Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ വിശ്വാസം; മലങ്കര സഭാ തർക്കത്തിൽ പരിഹാരം തേടി യാക്കോബായ വിഭാഗം വീണ്ടും ഡൽഹിക്ക്; കേന്ദ്രമന്ത്രിമാരുമായി മെത്രാപ്പൊലീത്തമാരുടെ കൂടിക്കാഴ്ച നാളെ; തിരഞ്ഞെടുപ്പിൽ സഭ ബിജെപിയെ പിന്തുണച്ചേക്കും

കേന്ദ്ര സർക്കാരിന്റെ ഇടപെടലിൽ വിശ്വാസം; മലങ്കര സഭാ തർക്കത്തിൽ പരിഹാരം തേടി യാക്കോബായ വിഭാഗം വീണ്ടും ഡൽഹിക്ക്;  കേന്ദ്രമന്ത്രിമാരുമായി മെത്രാപ്പൊലീത്തമാരുടെ കൂടിക്കാഴ്ച നാളെ; തിരഞ്ഞെടുപ്പിൽ സഭ ബിജെപിയെ പിന്തുണച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോലഞ്ചേരി മലങ്കര സഭാ തർക്കത്തിൽ പരിഹാര ശ്രമങ്ങളുടെ ഭാഗമായി യാക്കോബായ സഭ വീണ്ടും ഡൽഹിക്ക്. സഭയിലെ മൂന്ന് മെത്രാപ്പൊലീത്തമാർ നാളെ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും.

കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയുടെ കേസ് അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മെത്രാപ്പൊലീത്തമാർ ഡൽഹിയിലെത്തുന്നത്. കേസ് നടത്തുന്ന അഭിഭാഷകരെ കാണുന്നതിനായാണ് മെത്രാപ്പൊലീത്തമാർ ഡൽഹിയിലെത്തുന്നത്.

പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം 2 കേന്ദ്ര മന്ത്രിമാരുമായി സഭാ നേതൃത്വം ചർച്ച നടത്തിയിരുന്നു. തർക്ക പരിഹാരത്തിനു ചില നിർദ്ദേശങ്ങൾ ഈ ചർച്ചയിൽ മുന്നോട്ടു വച്ചതായാണു വിവരം. ആർഎസ്എസ് നേതൃത്വവും ബിഷപ്പുമാരുമായി കേരളത്തിൽ ചർച്ച നടത്തിയിരുന്നു. ബിജെപിയും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ തുടർചർച്ചകൾ നാളെ ഡൽഹിയിലുണ്ടായേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പിൽ യാക്കോബായ സഭ ബിജെപിയെ പിന്തുണക്കുമെന്നാണ് സൂചന. സഭാതർക്കം പരിഹരിക്കുന്നവരെ പിന്തുണയ്ക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സുന്നഹദോസ് തീരുമാനമെടുത്തിരുന്നു.

എറണാകുളത്തെ അഞ്ച് മണ്ഡലങ്ങളിൽ എൻ ഡി എയ്ക്കായി സഭാ സ്ഥാനാർത്ഥികളെ മൽസരിപ്പിക്കുമെന്നും സൂചനയുണ്ട്. പള്ളിത്തർക്കത്തിൽ ഓർത്തഡോക്‌സ് സഭയുമായി സമവായമുണ്ടാക്കുന്നതിന് ഇടപെടാമെന്ന് ബിജെപി കേന്ദ്ര നേതൃത്വം യാക്കോബായ സഭയെ അറിയിച്ചതായാണ് വിവരം.

അതേസമയം ഡൽഹി യാത്രയിൽ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടക്കുമെന്നതിൽ സ്ഥിരീകരണമില്ലെന്നു സഭാ ഭാരവാഹികൾ പറഞ്ഞു.

തർക്കം പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ആത്മാർത്ഥതയിൽ വിശ്വാസമുണ്ടെന്ന് സഭ നേരത്തെ അറിയിച്ചിരുന്നു. സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും യാക്കോബായ സഭയ്ക്ക് ആരോടും രാഷ്ട്രീയ അസ്പൃശ്യത ഇല്ലെന്നും സഭാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഓർത്തഡോക്‌സ് വിഭാഗവുമായി ആർഎസ്എസ് ചർച്ച നടത്തിയിരുന്നു. ഓർത്തഡോക്‌സ് ബിഷപ്പുമാർ ആർ.എസ്.കാര്യാലയത്തിൽ എത്തിയാണ് ചർച്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയം, പള്ളി തർക്കം തുടങ്ങിയ വിഷയങ്ങൾ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഓർത്തഡോക്‌സ്-യാക്കോബായ പള്ളി തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ സർക്കാരിന്റെ നിലപാട് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം കെ.സുരേന്ദ്രൻ കേരള വിജയയാത്രയുടെ ഭാഗമായി വിവിധ സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള മുന്നേറ്റം ഉണ്ടാക്കണമെന്ന് കേരള ബിജെപിക്ക് ദേശീയ നേതൃത്വം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.

ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണമെന്ന് യാക്കോബായ സഭ നിർദ്ദേശിച്ചിരുന്നു. സഭയുടെ വർക്കിങ് മീറ്റിംഗിന് ശേഷമാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് ഇക്കാര്യം വ്യക്തമാക്കിയത്. വോട്ട് ചെയ്യുന്നത് സഭയുടെ നിലനിൽപ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പള്ളികൾ നഷ്ടപ്പെടരുതെന്നും മാർ ഗ്രിഗോറിയസ് പറഞ്ഞിരുന്നു. യാക്കോബായ സഭ ബിജെപിയുമായി അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, അടുത്ത ദിവസങ്ങളിൽ മാനേജിങ് കമ്മിറ്റി ചേരുമെന്നും അതിലായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും മാർ ഗ്രിഗോറിയസ് പറഞ്ഞു.

സഭയ്ക്ക് വോട്ട് ചെയ്യുകയെന്നാൽ സഭ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നോ സ്ഥാനാർത്ഥികളെ നിർത്തുമെന്നോ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുവാൻ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്നും മാർ ഗ്രിഗോറിയസ് വ്യക്തമാക്കി. സഭയുടെ പ്രശ്നം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആർക്കാണ് സഭയ്ക്ക് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

74ൽ തുടങ്ങിയ കേസും തർക്കവും

യാക്കോബായ - ഓർത്തഡോക്സ് സഭാ തർക്കം എന്നു മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്‌നമായി ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയായിരുന്നു. സുപ്രീംകോടതി വിധി പ്രകാരം കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാക്കോബായ പള്ളികളുടെ അവകാസം ഓർത്തഡോകസ് സഭയ്ക്ക ലഭിക്കും വിധത്തിലാണ് കോടതി വിധി വന്നത്. വിധി നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയും ഹൈക്കോടതിയും നിർദ്ദേശിച്ചെങ്കിലും ഓർത്തഡോക്സ് വിഭാഗക്കാർക്ക് നിലവിൽ യാക്കോബായക്കാരുടെ കൈവശമുള്ള പള്ളികളിൽ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. ഇതാണ് പിറവത്തും കണ്ടത്.

യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്‌സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്‌സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്‌സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. അതേസമയം 1995ൽ ഈ സുപ്രീംകേസിൽ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിപ്രകാരം ചില പള്ളികളിൽ യാക്കോബായക്കാർക്ക് കൈവശം വെക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി അനുസരിച്ച് മുൻവിധികൾ എല്ലാം അപ്രസക്തമാകുകയും ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി മാറുകയുമായിരുന്നു.

മലബാർ ഭദ്രാസനത്തിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലെ തർക്കങ്ങൾ പരിഹരിച്ചത് ഓർത്തഡോക്‌സ് കാതോലിക്കാ ബാവ മലബാർ ഭദ്രാസനത്തിന്റെ മെത്രാപൊലീത്ത ആയിരുന്നപ്പോഴാണ്. ബാക്കിയുള്ള 22 പള്ളികളിൽ തർക്കം ഉണ്ടായിരുന്നതിൽ പത്തെണ്ണത്തിലെ തർക്കം ഇരുവിഭാഗങ്ങളും തമ്മിലെ ചർച്ചകളിലൂടെ പരിഹരിച്ചു. തർക്കങ്ങൾ പരിഹരിച്ചത് സഭാ നേതൃത്വങ്ങൾ നേരിട്ട് ഇടപെട്ടല്ല. അതാത് ഇടവകകളിലെ ജനങ്ങൾ തമ്മിൽ ചർച്ചകൾ നടത്തിയാണ് പ്രശ്‌നപരിഹാരം കണ്ടത്. അതിന് ഇരു സഭാ നേതൃത്വങ്ങളും അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, കോടതി വിധിയോടെ തർക്കപ്പള്ളികളുടെ എണ്ണം പിറവത്തും കോലഞ്ചേരിയിലും അടക്കം മാറുകയായിരുന്നു.

1934-ലെ സഭാ ഭരണഘടനയും 1995-ലെ സുപ്രീം കോടതി വിധിയും അനുസരിച്ചുള്ള സമാധാന ചർച്ചകൾക്കാണു ഓർത്തഡോക്‌സ സഭ മുൻഗണന നൽകിയിരുന്നത്. 2002-ൽ യാക്കോബായ സഭ സ്വന്തമായി ഭരണഘടനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവർ അതുമായി മുന്നോട്ടു പോകട്ടെ, അതിനു ശേഷമുള്ള സ്ഥാപനങ്ങളും സ്വത്തുക്കളും മാത്രമാണ് ആ ഭരണഘടനയിൽ വരുന്നത്. കോടതിവിധികളെയും നീതിന്യായ വ്യവസ്ഥകളെയും അംഗീകരിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നവരുമായി എങ്ങനെ സമാധാന ചർച്ചകൾ നടത്താനാവും. യാക്കോബായ സഭയിലെ ഭൂരിഭാഗം വിശ്വാസികൾക്കും സഭാ തർക്കം പരിഹരിക്കപ്പടണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്നു ഭയക്കുന്ന ചിലരാണ് സഭാ സമാധാന നീക്കങ്ങൾ തടയുന്നതിനു പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.

74-ലാണ് പള്ളികൾ തമ്മിലുള്ള വ്യഹാരങ്ങൾ ആരംഭിച്ചത്. തുടക്കത്തിൽ മൊത്തം 34 പള്ളികളാണ് തർക്കത്തിൽ ഉണ്ടായിരുന്നത്. അതിൽ മലബാർ ഭദ്രാസനത്തിൽ 12 പള്ളികൾ ഉണ്ടായിരുന്നു. യോജിക്കുന്ന സഭയിൽ തങ്ങളുടെ സ്ഥാനമെന്തായിരിക്കുമെന്നുമുള്ള പുതുതായി വാഴിക്കപ്പെട്ട മെത്രാപ്പൊലീത്തമാരുടെ ആശങ്കകളാണ് പലപ്പോഴും എതിർപ്പുകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP