായംകുളത്തും അടക്കം കെ സി വേണുഗോപാൽ നിശ്ചയിച്ച സ്ഥാനാർത്ഥികൾക്കെതിരെ വികാരം ശക്തമാണ്. ഇരുക്കൂറിൽ സോണി സെബാസ്റ്റ്യനെ വെട്ടി സജീവ് ജോസഫിന് വേണ്ടിയാണ് കെ സി കളത്തിലുള്ളത്. കായംകുളത്താകട്ടെ ഡിസിസി അധ്യക്ഷൻ എം ലിജുവിന് പകരം ആതിരാ ബാബുവിന്റെ പേരാണ് കെസി മുന്നോട്ടു വെച്ചിരിക്കുന്നത്. യുവപ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും ചൂണ്ടിക്കാട്ടിയാണ് കെ സിയുടെ വെട്ടിനിരത്തൽ. ഇതിനെതിരെ കടുത്ത വികരമാണ് പാർട്ടിക്കുള്ളിൽ ശക്തമായിരിക്കുന്നത്. ഇത് കൂടാതെ തൃശ്ശൂരിലെ പല സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുടെ ഇടപെടലുണ്ട്.

നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന പിടിവാശിക്ക് പിന്നിലുള്ളതും കെസിയുടെ ബുദ്ധിയാണ്. ഈ വിഷയം മുന്നോട്ടു വെച്ചു രാഷ്ട്രീയമായി ഇവരെ സമ്മർദ്ദത്തിലാക്കുകയാണ് കെ സി ചെയ്യുന്നത്. നിങ്ങൾ മത്സരിച്ചില്ലെങ്കിൽ താൻ മത്സരിക്കാമെന്ന വിധത്തിലുള്ള ഉപാധിയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്നത്. വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കുക എന്നാതാണ് കെസിയുടെ തന്ത്രം. നേമം എന്ന പ്രലോഭനത്തിൽ ഉമ്മൻ ചാണ്ടി തലവെക്കാത്തതും ഇക്കാരണം കൊണ്ടാണ്.

നേമത്ത് മത്സരിക്കുമെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടി രംഗത്തു വന്നിരുന്നു. നിലവിൽ അത്തരം ചർച്ചകൾ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ഇത്തരം വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും ഹൈക്കമാൻഡ് നേതാക്കളെ കണ്ടിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അതേസമയം സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഉമ്മൻ ചാണ്ടി മത്സര സന്നദ്ധത അറിയിച്ചകാര്യങ്ങളോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചില്ല. നേമത്തെ സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യുഡിഎഫ് ജയിക്കാൻ ആവശ്യമുള്ള നടപടി സ്വീകരിക്കും. ബിജെപിയുടെ കയ്യിലിരിക്കുന്ന സീറ്റെന്ന നിലയിൽ നേമം തിരിച്ച് പിടിക്കേണ്ടതുണ്ട്. 140 മണ്ഡലങ്ങളും പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

നേമത്ത് മത്സരിക്കാൻ കെ മുരളീധരൻ സന്നദ്ധനായിരുന്നു. എന്നാൽ, കെ മുരളീധരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോൺഗ്രസ് എത്തിയതും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ തീരുമാനത്തോടെയാണ്. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന പൊതു മാനദണ്ഡത്തിൽ മാറ്റം അനുവദിക്കേണ്ടതില്ലെന്നാണ് വേണുഗോപാലിന്റെ നിർദ്ദേശം. കേരള രാഷ്ട്രീയത്തിൽ കെ മുരളീധരൻ അതിശക്തനാകുന്നത് തടയാനാണ് കെസിയുടെ ഈ നീക്കവും.

ദേശീയ തലത്തിൽ കോൺഗ്രസിൽ വിമത ശബ്ദങ്ങളുണ്ട്. ഗുലാംനബി ആസാദും കൂട്ടരുമാണ് ഇതിന് പിന്നിൽ. ഒത്തുതീർപ്പ് ചർച്ചകളിൽ കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് കെസി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചിട്ടുമുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനം ഉണ്ടാകും. അങ്ങനെ വന്നാൽ കേരള രാഷ്ട്രീയത്തിലേക്ക് കെസി മടങ്ങും. കെ മുരളീധരൻ എന്ന കെ എം നേമത്ത് വിജയിച്ചാൽ കോൺഗ്രസിലെ മൂന്നാമനായി മാറും. അത് കെസി വേണുഗോപാലിന് കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് മുരളിയുടെ നേമം മത്സരത്തിന് കെസി പാരവയ്ക്കുന്നത്.

ഇതിനൊപ്പം തന്റെ എംഎൽഎമാരെ സൃഷ്ടിക്കാനും കെസി ശ്രമം ശക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടേതെന്ന് പറഞ്ഞത് ഒരു പട്ടിക കെസി കേരളത്തിലെ നേതൃത്വത്തിന് കൈമാറി. ഇതാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ തീരുമാനം വൈകുന്നത്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ എത്തുന്നത് തടയുന്നതും കെസി വേണുഗോപാലാണ്. എകെ ആന്റണിയുടെ പിന്തുണയുള്ളതിനാൽ ഇതിനെ തടയാൻ ചെന്നിത്തലയ്ക്കും ചാണ്ടിക്കും കഴിയുന്നുമില്ല. മുരളീധരനെ നേമത്ത് മത്സരിപ്പിക്കാനുള്ള ചാണ്ടി-ചെന്നിത്തല നീക്കം പൊളിച്ചത് വലിയ പ്രതിഷേധമായി മാറുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും അതിവിശ്വസ്തരെ വെട്ടാനും കെസി ശ്രമിക്കുന്നുണ്ട്. കെസി ജോസഫ്, കെ ബാബു, ജോസഫ് വാഴക്കൻ തുടങ്ങിയവർക്കെതിരെ അതിശക്തമായ നീക്കങ്ങൾ നടക്കുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തിൽ ഗ്രൂപ്പില്ലാതെ നിന്നിരുന്ന പലരും കെസി ഗ്രൂപ്പിലേക്ക് മാറുകയാണ്. ഈ തിരഞ്ഞെടുപ്പ് കാലത്താണ് അത് സജീവമായത്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് ഇടപെട്ടാണ് വേണുഗോപാലിന് വഴിത്തിരിവായി മാറിയത്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന പേരും അദ്ദേഹത്തിനുണ്ട്. അതാണ് കാര്യങ്ങൾ നിയന്ത്രിക്കാൻ അദ്ദേഹത്തിന് അധികാരം നൽകിയത്. എല്ലാ സ്ഥാനാർത്ഥി പട്ടികയും വേണുഗോപാൽ അംഗീകരിക്കാതെ മുന്നോട്ട് പോകില്ല.

ഗ്രൂപ്പ് നിർദ്ദേശങ്ങൾ സർവേ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡ് വെട്ടുന്നതിലെ അതൃപ്തി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കുമുണ്ട്. ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാനെന്ന പേരിൽ സ്വന്തം ഗ്രൂപ്പുണ്ടാക്കുകയാണ് കെ സി വേണുഗോപാൽ ചെയ്യുന്നത്. ഇതിനായി ജനകീയരായ നേതാക്കളെ ഒതുക്കുകയും ചെയ്യുന്നു. ഈ നീക്കത്തിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം പുകയുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP