Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജോർജ് - ഭഗവതി ദമ്പതികളുടെ മകൻ; ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു; ഒമ്പതാം വയസിൽ അച്ഛനും; ബാല്യത്തിലെ അനാഥനായപ്പോൾ സിപിഎമ്മിന്റെ മകനായി; ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; കലാലയ രാഷ്ട്രീയത്തിൽ നിന്നും പാർട്ടി നേതൃത്വത്തിലേക്ക്; 'അരുവി'ക്കര അടുപ്പിക്കാൻ അഡ്വ. ജി സ്റ്റീഫൻ എത്തുന്നത് കനൽവഴികൾ താണ്ടി

ജോർജ് - ഭഗവതി ദമ്പതികളുടെ മകൻ;  ആറാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു; ഒമ്പതാം വയസിൽ അച്ഛനും; ബാല്യത്തിലെ അനാഥനായപ്പോൾ  സിപിഎമ്മിന്റെ മകനായി;   ബാലസംഘത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക്; കലാലയ രാഷ്ട്രീയത്തിൽ നിന്നും പാർട്ടി നേതൃത്വത്തിലേക്ക്; 'അരുവി'ക്കര അടുപ്പിക്കാൻ അഡ്വ. ജി സ്റ്റീഫൻ എത്തുന്നത് കനൽവഴികൾ താണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാല്യം പിന്നിടുംമുമ്പെ അനാഥരായ സഹോദരങ്ങൾ, സമാനതകളില്ലാത്ത ജീവിതസമര പോരാട്ടത്തിലൂടെ അവർ വളർന്നത് ഒരു ദേശത്തിന്റെയാകെ മക്കളായി. കനൽവഴികൾ പിന്നിട്ട് അവരിൽ ഒരാൾ ഒരു നാടിന്റെയാകെ നാഥനാകാൻ ജനസമ്മതി തേടിയെത്തുകയാണ് അരുവിക്കരയിലേക്ക്. പറഞ്ഞുവന്നത് അരുവിക്കരയിൽ ഇത്തവണ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ജി സ്റ്റീഫനെക്കുറിച്ചാണ്.

1970 ൽ പുതുവയ്ക്കലിൽ ജോർജ് - ഭഗവതി ദമ്പതികളുടെ പുത്രനായി ജനിച്ച സ്റ്റീഫന് അഞ്ചാം വയസിൽ അമ്മയെ നഷ്ടമായി. കൂലിപ്പണിക്കാരനായ അച്ഛനും നാല് വർഷത്തിനിടെ മരിച്ചതോടെ അനാഥരായത് സ്റ്റീഫനും അനുജൻ അനിൽകുമാറും. പിന്നീട് വളർന്നത് ബന്ധുക്കളുടേയും സിപിഎം പ്രാദേശിക നേതാക്കളുടേയും സഹായത്താൽ.

സി പി എം കാട്ടാക്കട ഏര്യാ കമ്മിറ്റിയുടെ അമരക്കാരനായ ജി. സ്റ്റീഫനെ തേടി അരുവിക്കരയിലെ സ്ഥാനാർത്ഥിത്വം എത്തിയത് യാദൃശ്ചികമായല്ലെന്ന് പ്രാദേശിക പാർട്ടി നേതാക്കളും അണികളും ഒരേ സ്വരത്തിൽ പറയുന്നു. കോൺഗ്രസ്സ് കോട്ടയിൽ പലതവണ വിജയം കുറിച്ച ചരിത്രത്തിന്റെ പിൻബലത്തിലാണ് അരുവിക്കര പിടിച്ചെടുക്കാൻ സ്റ്റീഫനെ നിയോഗിച്ചതെന്നാണ് പാർട്ടി പ്രവർത്തകർ പറയുന്നത്.

സമാനതകളില്ലാത്ത ജീവിത വഴിയിലൂടെയാണ് സ്റ്റീഫൻ നേതൃനിരയിലേക്ക് എത്തിയത്. ഒമ്പതാം വയസിൽ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയി പകച്ചു നിന്ന ആ ബാലന് താങ്ങും തണലും ജീവിതവഴിയിലെ വെളിച്ചവുമായി മാറിയത് നാട്ടിലെ പാർട്ടി പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ താൻ അനാഥനാണെന്ന തോന്നൽ സ്റ്റീഫനു ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. ബാലസംഘത്തിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ സ്റ്റീഫന് വയസ്സ് പതിനാല്, തുടർന്ന് ബാലസംഘം കാട്ടാക്കട ഏര്യാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റി അംഗം, കാട്ടാക്കട കുളത്തുമ്മൽ സ്‌കൂളിൽ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി, കാട്ടാക്കട ഏര്യാ സെക്രട്ടറി, ഏര്യാ പ്രസിഡന്റ് എന്നിങ്ങനെ സംഘടനാ പ്രവർത്തനങ്ങൾ മുന്നോട്ടുപോയി.

പഠനം കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എത്തിയതോടെ ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ടു. കെ എസ് യു വിന്റെ കുത്തകയായിരുന്ന കോളേജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച് കയറിയതോടെ കലാലയ രാഷ്ട്രീയത്തിൽ സജീവമായി. പ്രീഡിഗ്രിയും ബിരുദവും ഉയർന്ന മാർക്കോടെ പാസ്സായി. തുടർന്ന് ഡി വൈ എഫ് ഐ കിള്ളി യൂണിറ്റ് സെക്രട്ടറിയായി. ഒപ്പം ലോ അക്കാദമിയിൽ നിയമപഠനവും. പഠനത്തിനായി വരുമാനം കണ്ടെത്താൻ കുറച്ച് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിയും ആരംഭിച്ചു.

അതിരാവിലെ താമസസ്ഥലമായ പാർട്ടി ഓഫീസിൽ നിന്നും എണീറ്റ് കൃഷിയിടത്തിൽ പോയി പണിയെടുക്കുക, അതിൽ നിന്നുള്ള വരുമാനം കൊണ്ട് വിദ്യാഭ്യാസത്തിനും ചെലവിനുള്ള വക കണ്ടെത്തുക. വേലയിൽ വിളയുന്ന വിദ്യാഭ്യാസം സ്വന്തം ജീവിതത്തിൽ പകർത്തിയാണ് സ്റ്റീഫൻ തന്റെ അക്കാദമിക നേട്ടങ്ങളൊക്കെയും കരസ്ഥമാക്കിയത്. പഠനവും സംഘടനയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടായില്ല.

1995- 96ൽ കേരള സർവ്വകലാശാലാ യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു സ്റ്റീഫൻ. സർവകലാശാലാ യൂണിയൻ ചരിത്രത്തിലെ സുവർണ്ണകാലങ്ങളിലൊന്നായിരുന്നു ആ കാലം. സംഘടനയിൽ എസ് എഫ് ഐ ജില്ലാ ജോ: സെക്രട്ടറിയായിരുന്നു അക്കാലയളവിൽ. അക്കാലങ്ങളിലെ സെക്രട്ടറിയേറ്റിനു മുന്നിലെ വിദ്യാർത്ഥി സമരപോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു സ്റ്റീഫൻ.

സമാനതകളില്ലാത്ത പൊലീസ് മർദ്ദനങ്ങൾ, അതിക്രൂരമായ ലോക്കപ്പ് മർദ്ദനം, ജയിൽ വാസം. സമരപോരാട്ടങ്ങളുടെ ഇടയിലും നിയമപഠനം പൂർത്തിയാക്കി പേരിനൊപ്പം അഡ്വക്കേറ്റ് എന്നൊരു വിശേഷണം കൂടി നേടിയെടുത്തു സ്റ്റീഫൻ. പ്രതിസന്ധികളിൽ പതറാതെ പൊരുതി മുന്നേറി നേടിയ വിശേഷണം.

സിപിഐ എം കിള്ളി ബ്രാഞ്ച് സെക്രട്ടറി, കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏര്യാ കമ്മിറ്റി അംഗം എന്നിങ്ങനെ പാർട്ടിയുടെ പടവുകളും സ്റ്റീഫൻ കയറി. രണ്ട് തവണ കേരള സർവകലാശാലയുടെ സെനറ്റ് അംഗവും അക്കാദമിക് കൗൺസിൽ അംഗവുമായി. പോരാട്ടങ്ങൾക്ക് ലഭിച്ച അർഹതക്കുള്ള അംഗീകാരങ്ങളായിരുന്നു ഇവയൊക്കെ.

കാട്ടാക്കട പഞ്ചായത്ത് കിള്ളി കുരിശടി വാർഡിൽ മത്സരിക്കാൻ സ്റ്റീഫനെ പാർട്ടി നിയോഗിക്കുമ്പോൾ അന്ന് അത്ഭുതം കൂറിയവർ ഉണ്ടായിരുന്നു. കോൺഗ്രസ്സ് കോട്ടയിൽ, അതും കോൺഗ്രസിന്റെ കാട്ടാക്കടയിലെ അതികായനോട് മത്സരിക്കാൻ പയ്യനെ നിശ്ചയിച്ചത് ക്രൂരതയായിപ്പോയി എന്ന് സങ്കടം പറഞ്ഞവരുണ്ടായിരുന്നു. പക്ഷെ, വോട്ടെണ്ണിയപ്പോൾ മൂക്കത്ത് വിരൽ വെച്ചത് നേരത്തെ സങ്കടപ്പെട്ടവരായിരുന്നു.

അട്ടിമറി വിജയത്തിനു പാർട്ടി നൽകിയത് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് എന്ന സ്ഥാനം. കാട്ടാക്കടയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്, തുടർന്ന് രണ്ടായിരത്തി പത്തിൽ വീണ്ടും ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു, കാട്ടാക്കടയുടെ തുടർച്ചയായ രണ്ടാമത്തെ പ്രസിഡന്റ്.

തുടർച്ചയായി ആറാം തെരഞ്ഞെടുപ്പിലും കാട്ടാക്കട പഞ്ചായത്ത് വൻഭൂരിപക്ഷത്തിൽ എൽഡിഎഫ് നിലനിർത്തുമ്പോൾ സ്റ്റീഫൻ നൽകിയ മികച്ച തുടക്കത്തിന് വലിയ പങ്കുണ്ട്. കാട്ടാക്കടയിലെ പ്രാദേശികഭരണത്തിൽ ഈ നേട്ടങ്ങൾ പാർട്ടി കൈവരിക്കുന്നതിൽ ഇന്ന് ഏര്യാ സെക്രട്ടറിയുടെ സ്ഥാനത്തുള്ള സ്റ്റീഫന് നിർണായക പങ്കെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.

2015 ൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ വെള്ളനാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമായിരുന്നു പാർട്ടി ഏൽപ്പിച്ച് നൽകിയത്.

ഇക്കാലയളവിൽ വിവാഹം. ഭാര്യ മിനി കാട്ടാക്കട പി ആർ വില്യം സ്‌കൂളിലെ അദ്ധ്യാപികയാണ്. രണ്ട് മക്കൾ. പ്ലസ് ടു വിനു പഠിക്കുന്ന ആശിഷും ആറിൽ പഠിക്കുന്ന അനീനയും.

ഒരാളിനു കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന, റോഡിൽ നിന്നും ഇരുനൂറു മീറ്റർ ഉള്ളിലേക്ക് പോകുന്ന ആ വീട്ടിലേക്കുള്ള വഴിയിൽ പുലർച്ചെ മുതൽ ആവലാതിക്കാരുടെ നിരയുണ്ടാകും. അതിൽ കിടപ്പുരോഗികളുടെ ബന്ധുക്കൾ മുതൽ റേഷൻ കാർഡിനും വീടിനും വേണ്ടിയുള്ള അപേക്ഷയുമായി വന്നവരും വഴിത്തർക്കം പരിഹരിക്കാൻ എത്തുന്നവർ വരെ കാണും. അവർക്കുള്ള പരിഹാരങ്ങളും..

അരുവിക്കര എന്ന പഴയ ആര്യനാട് മണ്ഡലത്തിൽ സ്റ്റീഫനെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുമ്പോൾ വിജയത്തിൽ അശേഷം സംശയമില്ലെന്നാണ് പാർട്ടി അണികൾ പറയുന്നത്. അതിന് കാരണം സ്റ്റീഫനെക്കുറിച്ച് പാർട്ടിക്കും ഈ നാടിനും അറിയാവുന്നതുകൊണ്ടുതന്നെ.

അടിത്തട്ടിൽ നിന്നും പൊരുതി വളർന്ന സ്റ്റീഫനെ പോലുള്ളവരെ വിശ്വസിച്ച് ഈ പാർട്ടി ഒരു ചുമതല ഏൽപ്പിക്കുമ്പോൾ ഉയരുന്നത് സാധാരണ പാർട്ടി അണികളുടെ അഭിമാനം കൂടിയാണെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP